2012, ഡിസംബർ 19, ബുധനാഴ്‌ച

വല്യുമ്മ

ചിലര്‍ അങ്ങനെ ആണ് , നമ്മുടെ പ്രതിരോധങ്ങളെ എല്ലാം തകര്‍ത്തെറിഞ്ഞു ഉള്ളിലേക്ക് കേറി വരും. വ്യക്തിബന്ധങ്ങളില്‍ വ്യക്തമായ ഒരു സുരക്ഷാരേഖ വരയ്ക്കുന്ന ഞാന്‍ പോലും അറിയാതെ ആണ് കഞ്ഞിപശ മണക്കുന്ന കാച്ചി മുണ്ടും വെളുത്തമുടികളെ മൂടിയ വെള്ളതട്ടവും ആയി വല്യുമ്മ ആ രേഖ മായ്ച്ചു കളഞ്ഞത്. ഒരു അയല്‍ക്കാരി എന്നതിലപ്പുറം ഒരു പ്രാധാന്യവും കൊടുക്കാതെ, ഔപചാരികതക്ക് അപ്പുറം ഒരു വാക്ക് പോലും മിണ്ടാതെ നടന്നിരുന്നു എന്നെ സ്നേഹത്തിന്റെ കൊച്ചു കൊച്ചു തലോടല്‍ വഴി ഒരു നല്ല അയല്‍ക്കാരി എങ്ങനെ ആയിരിക്കണം എന്ന്  കാണിച്ചു തന്നു ഓരോ ദിവസം കഴിയുംതോറും എന്റെ മനസ്സിന്റെ ഉള്ളറകളിലേക്ക് കടന്നു വന്നു എന്നെ അദ്ഭുതപെടുത്തുക ആയിരുന്നു അവര്‍.

പുറത്തു അലക്കി വിരിച്ചിടുന്ന തുണികള്‍ മടക്കി വെച്ച്, ഞാന്‍ എത്താന്‍ നേരം വൈകുമ്പോള്‍ മോന്  കൂട്ടിരുന്ന് , ഒരു ദിവസം എന്റെ ശബ്ദം (രാവിലെ സ്കൂളില്‍ പോകുന്ന മോനോട് യുദ്ധം ചെയ്യുന്നത് )  കേട്ടില്ലെങ്കില്‍ മോളുടെ കൂറ്റ് കേട്ടില്ലല്ലോ എന്ന് അന്വേഷിച്ചു വന്നു,  ചെറിയ ചെറിയ കാര്യങ്ങളില്‍ കൂടെ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളായി മാറുകയായിരുന്നു  വല്യുമ്മ. അല്ലെങ്കിലും ഞാന്‍ എന്നും തോറ്റിരുന്നതും  എന്റെ അഹന്ത , താന്‍പോരിമ എല്ലാം മുട്ടു മടക്കിയിരുന്നതും സ്നേഹത്തിനു മുന്നില്‍  ആയിരുന്നു.

(നാടോടികള്‍ ആയതുകൊണ്ട്)   അവിടെ നിന്നും   മറ്റൊരിടത്തേക്ക് മാറിയപ്പോള്‍  ആണ് ആ കരുതലും സ്നേഹവും എത്ര  വലുതായിരുന്നു എന്ന്  മനസിലായത്. ഓരോ ദിവസം ഓരോരോ  കാര്യങ്ങള്‍ വല്യുമ്മയുടെ അഭാവം എന്നെ ഓര്മപെടുത്തി കൊണ്ടിരുന്നു. ഫോണില്‍ കൂടെ  ബന്ധം മുറിഞ്ഞു   പോകാതെ  നില നിര്‍ത്തി  എങ്കിലും പോയി കാണാന്‍ തിരക്കുകള്‍ കാരണം   കഴിഞ്ഞിരുന്നില്ല. ഒന്ന് കാണണം എന്ന് വല്യുമ്മ നിര്‍ബന്ധിച്ചു  പറഞ്ഞപ്പോള്‍ മറ്റു തിരക്കുകള്‍ ഒക്കെ  മാറ്റി വെച്ച് ഒരു ദിവസം അവിടെ വരെ  പോയി.   കണ്ടപ്പോള്‍ ഒന്ന് കാണാന്‍ പറ്റിയല്ലോ എന്ന് പറഞ്ഞു  കരഞ്ഞു അവര്‍.


ഒരാഴ്ചക്ക് ശേഷം  അര്‍ദ്ധരാത്രിയില്‍   വന്ന ഫോണ്‍ കാള്‍ ഒരു നല്ല വാര്‍ത്ത‍ ആയിരുന്നില്ല തന്നത്. ഒരു ചെറിയ നെഞ്ചുവേദന,  ഉമ്മയുടെ ആഗ്രഹം  പോലെ തന്നെ കിടത്തി കഷ്ടപെടുത്താതെ തന്നെ ഉമ്മയെ  കൂട്ടി കൊണ്ട് പോയി   ഈ ലോകത്ത് നിന്നും.

ഉമ്മയുടെ  സ്നേഹത്തിനു   ഒന്നും പകരം കൊടുക്കാന്‍ കഴിഞ്ഞില്ല,  കഴിയുകയുമില്ല .ആ ഓര്‍മയ്ക്ക് മുന്നില്‍ ഈ ചെറിയ  കുറിപ്പ്‌  അല്ലാതെ .



കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...