2018, ജൂലൈ 23, തിങ്കളാഴ്‌ച

ഒറ്റക്കൊരു പെണ്ണ്

മഴക്കാലത്തു കടൽ കണ്ടിട്ടുണ്ടോ? ഇരുണ്ട ആകാശത്തിനു കീഴെ ആർത്തലക്കുന്ന തിരമാലകൾ ഉയർന്നു പൊങ്ങുന്ന കലി തുള്ളിയ കടൽ. കരയോട് ചേരാൻ ആണ് കടൽ തുള്ളുന്നത് എന്നാണോ കരുതിയത്. അല്ല, ആകാശത്തിനോട് ചേരാൻ വെമ്പുന്നവൾ ആണവൾ . ഭൂമിയോട് ചേരാൻ കഴിയാത്ത ആകാശത്തിന്റെ  ദുഃഖം പെയ്തൊഴുകുന്നതാണു കടലാകുന്നത്.

മഴയിൽ കടൽ കാണാൻ പോകുന്ന കാര്യം പറഞ്ഞപ്പോളാണ്  മഴയത്തു കടൽ നിനക്ക് പ്രാന്താ ,ഞാനില്ല , കൂട്ടുകാരെ ആരേലും കൂട്ടി പോ എന്ന് പറഞ്ഞത്. ഇന്ത്യ മുഴുവൻ ഒറ്റക്കു യാത്ര ചെയ്യാനുള്ള മോഹവുമായി നടക്കുകയാണ്. എങ്കിൽ പിന്നെ ബീച്ചിലേക്ക് ഒരു ട്രയൽ നടത്തിയാലോ എന്ന് തോന്നി,  കൂടെ കൊണ്ട് പോകാൻ കൂട്ടുകാർ ആരുമില്ലായിരുന്നു എന്നത് വേറൊരു സത്യം.

അഞ്ചര ആയപ്പോൾ ബീച്ചിൽ എത്തി. പാർക്കിങ്ങിനോട് ചേർന്നുള്ള സിമന്റ് തറയിൽ ഇരുന്നു. അവിടെയാകുമ്പോൾ ആരുടേയും ശല്യമില്ലാതെ കടൽ കാണാം.അപ്പുറത്തെല്ലാം നിറയെ ആളുകൾ , കുട്ടികൾ വെള്ളത്തിലിറങ്ങിയും തിരിച്ചു ഓടിയും കളിക്കുന്നു. സൂര്യകിരണങ്ങൾ ഇളം മഞ്ഞ നിറം വീഴ്ത്തുന്നുണ്ട്. കുറെ നാളിന് ശേഷം ആശാൻ പുറത്തു വന്നതാണ്. ഓരോ നിമിഷം കഴിയുമ്പോൾ മഞ്ഞ നിറം മാറി മാറി വരുന്നതും, തിരകൾ അടിച്ചു കേറുന്നതും നോക്കി ഇരിക്കുമ്പോൾ ആണ് ആരോ നോക്കുന്നത് പോലെ ഒരു തോന്നൽ. തല തിരിച്ചു നോക്കിയപ്പോൾ അടുത്തുള്ള ബദാം  മരത്തിൽ ചാരി ഒരാൾ. അയാളുടെ ചുണ്ടുകളിൽ വഷളൻ ചിരി.  അപ്പുറത്തെ പാർക്കിന്റെ മതിലിൽ ചാരി നിൽക്കുന്നയാളോട് തന്നെ ചൂണ്ടി അയാൾ എന്തോ ആംഗ്യഭാഷയിൽ പറയുന്നു.   അവിടെയുള്ള ഇരിപ്പു അത്ര പന്തിയല്ലെന്ന് തോന്നിയത് കൊണ്ട് എഴുന്നേറ്റു നടന്നു. മണലിൽ കൂടെ നടക്കുന്നത് ഒട്ടും ഇഷ്ടമില്ലാത്തത് ആണ് . എങ്കിലും അമർത്തി ചവിട്ടാതെ ചെരുപ്പിൽ മണൽ കേറാതെ , ഇടയ്ക്കു നിറം മാറുന്ന കടലിനെ  നോക്കി നടക്കുമ്പോൾ ഇടത് വശത്തു നിന്നും ഒരു ശബ്ദം ' ഒറ്റക്കാണോ '.

ഒറ്റക്കായാലും ഇരട്ടക്കായാലും തനിക്കെന്താടാ ചെകുത്താനെ എന്ന് ചോദിയ്ക്കാൻ ആണ് ആദ്യം  തോന്നിയത്.  പക്ഷെ ചോദ്യം അവഗണിച്ചു മുന്നോട്ടു നടക്കുകയാണ് നല്ലത് എന്ന് മനസ്സ് ഓർമ്മിപ്പിച്ചു. ചേർന്ന് നടക്കാൻ ശ്രമിച്ചു കൊണ്ട് അയാൾ കൂടെ തന്നെ ഉണ്ടായിരുന്നു. കാലിൽ മണല് കേറുന്നത് നോക്കാതെ കുറച്ചു വേഗത്തിൽ നടന്നു ആൾക്കൂട്ടത്തിൽ ചെന്ന് കേറിയപ്പോൾ ആണ് ഒരു ആശ്വാസം ആയത്. അയാൾ പിറകെയുണ്ടോ എന്ന് നോക്കിയില്ല. കാരണം തിരിഞ്ഞു നോട്ടം ചിലപ്പോൾ ഒരു ക്ഷണം ആയി കരുതിയാലോ എന്ന സംശയം.  ആൾക്കൂട്ടത്തിൽ നിന്ന് അസ്തമയം കണ്ടു . സൂര്യൻ പൂർണ്ണമായും കടലിൽ താഴുന്നതിനു മുന്നേ അവിടെ നിന്നും മടങ്ങി.

ബീച്ചിൽ നിന്നും റോഡിലേക്ക് കേറിയപ്പോൾ വിശപ്പിന്റെ വിളി അതിഭീകരം ആയത് കൊണ്ട് അടുത്ത കണ്ട ഹോട്ടലിൽ കേറി മൂലയിൽ ഉള്ള ഒരു മേശ പിടിച്ചു. പൊറോട്ടയും ചിക്കൻ ചുക്കയും ഓർഡർ ചെയ്തു ഇരിക്കുമ്പോൾ മുന്നിലെ സീറ്റിൽ ഒരാൾ  വന്നിരുന്നത്. ഇരിക്കട്ടെ എന്ന് മര്യാദയുടെ പേരിൽ ഒരു ചോദ്യം പോലും ചോദിക്കാതെ കയറി ഇരുന്നവനോട്  ആദ്യം തന്നെ ഒരു നീരസം തോന്നി. മൊബൈലിൽ നിന്നും മുഖമുയർത്താതെ വന്ന വൈറ്ററോട് ഒരു കാപ്പിക്ക് പറഞ്ഞു . ഓർഡർ ചെയ്ത പൊറോട്ടയും ചിക്കനും  വന്നു അത് ആസ്വദിച്ച് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അയാളുടെ കൈകൾ പ്ലേറ്റിലെ ചിക്കനിലേക്ക്. 'എക്സ്ക്യൂസ്‌ മി '  ശബ്ദം കുറച്ചുയർന്നു എന്ന് മനസിലായത് അടുത്ത ടേബിളിൽ ഇരുന്നവർ ഒക്കെ നോക്കുന്നത് കണ്ടപ്പോൾ ആണ്. സോറി പറഞ്ഞു ഓർഡർ ചെയ്ത ചായ ,മുഴുവൻ കുടിക്കാതെ അയാൾ എഴുന്നേറ്റു പോയി . ഭക്ഷണം  കഴിച്ചു പുറത്തിറങ്ങുമ്പോൾ സമയം ഏഴര. റോഡിൽ ആളുകൾ കുറവാണ്. ഒരു ഓട്ടോ കിട്ടിയാൽ ബസ്‌സ്റ്റോപ്പിൽ പോയിറങ്ങാം എന്നോർത്തു ഓട്ടോ കിട്ടുന്നിടം നോക്കി നടന്നു. പെട്ടെന്ന് ഒരു ശബ്ദം " ചേച്ചിടെ ഇറച്ചിയിൽ തൊട്ടാൽ ചേച്ചിക്ക് ദേഷ്യത്തെ വരുമെടാ" ഞെട്ടലോടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ നേരത്തെ ഹോട്ടലിൽ കണ്ട ആളും  കുറെ പേരും. എന്ത് ചെയ്യുമെന്നാലോചിച്ചു നിൽക്കുമ്പോൾ ദൈവമയച്ചത്  പോലെ മുന്നിൽ വന്ന ഒരു ഓട്ടോ. അതിൽ കയറി ബസ് സ്റ്റാൻഡ് എന്ന് പറയുമ്പോഴും ഒരു ഭയത്തോടെ ഞാൻ  പുറത്തക്കു നോക്കി.  അവർ ഓട്ടോയുടെ അടുത്തേക്ക് വരുമെന്നൊരു പേടി. ഓട്ടോ മുന്നോട്ടുഎടുത്തു കൊണ്ട് ഡ്രൈവർ പറഞ്ഞു ' ഈ സ്ഥലം അത്ര നല്ലതല്ല, ഈ സമയത്തു  ഒറ്റക്കൊന്നും ഇവിടെ വരരുത്' ഒന്നും പറയാതെ സീറ്റിൽ ചാരി ഇരുന്നപ്പോൾ ഒരു വലിയ പകടത്തിൽ നിന്നും രക്ഷപെട്ടു എന്ന തോന്നൽ.

ബസ്റ്റോപ്പിൽ ഇറങ്ങി ബസ് കിട്ടുന്നത് പിന്നെയും കുറെ കഴിഞ്ഞാണ്. ബസ് സ്റ്റോപ്പിൽ വേറെ പെണ്ണുങ്ങൾ ഒന്നും തന്നെയില്ല. അവിടെ നിൽക്കുന്ന ഓരോരുത്തരുടെ മുഖത്തും ഇതെവിടുന്നു ആണ് കുറ്റിയും പറിച്ചു വന്നേക്കുന്നത് എന്ന ഭാവം. ബസ് ഒന്ന് വേഗം വന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചു  കൊണ്ടിരിക്കെ ബസ് വന്നു. ചാടി കേറിയപ്പോൾ അതിലും നിറയെ ആളുകൾ. രണ്ടു സ്ത്രീകൾ  മാത്രം ഉണ്ട് സീറ്റിൽ അവരുടെ കൂടെ ഭർത്താക്കന്മാരും . ബസിലെ ആളുകളുടെ നോട്ടവും നേരത്തെ ബസ്റ്റോപ്പിൽ കണ്ടവരുടേത് പോലെ തന്നെ. ഡ്രൈവറുടെ പിറകിലെ ഒഴിഞ്ഞ ലേഡീസ് സീറ്റിൽ കയറിആശ്വാസത്തോടെ കണ്ണടച്ച് ഇരുന്നു. ടിക്കറ്റ് തരാൻ  വന്നത് എന്നും കാണുന്ന കണ്ടക്ടർ തന്നെ. ഇത്രേം വൈകി ഇതെവിടുന്നാ , കുശലാന്വേഷണത്തിനു ഒരു ചിരി മാത്രം മറുപടി കൊടുത്തു ആലോചിച്ചു. രാത്രി എട്ടര മണിയെന്ന പറയുന്നത് അത്രേം വൈകിയ ഒരു സമയം ആണോ? അതോ സ്ത്രീകൾക്ക് മാത്രം പറഞ്ഞിട്ടുള്ള സമയത്തിനുമപ്പുറം ആണോ ?

പലതരം ആലോചനകളിൽ പെട്ട് നോക്കുമ്പോൾ മുന്നിലെ ഗ്ലാസിൽ പതിച്ചു വെച്ചിരിക്കുന്ന ഒരു പെണ്ണിന്റെ ചിത്രം. അവൾക്കു ചുറ്റും നടുക്ക് കറുത്ത വെളുത്ത പൂക്കൾ. ഒന്ന് കൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ  മനസിലായി അത് വെളുത്ത പൂക്കൾ അല്ല. കുറെ കണ്ണുകൾ ആണ്. കറുത്ത  പൂമ്പൊടി പോലെ കാണുന്നത് ചോദ്യ ചിഹ്നങ്ങളും !


2018, ജൂലൈ 2, തിങ്കളാഴ്‌ച

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനായി ഇടതു കൈ വയറോട്  ചേർത്തു വെച്ച് ഇളവെയിൽ കൊണ്ട് ആലസ്യത്തിൽ കണ്ണടച്ച് ഇരിക്കുക ആയിരുന്നു അന്വിത.

പക്ഷെ മനസ്സ് കൊണ്ട്  നെഞ്ചോട് ചേർത്ത്  ഓട്ടുവള എന്ന പുസ്തകവും പിടിച്ചു ലൈബ്രറിയുടെ മൂന്നാമത്തെ  നിലയിൽ നിന്നും താഴേക്കിറങ്ങുന്ന പടിയുടെ തിരിവിൽ ആയിരുന്നു അവൾ.  അപ്പോഴാണ് അവിചാരിതമായി മുന്നിലേക്കെത്തിപ്പെട്ട യുവാവ് ആ ബുക്കിലേക്ക് നോക്കി ഒരു പുച്ഛ  ഭാവത്തിൽ ചിരിച്ചത്.  ആ നോട്ടവും ഭാവവും ഒട്ടുമിഷ്ടമായില്ലെങ്കിലും ഒന്നും പറയാതെ ധൃതിയിൽ പടവുകൾ ഇറങ്ങി അവൾ.  ആഴ്‌ചയിൽ ഒരിക്കൽ പുസ്തകം മാറ്റിയെടുക്കാൻ വരുമ്പോഴൊക്കെ അയാളെയും അയാളുടെ ചിരിയും കണ്ടു.  ആറാമത്തെ ആഴ്ചയിൽ I too had a love story എന്ന പുസ്തകവുമായി പടിയിറങ്ങുമ്പോൾ ചിരിയോടൊപ്പം ഒരു ചോദ്യം വന്നത്

" മലയാളം പൈങ്കിളി ഒക്കെ കഴിഞ്ഞു ഇപ്പോൾ ഇംഗ്ലീഷിലേക്ക് എത്തിയോ"

'എനിക്ക് ഇഷ്ടമുള്ളതാ ഞാൻ വായിക്കുന്നത് , തനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ?'

അയാളുടെ കണ്ണിലേക്ക് നോക്കി ചോദിക്കുമ്പോൾ അവൾ കണ്ടു അയാളുടെ കണ്ണുകളിലും നിറഞ്ഞു നിൽക്കുന്ന ചിരി. ആ കണ്ണിലേക്ക് നോക്കി നിന്നപ്പോൾ ഉള്ളിൽ ഉറഞ്ഞു കൂടിയ ദേഷ്യമെല്ലാം എവിടേക്കോ പോയതായി അവളറിഞ്ഞു. കഴിഞ്ഞ അഞ്ചു ആഴ്ചയും തന്നെ പുച്ഛിച്ചു ചിരിക്കുന്നു എന്ന് തോന്നിയ ചിരിയിൽ ഒരു സ്നേഹത്തിന്റെ കടൽ കണ്ടു. ആ കടലിലേക്ക് അവൾ  അറിയാതെ ഇറങ്ങുകയായിരുന്നു അന്ന് മുതൽ.  ലൈബ്രറിയുടെ എതിർവശത്തെ പ്രിന്റിംഗ് സ്ഥാപനത്തിൽ എഡിറ്റർ ആയി ജോലി ചെയ്യുന്ന ചുരുണ്ട മുടിയുള്ള , കണ്ണ് കൊണ്ട് ചിരിക്കുന്ന അയാളുടെ പേരായിരുന്നു രവി കിഷോർ.

 പരീക്ഷ കഴിഞ്ഞു വെറുതെ വായിച്ചും ഉറങ്ങിയും സമയം കളയുന്ന ദിവസത്തിന്റെ വൈകുന്നേരത്തിലേക്കാണ് അവളുടെ വീടിന്റെ ഗേറ്റ് കടന്നു  കിച്ചു  വന്നത്. എല്ലാവർക്കും രവി അല്ലെങ്കിൽ കിഷോർ ആയിരുന്ന അയാൾ അവൾക്ക് മാത്രം കിച്ചു ആയി മാറിയിരുന്നു അപ്പോഴേക്കും. കിച്ചുവിന്റെ വരവ് അവളെ ഒന്ന് അന്ധാളിപ്പിച്ചു. പൂമുഖത്തിരിക്കുന്ന അച്ഛൻ ആരാ, എന്താ എന്ന് ചോദിക്കുന്നത് കേട്ട് കൊണ്ട് അവൾ വാതിലിൽ  മറഞ്ഞു നിന്നു . അന്വിതയെ ഇഷ്ടം ആണെന്നും കല്യാണം ആലോചിക്കാൻ വന്നതെന്നും പറഞ്ഞപ്പോൾ ആലോചനക്കു  ഒക്കെ വീട്ടിലെ മുതിർന്നവർ അല്ലെ  വരിക  അച്ഛൻ ചോദിച്ചപ്പോൾ അനാഥൻ ആണ്, തനിക്കു താൻ മാത്രേ ഉള്ളുവെന്നും  പറഞ്ഞപ്പോൾ അയാൾ  ഒന്ന് ഞെട്ടി. ആലോചിച്ചു പറയാം എന്ന് പറഞ്ഞു കിച്ചുവിനെ പറഞ്ഞയക്കുമ്പോൾ തന്റെ നേർക്ക് വന്നേക്കാവുന്ന ചോദ്യങ്ങളെ ഓർത്തു അവൾ ഭയപ്പെട്ടു, ഗേറ്റ് അടക്കുന്ന ശബ്ദവും അനു  എന്ന വിളിയും ഒരുമിച്ചാണ് അവൾ കേട്ടത്. അപ്പോഴേക്കും അമ്മയും ആരാ വന്നത് എന്നറിയാൻ  ഉമ്മറത്തു എത്തിയിരുന്നു.
 'ആ വന്നയാളെ നിനക്കറിയാമോ , എത്ര കാലമായി അറിയാം'  .
'ഒരു വർഷം  ആയി അറിയാം '

'കല്യാണാലോചനയുമായി ആണ് അയാൾ വന്നത് , നീ എന്ത് പറയുന്നു'

എനിക്കിഷ്ടം ആണ്

അനാഥൻ ആണെന്നുള്ളത് നിനക്കറിയാമെന്നു കരുതുന്നു . ഒറ്റ മോൾ ആയത് കൊണ്ട് നിനക്ക് ജീവിതത്തിൽ വലിയ പ്രതിബന്ധങ്ങൾ  ഒന്നും നേരിടേണ്ടി വന്നിട്ടില്ല. ഒറ്റാം  തടി ആയി വളർന്ന അയാളോടൊത്തുള്ള ജീവിതം എങ്ങനെ ആകുമെന്ന് പറയാൻ പറ്റില്ല . ആലോചനയുമായി മുന്നോട്ടു  പോകണോ ഏന്നു നീ ആലോചിച്ചു പറ .

എനിക്ക് ആലോചിക്കാൻ ഒന്നുമില്ല അച്ഛാ . കിച്ചുവിനെ കുറിച്ച് എനിക്ക് അറിയാത്ത ഒന്നുമില്ല. പിന്നെ വളർന്നത് ഒറ്റയ്ക്ക് ആണെങ്കിലും ദുഃസ്വഭാവങ്ങൾ ഒന്നുമില്ലാത്ത ആളാണ്.

നിന്റെ ഇഷ്ടം അതാണെങ്കിൽ പെട്ടെന്നു തന്നെ അങ്ങ് നടത്തി തരാം. നിന്റെ ഇഷ്ടങ്ങൾക്ക് ഞങ്ങൾ ഒരിക്കലും എതിര് നിന്നിട്ടില്ലല്ലോ.

പെട്ടെന്ന് എന്ന് പറഞ്ഞെങ്കിലും കിച്ചുവിന്റെ ആവശ്യപ്രകാരം ഒരു വർഷം കഴിഞ്ഞാണ് കല്യാണം നടത്തിയത്. കല്യാണം കഴിഞ്ഞു മൂന്നു മാസം ആയപ്പോൾ  സർക്കാർ വക സ്കൂളിൽ ജോലിയും കിട്ടി. നാട്ടിൽ വീട്ടിൽ  നിന്നും വളരെ ദൂരത്തായിരുന്ന ജോലിസ്ഥലത്തു  താമസിക്കാൻ സൗകര്യം  കിട്ടിയത് മറിയച്ചേട്ടത്തിയുടെ വീട്ടിലായിരുന്നു

പത്തേക്കർ റബർ  തോട്ടവും വലിയൊരു വീടും വാടകക്ക്  കൊടുക്കുന്ന കുറച്ചു കടമുറികളും ഉണ്ടാക്കി കൊടുത്താണ് അഞ്ചു വർഷം  മുൻപ് മറിയചേട്ടത്തിയുടെ ഭർത്താവു മരിക്കുന്നത്. ആകെ ഉണ്ടായിരുന്ന ഒരേ ഒരു മോൻ അങ്ങ് അമേരിക്കയിലും . വലിയ വീട്ടിൽ ഒറ്റക്കു താമസിക്കാൻ വിഷമം ആയത് കൊണ്ട്  വീടിന്റെ  മുകൾ നിലയിൽ അടുത്തുള്ള നഴ്സിംഗ് കോളേജിലെ പിള്ളേരെ പേയിങ്  ഗസ്റ്റ് ആയി താമസിപ്പിക്കുന്നുണ്ട്.  അനുവിനു മാത്രം താമസിക്കാൻ സ്ഥലം ചോദിച്ചു വന്ന അവരുടെ മുന്നിലേക്ക് മറിയച്ചേടത്തി വെച്ചത് വലിയ ഒരു ഓഫർ ആയിരുന്നു. വീടിന്റെ വശത്തുള്ള ഒരു മുറിയും അതിനോട് ചേർന്ന് ഒരു ചെറിയ അടുക്കളയും റെഡി ആക്കി കൊടുക്കാം. കിച്ചുവിന് അവരുടെ തോട്ടത്തിന്റെയും കടമുറികളുടെയും മേൽനോട്ടവും.  ഒരു താമസസ്ഥലം കിട്ടുക എന്നത് തന്നെ വലിയ കാര്യം ആയിരുന്നത് കൊണ്ടും കല്യാണം  കഴിഞ്ഞു അധികമാകാത്തത്  കൊണ്ടും അവർ പറഞ്ഞത് പോലെ കിച്ചു പ്രെസ്സിലെ ജോലി രാജി വെച്ച് വന്നു ചേട്ടത്തിയുടെ കൂടെ ചേർന്നു.  ചേട്ടത്തി ദൂരെ വീട്ടിലെ അമ്മയെ പോലെ ആയിരുന്നു അനുവിന്. ചേട്ടത്തിക്കാകട്ടെ ഒന്ന് ശരിക്കും കാണുക പോലും ചെയ്യാത്ത മരുമോളായിരുന്നു അനു.

ജോലിയും കാര്യസ്ഥപ്പണിയും മലയോരവും മറിയച്ചേട്ടത്തിയുടെ തമാശയും ഒക്കെ ആയി ജീവിതം സുഗമമായി ഒഴുകി കൊണ്ടേയിരുന്നു. അപ്പോഴാണ് ഒരു ദിവസം ഉച്ചഭക്ഷണം കഴിച്ച അന്വിത ടീച്ചർ സ്റ്റാഫ് റൂമിൽ നിന്നും പുറത്തേക്കോടി ഛർദ്ദിച്ചത്. ഫുഡ് പോയ്സൺ എന്നു കരുതി ഡോക്ടറുടെ അടുത്ത കൊണ്ട് പോയപ്പോളാണ് ഒരു കുട്ടി ടീച്ചർ കൂടെ വരുന്ന കാര്യം മനസിലായത്. വൈകുന്നേരം കിച്ചു പണി കഴിഞ്ഞു വരുമ്പോഴേക്കും കിച്ചുവിനിഷ്ടപ്പെട്ട ഉണ്ണിയപ്പവും ഉണ്ടാക്കി കാത്തിരിക്കുക ആയിരുന്നു അനു സന്തോഷം വർത്തമാനം അറിയിക്കാൻ. കുളി കഴിഞ്ഞു വന്നപ്പോൾ ചായയോടൊപ്പം ഉണ്ണിയപ്പം കണ്ടു 'ആ ഇന്ന് എന്റെ ടീച്ചർ സ്പെഷ്യൽ ഒക്കെ ഉണ്ടാക്കിയാലോ എന്താ കാര്യം " എന്ന് ചോദിച്ചു കൊണ്ട്  ഒരു അപ്പം എടുത്തു വായിലേക്കിട്ടു. ഒന്നും പറയാതെ കിച്ചുവിനടുത്തേക്ക് നീങ്ങി നിന്ന് അവന്റെ കൈ എടുത്തു വയറിനോട് ചേർത്ത് അമർത്തി അവൾ. ആദ്യം ഒരു ഞെട്ടൽ , പിന്നെ അവിശ്വസനീയതയോടെ അവൻ ചോദിച്ചു.

'ശരിക്കും ?' .

ഉം ..നമ്മുക്ക് കൂട്ടിനു ഒരാൾ കൂടെ വരുന്നുണ്ട് കിച്ചു , ഇന്നുച്ചക്കു  സ്കൂളിൽ നിന്നും വയ്യാതെ ഹോസ്പിറ്റലിൽ പോയപ്പോൾ ആണ് അറിഞ്ഞത്.

'പക്ഷെ നമ്മൾ പെട്ടെന്നൊന്നും വേണ്ട എന്നല്ലേ തീരുമാനിച്ചിരുന്നത് , പിന്നെ ഇതെങ്ങനെ '

അന്ന് വീട്ടിൽ പോയപ്പോൾ 'അമ്മ കുറെ വഴക്കു പറഞ്ഞു , ഗുളിക ഒക്കെ കഴിച്ചു മാറ്റി വെച്ചാൽ പിന്നെ ആഗ്രഹിക്കുമ്പോൾ ദൈവം തരില്ല എന്നും പറഞ്ഞു , അത് കൊണ്ട് അതിനു ശേഷം ഞാൻ ഗുളിക കഴിക്കാറില്ലായിരുന്നു

നമ്മൾ ഒരുമിച്ചു എടുത്ത ഒരു തീരുമാനം മാറ്റുമ്പോൾ അതെന്നോട് പറയണം എന്ന് നിനക്ക് തോന്നിയില്ലേ അന്വിത

കിച്ചു നോക്ക് , ഞാൻ ഒരു പാട് ഹാപ്പി ആണിന്നു. വെറുതെ അതുമിതും  പറഞ്ഞു അതില്ലാതാക്കല്ലേ. നമ്മൾക്കു രണ്ടു പേർക്കും ജോലിയുണ്ട് വേറെ പ്രശ്ങ്ങൾ ഒന്നുമില്ല അപ്പോൾ ഒരാൾ കൂടെ വന്നാൽ ഒരു കുഴപ്പവുമില്ല.

ഒന്നും മിണ്ടാതെ എഴുന്നേറ്റു പോകുന്ന കിച്ചുവിനെ നോക്കി അവൾ അമ്പരന്നു.രാത്രി കിടക്കുമ്പോഴും ഒരക്ഷരം മിണ്ടാതിരിക്കുന്ന കിച്ചുവിനോട് അവൾ പറഞ്ഞു എന്തെങ്കിലും ഉണ്ടെങ്കിൽ വാ തുറന്നു പറയണം അല്ലാതെ ഈ മൗനവ്രതം വേണ്ട

ഒരു കുഞ്ഞു നമുക്കിപ്പോൾ വേണ്ട അന്വിത. നമുക്കിത് വേണ്ടെന്നു വെച്ചാലോ

കിച്ചു എന്താണ് ഇങ്ങനെ പറയുന്നത് എന്ന് അവൾ ആശങ്കപ്പെടുമ്പോൾ അവൻ  തുടർന്നു 'ഞാൻ അനാഥൻ എന്ന് മാത്രേ എല്ലാർക്കും  അറിയുള്ളൂ . പക്ഷെ ഞാൻ അനാഥൻ ആയത് എങ്ങനെ എന്ന് ആർക്കും അറിയില്ല ഞാൻ പറഞ്ഞിട്ടുമില്ല , പക്ഷെ ഇന്ന് എനിക്ക് നിന്നോട് അത് പറയണം.

'അച്ഛൻ റെയിൽവേ ഗാർഡ് ആയിരുന്നു . ജോലി കഴിഞ്ഞു വരുമ്പോൾ ഒക്കെ അച്ഛന് വല്ലാത്ത മടുപ്പിക്കുന്ന ഒരു ഗന്ധം ആയിരുന്നു. അതിന്റെ പേരിൽ അച്ഛനും അമ്മയും എന്നും വഴക്കും ഉണ്ടാകും. എന്നാലും അച്ഛന് എന്നെ വലിയ ഇഷ്ടമായിരുന്നു , എനിക്ക് വേണ്ടതെല്ലാം ചോദിക്കേണ്ട താമസം  വാങ്ങി തരും. അങ്ങനെ ഒരു ദിവസം അച്ഛൻ വന്നപ്പോൾ വല്ലാതെ ആടുന്നുണ്ടായിരുന്നു, അവർ തമ്മിൽ വഴക്കിടുമ്പോൾ ഞാൻ അടുത്ത റൂമിൽ പോയിരിക്കുകയാണ് പതിവ്. അന്നും പതിവ് പോലെ വഴക്കു തുടങ്ങി. പക്ഷെ അന്നത്തെ വഴക്കു അത്ര പെട്ടെന്ന് തീർന്നില്ല. പതുക്കെ വാതിലിനു അടുത്ത് വന്നു ഞാൻ നോക്കുമ്പോൾ വാതിലിന്റെ കട്ടിളപ്പലകയിൽ രണ്ടും കൈ  കൊണ്ട് തൂങ്ങി അമ്മയുടെ നെഞ്ചിനു ചവിട്ടുന്ന അച്ഛനെ ആണ് കണ്ടത്. 'അമ്മ മറിഞ്ഞു വീഴുന്നത് പേടിച്ചു ഞാൻ കട്ടിലിനു അടിയിൽ ഒളിച്ചു. അവിടെ കിടന്നു ഞാൻ ഉറങ്ങി പോയി. അന്നെനിക്ക് ആറു  വയസ്സ്.  പിന്നെ ഉണർന്നപ്പോൾ ഒച്ചയും ബഹളവും ഒന്നുമില്ലായിരുന്നു . പതുക്കെ ഞാൻ എഴുന്നേറ്റു  നോക്കിയപ്പോൾ ഫാനിൽ ആടുന്ന അച്ഛനെ ആണ് കണ്ടത്. അമ്മയെ നോക്കാനായി ഓടി ഞാൻ. താളം കെട്ടി കിടക്കുന്ന ചോരയിൽ അമ്മയുടെ മുടി പടർന്നു കിടക്കുന്നുണ്ടായിരുന്നു. പിന്നീട് പോലീസ് ഒക്കെ വന്നു.എന്നെ അനാഥാലയത്തിൽ ആക്കി. അച്ഛനെയും കണ്ട അമ്മയെയും ഓർമ്മയില്ലെന്നു ആണ് ഞാൻ എല്ലാരോടും പറയുക, വേറൊന്നിനുമല്ല ഈ കഥ പറയാം എനിക്കിഷ്ടമില്ല അത് കൊണ്ട് മാത്രം. ഇപ്പോൾ ഒരു അച്ഛൻ ആകാൻ പോകുമ്പോൾ സന്തോഷം തോന്നേണ്ടതാണ് പക്ഷെ എന്തോ അച്ഛൻ ആകാൻ എന്റെ മനസ്സു പാകമായിട്ടില്ല അന്വിത അത് കൊണ്ടാണ് ഞാൻ പറഞ്ഞത് കുറച്ചു കഴിഞ്ഞു മതി നമുക്ക് '

ഇനിയും ഒരു എട്ടു മാസം കഴിയും കുഞ്ഞു വരാൻ , അപ്പോഴേക്കും കിച്ചുന്റെ ഈ തോന്നലുകൾ ഒക്കെ മാറും . ആദ്യത്തെ കുഞ്ഞാണ് അതിനെ നശിപ്പിക്കാൻ പറയല്ലേ കിച്ചു '

'ഉം , നാളെ ജോലിക്ക് പോകേണ്ടതല്ലേ ഉറങ്ങിക്കോ ' അനുവിനെ ഒന്ന് ചേർത്ത പിടിച്ചു കൊണ്ടവൻ പറഞ്ഞു.

അവളുടെ ഉയർന്നു വരുന്ന വയറു കാണുമ്പോൾ ഒക്കെ കിച്ചുവിന് വല്ലാത്തൊരു സങ്കടം, അസ്വസ്ഥത ഒക്കെ ആയിരുന്നു, അതവൾ അറിയാതിരിക്കാൻ അവൻ പാട് പെട്ടു. അഞ്ചു മാസം ആയപ്പോൾ അവളുടെ അച്ഛനും അമ്മയും വന്നു പ്രസവത്തിനു പോകുന്നതിനെയും ലീവിനെയും കുറിച്ച് ഒക്കെ സംസാരിച്ചു പോയതിനു പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ അടുത്ത് കിച്ചുവിനെ കാണാതെ അവനെ അന്വേഷിച്ചു പുറത്തേക്കിറങ്ങാൻ തുടങ്ങിയ അന്വിതയെ ഫാനിന്റെ കാറ്റിൽ പറക്കുന്ന കടലാസ്സ് അടുത്തേക്ക് വിളിച്ചത്. പേപ്പർ വെയിറ്റ് മാറ്റി പേപ്പർ എടുത്തു അവൾ വായിച്ചു

അന്വിത

കഴിഞ്ഞ നാല് മാസവും അച്ഛൻ ആകാൻ വേണ്ടി ഞാൻ എന്റെ മനസ്സിനെ മെരുക്കി നോക്കി. പക്ഷെ നിന്റെ വയറു കാണുമ്പോൾ ഒക്കെ എന്റെ മനസ്സിൽ വല്ലാത്തൊരു അസ്വസ്ഥത പെരുകുന്നു, എന്താണ് എന്ന് എനിക്ക് തന്നെ മനസിലാക്കുന്നില്ല.

മനസ്സ് ഒന്ന് ശാന്തമാക്കണം. അത് കൊണ്ട് ഒരു യാത്ര പോകുന്നു ഞാൻ . ഉപേക്ഷിച്ചു പോവുകയല്ല , തിരിച്ചു വരാനായി പോകുകയാണ്. ഇപ്പോൾ ഞാൻ ഇവിടെ നിന്നാൽ അത് നിന്നെയും കുഞ്ഞിനേയും ബാധിക്കും.

ഞാൻ വീണ്ടും പറയുന്നു നിന്നെ ഉപേക്ഷിച്ചു പോകുകയല്ല, തിരിച്ചു വരും കാത്തിരിക്കണം

സ്വന്തം കിച്ചു



'ഗർഭിണികൾ ഇങ്ങനെ വെയിലു കൊള്ളാൻ പാടില്ല '

പള്ളിയിൽ പോയി വരുന്ന മാറിയച്ചേടത്തിയുടെ ശബ്ദം . കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവൾ ചിരിക്കാൻ ശ്രമിച്ചു ,

'കൊച്ചെ ഇങ്ങനെ കരഞ്ഞും പിഴിഞ്ഞും ഇരുന്നാൽ ഉണ്ടാകുന്ന കൊച്ചിന് വല്ല മാറാദീനവും വരും .  കഴിച്ചോ വല്ലതും , എഴുന്നേറ്റു വാ. നല്ല ഇടിയപ്പവും ചിക്കൻ സ്റ്റുവും ഉണ്ടാക്കി വെച്ചിട്ടാണ്  ഞാൻ പള്ളിയിൽ പോയതു.

അവളെ ചേർത്ത് പിടിച്ചു ചേടത്തി ഉള്ളിലേക്ക് നടന്നു. ഡൈനിങ്ങ് ടേബിളിൽ ഇരുത്തി വെള്ളയപ്പവും കറിയും വിളമ്പിയ പ്ലേറ്റ് നീക്കി വെച്ച് കൊടുത്തു കൊണ്ട് പറഞ്ഞു

'അഞ്ച് വർഷം മുൻപ് കുര്യച്ചൻ മരിക്കുമ്പോൾ ഈ വലിയ വീടും പറമ്പും ഞാനും ഒറ്റക്കായിരുന്നു . അപ്പന്റെ മരണത്തിനു പോലും വരാൻ സമയമില്ലാതിരുന്ന മോൻ. ഒറ്റക്കിരുന്നു പ്രാന്ത് ആകുമെന്ന് തോന്നിപ്പോയ സമയം .അപ്പോളാണ്  പള്ളിയിലെ അച്ചൻ വന്നു ചോദിച്ചത് നഴ്സിംഗ് കോളേജിലെ പിള്ളേരെ താമസിപ്പിക്കാമോ എന്ന്. ഒരു കൂട്ട് ഉണ്ടാകുന്നത് നല്ലതല്ലെയെന്നും കരുതി ഞാൻ അവരെ താമസിപ്പിച്ചു. അവർക്ക് വേണ്ടി ഉണ്ടാക്കുന്നതിന്റെ രുചി കൊണ്ട്  ആ പിള്ളേർ തന്നെയാ എനിക്ക് ഫേസ്‌ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ ഉണ്ടാക്കി തന്നത്. ഇപ്പോൾ ഭക്ഷണം ഉണ്ടാക്കലും ഓൺലൈൻ ക്ലാസും ഒക്കെ ആയി ഞാൻ ഒറ്റക്കാണ് എന്നത്  പോലും ഞാൻ ഓർക്കാറില്ല. നമ്മൾ വെറുതെ ഇരിക്കുമ്പോൾ ആണ് ഓർമ്മകൾ നമ്മളെ വേട്ടയാടുന്നത് . ഉപയോഗിക്കാത്ത യന്ത്രത്തിൽ തുരുമ്പ് പിടിക്കുമ്പോലെയാണത്. അത് കൊണ്ട് മോളെ ചുമ്മാതെ കിട്ടുന്ന സമയം ഒക്കെ എന്തെങ്കിലും ഒക്കെ ചെയ്തോണ്ടിരിക്കണം

ഞാൻ ഈ സമയത്തു  എന്ത് ചെയ്യാനാ ചേടത്തി

മോൾക്ക്  ഫേസ്‌ബുക്കും കുന്തോം ഒന്നുമില്ലേ

പണ്ട് ഉണ്ടായിരുന്നു..കിച്ചുനെ  കണ്ടതിൽ പിന്നെ അതിൽ കേറാറ്  പോലുമില്ല

എങ്കിൽ ഇനി മുതൽ കേറണം. പഴയ കൂട്ടുകാരോട് ഒക്കെ മിണ്ടിയും പറഞ്ഞുമിരിക്കണം .  നോട്ട് ബുക്ക് നിറയെ എഴുതി വെച്ചതൊക്കെ അവിടേം എഴുതണം. പിന്നെ പള്ളി വക അനാഥാലയത്തിലെ പിള്ളേർക്ക് ട്യൂഷൻ എടുത്തു കൊടുക്കാമോ എന്ന് അച്ചൻ ചോദിച്ചിരുന്നു. പൈസ ഒന്നും കിട്ടുകേല എന്നാലും ഒരു പുണ്യപ്രവർത്തി അല്ലെ അതിന്റെ ഗുണം കിട്ടും. ഇതൊക്കെ ആകുമ്പോൾ നമ്മളങ്ങു ബിസി ആകും. അപ്പോൾ വേറെ ചിന്തകൾ ഒന്നും വരത്തില്ല.  ഗർഭിണി ആകുമ്പോൾ നല്ല ഭക്ഷണം കഴിച്ചു നല്ല പുസ്തകം ഒക്കെ വായിച്ചു സന്തോഷമായിരിക്കണം എന്നാലേ ജനിക്കുന്ന കുഞ്ഞും സ്മാർട്ട് ആകുള്ളൂ ..മോളിപ്പോൾ ഇരിക്കുന്ന പോലെ ആയാൽ ജനിക്കുമ്പോൾ തന്നെ കുഞ്ഞിന് വിഷാദരോഗം വരും

ഉം...ചേട്ടത്തി പറയുന്നത് പോലെ ഞാൻ ചെയ്യാം

'പണ്ട് കുര്യച്ചൻ എപ്പോഴും പറയും ഒരു പെണ്ണ് ശരിക്കും പെണ്ണ് ആകുന്നത് ഇങ്ങനെ കരഞ്ഞു മുക്കിള ഒലിപ്പിച്ചു ഇരിക്കുമ്പോൾ അല്ല . പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകുമ്പോൾ ആണ്'. ചായ ഗ്ലാസ് മുന്നോട്ടു  നീക്കി വെച്ച് അവർ തുടർന്നു.

അനുമോൾ ഒരു പെണ്ണ് ആണെന്നു ചേട്ടത്തിക്ക് കാണിച്ചു തായോ.

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...