എല്ലാരും കാത്തിരിക്കുകയാണ്.ഡോക്ടര്‍ വന്നു വേണ്ടപെട്ടവരെ എല്ലാം അറിയിച്ചു കൊള്ളാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയ കാത്തിരിപ്പ് .
മോണിട്ടറില്‍ ഉയര്‍ന്നു താഴുന്ന രേഖകള്‍ മാത്രം ആണ് ജീവന്‍ ഉണ്ട് എന്നതിന് തെളിവ്.
കാത്തിരിക്കുന്നവരുടെ കണ്ണിലെ അക്ഷമ. ഒന്ന് തീര്‍ന്നു കിട്ടിയാല്‍ വേഗം പോകാമായിരുന്നു എന്ന ഭാവം
വീട്ടില്‍ മാറ്റിവെച്ചു പോന്ന കാര്യങ്ങളെ കുറിച്ചുള്ള വേവലാതികള്‍.
ഞാന്‍ തേടിയിരുന്നത് ഒഴിഞ്ഞ മൂലകളില്‍ കാത്തിരിക്കുന്ന മരണത്തെ ആയിരുന്നു
അമര്‍ ചിത്രകഥകളിലും പുരാണ സീരിയലുകളിലും കണ്ട ഭയം തോന്നിപ്പിക്കുന്ന മുഖം അല്ല
തെലുഗു സിനിമയില്‍ കണ്ട യമന്റെ രൂപം.തെലുഗ് സിനിമ നടന്‍ സത്യനാരായണയുടെ രൂപം.വെളുത്തു തടിച്ചു കുടവയറും നിറഞ്ഞ ചിരിയും ആയി സ്നേഹം തോന്നുന്ന രൂപം.വിളിക്കുമ്പോള്‍ കൂടെ പോകാന്‍ തോന്നുന്ന രൂപം. ആ രൂപത്തെ ആണ് ഞാന്‍ തിരഞ്ഞത്
കിടക്കയില്‍ മരണം കാത്തു കിടക്കുന്നത് എന്റെ പ്രിയ കൂട്ടുകാരി
ഭൂതത്താന്‍ കോട്ടയിലെ രാജകുമാരി എന്ന് വിളിച്ചു കളിയാക്കിയിരുന്നതു മുട്ടറ്റം നീളമുള്ള മുടി കണ്ടിട്ടായിരുന്നു
ഇപ്പോള്‍ അതിന്റെ സ്ഥാനത്തു കുറ്റി രോമങ്ങള്‍.എല്ലും തോലുമായി ആളെ പോലും തിരിച്ചറിയാന്‍ പറ്റാതെ കിടക്കുന്ന അവള്‍ വേഗം ഒന്ന് മരിക്കണേ എന്ന് ഞാനും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.വേഗം മരിച്ചാല്‍ ഇപ്പോള്‍ സഹിക്കുന്ന വേദന സഹിക്കേണ്ടല്ലോ.
ശ്വാസം കിട്ടാതെ അവള്‍ ഒന്ന് പിടഞ്ഞോ .എന്റെ തോന്നല്‍ ആയിരുന്നോ അത്..
പെട്ടെന്ന് സ്ക്രീനിലെ വരകള്‍ എല്ലാം നേര്‍വരകള്‍ ആയി.
പരിശോധിച്ച ഡോക്ടര്‍ ഒന്നും മിണ്ടാതെ തോളില്‍ തട്ടി പുറത്തേക്കു നടക്കുമ്പോള്‍ ഡോക്ടറുടെ പിറകെ ആയി ഞാന്‍ കണ്ടു ഞാന്‍ കാത്തു നിന്ന രൂപത്തെ.
അയാളുടെ കൈ പിടിച്ചു സന്തോഷത്തോടെ നീങ്ങുന്ന എന്റെ കൂട്ടുകാരിയെ