2017, നവംബർ 27, തിങ്കളാഴ്‌ച

ഒരു മേശക്കിരുപുറം

കടൽത്തീരത്തിനടുത്തുള്ള കോഫി ഷോപ് തിരഞ്ഞെടുത്തത് അവൾ തന്നെ ആയിരുന്നു. എവിടെ ഇരുന്നാലും കടൽ കാണത്തക്ക വിധത്തിലുള്ള സീറ്റിങ് അറേഞ്ച്മെന്റ്. തിരക്കും ബഹളവുമില്ലാത്ത ശാന്തമായ സ്ഥലം. കണ്ണാടിച്ചില്ലിലൂടെ നോക്കിയാൽ അലകൾ അടിക്കുന്ന കടൽ. പതിഞ്ഞ ശബ്ദത്തിൽ കേൾക്കുന്ന ഗസൽ .ഒരു  കോഫിയും ചോക്ലേറ്റ് ബ്രൗണിയും ഓർഡർ ചെയ്തു അവൾ കടലിലേക്കു നോക്കി. ദൂരെ ഇളകുന്ന ഓളങ്ങളിൽ ഉയർന്നും താഴ്ന്നും  ഒരാൾ മാത്രമുള്ള ചെറുതോണി. ഓരോ പ്രാവശ്യം അതുയർന്നു പൊങ്ങുമ്പോഴും അവൾ വിവശയായി . അതെങ്ങാനും മറിഞ്ഞാലോ , അയാൾക്കു  നീന്തി രക്ഷപെടാൻ കഴിയുമോ അങ്ങനെ ഓരോന്നോർത്തു കൊണ്ട് അവൾ കാപ്പിയെടുത്തു പതുക്കെ കുടിക്കാൻ തുടങ്ങി.

അവൾ നിത. ഒരു നാലു  വർഷം മുൻപേ മാധ്യമങ്ങളുടെ ചർച്ചാ വിഷയം ആയിരുന്നവൾ . വൈകുന്നേരം ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഡ്രയിനേജ് ഹോളിൽ വീണു മരിച്ചു പോയ ബാങ്ക് ഓഫീസറുടെ ഭാര്യ. മനുഷ്യസ്‌നേഹത്തെ കുറിച്ചും പൗരാവകാശത്തെ കുറിച്ചും ഒരാഴ്ച വാ തോരാതെ ചാനലുകൾ പറഞ്ഞിരുന്നു . പിന്നീട് മറ്റൊരു വാർത്ത കിട്ടിയപ്പോൾ മറന്നു പോയ അവകാശങ്ങൾ. ഒറ്റ മകൻ ഓസ്‌ട്രേലിയയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ.

"വല്ലാത്ത ട്രാഫിക് , ഏതോ പൊളിറ്റിക്കൽ പാർട്ടിയുടെ ജാഥ. അതാണ് വൈകിയത് സോറി ട്ടോ. " ഒരു ക്ഷമാപണത്തോടെ അയാൾ മുന്നിൽ വന്നിരുന്നു 

'അത് സാരമില്ല . വീക്കെൻഡ് അല്ലെ ഇതൊക്കെ ഈ നഗരത്തിൽ സ്വാഭാവികമാണ്. പിന്നെ ഇവിടിങ്ങനെ ഒറ്റക്കിരിക്കാനും ഒരു സുഖമാണ്.'

വെയിറ്ററോട് കോഫീക്കു  ഓർഡർ  ചെയ്തു ഒരു സെക്കന്റ് എന്നവളോട് പറഞ്ഞു അയാൾ തന്റെ മൊബൈലിൽ വന്ന മെസ്സേജ് നോക്കാൻ തുടങ്ങി. 


ആറു  മാസം മുൻപാണ് തിരക്കേറിയ ഒരു മാളിൽ നിന്നിറങ്ങുമ്പോൾ  നിത അല്ലെ എന്ന ചോദ്യം കേട്ട് അവൾ നോക്കിയത്.  ആരെന്നു മനസിലാകാതെ മിഴിച്ചു നോക്കുമ്പോൾ ഡീ പൊത്തെ ഞാൻ സതീഷ്  ആണെന്ന് പറഞ്ഞപ്പോൾ ആദ്യം മനസിലായില്ലെങ്കിലും കോളേജിന്റെ പേര് പറഞ്ഞപ്പോൾ അവൾക്ക്  അറിയാതെ ചിരിപൊട്ടി. ചുരുണ്ടമുടികൾ നിറഞ്ഞ തല കൊയ്ത്തു കഴിഞ്ഞ പാടം പോലെ ശൂന്യം. മൂക്കിന് താഴെയുണ്ടായിരുന്നു കട്ടി മീശ കാണാൻ ഇല്ല. പ്രായമായില്ലേ എന്ന ചോദ്യത്തിനു നമുക്കൊരേ പ്രായം ആണെന്ന് മറക്കല്ലേ എന്ന് ചിരിയോടവൾ പറഞ്ഞു. അതേയ് നീയിപ്പോഴും കോളേജ് പെണ്ണല്ലേ എന്ന് പറഞ്ഞു അയാൾ ചിരിച്ചു. വിശേഷങ്ങൾ എല്ലാം പറഞ്ഞു തീരാത്തത് കൊണ്ട് ഫോൺനമ്പർ കൊടുത്തു വണ്ടിയിൽ കേറി വീട്ടിലേക്ക് വരുമ്പോൾ അവൾ ഓർത്തത് കോളേജിലെ നല്ല കാലത്തേ കുറിച്ചായിരുന്നു. പാട്ടു  പാടി പെണ്ണുങ്ങളുടെ ഹീറോ ആയിരുന്നസതീഷിനെ കുറിച്ച്. സതീഷിന്റെ ഗേൾ ഫ്രണ്ട് ആകാൻ കൊതിച്ചിരുന്ന പെൺകുട്ടികളിൽ നിന്നും തെന്നി മാറി എന്നാൽ എല്ലാവരോടും കൂട്ടുകൂടി നടന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരനിൽ നിന്നും മാളിൽ വെച്ച് കണ്ട മധ്യവയസ്‌കനിലേക്കുള്ള ദൂരം ഒരു പാടുണ്ട് എന്നവൾ ഓർത്തു. മുപ്പതു വർഷങ്ങൾക്ക് ശേഷവും അയാൾക്കു തന്നെ മനസിലായതിൽ അവൾ അത്ഭുതപ്പെടുകയും ചെയ്തു.

ഇടക്കുള്ള വിളിയും മെസ്സേജുകളും പഴയ സൗഹൃദം അവർക്കിടയിലേക്ക് വീണ്ടും പറന്നിറങ്ങി. വിളിക്കുമ്പോഴൊക്കെ തന്റെ ഭാര്യയുടെ പൂന്തോട്ടത്തെ കുറിച്ചും അടുക്കളത്തോട്ടത്തെ കുറിച്ചും  വാ തോരാതെ അയാൾ പറഞ്ഞു.  പുതിയ ചെടികൾ  ഉണ്ടായതും  പൂത്തതും കായ്ച്ചതുമെല്ലാം ഒരു കുട്ടിയുടെ ആവേശത്തോടെ അയാൾ പറയുന്നത് കേട്ട് ആണ് ഒരു ദിവസം അവൾ അയാളുടെ വീട്ടിലേക്ക് കേറി ചെന്നത്. അപ്രതീക്ഷിതമായ അവളുടെ വരവ് അയാളെ  തെല്ലൊന്നു അമ്പരപ്പിച്ചെങ്കിലും തന്റെ തോട്ടക്കഥ കേട്ട് കാണാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ അയാൾ അവളെ തോട്ടം മൊത്തം കൊണ്ട് നടന്നു കാണിച്ചു കൊടുത്തു. പത്തു  സെന്ററിൽ ഒരു കൊച്ചു വീടും ബാക്കി ചെടികളും. അടുക്കള തോട്ടത്തിനും പൂന്തോട്ടത്തിനും അതിർവരമ്പ് ആയി രാജമല്ലിയുടെ ചെടികൾ. 

അകത്തേക്ക് വാ, ആളെ ആകത്ത്  കയറ്റാതെ പറഞ്ഞു വിട്ടാൽ അത് മതി കോലാഹലത്തിനു എന്ന് പറഞ്ഞു അയാൾ അവളെ ഉള്ളിലേക്ക് ക്ഷണിച്ചു . വൃത്തിയും ഒതുക്കമുള്ളതുമായ ഡ്രോയിങ് റൂമിന്റെ ഒരു വശത്തു സാരിയുടുത്ത സുന്ദരിയായ ഒരു സ്ത്രീയുടെ ജീവനുള്ള ഛായാചിത്രം . അതിനു മുന്നിൽ നിന്ന് അയാൾ പറഞ്ഞു "ലക്ഷ്മി,  ഒരു വർഷം മുൻപ്  ഈ തോട്ടവും വീടും എന്നെ ഏൽപിച്ചു പോയി . ക്യാൻസർ ആയിരുന്നു അറിഞ്ഞില്ല ." 

എന്ത് പറയണം എന്നറിയാതെ അവൾ പകച്ചു നിന്നും. പരിചയെപ്പെട്ടു മാസങ്ങൾ കഴിഞ്ഞിട്ടും അയാളുടെ സംസാരത്തിൽ ഒരിക്കൽ പോലും ഭാര്യ കൂടെയില്ലാത്ത രീതിയിലുള്ള സംസാരം ഉണ്ടായിരുന്നില്ലല്ലോ എന്നവൾ ഓർത്തു.  ആ ചിത്രത്തിലേക്ക് നോക്കി ഒരു പ്രതിമയെ പോലെ അവൾ നിന്നു. 


രണ്ടു  കപ്പ് ചായയുമായി അയാൾ അകത്തു നിന്നും പുറത്തേക്ക് വന്നു അവളോട്   ഇരിക്കാൻ പറഞ്ഞു കൊണ്ട് അയാൾ തുടർന്നു 'ഒരു മോളുണ്ട് , ഭർത്താവിനോടൊപ്പം അമേരിക്കയിൽ. കൂടെ ചെല്ലാൻ അവൾ വിളിക്കുന്നുണ്ട്. ജീവൻ കൊടുത്താണ് ഇവിടുള്ള ഓരോ ചെടിയും ലക്ഷ്മി നോക്കി വളർത്തിയത്. ഞാൻ പോയാൽ പിന്നെ ഇതെല്ലാം  നശിക്കും. അവളുടെ ആത്മാവ് അതൊരിക്കലും പൊറുക്കില്ല. ഇവിടെ ഈ ചെടികൾ ഒക്കെ നോക്കി നടക്കുമ്പോൾ മടുപ്പു തോന്നാറില്ല . അവിടെ എനിക്കൊന്നും ചെയ്യാനില്ല അപ്പോൾ ചിലപ്പോൾ ജീവിതം മടുത്തു പോകും' 

ചായ കുടിച്ചു കഴിഞ്ഞു  ഇനിയും കാണാം എന്ന് പറഞ്ഞിറങ്ങുമ്പോഴും അവളുടെ മനസ്സിൽ ഒരു കടൽ അലയടിക്കുക ആയിരുന്നു. എങ്ങനെ ആണ് എല്ലാം ഒളിപ്പിച്ചു ഇങ്ങനെ ഊർജ്ജസ്വലനായി അയാൾ നടക്കുന്നത് എന്നോർത്തു നടക്കവേ അവൾ തന്നെ കുറിച്ച് ഓർത്തു. സുധിയുടെ മരണത്തിന്റെ ആഘാതം മാറ്റാനാണ് നഗരത്തിലെ ശുചികരണതൊഴിലാളികളുടെ ഭാര്യമാർക്കും കുട്ടികൾക്കും വേണ്ടി ഉണർവ് എന്ന സംഘടന തന്നെ തുടങ്ങിയത്. അതിൽ ചേർന്ന ശേഷം ആണ് വീണ്ടും ജീവിക്കാൻ തുടങ്ങിയത് തന്നെ. 

ആ കൂടിക്കാഴ്ച കഴിഞ്ഞു കൃത്യം മൂന്നാഴ്ചക്കു ശേഷമാണ് അവർ ഈ റെസ്റ്റാറന്റിൽ കാണുന്നത്. മെസ്സേജിന് റിപ്ലൈ കൊടുത്തു അയാൾ പറഞ്ഞു.

"വളരെ ശാന്തമായ നല്ല സ്ഥലം. ആദ്യമായാണ് ഞാൻ ഇവിടെ വരുന്നത് " 

'ഞാൻ ഇടക്കിടക്കു വരാറുണ്ട് . കടലിനെ നോക്കി ഇരിക്കാൻ ഇത് പോലെ പറ്റിയ സ്ഥലം വേറെ ഇല്ല.'

"മോളോടു ഞാൻ നിതയെ കുറിച്ച് പറയാറുണ്ട്.  താൻ വീട്ടിൽ വന്ന പോയ അന്ന് അവൾ എന്നോട് ചോദിക്കുകയാണ് . പപ്പയും ഒറ്റക്ക് , ആ ആന്റിയും ഒറ്റക്ക് . എങ്കിൽ പിന്നെ രണ്ടു പേർക്കും കൂടെ ഒരുമിച്ചങ്ങ് ജീവിച്ചൂടെ എന്ന് " 

ഒരു ഞെട്ടലോടെ നിത അയാളെ നോക്കി. പിന്നെ പതുക്കെ ചോദിച്ചു  " ഞാൻ ഒറ്റക്കാണ് എന്നാരു പറഞ്ഞു"  

സാരിക്കിടയിൽ മറഞ്ഞു കിടന്ന താലി എടുത്തു മുന്നോട്ടിട്ടു കൊണ്ടവൾ തുടർന്നു "ഒറ്റക്കല്ല എന്നും കൂടെയുണ്ട് , ഞാൻ ചെയ്യുന്ന ഓരോ കാര്യത്തിലും അഭിപ്രായം പറഞ്ഞു ,അബദ്ധങ്ങൾ പറ്റുമ്പോൾ തിരുത്തി തന്നുകൊണ്ട്. അവിടെ വേറെ ഒരാൾക്ക് വേക്കൻസി ഇല്ല സതീഷ് '

ഒന്നും മിണ്ടാതെ ഇരിക്കുന്ന അയാളെ നോക്കി അവൾ വീണ്ടും പറഞ്ഞു 

'ഭാര്യാഭർത്താക്കന്മാരാകുക അല്ലെങ്കിൽ ഒരുമിച്ചു ജീവിക്കുക എന്നതൊക്കെ എളുപ്പമാണ് . പക്ഷെ  ഒരാണും ഒരു പെണ്ണും ഇന്നത്തെ സമൂഹത്തിൽ നല്ല സുഹൃത്തുക്കളായി  എന്നതാണ് വെല്ലുവിളി. നമ്മൾ വെല്ലുവിളികളെ ഭയപ്പെടുന്നവർ അല്ലല്ലോ, നേരിടുന്നവർ അല്ലെ സതീഷ് '

ഒരു ചിരി അയാളുടെ ചുണ്ടിൽ വിരിഞ്ഞു . വീണ്ടും രണ്ടു  കോഫിയും ബ്ലാക്ക് ഫോറെസ്റ്റ് പേസ്ട്രിയും ഓർഡർ ചെയ്തു കൊണ്ട് കടലിനെ നോക്കി സീറ്റിലേക്കവൾ ചാഞ്ഞിരുന്നു.  ചെറുതോണി കരയിലേക്കു വലിച്ചു കേറ്റി അതിന്റെ അറ്റത്തിരുന്നു ബീഡി വലിയ്ക്കുകയായിരുന്നു അപ്പോൾ തോണിക്കാരൻ.

ദോസ്തി ഏക്  ഹസീൻ  ക്വാബ് ഭി  ഹേ 
പാസ് സെ ദേഖോ ശരാബ് ഭി  ഹേ
ദുഃഖ്  മിൽനെ പേ യേ അജബ് ഭി  ഹേ
ഔർ യേ പ്യാർ കാ  ജവാസ് ബി ഹേ

പതിഞ്ഞ ശബ്ദത്തിൽ ഗസൽ മുഴങ്ങിക്കൊണ്ടേയിരുന്നു. 

 

2 അഭിപ്രായങ്ങൾ:

  1. "ഭാര്യാഭർത്താക്കന്മാരാകുക അല്ലെങ്കിൽ ഒരുമിച്ചു ജീവിക്കുക എന്നതൊക്കെ എളുപ്പമാണ് . പക്ഷെ ഒരാണും ഒരു പെണ്ണും ഇന്നത്തെ സമൂഹത്തിൽ നല്ല സുഹൃത്തുക്കളായി എന്നതാണ് വെല്ലുവിളി" - പരമമായ സത്യം !

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...