2018, മാർച്ച് 17, ശനിയാഴ്‌ച

നാലാം നമ്പർ പ്ലാറ്റ്ഫോം

ചില അസ്വസ്ഥകളെ മറി കടക്കാൻ ബീച്ചിലോ പാർക്കിലോ ഒറ്റക്ക് പോയിരിക്കാറുണ്ട്. പക്ഷെ അന്നെന്തു കൊണ്ടോ റെയിൽവേ സ്റ്റേഷനിലേക്ക് ആണ് പോയത്.  സ്റ്റേഷനിൽ എത്തുന്ന ഓരോരുത്തരുടെയും ഭാവങ്ങളും ചെയ്തികളും നല്ല രസകരമായി വിവരിച്ച  ഒരു നോട്ട് വായിച്ചതിന്റെ ഓർമ്മയിൽ.  വായിച്ചറിഞ്ഞതിനെ അനുഭവിച്ചറിയാൻ. സ്റ്റേഷനിൽ പലപ്പോഴും പോയിട്ടുണ്ട് . യാത്ര പോകാനും യാത്രയാക്കാനും മാത്രമാണ് പോയിട്ടുള്ളത്. അപ്പോഴൊക്കെ പല പല കാര്യങ്ങൾ ചെയ്യാനുള്ളതിന്റെ തിരക്കിൽ കാഴ്ചയിൽ പെടാതെ പോയ കാഴ്ചകൾ കാണാൻ. മനസ്സിനെ ഒന്ന് കടിഞ്ഞാണിട്ട് പിടിക്കാൻ. 

പ്ലാറ്റ്ഫോം ടിക്കറ്റ്  എടുത്തു കേറിയത് നാലാം നമ്പർ  പ്ലാറ്റ്ഫോമിലേക്ക് ആണ് . അവിടെ മറ്റു പ്ലാറ്റ്ഫോമിൽ കാണുന്ന തിരക്കുകൾ ഇല്ല. യാത്ര പോകാനും, യാത്ര അയക്കാനുമായി വന്നവർ മാത്രം. കടകളും മറ്റു കുറവായത് കൊണ്ട് അവിടെ വരുന്ന വണ്ടികളിൽ കേറുന്നവർ മാത്രമേ  ഉണ്ടാകാറുള്ളൂ. സ്വസ്ഥമായി ഇരിക്കാം . മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ കാഴ്ചകളും കാണാം. യൂക്കാലിപ്റ്റസ് മരങ്ങളെ തഴുകി വരുന്ന കടൽക്കാറ്റും. ഒറ്റക്കിരിക്കാൻ പറ്റിയ അന്തരീക്ഷം. പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്തുള്ള ഇരിപ്പിടത്തിൽ ഇരുന്നു നോക്കുമ്പോൾ, വണ്ടികൾ കടന്നു പോയി മിനുസമായ പാലത്തിൽ അസ്തമയ സൂര്യന്റെ ചുവപ്പു  നിറം , പാളത്തിനു തീ പിടിച്ചത് പോലെ. നോക്കിയിരിക്കെ പണ്ട് ഓട്ടോഗ്രാഫിൽ  ആരോ എഴുതിയത് ഓർമ്മ വന്നു. 'ഒരിക്കലും കൂട്ടിമുട്ടാത്ത റെയിൽ പാളങ്ങൾ ആണ് നമ്മുടെ ജീവിതം'.  

ആനേ കാ  സംഭാവന അനൗൺസ്മെന്റ് കേൾക്കുമ്പോൾ  ചെവിയോർത്തു പിടിക്കുന്നവർ. എത്താൻ പോകുന്ന വണ്ടിയിൽ കേറാൻ  ലഗേജുകൾ എല്ലാം കൂട്ടി  വെക്കുന്നവർ.വൈകിയെത്തുന്ന  വണ്ടിയെ ശപിച്ചും പരിതപിച്ചും ഇരിക്കുന്നവർ. അതിനിടയിൽ ഓടിക്കളിക്കുന്ന കുട്ടികൾ. മൊബൈലിൽ തല പൂഴ്ത്തിയിരിക്കുന്നവർ. ചെവിയിൽ ഇയർഫോൺ വെച്ച് കണ്ണടച്ച് ഇരിക്കുന്നവർ. എല്ലാം കണ്ടു കൊണ്ടിരിക്കുമ്പോൾ മനസ്സ് അതിന്റെ കെട്ടുകളഴിച്ചു സ്വതന്ത്രമായി പറക്കാൻ തുടങ്ങിയിരുന്നു. 

'മാഡം ആപ് യഹാം' പറന്നു പോകുന്ന മനസ്സ് സഡൻ  ബ്രേക്കിട്ടു നോക്കുമ്പോൾ മുന്നിൽ ഒരു യുവാവ്.  എണ്ണ തേക്കാത്ത മുടിയും കടുകെണ്ണയും ചാറ്റമസ്‌ലയും ചേർന്ന മണവും. ഇവൻ ആരാപ്പാ എന്ന് അമ്പരപ്പോടെ നിൽക്കുമ്പോൾ അടുത്ത ചോദ്യം  ' പഹചാന നഹി , മേം ചൗരസ്യ ക ബേട്ടാ' 

ചൗരസ്യ
 പത്തു  വർഷങ്ങൾക്ക് മുൻപേ മുന്നറിയിപ്പില്ലാതെ വന്ന മഴയിൽ നനഞ്ഞു കുളിച്ചാണ് ഒരു ഇന്റർവ്യൂവിനു പോയത്. നനഞ്ഞു തണുത്തു ഇരിക്കുന്ന എന്റെ മുന്നിലേക്കു ചായക്കപ്പുമായി വന്ന മെലിഞ്ഞ കൈകൾ. തല ഉയർത്തി നോക്കിയപ്പോൾ ഇപ്പോൾ ഇൻസ്റ്റന്റ് മെസഞ്ചറുകളിൽ കാണുന്ന സ്ട്രാറ്റജിക് സ്മൈലി പോലെ ഒരു മുഖം. അതായിരുന്നു ചൗരസ്യ. ജോലിക്ക് കേറി കഴിഞ്ഞപ്പോൾ ആണ് ചൗരസ്യ ആ ഓഫീസിന്റെ മാത്രമല്ല ബോസ്സിന്റെ വീട്ടിലെയും ഓൾ ഇൻ ഓൾ ആണെന്ന് അറിഞ്ഞത്. ചൗരസ്യ വിളികൾ എവിടെയും എപ്പോഴും കേൾക്കാം. ഒരിടത്തു  നിന്നും മറ്റൊരിടത്തേക്കു ഓടിക്കൊണ്ടേയിരിക്കും അയാൾ.  എന്റെ ജോലിക്ക് അയാളുടെ സഹായങ്ങൾ ഒന്നും ആവശ്യമില്ലാത്തത് കൊണ്ട് തന്നെ എന്തെങ്കിലും പറയേണ്ടതോ ചോദിക്കേണ്ടതോ ആയ ആവശ്യം ഇല്ലായിരുന്നു. ഒരു ദിവസം ഓഫീസിൽ നേരത്തെ എത്തിയപ്പോൾ ധൃതിയിൽ അടിച്ചു വാരുക ആയിരുന്നു അയാൾ. ഓഫീസ്  തുറക്കാൻ വൈകിയതിന്റെ കാരണം  മോന് പനി ആയത് കൊണ്ടാണ് എന്ന് പറഞ്ഞു. ഡോക്ടറെ കാണിച്ചോ എന്ന് ചോദിച്ചപ്പോൾ പോയിട്ട് വേണം കൊണ്ട് പോകാൻ എന്നും  ഭാര്യ ഒരു വർഷം മുൻപ് മരിച്ചു പോയെന്നും മൂന്നു മക്കൾ ആണെന്നും ഇളയവന് മൂന്നു വയസ്സായെന്നും   കുട്ടികളുടെ പഠിപ്പൊക്കെ മുതലാളി ആണ് നോക്കുന്നത് എന്നും മൂത്തവൻ നന്നായി പഠിക്കുന്നവൻ ആണെന്നും ഒക്കെ പറഞ്ഞുകൊണ്ടേയിരുന്നു അയാൾ. അതിനു ശേഷം ഇടക്കൊക്കെ എന്നാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുമായിരുന്നു. മൂത്തവൻ ഇടക്ക് ഓഫീസിൽ വരുമ്പോൾ  ഞാൻ ചെയ്യുന്ന ജോലി നോക്കി കൊണ്ട് ഓരോന്ന് ചോദിച്ചു എന്റെ പിറകിൽ തന്നെ നിൽക്കും.

ഓഫീസ് പുതിയ ഒരു കെട്ടിടത്തിലേക്കു മാറിയപ്പോൾ അതിനു മുകളിൽ  ഒരു റൂം ഇയാൾക്ക് താമസിക്കാനായി ഒരുക്കി കൊടുത്തു കമ്പനി മുതലാളി. ഒരു ഞായറാഴ്ച ജോലികൾ ചെയ്തു തീർക്കാനാണ് തലേ ദിവസം ഓഫീസ് തുറന്നു വെക്കണം എന്ന് ചൗരസ്യയെ ശട്ടം കെട്ടിയത്. എങ്കിലും അയാൾ തുറന്നില്ല, തുറക്കാൻ   താക്കോൽ വാങ്ങാനായി അയാൾ താമസിക്കുന്നിടത്തേക്കു കയറി ചെന്നു. സ്‌റ്റെപ്സ് കയറി ചെല്ലുമ്പോൾ അറക്കപ്പൊടി ഇട്ടു കത്തിക്കുന്ന ഒരു സ്ററൗവ്വിൽ ചപ്പാത്തി ചുടുന്ന പത്തു  വയസ്സുകാരൻ. അവനു അടുത്ത തന്നെ ഇരിക്കുന്ന മൂന്ന് വയസ്സുകാരൻ .കുറച്ചപ്പുറത്തു നിന്നും ബക്കറ്റിലെ വെള്ളം കോരി കുളിക്കുന്ന അഞ്ച് വയസ്സുകാരൻ. ഒരു വശത്തു ആയി ഒരൊറ്റ മുറി. അവിടെ ഇവിടെ ആയി കൂട്ടിയിട്ടിരിക്കുന്ന കടലാസ് പെട്ടികൾ. പ്ലാസ്റ്റിക് കയർ വരിഞ്ഞിട്ട ഒരു കട്ടിൽ . ചൗരസ്യ എന്നുറക്കെ വിളിച്ചപ്പോൾ അകത്തു നിന്നും  ക്ഷമാപണത്തോടെ ഓടി വന്ന അയാൾ വേഗം തന്നെ താഴെ വന്നു ഓഫീസ് തുറന്നു വീണ്ടും മുകളിലേക്കു പോയി. ഞാൻ എന്റെ ജോലി തീർത്തു കൊണ്ടിരിക്കുമ്പോൾ ആണ്  അശോകൻ സർ വന്നത്. സാറിനും ജോലി തീർക്കാൻ ഉണ്ടോ എന്ന ചോദ്യത്തിന് ഞാൻ തന്നെ ഒറ്റക്കിരുത്തണ്ട എന്ന് കരുതി വന്നതാണ്, ചൗരസ്യയെ അങ്ങനെ അങ്ങ് വിശ്വസിച്ചു കൂടാ എന്നുത്തരം. അതെന്താ അങ്ങനെ എന്ന് ചോദിച്ചപ്പോൾ അവിടെ മുൻപു അടിച്ചു വാരാൻ വന്നിരുന്ന പെണ്ണിനോട് അയാൾ അനാവശ്യം കാണിച്ചു എന്നും അത് വലിയ പ്രശ്നം ആയപ്പോൾ ജോലിയിൽ നിന്നും മൂന്ന് മാസം മാറ്റി നിർത്തിയിട്ടു രണ്ട മാസം മുൻപാണ് വീണ്ടും വന്നു തുടങ്ങിയത് എന്നും കൂട്ടി ചേർത്തു 

എന്റെ മനസ്സിലെ സഹാനുഭൂതിയോടെ തൂവെള്ള പേപ്പറിൽ ഒരു തുള്ളി മഷി വീണത് പോലെ. അത് പതുക്കെ പതുക്കെ പടരാൻ തുടങ്ങി. അത് വരെ അയാൾ എന്നോട് പെരുമാറിയത് സംസാരിച്ചത് എല്ലാം കൂട്ടിക്കിഴിച്ചു നോക്കി. അസാധാരണമായ ഒന്നും തന്നെ കണ്ടില്ലെങ്കിലും വീണ്ടും വീണ്ടും ചെയ്തു കൊണ്ടേയിരുന്നു.   അയാൾ താഴെ വന്നു ചായ വേണോ എന്നൊക്കെ ചോദിക്കുമ്പോഴും അയാളെ സംശയ കണ്ണുകളോടെ ഞാൻ തുറിച്ചു നോക്കി. അയാളുടെ നോട്ടം, നടത്തം എല്ലാം ലേസർ ക്യാമെറയിൽ എന്ന പോലെ ഞാൻ ഞാൻ സ്കാൻ ചെയ്തു കൊണ്ടേയിരുന്നു. അയാളിൽ മാറ്റമൊന്നും കണ്ടില്ലെങ്കിലും ഭയത്തിന്റെ ബീജം എന്റെ ഉള്ളിൽ വീണിരുന്നു. അത് പതുക്കെ പതുക്കെ വേരുകൾ പിടിച്ചു വളരാൻ തുടങ്ങിയിരുന്നു. അഞ്ച് വർഷത്തിന് ശേഷം അവിടുന്നു ജോലി മാറി പോകുന്നത് വരെ അയാളുടെ ഭാഗത്തു നിന്നും അനാവശ്യമായ ഒന്നും തന്നെ ഉണ്ടായിട്ടില്ല അത് കൊണ്ട് തന്നെ ഭയത്തിൽ നിന്നും വെറുപ്പിലേക്കോ അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിൽ ഉള്ള മാറ്റമോ ഉണ്ടായില്ലെങ്കിലും മനസ്സിൽ നിന്നും അയാളോടുള്ള സഹാനുഭൂതി പറ്റെ നഷ്ടമായിരുന്നു. 

നടന്നോ ഇല്ലയോ എന്നുറപ്പില്ലാത്ത ഒരു കാര്യം അത് നമ്മിൽ വളർത്തുന്ന ഭയം. അതിൽ നിന്നും ഉണ്ടാകുന്ന സംശയങ്ങൾ. പിന്നീട് ഒരിക്കലും സഹാനുഭൂതിയോ സഹതാപമോ കാണിക്കാൻ പറ്റാത്ത രീതിയിൽ ഒരു മനസ്ഥിതിയിലേക്ക് നമ്മളെ  കൊണ്ട് പോകും . ലോകത്തു നടക്കുന്ന എല്ലാം ഇങ്ങനെ തന്നെ ആണ്. ഉറപ്പില്ലാത്ത കാര്യങ്ങൾ ,കേട്ടറിവിലൂടെ മറ്റുള്ളവരിൽ ഉണ്ടാകുന്ന ഭയം , ആശങ്ക . അതിന്റെ പരിണിതഫലമായുണ്ടാകുന്ന പ്രതിപ്രവർത്തനങ്ങൾ.   ഇപ്പോൾ നമ്മുടെ സോഷ്യൽ മീഡിയയിൽ വരുന്ന പല വാർത്തകളും ഇത് പോലെ തന്നെ ഉണ്ടാകുന്നതും ഉണ്ടാക്കുന്നതും ആണ്.

'കഹി ജാ  രഹേ ക്യാ' അയാളുടെ ചോദ്യം വീണ്ടും. അടുത്തു   വരുന്ന വണ്ടിയിൽ ഒരു സുഹൃത്ത് വരുന്നുണ്ടെന്നും കാത്തിരിക്കയാണെന്നും കള്ളം പറഞ്ഞു അവിടെ എങ്ങനെ എത്തിയെന്നു ചോദിച്ചു കൂടെ ചൗരസ്യ സുഖമായിരിക്കുന്നോ എന്നും.  ബാബ മരിച്ചു പോയെന്നും താൻ യു എൽ സി സി യിൽ ജോലി ചെയ്യുക ആണെന്നും അനിയന്മാർ നഗരത്തിൽ തന്നെ ഓരോ ജോലിയിൽ ഏർപ്പട്ടിരിക്കുന്നു എന്നും പറഞ്ഞു

ചില കാഴ്ചകൾ , കണ്ടു മുട്ടലുകൾ  അത് അനിവാര്യം ആകുമ്പോൾ മാത്രമാണ് നമ്മുടെ മനസ്സിൽ തോന്നലുകൾ ഉണ്ടാകുന്നത്. ഈ വാർത്ത  അറിയണം എന്നാർക്കോ നിർബന്ധം ഉള്ളത് കൊണ്ടാണ്   ബീച്ചിലോ പാർക്കിലോ പോകേണ്ടയാൾ  സ്റ്റേഷനിലേക്ക് പോയത്. പ്രിയ സുഹൃത്തിന്റെ വാക്കുകൾ  കടമെടുത്താൽ " ഓരോ സമയത്തു ഓരോ തോന്നൽ ആണല്ലോ, എല്ലാം നമ്മളെ തോന്നിപ്പിക്കുന്നതും ഏതോ ഒരു ശക്തിയാണ്. ആ ശക്തിയിൽ ആക്സസ്സ് ഉള്ളവരാണ് എല്ലാവരും '
 
 

2018, മാർച്ച് 1, വ്യാഴാഴ്‌ച

ഒരു മിനി കഥ
(സംഭവ കഥ)

പണ്ട് പണ്ട് ഒരു നാട്ടിൽ ഒരു പുഴയുണ്ടായിരുന്നു. അവിടെ ഒരു കുളിക്കടവും, കുളിക്കടവിന്  കുറച്ചു മാറി  ആളുകൾക്ക് അക്കരക്കും ഇക്കരക്കും  കടക്കാനുള്ള കടവും ഉണ്ടായിരുന്നു.

ആ കുളിക്കടവിൽ ആണ്പെണ് ഭേദമില്ലാതെ ആളുകൾ കുളിക്കുകയും അലക്കുകയും ചെയ്യുമ്പോൾ തന്നെ കടവ് കടന്നു ആളുകൾ അക്കരക്കും ഇക്കരക്കും  പോകുമായിരുന്നു. ആരും ആരെക്കുറിച്ചും പരാതി പറയുകയോ ചീത്ത വിളിക്കുകയോ ഒന്നുമില്ലാതെ തന്നെ കാലം മുന്നോട്ടു പോയി.

അങ്ങനെ ഒരു ദിവസം ആ നാട്ടിലേക്ക് മറ്റൊരു നാട്ടിൽ നിന്നും കുറച്ചു പേർ വന്നു. അവരും കുളിക്കടവ് ഉപയോഗിക്കാൻ തുടങ്ങി. പക്ഷെ കുറച്ചു കാലം കഴിഞ്ഞപ്പോൾ പുഴ കടന്നു പോകുന്നവർ ആകെ വിഭ്രാന്തിയിൽ ആയി. അത് വരെ ഇല്ലാത്ത ഒരു പുതിയ ശീലം കുളക്കടവിൽ തുടങ്ങിയത് കൊണ്ടായിരുന്നു അത്. ശീലമെന്താണെന്നു വെച്ചാൽ കുളിക്കടവിൽ ഉള്ളത് മറുനാട്ടുകാർ ആണെങ്കിൽ ആരെങ്കിലും കടവ് കടക്കാൻ വന്നാൽ അവർ ഉടനെ വിളിച്ചു പറയും

ഇങ്ങോട്ടോക്കി.. ഇങ്ങോട്ടോക്കി ,ഇങ്ങോട്ടോക്കല്ലേ ട്ടൊ..

ഓരോന്നു കാണുമ്പോൾ ഈ കഥ ഒക്കെ വെറുതെ ഓർമ്മയിൽ ഇങ്ങനെ നിറയുന്നു. 

2018, ഫെബ്രുവരി 19, തിങ്കളാഴ്‌ച

ഉന്മാദം

വഴി നീളെ വിരിഞ്ഞു നിൽക്കുന്ന മഞ്ഞപൂക്കൾ
കത്തുന്ന വെയിലിൽ വിരിയുന്ന ഭ്രാന്ത്
പൂക്കളിൽ നിന്നൊരു കിരണം നെറ്റിയെ തലോടുന്നു
എന്റെ സിരകളിൽ ഭ്രാന്ത് പടരുന്നു
മഞ്ഞ പൂത്തു നിൽക്കുന്ന കാടുകളും
താഴ്വാരങ്ങളും  താണ്ടി
തടാകകരയിൽ എത്തുമ്പോൾ
നിറഞ്ഞ ചിരിയുമായി നീ
കണ്ണുകളിൽ സ്നേഹത്തിന്റെ കടൽ
വെയിൽ ചുവക്കുന്ന ചുണ്ടുകളിലേക്ക്
ഭ്രാന്തിന്റെ ഭാരം ഇറക്കി വെക്കുമ്പോൾ
തുലാവർഷം പോലെ പെയ്തിറങ്ങിയ
സ്നേഹമഴയിൽ എന്റെ ശരീരം തണുക്കുന്നു
ഉന്മാദമടങ്ങിയ കണ്ണുകളാൽ നിന്നെ തിരയുമ്പോൾ
ഒരു മേഘത്തുണ്ട് പോലെ നീ മറയുന്നു
നാവിലൊരു വെയിൽ ചുവ കിനിയുന്നു.
 

2018, ഫെബ്രുവരി 2, വെള്ളിയാഴ്‌ച

പടിയിറക്കം.

"ഓഫീസിൽ പാർട്ടി ഒക്കെയുണ്ടാകും. എന്നാലും ഇത്രയും വൈകുമെന്നറിഞ്ഞാൽ നേരത്തെ വരാൻ നോക്കണം "

രമേഷേട്ടന്റെ അമ്മ നിർത്താൻ ഒരുക്കമല്ലായിരുന്നു. മേല് കഴുകി പുറത്തിറങ്ങുമ്പോഴും സൗമ്യക്ക് കേൾക്കാൻ പാകത്തിൽ അവർ പറഞ്ഞു കൊണ്ടിരുന്നു.

' അല്ലെങ്കിൽ തന്നെ ഗൾഫുകാരന്റെ ഭാര്യ എന്ന് പറഞ്ഞാൽ തന്നെ നാട്ടുകാർക്ക് കഥയുണ്ടാക്കാനുള്ള വകുപ്പാണ്. അതൊക്കെ അറിഞ്ഞു വേണം നമ്മൾ പെരുമാറാൻ '

'മതി ഭാനു ആ കുട്ടിയെ ഇങ്ങനെ പറഞ്ഞത് ഇനി നിർത്തു ' അച്ഛന്റെ നേർത്ത ശബ്ദം.

'ഞാൻ ഇപ്പോൾ നിർത്താം . ഇനി ഇത് പോലെ പാർട്ടിയും കീർട്ടിയും ഒന്നും വേണ്ടാന്നു മരുമോൾക്ക് പറഞ്ഞു കൊടുത്തേക്ക് പൊന്നച്ഛൻ '

അമ്മ ചാടി തുള്ളി പോകുന്ന ഒച്ച കേട്ടു അനങ്ങാതെ കട്ടിലിൽ ചാരി കിടന്നു സൗമ്യ.

ഓഫീസിൽ ഒരു റിട്ടയർമെന്റ് പാർട്ടിയുണ്ടെന്നു പറഞ്ഞിട്ട് തന്നെയാണ് രാവിലെ പോയത്. അതിത്രയും വൈകുമെന്ന് അറിഞ്ഞില്ല . അഞ്ചു മണിക്ക് പാർട്ടി തുടങ്ങാൻ പോകുമ്പോൾ ആണ് ആർ & ഡിയിൽ ചില പ്രശ്നങ്ങൾ . അതൊക്കെ ശരിയാക്കി പാർട്ടി തുടങ്ങിയപ്പോൾ വൈകി. സൂസൻ ആണ് പറഞ്ഞത് രാത്രിയിൽ ടു വീലറിൽ പോകണ്ട അവളുടെ കാറിൽ ഡ്രോപ്പ് ചെയ്യാമെന്നു. ഡെയ്സിയും ഹാഷിമും സൂസന്റെ  വീടിനു അടുത്തായത് കൊണ്ട് അവരും കേറി. കല്യാണം കഴിയാത്തത് കൊണ്ട് ഹാഷിമിന്റെ കൂടെ പിറകിൽ ഇരുന്നാൽ  ഡാഡിയുടെ ആരേലും കണ്ടാൽ പ്രശ്നം ആകുമെന്ന് പറഞ്ഞു ഡെയ്‌സി മുന്നിൽ കേറിയതാണ് കുഴപ്പമായത്. കാറിൽ നിന്നും ഇറങ്ങുമ്പോൾ അമ്മ കുനിഞ്ഞു കാറിനു അകത്തേക്കു നോക്കുമ്പോൾ തന്നെ അപകടം മണത്തതാണ്.
 

ഗൾഫിലായിരുന്ന രമേശിന്റെ ആലോചന വന്നപ്പോൾ അവൾ ആകെ ഒരു നിർബന്ധമേ വെച്ചുള്ളൂ . ജോലി രാജി വെക്കാൻ പറയരുത്. ഒരു പാട് കഠിനാധ്വാനം ചെയ്താണ് മാനേജീരിയൽ പോസ്റ്റിൽ എത്തിയത്. അത് വിട്ടു കളയാൻ  അവൾക്കൊട്ടും മനസ്സില്ലായിരുന്നു. അവളുടെ നിബദ്ധന അംഗീകരിച്ചു കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ രമേഷ് ഗൾഫിലേക്ക് പറന്നു.  നാല് മക്കളിൽ ഇളയവൻ ആണ് രമേഷ്. ഏറ്റവും മൂത്തത് വിജയേട്ടൻ. അവർ ചേച്ചിയുടെ വീടിനു അടുത്ത് വേറെ വീട് വെച്ചു താമസിക്കുന്നു.  വിശേഷാവസരങ്ങളിൽ മാത്രമേ തറവാട്ടിൽ വരാറുള്ളു. രണ്ടു  ചേച്ചിമാർ കല്യാണം കഴിഞ്ഞു അവരുടെ ജീവിതവുമായി കഴിയുന്നു.


അമ്മയുടെ സ്വഭാവത്തിന് അനുസരിച്ചു നിൽക്കുക അത്ര എളുപ്പമല്ല സൗമ്യേ. തെറ്റും ശരിയും വേർതിരിക്കാൻ വിജയേട്ടന് അറിയുന്നത് കൊണ്ട് എനിക്കധികം കഷ്ടപ്പെടേണ്ടി വന്നില്ല . പക്ഷെ രമേഷ് അങ്ങനെ അല്ലാട്ടോ . അവനു അമ്മ പറഞ്ഞതിന് അപ്പുറം ഒന്നുമില്ല. അത് കൊണ്ട് കണ്ടും കേട്ടും അറിഞ്ഞും  നിന്നാൽ നല്ലതാ. അല്ലെങ്കിൽ ജീവിതം നരകം ആകും ട്ടോ. അനുഭവത്തിൽ നിന്നുമാണ് ഞാൻ പറയുന്നത് '

അമ്മയുടെ സ്വഭാവത്തെ പറ്റി കല്യാണപ്പിറ്റേന്ന് വിജയേട്ടന്റെ ചേച്ചി ഇത്രയും  പറഞ്ഞു തന്നത് കൊണ്ട് ഇത്രേം ദിവസം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോയതായിരുന്നു. ഇതിപ്പോൾ കാര്യങ്ങൾ കൈ വിട്ടു പോയിരിക്കുന്നു.

സൗമ്യ ക്ലോക്കിലേക്ക് നോക്കി . പതിനൊന്നു ആകുന്നു . പത്തര എന്നൊരു സമയമുണ്ടെങ്കിൽ വിളിക്കുന്നയാൾ ഇന്ന് വിളിച്ചില്ലല്ലോ എന്നവൾ ഓർത്തു. അവളുടെ ഓർമ്മയിലേക്ക് മൊബൈലിൽ വീഡിയോ കാൾ ഒച്ച വെച്ചു.  സംസാരിക്കുന്നുണ്ടെങ്കിലും പതിവായി ഉണ്ടാകുന്ന കുസൃതികൾ രമേഷിൽ നിന്നും ഉണ്ടാകാത്തത് അവൾ ശ്രദ്ധിക്കാതിരുന്നില്ല. കുറച്ചു സംസാരിച്ചു കഴിഞ്ഞപ്പോളാണ് ഓഫീസിലെ പാർട്ടിയെക്കുറിച്ചുള്ള സംസാരം വന്നത്.

 'നീ ലേറ്റ് ആയാണല്ലേ വന്നത് അമ്മ പറഞ്ഞു.'

അപ്പോൾ അമ്മ സമയം തെറ്റിക്കാതെ മോനെ വിവരം അറിയിച്ചിരിക്കുന്നു എന്നവൾ മനസ്സിൽ ഓർത്തു.

' സൗമ്യേ നീ കുറച്ചു  ശ്രദ്ധിക്കണം ഇത്തരം കാര്യങ്ങളിൽ. നാട്ടിലെ കുറെ ആളുകൾ ഇത് പോലെന്തെങ്കിലും കിട്ടാൻ കാത്തിരിക്കയാണ് '

മനഃപൂർവമല്ലല്ലോ രമേഷേട്ടാ ഞാൻ പറഞ്ഞല്ലോ

'അല്ല നിന്നേം ഞാൻ കുറ്റം പറയില്ല. കല്യാണം കഴിഞ്ഞയുടനെ ഞാൻ ഇങ്ങു പോന്നതല്ലേ. നിനക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ '

രമേഷ് പറഞ്ഞതിന്റെ അർത്ഥം മനസിലാകാതെ അന്തം വിട്ടിരിക്കുമ്പോൾ  വല്ലാത്ത ക്ഷീണം ഞാൻ കിടക്കട്ടെ ഗുഡ് നൈറ്റ് എന്ന് പറഞ്ഞു അയാൾ ഫോൺ കട്ട് ആക്കി. കുറെ നേരം ആ ഇരുപ്പിൽ തന്നെ ഇരുന്നു. പിന്നെ കിടക്കുമ്പോൾ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.

***********

'കെട്ടിലമ്മ എഴുന്നേറ്റില്ലെന്നു തോന്നുന്നു '
'ഭാനു നീ രാവിലെ തന്നെ ആ കുട്ടിയുടെ തലയിൽ കേറല്ലേ , കഴിഞ്ഞത് കഴിഞ്ഞു '
അച്ഛന്റെയും അമ്മയുടെയും സംസാരത്തിലേക്ക് ഒരു ബാഗും തൂക്കി സൗമ്യ ഇറങ്ങി വന്നു. ഒന്നും മനസിലാകാതെ കണ്ണ് മിഴിച്ചു നിൽക്കുന്ന അച്ഛന്റെ കാലിൽ തൊട്ടു പുറത്തേക്ക് നടക്കുമ്പോൾ അമ്മയുടെ ശബ്ദം
 " പോകുന്നതൊക്കെ കൊള്ളാം ആരെങ്കിലും വരും കൂട്ടി കൊണ്ട് വരാൻ എന്നത് ഒരു മോഹമായി ഇരിക്കുകയെ ഉള്ളൂ'

അത് വരെ എല്ലാ കുത്തുവാക്കുകളും ഒരു വാക്കു  പോലും പറയാതെ സഹിച്ചിരുന്ന അവൾ ഒന്ന് തിരഞ്ഞു നിന്നു  " ഈ ബാഗിൽ ഞാൻ വീട്ടിൽ നിന്നും കൊണ്ടു  വന്ന സാധനങ്ങൾ മാത്രമേയുള്ളൂ . നിങ്ങളുടെ മകൻ കെട്ടിയ താലി ഡ്രസിങ് ടേബിളിന്റെ വലിപ്പിൽ ഉണ്ട് "

ഗേറ്റിനു പുറത്തു അപ്പോൾ അവൾ വിളിച്ച ഓട്ടോ ഹോൺ അടിക്കുന്നുണ്ടായിരുന്നു.


2017, നവംബർ 27, തിങ്കളാഴ്‌ച

ഒരു മേശക്കിരുപുറം

കടൽത്തീരത്തിനടുത്തുള്ള കോഫി ഷോപ് തിരഞ്ഞെടുത്തത് അവൾ തന്നെ ആയിരുന്നു. എവിടെ ഇരുന്നാലും കടൽ കാണത്തക്ക വിധത്തിലുള്ള സീറ്റിങ് അറേഞ്ച്മെന്റ്. തിരക്കും ബഹളവുമില്ലാത്ത ശാന്തമായ സ്ഥലം. കണ്ണാടിച്ചില്ലിലൂടെ നോക്കിയാൽ അലകൾ അടിക്കുന്ന കടൽ. പതിഞ്ഞ ശബ്ദത്തിൽ കേൾക്കുന്ന ഗസൽ .ഒരു  കോഫിയും ചോക്ലേറ്റ് ബ്രൗണിയും ഓർഡർ ചെയ്തു അവൾ കടലിലേക്കു നോക്കി. ദൂരെ ഇളകുന്ന ഓളങ്ങളിൽ ഉയർന്നും താഴ്ന്നും  ഒരാൾ മാത്രമുള്ള ചെറുതോണി. ഓരോ പ്രാവശ്യം അതുയർന്നു പൊങ്ങുമ്പോഴും അവൾ വിവശയായി . അതെങ്ങാനും മറിഞ്ഞാലോ , അയാൾക്കു  നീന്തി രക്ഷപെടാൻ കഴിയുമോ അങ്ങനെ ഓരോന്നോർത്തു കൊണ്ട് അവൾ കാപ്പിയെടുത്തു പതുക്കെ കുടിക്കാൻ തുടങ്ങി.

അവൾ നിത. ഒരു നാലു  വർഷം മുൻപേ മാധ്യമങ്ങളുടെ ചർച്ചാ വിഷയം ആയിരുന്നവൾ . വൈകുന്നേരം ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഡ്രയിനേജ് ഹോളിൽ വീണു മരിച്ചു പോയ ബാങ്ക് ഓഫീസറുടെ ഭാര്യ. മനുഷ്യസ്‌നേഹത്തെ കുറിച്ചും പൗരാവകാശത്തെ കുറിച്ചും ഒരാഴ്ച വാ തോരാതെ ചാനലുകൾ പറഞ്ഞിരുന്നു . പിന്നീട് മറ്റൊരു വാർത്ത കിട്ടിയപ്പോൾ മറന്നു പോയ അവകാശങ്ങൾ. ഒറ്റ മകൻ ഓസ്‌ട്രേലിയയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ.

"വല്ലാത്ത ട്രാഫിക് , ഏതോ പൊളിറ്റിക്കൽ പാർട്ടിയുടെ ജാഥ. അതാണ് വൈകിയത് സോറി ട്ടോ. " ഒരു ക്ഷമാപണത്തോടെ അയാൾ മുന്നിൽ വന്നിരുന്നു 

'അത് സാരമില്ല . വീക്കെൻഡ് അല്ലെ ഇതൊക്കെ ഈ നഗരത്തിൽ സ്വാഭാവികമാണ്. പിന്നെ ഇവിടിങ്ങനെ ഒറ്റക്കിരിക്കാനും ഒരു സുഖമാണ്.'

വെയിറ്ററോട് കോഫീക്കു  ഓർഡർ  ചെയ്തു ഒരു സെക്കന്റ് എന്നവളോട് പറഞ്ഞു അയാൾ തന്റെ മൊബൈലിൽ വന്ന മെസ്സേജ് നോക്കാൻ തുടങ്ങി. 


ആറു  മാസം മുൻപാണ് തിരക്കേറിയ ഒരു മാളിൽ നിന്നിറങ്ങുമ്പോൾ  നിത അല്ലെ എന്ന ചോദ്യം കേട്ട് അവൾ നോക്കിയത്.  ആരെന്നു മനസിലാകാതെ മിഴിച്ചു നോക്കുമ്പോൾ ഡീ പൊത്തെ ഞാൻ സതീഷ്  ആണെന്ന് പറഞ്ഞപ്പോൾ ആദ്യം മനസിലായില്ലെങ്കിലും കോളേജിന്റെ പേര് പറഞ്ഞപ്പോൾ അവൾക്ക്  അറിയാതെ ചിരിപൊട്ടി. ചുരുണ്ടമുടികൾ നിറഞ്ഞ തല കൊയ്ത്തു കഴിഞ്ഞ പാടം പോലെ ശൂന്യം. മൂക്കിന് താഴെയുണ്ടായിരുന്നു കട്ടി മീശ കാണാൻ ഇല്ല. പ്രായമായില്ലേ എന്ന ചോദ്യത്തിനു നമുക്കൊരേ പ്രായം ആണെന്ന് മറക്കല്ലേ എന്ന് ചിരിയോടവൾ പറഞ്ഞു. അതേയ് നീയിപ്പോഴും കോളേജ് പെണ്ണല്ലേ എന്ന് പറഞ്ഞു അയാൾ ചിരിച്ചു. വിശേഷങ്ങൾ എല്ലാം പറഞ്ഞു തീരാത്തത് കൊണ്ട് ഫോൺനമ്പർ കൊടുത്തു വണ്ടിയിൽ കേറി വീട്ടിലേക്ക് വരുമ്പോൾ അവൾ ഓർത്തത് കോളേജിലെ നല്ല കാലത്തേ കുറിച്ചായിരുന്നു. പാട്ടു  പാടി പെണ്ണുങ്ങളുടെ ഹീറോ ആയിരുന്നസതീഷിനെ കുറിച്ച്. സതീഷിന്റെ ഗേൾ ഫ്രണ്ട് ആകാൻ കൊതിച്ചിരുന്ന പെൺകുട്ടികളിൽ നിന്നും തെന്നി മാറി എന്നാൽ എല്ലാവരോടും കൂട്ടുകൂടി നടന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരനിൽ നിന്നും മാളിൽ വെച്ച് കണ്ട മധ്യവയസ്‌കനിലേക്കുള്ള ദൂരം ഒരു പാടുണ്ട് എന്നവൾ ഓർത്തു. മുപ്പതു വർഷങ്ങൾക്ക് ശേഷവും അയാൾക്കു തന്നെ മനസിലായതിൽ അവൾ അത്ഭുതപ്പെടുകയും ചെയ്തു.

ഇടക്കുള്ള വിളിയും മെസ്സേജുകളും പഴയ സൗഹൃദം അവർക്കിടയിലേക്ക് വീണ്ടും പറന്നിറങ്ങി. വിളിക്കുമ്പോഴൊക്കെ തന്റെ ഭാര്യയുടെ പൂന്തോട്ടത്തെ കുറിച്ചും അടുക്കളത്തോട്ടത്തെ കുറിച്ചും  വാ തോരാതെ അയാൾ പറഞ്ഞു.  പുതിയ ചെടികൾ  ഉണ്ടായതും  പൂത്തതും കായ്ച്ചതുമെല്ലാം ഒരു കുട്ടിയുടെ ആവേശത്തോടെ അയാൾ പറയുന്നത് കേട്ട് ആണ് ഒരു ദിവസം അവൾ അയാളുടെ വീട്ടിലേക്ക് കേറി ചെന്നത്. അപ്രതീക്ഷിതമായ അവളുടെ വരവ് അയാളെ  തെല്ലൊന്നു അമ്പരപ്പിച്ചെങ്കിലും തന്റെ തോട്ടക്കഥ കേട്ട് കാണാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ അയാൾ അവളെ തോട്ടം മൊത്തം കൊണ്ട് നടന്നു കാണിച്ചു കൊടുത്തു. പത്തു  സെന്ററിൽ ഒരു കൊച്ചു വീടും ബാക്കി ചെടികളും. അടുക്കള തോട്ടത്തിനും പൂന്തോട്ടത്തിനും അതിർവരമ്പ് ആയി രാജമല്ലിയുടെ ചെടികൾ. 

അകത്തേക്ക് വാ, ആളെ ആകത്ത്  കയറ്റാതെ പറഞ്ഞു വിട്ടാൽ അത് മതി കോലാഹലത്തിനു എന്ന് പറഞ്ഞു അയാൾ അവളെ ഉള്ളിലേക്ക് ക്ഷണിച്ചു . വൃത്തിയും ഒതുക്കമുള്ളതുമായ ഡ്രോയിങ് റൂമിന്റെ ഒരു വശത്തു സാരിയുടുത്ത സുന്ദരിയായ ഒരു സ്ത്രീയുടെ ജീവനുള്ള ഛായാചിത്രം . അതിനു മുന്നിൽ നിന്ന് അയാൾ പറഞ്ഞു "ലക്ഷ്മി,  ഒരു വർഷം മുൻപ്  ഈ തോട്ടവും വീടും എന്നെ ഏൽപിച്ചു പോയി . ക്യാൻസർ ആയിരുന്നു അറിഞ്ഞില്ല ." 

എന്ത് പറയണം എന്നറിയാതെ അവൾ പകച്ചു നിന്നും. പരിചയെപ്പെട്ടു മാസങ്ങൾ കഴിഞ്ഞിട്ടും അയാളുടെ സംസാരത്തിൽ ഒരിക്കൽ പോലും ഭാര്യ കൂടെയില്ലാത്ത രീതിയിലുള്ള സംസാരം ഉണ്ടായിരുന്നില്ലല്ലോ എന്നവൾ ഓർത്തു.  ആ ചിത്രത്തിലേക്ക് നോക്കി ഒരു പ്രതിമയെ പോലെ അവൾ നിന്നു. 


രണ്ടു  കപ്പ് ചായയുമായി അയാൾ അകത്തു നിന്നും പുറത്തേക്ക് വന്നു അവളോട്   ഇരിക്കാൻ പറഞ്ഞു കൊണ്ട് അയാൾ തുടർന്നു 'ഒരു മോളുണ്ട് , ഭർത്താവിനോടൊപ്പം അമേരിക്കയിൽ. കൂടെ ചെല്ലാൻ അവൾ വിളിക്കുന്നുണ്ട്. ജീവൻ കൊടുത്താണ് ഇവിടുള്ള ഓരോ ചെടിയും ലക്ഷ്മി നോക്കി വളർത്തിയത്. ഞാൻ പോയാൽ പിന്നെ ഇതെല്ലാം  നശിക്കും. അവളുടെ ആത്മാവ് അതൊരിക്കലും പൊറുക്കില്ല. ഇവിടെ ഈ ചെടികൾ ഒക്കെ നോക്കി നടക്കുമ്പോൾ മടുപ്പു തോന്നാറില്ല . അവിടെ എനിക്കൊന്നും ചെയ്യാനില്ല അപ്പോൾ ചിലപ്പോൾ ജീവിതം മടുത്തു പോകും' 

ചായ കുടിച്ചു കഴിഞ്ഞു  ഇനിയും കാണാം എന്ന് പറഞ്ഞിറങ്ങുമ്പോഴും അവളുടെ മനസ്സിൽ ഒരു കടൽ അലയടിക്കുക ആയിരുന്നു. എങ്ങനെ ആണ് എല്ലാം ഒളിപ്പിച്ചു ഇങ്ങനെ ഊർജ്ജസ്വലനായി അയാൾ നടക്കുന്നത് എന്നോർത്തു നടക്കവേ അവൾ തന്നെ കുറിച്ച് ഓർത്തു. സുധിയുടെ മരണത്തിന്റെ ആഘാതം മാറ്റാനാണ് നഗരത്തിലെ ശുചിതൊഴിലാളികളുടെ ഭാര്യമാർക്കും കുട്ടികൾക്കും വേണ്ടി ഉണർവ് എന്ന സംഘടന തന്നെ തുടങ്ങിയത്. അതിൽ ചേർന്ന ശേഷം ആണ് വീണ്ടും ജീവിക്കാൻ തുടങ്ങിയത് തന്നെ. 

ആ കൂടിക്കാഴ്ച കഴിഞ്ഞു കൃത്യം മൂന്നാഴ്ചക്കു ശേഷമാണ് അവർ ഈ റെസ്റ്റാറന്റിൽ കാണുന്നത്. മെസ്സേജിന് റിപ്ലൈ കൊടുത്തു അയാൾ പറഞ്ഞു.

"വളരെ ശാന്തമായ നല്ല സ്ഥലം. ആദ്യമായാണ് ഞാൻ ഇവിടെ വരുന്നത് " 

'ഞാൻ ഇടക്കിടക്കു വരാറുണ്ട് . കടലിനെ നോക്കി ഇരിക്കാൻ ഇത് പോലെ പറ്റിയ സ്ഥലം വേറെ ഇല്ല.'

"മോളോടു ഞാൻ നിതയെ കുറിച്ച് പറയാറുണ്ട്.  താൻ വീട്ടിൽ വന്ന പോയ അന്ന് അവൾ എന്നോട് ചോദിക്കുകയാണ് . പപ്പയും ഒറ്റക്ക് , ആ ആന്റിയും ഒറ്റക്ക് . എങ്കിൽ പിന്നെ രണ്ടു പേർക്കും കൂടെ ഒരുമിച്ചങ്ങ് ജീവിച്ചൂടെ എന്ന് " 

ഒരു ഞെട്ടലോടെ നിത അയാളെ നോക്കി. പിന്നെ പതുക്കെ ചോദിച്ചു  " ഞാൻ ഒറ്റക്കാണ് എന്നാരു പറഞ്ഞു"  

സാരിക്കിടയിൽ മറഞ്ഞു കിടന്ന താലി എടുത്തു മുന്നോട്ടിട്ടു കൊണ്ടവൾ തുടർന്നു "ഒറ്റക്കല്ല എന്നും കൂടെയുണ്ട് , ഞാൻ ചെയ്യുന്ന ഓരോ കാര്യത്തിലും അഭിപ്രായം പറഞ്ഞു ,അബദ്ധങ്ങൾ പറ്റുമ്പോൾ തിരുത്തി തന്നുകൊണ്ട്. അവിടെ വേറെ ഒരാൾക്ക് വേക്കൻസി ഇല്ല സതീഷ് '

ഒന്നും മിണ്ടാതെ ഇരിക്കുന്ന അയാളെ നോക്കി അവൾ വീണ്ടും പറഞ്ഞു 

'ഭാര്യാഭർത്താക്കന്മാരാകുക അല്ലെങ്കിൽ ഒരുമിച്ചു ജീവിക്കുക എന്നതൊക്കെ എളുപ്പമാണ് . പക്ഷെ  ഒരാണും ഒരു പെണ്ണും ഇന്നത്തെ സമൂഹത്തിൽ നല്ല സുഹൃത്തുക്കളായി  എന്നതാണ് വെല്ലുവിളി. നമ്മൾ വെല്ലുവിളികളെ ഭയപ്പെടുന്നവർ അല്ലല്ലോ, നേരിടുന്നവർ അല്ലെ സതീഷ് '

ഒരു ചിരി അയാളുടെ ചുണ്ടിൽ വിരിഞ്ഞു . വീണ്ടും രണ്ടു  കോഫിയും ബ്ലാക്ക് ഫോറെസ്റ്റ് പേസ്ട്രിയും ഓർഡർ ചെയ്തു കൊണ്ട് കടലിനെ നോക്കി സീറ്റിലേക്കവൾ ചാഞ്ഞിരുന്നു.  ചെറുതോണി കരയിലേക്കു വലിച്ചു കേറ്റി അതിന്റെ അറ്റത്തിരുന്നു ബീഡി വലിയ്ക്കുകയായിരുന്നു അപ്പോൾ തോണിക്കാരൻ.

ദോസ്തി ഏക്  ഹസീൻ  ക്വാബ് ഭി  ഹേ 
പാസ് സെ ദേഖോ ശരാബ് ഭി  ഹേ
ദുഃഖ്  മിൽനെ പേ യേ അജബ് ഭി  ഹേ
ഔർ യേ പ്യാർ കാ  ജവാസ് ബി ഹേ

പതിഞ്ഞ ശബ്ദത്തിൽ ഗസൽ മുഴങ്ങിക്കൊണ്ടേയിരുന്നു. 

 

2017, നവംബർ 15, ബുധനാഴ്‌ച

പ്രണയക്കടൽ തീരത്ത്

ഒരു മൌനം
പ്രണയം പോലെ
ഉള്ളിൽ  കടലാഴങ്ങളായി 
വേരാഴ്ത്തുന്നു.
വാചാലതയിലേയ്ക്കുള്ള വേരുകളിൽ
ജീവൻ  കുരുങ്ങുന്നു .
ഉണ്ടെന്നോ ഇല്ലെന്നോയുള്ള
നിന്‍റെ നിശ്ചലതയില്‍
എനിയ്ക്ക് കൂട്ടിരിയ്ക്കുന്ന
പരാതികൾ , പരിഭവങ്ങൾ
നിന്റെ സ്മൃതിഗന്ധങ്ങൾ.
കടൽ പോലെയാണ്  പ്രണയം
വേലിയിറക്കങ്ങൾ പോലെ
നിന്‍റെ ഇറങ്ങിപ്പോക്കുകൾ
കരയിൽ  ഇപ്പോഴുംഞാനുണ്ട്
ഒരു വേലിയേറ്റവും  കാത്ത്.2017, സെപ്റ്റംബർ 23, ശനിയാഴ്‌ച

ഒരു ചീത്ത ദിവസത്തിന്റെ തുടക്കം


വാവിട്ടു അലറുന്ന അലാറത്തെ കൈ മാത്രം പുറത്തിട്ടു  ഓഫാക്കി , തലയണയുടെ താരാട്ടു കേട്ടു നനുത്ത സ്വപ്‌നങ്ങൾ കണ്ടു  വീണ്ടുമുറങ്ങുമ്പോൾ അന്നത്തെ ദിവസം മുഴുവൻ കട്ടപ്പൊഹയായിരിക്കുമെന്നു ഒട്ടും ഓർത്തിരിക്കില്ല.

പിന്നെ  ചാടിയെഴുന്നേറ്റു നോക്കുമ്പോൾ സൂര്യൻ ഉച്ചിയിൽ എത്തിയിട്ടുണ്ടാകും .
ഓഫീസിൽ എത്താനുള്ള ധൃതിയിൽ അടുക്കളയിൽ ഗുസ്തി പിടിക്കുമ്പോൾ എന്നുമില്ലാത്ത വിധം അരി തിളച്ചു മറിഞ്ഞു ഇരട്ടി പണിയുണ്ടാകും.
 കറിയിൽ ഉപ്പു കൂടും , എരിവ് കൂടും. ചീത്തയും കുറ്റവും കേട്ട് ഓടി പാഞ്ഞു ബസിൽ കേറുമ്പോൾ ഒറ്റ സീറ്റ് പോലുമുണ്ടാകില്ല. തൂങ്ങി പിടിച്ചു നിന്ന് പോകുമ്പോൾ കണ്ടക്ടർ ചില്ലറക്കായി തല്ലുണ്ടാക്കും.
വഴിയിൽ ആവശ്യമില്ലാത്ത ട്രാഫിക് ബ്ലോക്ക് ഉണ്ടാകും.
പതിനൊന്നു മണിക്ക്  ഓഫീസിൽ കേറി ചെല്ലുമ്പോൾ കനത്തിൽ വാച്ചിലേക്കൊരു നോട്ടമുണ്ട് ബോസ്സിന്റെ. അതും കഴിഞ്ഞു പണി ചെയ്യാൻ തുടങ്ങുമ്പോൾ കമ്പ്യൂട്ടറിനുമുണ്ട് അസുഖം, ലോഡ് ആകാൻ മടി. നെറ്റിന് സ്പീഡ് കുറവ്. വേഗം വേണം എന്ന് പറഞ്ഞു ഓരോ കാര്യത്തിനായി മുന്നിലെത്തുന്നവരുടെ എണ്ണവും കൂടും.

അപ്പോൾ നമ്മൾ   ശപിക്കും . രാവിലെ അലാറം ഓഫ് ആക്കിയതിനു, വീണ്ടും ഉറങ്ങിയതിനു , സ്വപ്നങ്ങൾ കണ്ടതിനു, എന്തിനു ആവശ്യമില്ലാതെയുണ്ടായ ഓരോ തോന്നലിനും മനസ്സിൽ നമ്മളെ തെറി വിളിച്ചോണ്ടേയിരിക്കും

നാലാം നമ്പർ പ്ലാറ്റ്ഫോം

ചില അസ്വസ്ഥകളെ മറി കടക്കാൻ ബീച്ചിലോ പാർക്കിലോ ഒറ്റക്ക് പോയിരിക്കാറുണ്ട്. പക്ഷെ അന്നെന്തു കൊണ്ടോ റെയിൽവേ സ്റ്റേഷനിലേക്ക് ആണ് പോയത്.  സ്റ്റേ...