2013, നവംബർ 11, തിങ്കളാഴ്‌ച

ബലികാക്കകൾ.

കുട്ടി ആയിരിക്കുമ്പോൾ എന്നും കാണുന്നതാണ്  ചീന്തിലയിൽ ഓടിൻപുറത്തു വെക്കുന്ന ഒരു പിടി ചോറ് .
 ഉണ്ണാൻ ഇരിക്കുന്നതിനു മുൻപേ കേൾക്കുന്ന ചോദ്യം 'കാക്കക്ക് ചോറ് കൊടുത്തോ?'
ഉത്തരം ഓടിൻപുറത്തെ കാക്കകളുടെ കലമ്പൽ.
ഈ കണ്ട കാക്കകൾക്ക് ചോറ് കൊടുക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യത്തിന് കാക്കകൾ പിതൃക്കൾ ആണ് ,അന്നം കൊടുത്താൽ പുണ്യം കിട്ടും എന്ന അശരീരി. ഈ മനുഷ്യര് എങ്ങനെയാ കാക്കകൾ ആകുന്നത് എന്ന സംശയം അന്ന് തൊട്ടേ ഉള്ളിൽ കടന്നു കൂടിയിരുന്നു. ഇന്ന് ആ സംശയം പ്രതീക്ഷയും കാത്തിരിപ്പും ആയി മാറിയിരിക്കുന്നു.

തലയിൽ നനഞ്ഞ തോർത്തിട്ടു ഈറനുടുത്തു എള്ളും പൂവും ചന്ദനവും ഓരോ ആവർത്തി നാക്കിലയിൽ വെക്കുമ്പോഴും ഒന്നു കണ്ണോടിച്ചു , മരക്കൊമ്പിൽ  എവിടയെങ്കിലും വന്നിരിക്കുന്നുണ്ടോ ആവോ? കിണ്ടിയിലെ വെള്ളത്തിൽ കൈ നനച്ചു മൂന്നു പ്രാവശ്യം കൈകൊട്ടി ക്ഷണിച്ചപ്പോഴും വീണ്ടും സംശയം .ഇത്ര പെട്ടെന്ന് രൂപാന്തരണം സംഭവിച്ചിരിക്കുമോ?

 അകത്തും പുറത്തും നോക്കി നിൽക്കുന്നവരുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത്  ആകാംക്ഷ മാത്രം.കാക്ക വരുമോ? 'ആളുകള് കൂടിയിരുന്നാൽ ഒച്ചയും ബഹളവും വെച്ചാൽ കാക്ക പിണ്ഡം എടുക്കില്ല എല്ലാരും മാറി പോകു'  ആരുടെയോ  ഉഗ്രശാസനം.

സമയം കടന്നു പോകുമ്പോൾ  ആകാംക്ഷ വാക്കുകളായി പുറത്തേക്ക്‌  " കാക്ക വന്നില്ലേ, എടുത്തില്ലേ?"എല്ലാവരിലും ഒരു ചോദ്യം. ചോദിക്കാതെയും ചോദിച്ചും മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പ്‌ . കാത്തിരിപ്പിനു നീളം കൂടിയപ്പോൾ ജനലിലൂടെ  കണ്ടു ബലിത്തറക്കരികിൽ ഒന്നിന് പകരം രണ്ടു ബലികാക്കകൾ. ആദ്യം തറയിലെക്കും പിന്നെ  പരസ്പരം നോക്കിയും അവർ പറഞ്ഞത് എന്തായിരിക്കും?

പതുക്കെ തറയിൽ കിടന്ന ചോറിൻവറ്റ്  കൊത്തി പറന്നുയരുമ്പോൾ അവർ ഒന്ന് കൂടി തിരിഞ്ഞു നോക്കിയോ?  നോക്കിയിരിക്കാം. നോക്കാതിരിക്കാൻ അവർക്കു കഴിയില്ലലോ?അവരുടെ വരവും കാത്തു ജനലഴികൾക്കിടയിൽ പതിച്ചു വെച്ചത് എത്ര എത്ര കണ്ണുകൾ ആണ്.




2013, നവംബർ 4, തിങ്കളാഴ്‌ച

മരണം  അതിന്റെ സന്ദർശനത്തിനു ശേഷം ബാക്കി വെക്കുന്നത് തണുത്തുറഞ്ഞ നിശബ്ദത ..

വരവിനു മുന്നോടിയായി  - തിമിര്ത്തു പെയ്യുന്ന തുലാവർഷത്തിൽ , ജനലുകളും വാതിലുകളും എല്ലാം മലർക്കെ തുറന്നിട്ടു ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിന്റെ ചുവട്ടിൽ " നീ ഒരു പേപ്പർ എടുത്തു വീശി താ കുട്ടീ, വല്ലാതെ ഉഷ്ണിക്കുന്നു " എന്ന് പറയുന്ന പെരുംചൂട്..

കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും എല്ലാം വെറുതെ ..

മരണം തണുപ്പല്ല , കാണുന്നവരുടെയും കേൾക്കുന്നവരുടെയും നെഞ്ചിൽ കോരിയിടുന്ന ചുടുചാരം, നീറി നീറി പടരുന്ന വേദന...  

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...