2011, ഏപ്രിൽ 30, ശനിയാഴ്‌ച

മോഹപട്ടങ്ങള്‍....

കാലത്ത് ചെരുപ്പിടാതെയുള്ള morning walk . ഭൂമിയെ അറിഞ്ഞു പുല്‍ക്കൊടികളെയും പൂക്കളെയും സ്പര്‍ശിച്ചു,എന്നോട് തന്നെ സംവദിച്ചു കൊണ്ട്. ഞാന്‍ എനിക്കായി മാത്രം മാറ്റിവെക്കുന്ന കുറെ സമയം. തലേന്ന് പെയ്ത മഴയുടെ നനവ്‌ കാലുകളെ ഇക്കിളിപെടുത്തുന്നു.മരക്കൊമ്പില്‍ ഇരുന്നു ചിലക്കുന്ന പലതരം പക്ഷികള്‍. ഈ നടത്തം ഒരു എനര്‍ജി booster ആണ് . തല ഉയര്‍ത്തി ഞാന്‍ ആകാശത്തിലേക്ക് നോക്കി.സൂര്യന്‍ തന്റെ കണ്പോളകള്‍ തുറക്കാന്‍ തുടങ്ങുന്നതേ ഉള്ളൂ.ഗ്രൗണ്ടില്‍ പട്ടം പറപ്പിക്കുന്ന കുട്ടികള്‍.കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്ക് പറക്കാന്‍ കൊതിക്കുന്ന പട്ടത്തെ ഒരു  നനുത്ത നൂല്‍ കൊണ്ട് നിയന്ത്രിക്കുന്നു. എന്ത് കൊണ്ടോ എനിക്ക് നിന്നെ ഓര്മ വന്നു.

നീ ഒരു പട്ടം പോലെ ആയിരുന്നു..കൂടുതല്‍ ഉയരത്തിലേക്ക്, കൂടുതല്‍ ദൂരത്തിലേക്ക് സ്വതന്ത്രമായി  പറക്കാന്‍ നീ ഇപ്പോഴും കൊതിച്ചിരുന്നു.സ്നേഹത്തിനെ നേര്‍ത്ത പട്ടു നൂല്‍ കൊണ്ട് ഞാന്‍ നിന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍ നീ എന്നോട് പറഞ്ഞു. "എന്റെ ജീവിതം എനിക്ക് എന്ജോയ്‌ ചെയ്യണം .എനിക്ക് കുറെ കുറെ സുഹൃത്തുക്കള്‍ വേണം..ഇത് വരെ നീയും ഞാനും മാത്രം ആയിരുന്നു.എനിക്കത് പോര.. ഒരു  പാട് കൂട്ടുകാര്‍ ഉള്ള ഒരു ലോകത്തില്‍ പറന്നു നടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. "

ഒന്നും പറഞ്ഞില്ല ഞാന്‍..പറയാന്‍ തോന്നാതിരുന്നതോ അതോ പറയണം എന്ന് വെച്ച കാര്യം വേണ്ട എന്ന് വെച്ചതാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. സ്നേഹമെന്നത് കയ്കുംബിളിലെ വെള്ളം പോലെ ആണ് എന്നാണല്ലോ മഹത് വചനം. ചേര്‍ത്ത് പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ കൈ  വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നു പോകുന്ന വെള്ളം..അതുകൊണ്ട് തന്നെ നിന്റെ ഇഷ്ടങ്ങള്‍ക്ക് എതിര് നില്ക്കാന്‍ തോന്നിയില്ല. പിടിച്ചു വെക്കുന്നതിനെക്കാള്‍ നല്ലത് അഴിച്ചു വിടുന്നതാണെന്ന് തോന്നി.

ചരട് അറ്റ പട്ടം പോലെ നീ സന്തോഷിക്കുനത് ഞാന്‍ കണ്ടു.പുതിയ കൂട്ടുകാര്‍ പുതിയ ലോകം. ഒരു തിരഞ്ഞു നോട്ടം ആവശ്യമാണെന്ന് പോലും നിനക്ക് തോന്നിക്കാണില്ല.നിന്റെ ലോകത്തില്‍ സര്‍വ സ്വതന്ത്രന്‍ ആയി നീ വിരഹിച്ചു..ഉള്ളിലെ നീറ്റല്‍ പുറത്തു കാട്ടാതെ ഞാനും സന്തോഷം നടിച്ചു. നമുക്കിടയിലെ അകലം കൂടിവരുന്നത് കൂടുതല്‍ കൂടുതല്‍ വേദനയോടെ ഞാന്‍ ഉള്‍കൊണ്ടു..ഇപ്പോള്‍ പിടികിട്ടാത്ത ദൂരത്തില്‍ ആണ് നീ എന്നറിഞ്ഞിട്ടും ഒരു തപസ്സിനിയെ പോലെ  ഇപ്പോഴും പൊട്ടി വീണ ചരടുമായി കാത്തിരിക്കുന്നു..എത്ര ഉയരത്തില്‍ പോയാലും പട്ടം ഒരു നാള്‍ താഴേക്ക്‌ തന്നെ വരും..വരുമ്പോള്‍ മറ്റുള്ളവര്‍ ചവിട്ടി അരക്കാതെ ഇരിക്കാന്‍ ഒരു കാവല്‍ മാലാഖയെ പോലെ നിനക്കായി ഞാന്‍ എന്നും കാത്തിരിക്കുന്നുണ്ടാകും.

2011, ഏപ്രിൽ 21, വ്യാഴാഴ്‌ച

ശിവഗംഗ

നീ ശിവന്‍ ആകുമോ, ഞാന്‍ ഗംഗ ആകാം....ആരും കാണാതെ എന്നും നിന്നോടൊപ്പം...നിന്റേതു മാത്രം ആയി, നീ എന്റേത് മാത്രമെന്ന് അഹങ്കരിച്ചു നിന്റെ തലയില്‍ ഇരിക്കാന്‍ മോഹമാവുന്നു...പിന്നെ ആരുമില്ലാത്തപ്പോള്‍ തലയില്‍ നിന്നും ഉതിര്‍ന്നു നെറ്റിയിലൂടെ അരിച്ചിറങ്ങി, മൂക്കിലൂടെ, ചുണ്ടിലൂടെ, നിന്നെ പുളകം കൊള്ളിച്ചുകൊണ്ട് താഴോട്ട് ഒഴുകിയിറങ്ങി നിന്റെ കാല്‍പാദങ്ങളില്‍ കൂടെ താഴെ മണ്ണിലേക്ക് അലിഞ്ഞു ചേരാന്‍...നിത്യ ശാന്തി നേടാന്‍... ഒരിക്കലും നടക്കില്ലെന്നു അറിയാമെങ്കിലും അറിയാതെ മോഹിച്ചു പോകുന്നു...

2011, ഏപ്രിൽ 12, ചൊവ്വാഴ്ച

നൊസ്റ്റാള്‍ജിയ

 
 
മേടചൂടില്‍ കോഴിക്കോട് ചുട്ടുപൊള്ളുന്നു..അതില്‍ നിന്നും ഒരു ഒളിച്ചോട്ടം ആയിരുന്നു വയനാട്ടിലേക്കുള്ള യാത്ര.കാലത്ത് ആറു മണിയുടെ ബസിനു തന്നെ കേറി..ചുരത്തില്‍ ഒന്നാം വളവില്‍ എത്തിയപ്പോള്‍ തന്നെ രോമങ്ങളെ പറിച്ചെടുക്കുന്ന തണുപ്പ് ..അറിയാതെ കണ്ണുകള്‍ അടഞ്ഞു പോയി..
അമ്മേ, വയനാടിന്റെ മണം..മോന്‍ എന്നെ വിളിച്ചുണര്‍ത്തി ..വയനാടിനു ഇപ്പോള്‍
കാപ്പിപൂക്കളുടെ സുഗന്ധം  ആണ്..
പച്ച ഇലകള്‍ക്കിടയിലെ വെളുത്ത പൂക്കള്‍ ..അതിന്റെ സുഗന്ധം തേടി തേനീച്ചകള്‍ മൂളി പറക്കുന്നു
പേരറിയാത്തതും അറിയുനതുമായ അനേകായിരം പൂവുകള്‍ പൂത്തുലഞ്ഞു കിടക്കുന്നു ..
വയനാട്‌ ഇപ്പോഴും സുന്ദരി ആണ്..ഒരു പാട് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വന്നു എങ്കിലും തണുപ്പും പൂക്കളും കാടിന്റെ വശ്യതയും ഇവിടം വിട്ടു പോകാന്‍ മടിക്കുന്ന പോലെ..
വഴിവക്കിലെ ഗുല്‍മോഹര്‍ ഇല പൊഴിച്ചിരിക്കുന്നു..മേയ് മാസത്തെ വരവേല്‍ക്കാന്‍..
മേയ് മാസത്തില്‍ ഗുല്‍മോഹര്‍ തീക്കനല്‍ ആണ്..തല നിറയെ ചുവപ്പ് പൂക്കളും  ആയി അസ്തമന സൂര്യനെ വെല്ലുവിളിച്ചു നില്‍ക്കുന്നത്  കാണാന്‍ തന്നെ ഒരു രസം ആണ്..പ്രണയത്തിന്റെ നിറം ചുവപ്പാണ് എന്നാണല്ലോ എങ്കില്‍ ഗുല്‍മോഹര്‍ പ്രണയിക്കുന്നത്‌ ആരെ ആയിരിക്കും ..തനിക്കു ചൂടും ചുവപ്പും നല്‍കിയ സൂര്യനെയോ അതോ ഇടയ്ക്കിടെ വന്നു ഇക്കിളി കൂട്ടുന്ന കാറ്റിനെയോ..എനിക്കും പ്രണയം ആണ് ഗുല്മോഹരിനോട്..രാജ്ഹമുന്ദ്രിയിലെ ചുട്ടു പൊള്ളുന്ന വേനലില്‍ എന്റെ ബെഡ് റൂമിന് മുകളിലേക്ക് ചാഞ്ഞു എനിക്ക് തണുപ്പും കാറ്റും നല്‍കിയപ്പോള്‍ മുതല്‍ ഞാന്‍ ഗുല്‍മോഹറിനെ പ്രണയിക്കുന്നു..കൊന്നയും പൂത്തുലഞ്ഞു കിടക്കുന്നു..ഈ വര്‍ഷവും എനിക്ക് വിഷു ആഘോഷം ഇല്ല. അടുത്ത ബന്ധുക്കളുടെ വേര്പാടിനെക്കള്‍ വലുതല്ലല്ലോ ആഘോഷങ്ങള്‍ ഒന്നും..മുറ്റത്തെ മുല്ലവള്ളിക്ക് ചുറ്റും പൂക്കള്‍ പൂക്കളം തീര്‍ത്തിരിക്കുന്നു ..മുല്ലപൂക്കളുടെ മദിപ്പിക്കുന്ന ഗന്ധം.
വൈകുന്നേരത്തെ ബസിനു തന്നെ മടങ്ങി..തിരിച്ചു വരാന്‍ ഒട്ടും മനസുണ്ടായിരുന്നില്ല ..പക്ഷെ ഉത്തരവാദിത്വങ്ങള് ഏപ്പോഴും ‍നമ്മെ തിരികെ വിളിക്കുന്നു..
ഇനി ഒരു യാത്ര എപ്പോഴാണ് എന്നറിയില്ല ..പക്ഷെ എന്റെ മനസിലും ഓര്‍മകളിലും എന്നും ഉണ്ടാകും ഈ സുന്ദരി..


 

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...