2020, ഫെബ്രുവരി 16, ഞായറാഴ്‌ച

ഈ ജീവിതം എത്ര സുന്ദരം..!!!

ഈയിടെ ആയി ഒരു ദിവസത്തിന് ഇരുപത്തിനാലു മണിക്കൂർ തികയാതെ വരുന്നത് പോലെയാണ്. ഓഫീസിലെ തിരക്കുകൾ കഴിഞ്ഞു വീട്ടിലെത്തി ഒന്നു വിശ്രമിക്കാം എന്ന് കരുതിയാലും ചിലപ്പോൾ നടക്കില്ല. ഈ ഓട്ടപാച്ചിലിനിടയിൽ വളരെയധികം ആസ്വദിച്ചിരുന്ന വായന, സിനിമ എന്നിവയൊക്കെ മൂലക്ക് ഇരുന്നു പൊടിപിടിച്ചു.

എങ്കിലും എന്നുമുള്ള ഈ ഓട്ടത്തിനു മടുപ്പു വരാതിരിക്കാൻ എന്തെങ്കിലും ഒക്കെ വേണമല്ലോ, അല്ലെങ്കിൽ ബോറടിച്ചു പണ്ടാരമടങ്ങി പോകില്ലേ. സിറ്റിക്ക് പുറത്തുള്ള ഒരു ചെറിയ ടൗണിൽ ആണിപ്പോഴത്തെ ഓഫീസ്  അങ്ങോട്ടേക്കുള്ള ബസ് യാത്രയിൽ പുഴയും വയലും നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പുമൊക്കെ ആസ്വദിച്ച് പോകുമ്പോൾ തലേ ദിവസം കാണാതിരുന്ന പൂവോ ചെടിയോ എന്തെങ്കിലുമൊക്കെ കാഴ്ചക്ക് പുതുമയൊരുക്കി നിൽക്കുന്നുണ്ടാകും.

വീടിനു അടുത്ത് വരെ വരുന്ന ബസ് കിട്ടാത്തത് കൊണ്ടാണ് മെഡിക്കൽ കോളേജ് ബസ് കേറി അവിടെ നിന്നും ഓട്ടോ പിടിച്ചു വീട്ടിലേക്ക് വരാൻ  തുടങ്ങിയത്. മൂന്നാമത്തെ ദിവസം ഓട്ടോ സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ ആണ് ചുവപ്പു കത്തിച്ചു നിൽക്കുന്ന അസ്തമയ സൂര്യനെ കണ്ടത്. ഓട്ടോ വിളിക്കാതെ സൂര്യനെയും നോക്കി  വീട്ടിലേക്കുള്ള അര കിലോമീറ്റർ ദൂരം നടക്കാൻ തുടങ്ങിയത് അന്ന് മുതലാണ്. അന്ന് മുതലാണ് അത് വരെ കാണാത്ത (ശ്രദ്ധിക്കാത്ത) പല കാര്യങ്ങളും ശ്രദ്ധയിൽ പെടുന്നത്. ഇപ്പോൾ എത്ര ക്ഷീണം ആണെങ്കിലും ബസ് ഇറങ്ങി നടക്കുക എന്നത് ഒരു ശീലമായിരുന്നു. നിറം മാറുന്ന ആകാശം, വ്യോമാഭ്യാസം നടത്തുന്ന കുഞ്ഞു കിളികൾ. മെഡിക്കൽ കോളേജിന് ചുറ്റുമുള്ള മരങ്ങളിൽ , ചേക്കേറാൻ വരുന്ന പലതരം കിളികൾ ഉണ്ട്. അവയിൽ വളരെ ചെറുതായിട്ടുള്ള ഒരു പറ്റം കിളികൾ ആണ് അഭ്യാസികൾ. ഒരേ വരിയിൽ ഉയർന്നു പൊങ്ങി പിന്നെ ഒന്ന് താഴ്ന്നു പറന്നു ഒരു സെക്കന്റ് നേരത്തേക്ക് പറക്കാതെ നില്ക്കുന്നു എന്ന് നമുക്ക് തോന്നും വിധം നിന്നു  പതുക്കെ പറന്നു മരച്ചില്ലകളിൽ ചേക്കേറുന്നു.




എന്നും കാണുന്ന കാഴ്ച ആയത് കൊണ്ടാകും ആർക്കും അതൊന്നും വലിയ പുതുമ അല്ലാത്തത്. കിളികളുടെ പറക്കൽ കണ്ടു ആകാശം നോക്കി നടക്കുന്ന എന്നെ ഇവളേത് നാട്ടുകാരി എന്ന മട്ടിൽ ചിലരൊക്കെ നോക്കുന്നുണ്ട്. ഇന്ന് മരത്തിലിരിക്കുന്ന കിളിക്കൂട്ടത്തിന്റെ ഫോട്ടോ എടുക്കുമ്പോൾ ഇതെന്തോന്ന് എന്ന മട്ടിൽ  പലരും മരത്തിന്റെ മണ്ടയിലേക്ക് നോക്കുന്നുണ്ട്. എന്നാലും അതൊന്നും മൈൻഡ് ചെയ്യാതെ ഇതൊക്കെ ആസ്വദിച്ച് നടക്കുമ്പോൾ ഹാ ജീവിതമേ നീ എത്ര സുന്ദരി എന്നങ്ങു പറയാൻ തോന്നും.

2020, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

നീയില്ലായ്മയിലാണ് ഞാൻ എന്നെ അറിഞ്ഞത്
തീവ്രമായി എനിക്ക് പ്രണയിക്കാനാകുമെന്നു
മനോഹരങ്ങളായ സ്വപ്നങ്ങൾ കാണാൻ കഴിയുമെന്നു
നീറുന്ന വേദന ഉള്ളിലൊളിപ്പിച്ചു
ചിരിക്കാൻ കഴിയുമെന്നു
നീയില്ലായ്മയിൽ ആണ് ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങിയത്!!!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...