2012, ഡിസംബർ 19, ബുധനാഴ്‌ച

വല്യുമ്മ

ചിലര്‍ അങ്ങനെ ആണ് , നമ്മുടെ പ്രതിരോധങ്ങളെ എല്ലാം തകര്‍ത്തെറിഞ്ഞു ഉള്ളിലേക്ക് കേറി വരും. വ്യക്തിബന്ധങ്ങളില്‍ വ്യക്തമായ ഒരു സുരക്ഷാരേഖ വരയ്ക്കുന്ന ഞാന്‍ പോലും അറിയാതെ ആണ് കഞ്ഞിപശ മണക്കുന്ന കാച്ചി മുണ്ടും വെളുത്തമുടികളെ മൂടിയ വെള്ളതട്ടവും ആയി വല്യുമ്മ ആ രേഖ മായ്ച്ചു കളഞ്ഞത്. ഒരു അയല്‍ക്കാരി എന്നതിലപ്പുറം ഒരു പ്രാധാന്യവും കൊടുക്കാതെ, ഔപചാരികതക്ക് അപ്പുറം ഒരു വാക്ക് പോലും മിണ്ടാതെ നടന്നിരുന്നു എന്നെ സ്നേഹത്തിന്റെ കൊച്ചു കൊച്ചു തലോടല്‍ വഴി ഒരു നല്ല അയല്‍ക്കാരി എങ്ങനെ ആയിരിക്കണം എന്ന്  കാണിച്ചു തന്നു ഓരോ ദിവസം കഴിയുംതോറും എന്റെ മനസ്സിന്റെ ഉള്ളറകളിലേക്ക് കടന്നു വന്നു എന്നെ അദ്ഭുതപെടുത്തുക ആയിരുന്നു അവര്‍.

പുറത്തു അലക്കി വിരിച്ചിടുന്ന തുണികള്‍ മടക്കി വെച്ച്, ഞാന്‍ എത്താന്‍ നേരം വൈകുമ്പോള്‍ മോന്  കൂട്ടിരുന്ന് , ഒരു ദിവസം എന്റെ ശബ്ദം (രാവിലെ സ്കൂളില്‍ പോകുന്ന മോനോട് യുദ്ധം ചെയ്യുന്നത് )  കേട്ടില്ലെങ്കില്‍ മോളുടെ കൂറ്റ് കേട്ടില്ലല്ലോ എന്ന് അന്വേഷിച്ചു വന്നു,  ചെറിയ ചെറിയ കാര്യങ്ങളില്‍ കൂടെ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളായി മാറുകയായിരുന്നു  വല്യുമ്മ. അല്ലെങ്കിലും ഞാന്‍ എന്നും തോറ്റിരുന്നതും  എന്റെ അഹന്ത , താന്‍പോരിമ എല്ലാം മുട്ടു മടക്കിയിരുന്നതും സ്നേഹത്തിനു മുന്നില്‍  ആയിരുന്നു.

(നാടോടികള്‍ ആയതുകൊണ്ട്)   അവിടെ നിന്നും   മറ്റൊരിടത്തേക്ക് മാറിയപ്പോള്‍  ആണ് ആ കരുതലും സ്നേഹവും എത്ര  വലുതായിരുന്നു എന്ന്  മനസിലായത്. ഓരോ ദിവസം ഓരോരോ  കാര്യങ്ങള്‍ വല്യുമ്മയുടെ അഭാവം എന്നെ ഓര്മപെടുത്തി കൊണ്ടിരുന്നു. ഫോണില്‍ കൂടെ  ബന്ധം മുറിഞ്ഞു   പോകാതെ  നില നിര്‍ത്തി  എങ്കിലും പോയി കാണാന്‍ തിരക്കുകള്‍ കാരണം   കഴിഞ്ഞിരുന്നില്ല. ഒന്ന് കാണണം എന്ന് വല്യുമ്മ നിര്‍ബന്ധിച്ചു  പറഞ്ഞപ്പോള്‍ മറ്റു തിരക്കുകള്‍ ഒക്കെ  മാറ്റി വെച്ച് ഒരു ദിവസം അവിടെ വരെ  പോയി.   കണ്ടപ്പോള്‍ ഒന്ന് കാണാന്‍ പറ്റിയല്ലോ എന്ന് പറഞ്ഞു  കരഞ്ഞു അവര്‍.


ഒരാഴ്ചക്ക് ശേഷം  അര്‍ദ്ധരാത്രിയില്‍   വന്ന ഫോണ്‍ കാള്‍ ഒരു നല്ല വാര്‍ത്ത‍ ആയിരുന്നില്ല തന്നത്. ഒരു ചെറിയ നെഞ്ചുവേദന,  ഉമ്മയുടെ ആഗ്രഹം  പോലെ തന്നെ കിടത്തി കഷ്ടപെടുത്താതെ തന്നെ ഉമ്മയെ  കൂട്ടി കൊണ്ട് പോയി   ഈ ലോകത്ത് നിന്നും.

ഉമ്മയുടെ  സ്നേഹത്തിനു   ഒന്നും പകരം കൊടുക്കാന്‍ കഴിഞ്ഞില്ല,  കഴിയുകയുമില്ല .ആ ഓര്‍മയ്ക്ക് മുന്നില്‍ ഈ ചെറിയ  കുറിപ്പ്‌  അല്ലാതെ .



2012, നവംബർ 30, വെള്ളിയാഴ്‌ച

ധനാശി


ആകാശം നിറഞ്ഞു നില്‍ക്കുന്ന വെണ്‍മേഘ ശകലങ്ങള്‍ പോലെ മനസ്സില്‍ സന്തോഷം നിറഞ്ഞു നില്‍ക്കുന്നു. കണ്ണാടിയിലെ പ്രതിബിംബത്തെ നോക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ സ്നേഹം തോന്നുന്നു. ഇത് വരെ കണ്ടിരുന്ന മുഖമല്ല. മറ്റുള്ളവരുടെ ആനന്ദത്തിനു വേണ്ടി,   അറിഞ്ഞു കെട്ടിയ  വേഷം,   അനാവശ്യം ആണ് എന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ട്‌ കൊണ്ട് അഴിച്ചു മാറ്റിയപ്പോള്‍ വീണ്ടുകിട്ടിയ സ്വന്തം മുഖം.  നാം അറിയാതെ നമുക്കിടയില്‍ വരുന്ന ചില നിമിഷങ്ങള്‍, ചില സംഭവങ്ങള്‍, ചില ആളുകള്‍ തിരിച്ചറിവുകള്‍ ഉണ്ടാകുന്നതും  വിചിത്രമായ രീതിയില്‍ ആണ്.

ഇനി എന്റെ ലോകം  വിശാലമാണ്. ചക്രവാളത്തിനു അപ്പുറത്തുള്ള അജ്ഞേയമായ ലോകത്തേക്ക്  നിര്‍ഭയം യാത്ര തുടരാം. ഉണര്‍ന്നും  ഉറങ്ങിയും നിര്‍ബാധം സ്വപ്നങ്ങള്‍ കാണാം. സ്വപ്നങ്ങളുടെ രസച്ചരട് പൊട്ടിക്കാന്‍ ഇനി ആരും വരില്ല. ജനല്‍ പാളികള്‍ക്ക്‌ ഇടയിലൂടെ  കടന്നു വരുന്ന വെയിലിനെ നോക്കി എനിക്ക് മാത്രം മനസിലാകുന്ന ഭാഷയില്‍   കവിത എഴുതാം.

വ്യര്‍ത്ഥമായ മോഹങ്ങള്‍ക്കും വേഷങ്ങള്‍ക്കും സ്വസ്തി.  നിങ്ങളെ സന്തോഷിപ്പിക്കാന്‍ ഉള്ള മുഖംമൂടി ഞാന്‍ കീറി കളഞ്ഞിരിക്കുന്നു. അറിയുക, എനിക്ക് ബുദ്ധി  ഉറച്ചിരിക്കുന്നു. ഇനി ഒരു വേഷം കെട്ടാന്‍ എനിക്ക് മനസില്ല. ഞാന്‍ എന്നിലേക്ക് തിരിഞ്ഞു നടക്കുകയാണ്. തേടുക, പുതിയ വേഷങ്ങളെ, അവ കെട്ടാന്‍ തയ്യാറാകുന്ന പമ്പരവിഡ്ഢികളെ!!!


നന്ദി, ഇരുള്‍വീണ മനസ്സിലേക്ക് അറിവിന്റെ വെളിച്ചം എത്തിച്ച  അജ്ഞാത  ശക്തിക്ക്.  വെളിച്ചം കെടാതെ  കൂടുതല്‍ കൂടുതല്‍ തെളിമയോടെ എന്റെ മനസ്സിനെ പ്രകാശിപ്പിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ, ഭാരമില്ലാത്ത ശരീരവും മനസ്സുമായി ഒരു യോഗനിദ്രയില്‍ എന്ന പോലെ ഭൂമിയും ആകാശവും കടന്നു പുതിയ സ്വപ്നലോകത്തേക്ക് ഞാന്‍ എന്റെ യാത്ര തുടരട്ടെ.
 


* ധനാശി - കഥകളി അവസാനിപ്പിക്കുന്ന ചടങ്ങ്
(Photo Courtesy : Shaji Panicker)

2012, നവംബർ 15, വ്യാഴാഴ്‌ച

ഭയം


ഭയമാണു  നിന്റെ സ്നേഹത്തെ
അതിന്റെ തീവ്രത എന്നെ ഇല്ലാതാക്കുമോയെന്നു
ഭയമാണു നിന്റെ കണ്ണുകളെ
എന്നെ കോരിയെടുക്കുന്ന തീഷ്ണമായ നോട്ടത്തെ
ഭയമാണു നിന്റെ ചുണ്ടുകളെ
എന്നെ പൊള്ളിച്ചു മഞ്ഞുപോലെ ഉരുക്കി കളയുമോയെന്നു
ഭയമാണു എന്നെ തന്നെ
മനസ്സു വെറുതെ ആശിച്ചു പോകില്ലേ?

2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

കര്‍ണഭാരം


സരസ്വതി നദിയില്‍ തെളിഞ്ഞ അരിവാള്‍ ചന്ദ്രനിലേക്ക് നോക്കിയിരിക്കുമ്പോള്‍ കര്‍ണന്റെ മനസ്സ് അശാന്തം ആയിരുന്നു. വെള്ളത്തിലെ പ്രതിബിംബത്തിലേക്ക് നോക്കിയിരിക്കെ പല മുഖങ്ങള്‍ തെളിഞ്ഞു വന്നു.

ചെവിയില്‍ മുഴങ്ങുന്ന ശബ്ദങ്ങള്‍ " സൂതപുത്രന്‍, സ്വയംവരത്തില്‍ ഇവനെന്ത് കാര്യം"

കുനിഞ്ഞ ശിരസ്സോടെ മടങ്ങുബോള്‍ നോട്ടം മട്ടുപാവിലെക്ക്..സൂര്യതെജസ്സും ആകാരസൌഷ്ടവും കണ്ടു വിടര്‍ന്ന കണ്ണുകളില്‍ പരിഹാസം.

അംഗരാജ്യത്തിന്റെ രാജാവായി വാഴിച്ചു തനിക്കു തന്റെതായ   ഒരു സ്ഥാനം തന്ന സഹോദരന്‍ ദുര്യോദനന്‍

ഏറ്റവും ഒടുവില്‍  വെള്ളവസ്ത്രം കൊണ്ട് തലമൂടിയ ഒരു സാത്വിയായ സ്ത്രീയുടെ മുഖം തെളിഞ്ഞു വന്നു. വിവശമായ ഒരു സ്വരം അവരില്‍ നിന്നും വന്നു  " ഞാന്‍ നിന്റെ അമ്മ ആണ്"
അമ്മ എന്ന് വിളിച്ചത് സൂതഭാര്യ രാധയെ ആണ്.പിന്നെ ഇതാരാണ്? 
ഗര്‍ഭപാത്രത്തിന്റെ വാടക ആയി മകനോട്‌ യുദ്ധ ചെയ്യരുത് എന്ന് അപേക്ഷിക്കുന്ന സ്ത്രീ.കണ്ണുകളില്‍ അപേക്ഷയുടെ ദയനീയത.
അഞ്ചു മക്കളുടെ അമ്മ ആയി തന്നെ നിങ്ങള്‍ ഉണ്ടാകും എന്ന് പറയുമ്പോള്‍, മനസ്സില്‍ തോന്നിയത് വെറുപ്പ്‌ ആയിരുന്നോ?
തല കുനിച്ചു മടങ്ങി പോകുന്ന രൂപത്തെ തിരിഞ്ഞു നോക്കി മനസ്സില്‍  പറഞ്ഞു  " അമ്മ"

വലതുകൈ  കൊണ്ട് വെള്ളം തേവി മുഖങ്ങളെ എല്ലാം മായ്ച്ചു കൂടാരത്തിലേക്കു നടക്കുമ്പോള്‍ കര്‍ണന്റെ മനസ്സിന് ഭാരം തീരെ ഉണ്ടായിരുന്നില്ല

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

Existence



My existence is my tangled thoughts
What if I stopped thinking?

The emptiness
Engulfs my mind
Rid of emotions I feel marooned 
The loneliness creeping in

Far across I can see you
Your arms open wide
Your lips whispering
“Without you, I have no life”!!!

Divided I feel
Between two worlds
Happiness and Sorrow fills me in!!

2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ലൈഫ് ഈസ്‌ ബ്യുട്ടിഫുള്‍!!!


I can't change the direction of the wind,
but I can adjust my sails to always reach my destination.
Jimmy Dean 


അഹങ്കാരം എന്നെ ഭരിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഒന്നുമല്ല എന്നു ബോധ്യപെടുത്താന്‍ വേണ്ടി ശരീരം ഇടയ്ക്കു പണി മുടക്കും. പേശികള്‍ വലിഞ്ഞു മുറുകുന്നവേദന. കിടക്കയെ സ്നേഹിച്ചു ചുരുണ്ട് കൂടി കിടക്കാന്‍ തോന്നുമെങ്കിലും ഭാര്യയുടെയും അമ്മയുടെയും ഓഫീസിലെയും ഉത്തരവാദിത്വങ്ങള്‍ എന്നെ മാടി വിളിക്കുന്നുണ്ടാകും.അപ്പോള്‍ വേദനസംഹാരി എടുത്തു കഴിച്ചു ഒന്ന് മയങ്ങുമ്പോള്‍ സൂര്യതെജസ്സുള്ള ഒരാള്‍ അയാളുടെ പെരുവിരല്‍ കൊണ്ട് എന്റെ നെറ്റിയില്‍ അമര്‍ത്തുന്നതായി ഞാന്‍ സ്വപ്നം കാണും .ഉണര്‍ന്നു എഴുന്നേല്‍ക്കുമ്പോള്‍ മുന്‍പെങ്ങും തോന്നാത്ത ഊർജ്ജസ്വലത യോടെ എനിക്ക് എന്റെ ജോലികള്‍ ചെയ്യാന്‍ കഴിയുമായിരുന്നു . പക്ഷെ പതിവിനു വിപരീതമായി ഈ പ്രാവശ്യം എന്റെ സഹനശക്തിയെ പരീക്ഷിച്ചു നോക്കാന്‍ വേണ്ടിയെന്നവണ്ണം ആയിരുന്നു കാര്യങ്ങള്‍. അതോ എന്റെ അഹന്ത വല്ലാതങ്ങു വളര്‍ന്നിരുന്നോ? 

വേദനസംഹാരികള്‍ കഴിക്കുന്നു എന്നല്ലാതെ അതിന്റെ  ഫലങ്ങള്‍  ഒന്നും തന്നെ കിട്ടിയില്ല. മനസ്സില്‍ ശൂന്യത നിറയാന്‍ തുടങ്ങി. വല്ലാത്തൊരു ഇരുട്ട് വീണത്‌ പോലെ. ഇനി എനിക്ക് സഹിക്കാന്‍ കഴിയില്ല എന്ന ബോധം കൂടി ആയപ്പോള്‍ മരിച്ചാല്‍ എന്താ എന്ന ഒരു തോന്നല്‍ ഉള്ളില്‍. വേദനയും സഹിക്കണ്ട, കൂടെയുള്ളവരുടെ കഷ്ടപാടും കുറയും. ഉള്ളില്‍ നിറഞ്ഞ ആ തോന്നല്‍ വിങ്ങിപൊട്ടി പുറത്തേക്കു വന്നത് ഡോക്ടറെ കാണാന്‍ പോയപ്പോള്‍ ആണ്. 

"ഇതിനാ ഞങളുടെ ഭാഷയില്‍ കന്നത്തരം എന്നു പറയുന്നെ നല്ല അടി കിട്ടാത്ത കുഴപ്പം" കൊച്ചുകുട്ടിയെ എന്ന പോലെ അദ്ദേഹം എന്നെ ശാസിച്ചു. വീണ്ടും പുതിയ മരുന്നുകള്‍, വ്യായാമങ്ങള്‍. രണ്ടു ദിവസം കൂടെ എന്റെ സഹനശക്തിയെ പരീക്ഷിച്ചു കൊണ്ട് വേദന പോകാതെ നിന്നു. മൂന്നാം ദിവസം നെറ്റിയില്‍ പതിയുന്ന പഞ്ഞിപോലെ മൃദുലമായ കൈകള്‍.

" ഭഗവാനെ നല്ലോണം മനസ്സില്‍ വിചാരിക്കു കുട്ടി..എല്ലാം നേരയാകും" അമ്മയുടെ ശബ്ദം. 

വെളുത്ത പഞ്ഞികെട്ട് തൊട്ടു കിടക്കുമ്പോള്‍ നെറ്റിയില്‍ പെരുവിരല്‍ വീണ്ടും.

രാവിലെ നടക്കാനിറങ്ങുമ്പോള്‍ തണുത്ത കാറ്റില്‍ തലയാട്ടി മുറ്റത്ത്‌ നില്‍ക്കുന്ന എന്റെ സീനിയ പൂക്കളും കൂകുന്ന പുള്ളികുയിലും ചിലക്കുന്ന കരിയിലപക്ഷികളും   എന്നോട് പറയുന്നു " ലൈഫ് ഈസ്‌ ബ്യുട്ടിഫുള്‍"
ജീവിതമേ മാപ്പ്!!!ചപലായ മനസ്സില്‍ നിമിഷ നേരത്തെക്കുണ്ടായ അപക്വമായ തോന്നലിനു...സര്‍വം ക്ഷമസ്വ:  

2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

പതിവ്രത

ഉലയില്‍ പഴുപ്പിച്ചു പതം വരുത്തി അടിച്ചു പരത്തി ബലം കൂട്ടിയ ഇരുമ്പ്  ദണ്ഡ് പോലെ തന്നെ ആയിരുന്നു  അഗ്നിയില്‍ പുറത്തു കടന്നപ്പോള്‍ അവളുടെ മനസ്സ്.  ശരീരത്തിന് അഗ്നിശുദ്ധി വരുത്തിയിരിക്കുന്നു. മേല്‍ച്ചുണ്ട് കോട്ടി ഒരു ചിരി അവളില്‍ നിന്നുതിര്‍ന്നു.  ഒരു രോമം പോലും കരിയാതെ പുറത്തു വന്ന തനിക്കു മേല്‍ വീണ കവചം 'പതിവ്രത'.

സാത്വികന്‍, ധര്മിഷ്ടന്‍, നീതിമാന്‍. നേര്‍  രേഖകള്‍ പോലെ നീണ്ടുകിടക്കുന്ന  വിശേഷണങ്ങള്‍.അങ്ങനെ ഒരാളുടെ ഭാര്യ ആവുക എന്നത്  മറ്റുള്ളവരില്‍ അസൂയ ഉണര്‍ത്തുന്ന പദവിയാണ്‌ .മുജ്ജന്മസുക്രുതവും.എന്നിട്ടും ഇടക്കെപ്പോഴോ  കെട്ടു പൊട്ടി ഒഴുകുന്ന മലവെള്ളം പോലെ തന്റെ ചിന്തകളില്‍ ഉയര്‍ന്നു വരുന്ന  പത്തു തലകള്‍. ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളില്‍, മുഖം കഴുകാന്‍  എടുക്കുന്ന കൈക്കുമ്പിള്‍ വെളളത്തില്‍, ഒരു തിരനോട്ടത്തില്‍ മോഹിപ്പിച്ചു മായ്ഞ്ഞു പോകുന്ന പൌരുഷം.മനസ്സിലെ ചിന്തകളില്‍ നടക്കുന്ന രാമ- രാവണ   യുദ്ധം പൌരുഷം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ പെന്മനസ്സും പുരുഷന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു പതിവ്രത  മനസ്സും തമ്മില്‍.  സതിസാവിത്രി ആണ്. സ്വാതന്ത്ര്യത്തിന്റെ ചിറകുകളെ അരിഞ്ഞു കളയാം.കെട്ടഴിഞ്ഞു പോകുന്ന ചിന്തകളെ ഒളിപ്പിക്കാന്‍ പറ്റിയ നല്ല ഒരു മറയാണ് പത്നീപദം

യുദ്ധഭൂമിയില്‍ അടിതെറ്റി വീണ പൌരുഷം.സാത്വികഭാവത്തില്‍ തന്നെ ചേര്‍ത്തുപിടിക്കുന്ന കൈകളില്‍ ഒതുങ്ങിനിന്നു  ഒടിഞ്ഞു  നുറുങ്ങിയ മനസ്സിനെ പൊതിഞ്ഞു ഭദ്രമാക്കി അഗ്നിശുദ്ധി നടത്തി പതിവ്രതയുടെ മുഖം മൂടിയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍  ഉള്ളില്‍ ചിരിക്കാതെ മറ്റെന്തു ചെയ്യാന്‍?

ചിരിയുടെ അവസാനം എത്തിനില്‍ക്കുന്നത്‌  വായ്തുറന്നു ഇരിക്കുന്ന ഭൂമിക്കരികിലേക്ക്. ഇപ്പോഴും മനസ്സില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ചോദ്യങ്ങളും ചിന്തകളും ബാക്കി.. പതിവ്രത എന്ന മിഥ്യാബോധത്തില്‍,   ചിന്തകളില്‍  പ്രവര്‍ത്തികളില്‍ കടിഞ്ഞാണ്‍  കെട്ടി  എന്തിനോ വേണ്ടി കൊതിച്ചു അവസാനം എല്ലാം, എന്തിനു നൊന്തു പെറ്റ മക്കളെ പോലും നഷ്ടപ്പെട്ട് അപമാനിതയായി തലകുനിച്ചു നില്‍ക്കുന്ന   തന്റെ സ്വത്ത എന്താണ്?

2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

സ്നേഹത്തിന്റെ കണക്കു പുസ്തകം


" അയാളുടെ വക്കാലത്തും കൊണ്ട് ആരും ഇങ്ങോടു വരണ്ട" 
ഉറച്ച ശബ്ദത്തേക്കാള്‍ ഏറെ  ഞെട്ടിപ്പിച്ചതു " അയാള്‍" എന്ന പ്രയോഗം ആയിരുന്നു.
"എന്റെ ....................  " എന്തു പറയുമ്പോഴും തുടക്കം ഇപ്പോഴും ഇങ്ങനെ ആയിരിക്കും. "എപ്പോഴും എന്റെ എന്റെ എന്ന് പറയണ്ട നിങ്ങളുടെ തന്നെ, ആരും തട്ടിയെടുക്കാന്‍ ഒന്നും പോകുന്നില്ല"  എന്ന് എപ്പോഴും ഞാന്‍ കളിയാക്കിയിരുന്ന ആ 'എന്റെ' ആണ് ഇപ്പോള്‍ ഒരു ബന്ധവുമില്ലാത്ത പദം ആയ മാറിയത് .

ഏവര്‍ക്കും അസൂയ തോന്നിക്കുന്ന മാതൃകാദമ്പതികളില്‍ നിന്നും തമ്മില്‍ കണ്ടാല്‍ കടിച്ചു കീറുന്ന കീരിയും പാമ്പും ആയി അവര്‍ മാറിയത് തന്നെ അത്ഭുതം ആയിരുന്നു. ഈഗോ, തെറ്റിദ്ധാരണ ഇതില്‍ ഏതായിരുന്നു കാരണം? പരസ്പരം കണ്ണില്‍ നോക്കിയിരുന്നു  തുറന്നു സംസാരിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ എന്നത് പറഞ്ഞു മനസിലാക്കാന്‍ ആയിരുന്നു എന്റെ ശ്രമം. വാശിയും വീറും വന്നാല്‍ കണ്ണ് കാണില്ല എന്നു പറഞ്ഞത് പോലെ തന്നെ ആയിരുന്നു കാര്യങ്ങള്‍.

"നീ ഒന്നും പറയണ്ട,പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് പറയാന്‍ നൂറു കാര്യങ്ങള്‍ ഉണ്ടാകും അനുഭവിക്കുന്നത് ഞാന്‍ അല്ലെ"

എന്താണ് എനിക്ക് പറയാന്‍ ഉള്ളത് എന്നു കേള്‍ക്കുന്നതിനു മുന്‍പേ തന്നെ അവര്‍ തീരുമാനം എടുത്തിരുന്നു. പിന്നെ എന്തു പറഞ്ഞിട്ടും കാര്യമില്ല എന്നു മനസിലായതോടെ കൂടുതല്‍ ഒന്നും കേള്‍ക്കാനോ  പറയാനോ കാത്തു നില്‍ക്കാതെ ഞാന്‍ അവിടെ നിന്നും ഇറങ്ങി. മുപ്പതു വര്‍ഷത്തെ ജീവിതത്തെ ഒരു കടലാസിന്റെ ബലത്തില്‍ വെട്ടിമുറിക്കുമ്പോള്‍ അവരുടെ മനസ്സില്‍ ജയിക്കണം എന്ന  വാശി മാത്രം. ആരാണ് ജയിച്ചത്‌? ഒരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ വാശിയില്‍ വെട്ടിമുറിച്ചു എങ്കിലും അറുത്തു മാറ്റാനോ തൂത്ത് എറിയാനോ കഴിയാത്ത ഓര്‍മകളുടെ ഭാരം പേറി മനസമാധാനം ഇല്ലാതെ നീറി നീറി ജീവിക്കുമ്പോള്‍ എവിടെ ആണ് ജയം?

" എനിക്കിപ്പോള്‍ നല്ല മന:സമാധാനം ഉണ്ട് "

മുഖത്ത് പ്രതിഫലിക്കുന്ന വിഷമത്തിലും ഒറ്റക്കിരിക്കുമ്പോള്‍ കണ്ണുകളില്‍ പടരുന്ന കണ്ണുനീരിലും നെടുവീര്‍പ്പിലും സമാധാനത്തിന്റെ പുതിയ ഭാവങ്ങള്‍ ഞാന്‍ കണ്ടറിഞ്ഞു .

ഞാനും നീയും  നമ്മള്‍ ആയതിനു ശേഷം വരുന്ന 'ഞാന്‍' ആണ് എല്ലാത്തിനും കാരണം. വഴക്കിടുമ്പോള്‍ തുറന്നു വെക്കുന്ന  കണക്കു പുസ്തകം. നിനക്ക് വേണ്ടി 'ഞാന്‍' ചെയ്തത്.  രണ്ടു പേര്‍ ഒന്നാകുന്നത് പരസ്പരം സ്നേഹിക്കാനും സ്നേഹിക്കപെടാനും വേണ്ടി  ആകുമ്പോള്‍,  ക്ഷമയും സഹനവും രണ്ടുപേര്‍ക്കും ഉണ്ടാകുമ്പോള്‍ ഒരു  കണക്കെടുപ്പിന്റെ ആവശ്യം ഉണ്ടാകുന്നില്ല. കണക്കെടുപ്പ് നടത്തുമ്പോള്‍ അവര്‍ക്കിടയില്‍  ഉണ്ടായിരുന്നത് സ്നേഹം ആയിരുന്നോ വെറുപ്പായിരുന്നോ? സ്നേഹിച്ചു കൊണ്ട് വെറുക്കുക ആയിരുന്നോ വെറുത്തു കൊണ്ട് സ്നേഹിക്കുക ആയിരുന്നോ?

സ്നേഹത്തിനു കണക്കു പുസ്തകം സൂക്ഷിക്കുന്നവരോട്: ആത്മാര്‍ത്ഥ സ്നേഹം മനസ്സില്‍ മനസ്സിലേക്കുള്ള ഒരു അന്തര്‍ധാര ആണ്.ഒരു പുസ്തകത്തിന്റെയും കണക്കിന്റെയും ആവശ്യമില്ല അതിനു.  ആ ധാര മുറിയാതെ ഇരിക്കാന്‍ കണക്കുകളെ കുഴിച്ചു മൂടുക. ചെയ്തതിന്റെയും പറഞ്ഞതിന്റെയും കണക്കുകള്‍ വരുമ്പോള്‍ അതും വെറും കൊടുക്കല്‍ വാങ്ങല്‍ മാത്രം ആകുന്നു. ലാഭ - നഷ്ടങ്ങളുടെ കച്ചവടം മാത്രം. സ്നേഹം ആകുന്നില്ല.

2012, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

ഇഷ്ടത്തിന്റെ രസതന്ത്രം

പുറത്തു മഴ തിമര്‍ത്തു  പെയ്യുന്നു. ജനലില്‍ മുഖം ചേര്‍ത്ത് മഴയെ നോക്കിയിരിക്കുമ്പോള്‍ പുറത്തേക്കു ഓടിയിറങ്ങി രണ്ടും കയ്യും ഉയര്‍ത്തി മഴയെ മൊത്തം ഉള്ളിലേക്ക് ആവാഹിക്കാന്‍ തോന്നി. പക്ഷെ കാണുന്നവരില്‍ അതുണ്ടാക്കാവുന്ന ചിന്താകുഴപ്പം ഓര്‍ത്തു മനസ്സുകൊണ്ട് മഴ നനഞ്ഞു  നോക്കിയിരുന്നു. 

ചില ഇഷ്ടങ്ങള്‍ അങ്ങനെ ആണ് .നിറഞ്ഞു നില്‍ക്കുന്ന തടാകം പോലെ നമ്മുടെ മനസ്സില്‍ നിറയും. ആ തടാകത്തില്‍ നമ്മുടെ സ്വപ്നങ്ങളുടെ  താമരപൂക്കള്‍ വിരിയും. പൂക്കളുടെ ഭംഗിയും സുഗന്ധവും ഉള്ളില്‍ നിറയും. വരണ്ട വേനലില്‍ മഴക്കായി കാത്തിരിക്കുമ്പോള്‍, നമ്മുടെ നെറ്റിയില്‍ ഇറ്റു വീഴുന്ന മഴതുള്ളി പോലെ ആണ് ആ ഇഷ്ടം.ചിലപ്പോള്‍ പേമാരി ആയി, മറ്റു ചിലപ്പോള്‍ നൂല്‍ മഴ ആയി നമ്മിലേക്ക്‌ അലിഞ്ഞു ഇറങ്ങുന്ന ഇഷ്ടം. എന്തിനു എങ്ങനെ എന്നൊക്കെ കാര്യകാരണങ്ങള്‍ ചികയുമ്പോള്‍ വേര്‍തിരിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ കാരണം കണ്ടെത്താനാവാത്ത വെറുതെ തോന്നുന്ന,  നിര്‍വചിക്കാനും പേരിടാനും കഴിയാത്ത ഒരിഷ്ടം.ചിലപ്പോള്‍ ആളിക്കത്തുന്ന അഗ്നിയില്‍ അകപെട്ടതു പോലെ അതു നമ്മെ പൊള്ളിക്കും. മറ്റു ചിലപ്പോള്‍ മഞ്ഞു പോലെ തണുപ്പിക്കും. വിരിഞ്ഞു നില്‍ക്കുന്ന റോസാപൂവിനോടും തളിര്‍ത്തു നില്‍ക്കുന്ന മാവിനോടും തോന്നുന്ന പോലെ ഒരിഷ്ടം.സൂര്യകാന്തിപൂവിന് സൂര്യനോട് തോന്നുന്ന, കടലിനു ആകാശത്തോട് തോന്നുന്ന,മഴത്തുള്ളിക്ക് വെയിലിനോടു തോന്നുന്ന, അതില്‍  ഉണര്‍ന്നു അതില്‍ ജീവിച്ചു അതില്‍ തന്നെ ഇല്ലാതാകാന്‍ തോന്നുന്ന ഒരിഷ്ടം.

എന്നാലും ഒരു ചാലു കീറി അതിനെ ഒഴുക്കാന്‍ ശ്രമിക്കാതെ നമ്മുടെ  ഉള്ളില്‍ തന്നെ അടച്ചു സൂക്ഷിക്കും.  ഇഷ്ടം കൂടുന്തോറും സ്നേഹത്തിലേക്കുള്ള ദൂരം കുറയുകയും അത് ഒരു നീര്ചാലുപോലെ ഒഴുകാന്‍  തുടങ്ങുകയും ചെയ്യുമ്പോള്‍ വരും വരായ്കകളുടെ  കണക്കുകള്‍ കൊണ്ട് അതിനെ തടഞ്ഞു നിര്ത്തുന്നു. എല്ലാ തടസ്സങ്ങളെയും അവഗണിച്ചു മുന്നോട്ടൊഴുകുമ്പോള്‍ ഉള്ളില്‍ ഉണരുന്ന തന്റേതു മാത്രം എന്ന  ബോധം. അതില്‍ നിന്നും ഉരുത്തിരിയുന്ന കൊച്ചു കൊച്ചു വഴക്കുകള്‍ . അവസാനം സ്നേഹിക്കാന്‍ പറഞ്ഞ അതേ കാരണങ്ങള്‍ തന്നെ വെറുക്കാനും പറയുന്നു. (ഒരിക്കല്‍ ഉള്ളില്‍  വിടര്‍ന്ന ഇഷ്ടത്തെ ഇല്ലാതാക്കാന്‍ ‍ കഴിയില്ല എന്ന് മനസിലാക്കി  നിറയുന്ന ഇഷ്ടത്തെ അടിച്ചമര്‍ത്തികൊണ്ട്.)


2012, ജൂലൈ 24, ചൊവ്വാഴ്ച

പ്യൂപ്പ


പെയ്യാന്‍ വെമ്പി നില്‍ക്കുന്ന മേഘങ്ങളെ പോലെ മൌനം നമുക്കിടയില്‍ കനത്തിരുന്നു. ആരു ആദ്യം തുടങ്ങണം എന്ന ഒരു മത്സരത്തിലായിരുന്നു നമ്മള്‍ . ഇങ്ങനെ ഒരു ചിന്താക്കുഴപ്പം മുന്‍പുണ്ടായിരുന്നില്ല. കാരണം ഒന്നും തുടങ്ങിയേണ്ടിയിരുന്നില്ല ഒന്നും എവിടെയും അവസാനിച്ചിരുന്നില്ല. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു നമ്മള്‍ വിരാമമില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു. 

എല്ലാത്തിനും വിരാമം ഇടാന്‍ പോകുകയാണെന്ന അറിവാകാം നമുക്കിടയിലേക്ക്‌ മൌനമായി കേറി വന്നത്.എപ്പോഴോ ആ മൌനത്തിന്റെ വാലറ്റം  പിടിച്ചു  കീഴടക്കാന്‍  പോകുന്ന ഉയരത്തെ കുറിച്ചും പുതിയ ചക്രവാളത്തെ കുറിച്ചും  നീ വാചാലമായി. നീ എന്നും ബുദ്ധികൊണ്ടായിരുന്നു ചിന്തിച്ചത് ഞാന്‍ ഹൃദയം കൊണ്ടും. ഒരു ചതുരംഗ കളിക്കാരന്റെ പാടവത്തോടെ ഓരോന്നും വെട്ടി മാറ്റി  നീ മുന്നോട്ടു നീങ്ങുമ്പോള്‍ അഭിമാനം തോന്നിയിരുന്നു. പക്ഷെ അവസാനം ആയി നീ വെട്ടി മാറ്റാന്‍ പോകുന്നത് ഞാന്‍ എന്ന  കരു ആയിരിക്കുമെന്ന് സ്വപനത്തില്‍ പോലും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇനി ഒരിക്കലും കാണാതിരിക്കാന്‍ ആയി കാണുമ്പോള്‍ മൌനത്തിന്റെ കരിമ്പടത്തിനുള്ളില്‍ ഞാന്‍ എന്നെ തന്നെ ഒളിപ്പിച്ചു വെച്ചു.

നിന്റെ വാക്കുകള്‍ എന്റെ മൌനത്തിന്റെ ചുവരില്‍ തട്ടി അനാഥ പ്രേതങ്ങളെ പോലെ താഴെ വീണു  ചിതറുന്നത്‌ നോക്കി ഇരിക്കുമ്പോള്‍ ആണ് നമുക്കിടയിലേക്ക്‌ വര്‍ണപകിട്ടുള്ള പട്ടുപാവാടയിട്ട പൂമ്പാറ്റ കേറി വന്നതു. വെളുപ്പും ചുവപ്പും സിഗസാഗ് ചെയ്തതിന്ടയില്‍ പച്ച കുത്തുകള്‍. ഷോപ്പിംഗ്‌ മാളിലെ തുണിക്കടകളില്‍ ഒന്നും കാണാത്ത ഭംഗിയേറിയ ഡിസൈന്‍. ഇനി അടുത്ത പ്രാവശ്യം മാളില്‍ പോകുമ്പോള്‍ ഈ ഡിസൈന്‍ തിരഞ്ഞു കണ്ടു പിടിക്കണം എന്ന് മനസിലോര്‍ത്തു . അത് വാങ്ങി പുത്തന്‍ ചുരിദാര്‍ തയ്പിച്ചു കണ്ണാടിയില്‍ മുന്നില്‍ നിന്നും പാകം നോക്കുന്ന എന്നെ തന്നെ മനസിന്റെ കണ്ണാടിയില്‍ കണ്ടു.ഓടിപോകുന്ന നിമിഷങ്ങളെ ഓര്‍ത്തു നിന്റെ മുഖം വലിഞ്ഞു മുറുകുന്നത്  കണ്ടില്ലെന്നു നടിച്ചു ഞാന്‍ എന്റെ ലോകത്തിലേക്ക്‌ മാത്രം ആയി ചുരുങ്ങി
 
അര്‍ത്ഥഗര്‍ഭമായ മൌനങ്ങള്‍ക്കും അര്‍ത്ഥശൂന്യമായ  വാക്കുകള്‍ക്കും അവസാനം ' നേരം വൈകി' എന്ന് പറഞ്ഞു നീ എഴുന്നേറ്റപ്പോള്‍ കണ്ണുകള്‍ കൊണ്ടെങ്കിലും കൈകള്‍ നീട്ടി എന്നെ എഴുന്നെല്പിക്കുമെന്നു വെറുതെ മോഹിച്ചു.  ജീന്‍സിലെ പൊടി തട്ടി നടന്നു നീങ്ങുന്ന നീ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ ഓര്‍മയുടെ  വള്ളിയില്‍ കുരുങ്ങി പിടയുന്ന എന്റെ ജീവനെ നിനക്ക് കാണാമായിരുന്നു.  കാഴ്ച്ചയില്‍ നിന്നും നീ മറയുന്നത് വരെ ആ വ്യാമോഹത്തില്‍ ഞാന്‍ ഇരുന്നു. പിന്നെ പതുക്കെ കുരുക്കുകളില്‍ കിടന്നു ശ്വാസം കിട്ടാതെ പിടയുന്ന എന്റെ ജീവനെ അടര്‍ത്തി എടുത്തു നെഞ്ചോട്‌ ചേര്‍ത്തു കൈകളും കാലും  ചേര്‍ത്തു  ഓര്‍മകളെ ആവരണം ആക്കി അമ്മയുടെ ഗര്‍ഭപാത്രത്തില്‍, ഒരു സമാധിയില്‍  എന്ന  പോലെ ചുരുണ്ട് കിടന്നു. 




2012, ജൂലൈ 16, തിങ്കളാഴ്‌ച

Hibernation


Prisoner of my thoughts I lie in hibernation
A battle between my mind and heart
With tranquil mind waiting for the battle to be over
The Victory will be tucked
But who will be victorious
My mind stirs in worry
To invade the tranquility
I drink a cup of patience
And I lie in hibernation
Waiting for the righteous close down!!!

2012, ജൂൺ 20, ബുധനാഴ്‌ച

ചോദ്യചിഹ്നം

പലതലങ്ങളായി തിരിച്ചു മനുഷ്യബന്ധങ്ങളെ വിശദീകരിച്ചു തരുമ്പോള്‍ ഒരു ഉദാഹരണം ആയി ആണ് ഹാഫിസ് മുഹമ്മദ്‌ സര്‍ ബസിലെ യാത്രക്കാരെ കുറിച്ച് പറഞ്ഞത്. അവര്‍ നമ്മുടെ പബ്ലിക്‌ സ്പേസില്‍ വരുന്നു എന്ന്. അതില്‍ ആരെയും നമ്മള്‍ ഓര്‍ക്കാറില്ല ഇല്ല. പക്ഷെ എന്റെ  യാത്രക്കിടയില്‍ ഞാന്‍ കണ്ട മൂന്ന്   മുഖങ്ങള്‍ അത് മനസ്സില്‍ നിന്നും മായാതെ ഏതു തലത്തില്‍ അവയെ കൊണ്ട് നിര്‍ത്തണം എന്നറിയാതെ നില്‍ക്കുന്നു .

(1)

എന്നത്തേയും പോലെ അന്നും ആര്‍ ഇ സി -കോഴിക്കോട് പാളയം ബസില്‍ തിരക്കായിരുന്നു. ഏന്തി പിടിച്ചു കയറി രണ്ടാമത്തെ സീറ്റിനടുത്തുള്ള കമ്പിയില്‍ ചാരി നില്‍ക്കുമ്പോള്‍ തന്നെ അരികു സീറ്റില്‍ ഇരിക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചു. നല്ല ഐശ്വര്യംതുളുമ്പുന്ന മുഖം ഉള്ള ഒരമ്മ. എനിക്കെന്തിനോ എന്റെ അമ്മയെ ഓര്മ വന്നു. കോളേജില്‍ ബസ്‌ നിര്‍ത്തിയപ്പോള്‍ പുറത്തേക്കു തല ഇട്ടു നോക്കിയും തിരിഞ്ഞു നോക്കിയും ആ അമ്മ വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു. അങ്ങനെ ഓരോ സ്റ്റോപ്പില്‍ ബസ്‌ നിര്‍ത്തുമ്പോഴും. പുതിയ സ്റ്റാന്‍ഡില്‍ ബസ്‌ എത്തിയപ്പോള്‍ അവര്‍ എഴുന്നേറ്റു നിന്ന് പിറകിലേക്ക് നോക്കി. വീണ്ടും തല പുറത്തേക്കു ഇട്ടു നോക്കി. അപ്പോള്‍ അവരുടെ കണ്ണില്‍ നിറയെ വിഷമവും ആശങ്കയും നിറഞ്ഞിരുന്നു. ഇവരുടെ നില്‍പ്പും വെപ്രാളവും കണ്ട കണ്ടക്ടര്‍ ഇവിടെ ഇറങ്ങാന്‍ ഉള്ളതാണോ  വേഗം ഇറങ്ങു എന്ന് പറഞ്ഞു ബഹളം വെക്കാന്‍ തുടങ്ങി.

"ഇവിടെ ആണോ ഇറങ്ങേണ്ടത് എന്ന് എനിക്കറിയില്ല മോന്‍ ഉണ്ടായിരുന്നു കൂടെ"


"എവിടുന്നാ കേറിയത്‌? എവിടെക്കാണ്‌ പോകേണ്ടത്?"

"ചെത്തുകടവ്, മോളുടെ വീട്ടില്‍ കൊണ്ടാക്കാം എന്നാ മോന്‍ പറഞ്ഞത്"

കണ്ടക്ടര്‍ പിറകിലെ ക്ലീനെരോട് പോയി എന്തോ ചോദിച്ചു തിരിച്ചു വന്നു പറഞ്ഞു

 "ടൌണിലേക്ക് രണ്ടു ടിക്കറ്റ്‌ എടുത്തു അയാള്‍ രെജിസ്ട്രാര്‍ ഓഫീസ് സ്റ്റോപ്പ്‌ ഇറങ്ങി."
ആ അമ്മയുടെ മുഖത്ത് എന്തൊക്കെയോ വികാരങ്ങള്‍. അവരുടെ അടുത്തിരുന്ന സ്ത്രീ അവരെ സമാധാനിപ്പിക്കുകയും ട്രാഫിക്‌ ബസ്‌ സ്റ്റോപ്പില്‍ അവരെയും കൂട്ടി ഇറങ്ങുകയും ചെയ്തു.
എന്തിനായിരിക്കാം ആ മകന്‍ അങ്ങനെ അമ്മയെ ബസില്‍ ആക്കി ഇറങ്ങി പോയിരിക്കുക? അങ്ങനെ ചെയ്യാന്‍ അയാള്‍ക്ക് എങ്ങനെ തോന്നി?
ഉത്തരമില്ലാത്ത ചോദ്യം എല്ലാവരിലും ബാക്കി ആക്കി ബസ്‌ മുന്നോട്ടു..


(2)

മുതലകുളത്ത്  നിന്നും ചെറൂട്ടി റോഡിലേക്ക് നടന്നു പോകുമ്പോള്‍ ഞാന്‍ എന്റെതായ ലോകത്ത് ആയിരിക്കും.എന്നോട് തന്നെ സംസാരിച്ചു വഴക്കിട്ടു വിന്‍ഡോ ഷോപ്പിംഗ്‌ നടത്തി പോകുമ്പോള്‍ ആരെയും ശ്രദ്ധിക്കാറില്ല. കോര്‍ട്ട് റോഡില്‍ എത്തിയപ്പോള്‍ ആണ് കുറച്ചു ശകാര വാക്കുകള്‍ കേട്ടത്.

"ഷോപ്പ് തുറന്നിട്ടെ ഉള്ളൂ അപ്പോഴേക്കും വരും ഓരോരുത്തര്‍"
"ചായ കുടിക്കാനാ ഒരഞ്ചു രൂപ താ മോനെ"
ശബ്ദം പരിചയമുള്ളത് പോലെ തോന്നിയത് കൊണ്ടാണ് തിരിഞ്ഞു നോക്കിയതു.
കമലേട്ടത്തി!!!
ഓഫീസിലെ സ്വീപേര്‍ ആയിരുന്നു അവര്‍. ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ട് ജോലി മതി ആക്കിയെങ്കിലും വല്ലപ്പോഴും ഓഫീസില്‍ വരാറുണ്ടായിരുന്നു. അവര്‍ക്ക് ഇങ്ങനെ ഒരവസ്ഥയോ? തിരഞ്ഞു നടന്നു അവരോടു സംസാരിക്കണം എന്ന് തോന്നി എങ്കിലും പിന്നീടു വേണ്ടെന്നു വെച്ചു. കാരണം പത്തു മണിക്ക് എത്തേണ്ട ഓഫീസില്‍ എന്നും പത്തരക്ക് എത്തുകയും ചെന്ന് കേറുമ്പോള്‍ പെപ്പെറില്‍ അല്ലെങ്കില്‍ നെറ്റില്‍ തല പൂഴ്ത്തിയിരിക്കുന്ന ബോസ്സ് കൈ  ചെരിച്ചു വാച്ചിലേക്ക് നോക്കുന്നത് കാണാറുണ്ടായിരുന്നു എങ്കിലും ഒരിക്കല്‍ പോലും നേരത്തെ എത്താന്‍ കഴിഞ്ഞിരുന്നില്ല (അഹങ്കാരം !!!). അവരോടു സംസാരിക്കാന്‍ നിന്നാല്‍ കൂടുതല്‍ സമയം വൈകുമെന്നതും പായ്യാരം കേട്ട് നില്‍ക്കാനുള്ള  ക്ഷമ ഇല്ലാത്തതും ഒക്കെ ആയിരുന്നു കാരണം. എങ്കിലും തന്റെ യുവത്വവും ആരോഗ്യവും എല്ലാം കൊപ്ര ചേവുകളില്‍ കൊപ്ര വാരി  സ്വന്തം സഹോദരനെ പോറ്റി വളര്‍ത്തിയ അവര്‍ ഇപ്പോള്‍ അയാള്‍ക്കും ഭാര്യക്കും ഭാരം. മരുന്ന് വാങ്ങാനും വിശപ്പ്‌  മാറ്റാനുമുള്ള കാശിനായി അവര്‍ ഇപ്പോള്‍ ഇത് പോലെ മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ  നീട്ടുന്നു.
ഇവിടെ ഞാനും വ്യത്യസ്തയല്ല. അവരോടു ഒന്നും സംസാരിക്കാനോ അവര്‍ക്കെന്തെങ്കിലും  കൊടുക്കാനോ ഞാന്‍ മുതിര്‍ന്നില്ല. സ്വാര്‍ത്ഥമായ ഈ ലോകത്ത് ഞാനും സ്വാര്‍ത്ഥ തന്നെ!!!

(3). 
പറയന്ചെരിയില്‍ നിന്നും ആണ് അവര്‍ ബസില്‍ കേറിയത്‌. റോസ് നിറത്തിലുള്ള സാരിയും ബ്ലൌസുമിട്ട ഒരു അമ്പത് വയസു തോന്നിക്കുന്ന ഒരു സ്ത്രീ.കുളിച്ചു ഈറനായ മുടി ചീകുക  പോലും ചെയ്യാതെ കൊണ്ടയായി കെട്ടി വെച്ചിരിക്കുന്നു. രണ്ടാമത്തെ പടിയില്‍ നിന്നും അവര്‍ മുകളിലേക്ക് കേറിയതെയില്ല. മുകളിലേക്ക് കേറി നില്‍ക്കു എന്ന് പല പ്രാവശ്യം പറഞ്ഞിട്ടും കേള്‍ക്കാതെ അവര്‍ അവിടെ തന്നെ   നിന്നു. പാലം എന്ന് പറഞ്ഞു അവര്‍ ടിക്കറ്റ്‌ എടുത്തു. അരയിടത്പലം സ്റ്റോപ്പില്‍ എത്തിയപ്പോള്‍ അവര്‍ ഇറങ്ങിയില്ല. അടുത്തത് പുതിയ ബസ്‌ സ്റ്റാന്റ് ആണെന്നും ഇതാണ് പാലം എന്നും ഒക്കെ പറയുന്നത്  അവര്‍ കേട്ട ഭാവം നടിച്ചില്ല. ബസിലെ എല്ലാരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും ഞാന്‍ ഈ നാട്ടുകാരി അല്ല എന്ന  മട്ടില്‍ അവര്‍ അവിടെ തന്നെ നിന്നു. പുതിയ ബസ്‌ സ്റ്റാന്‍ഡില്‍ ബസ്‌ നിന്നപ്പോള്‍ ഇറങ്ങാന്‍ ഇഷ്ടമില്ലാത്ത പോലെ അവര്‍ അവിടെ ഇറങ്ങി.ഇറങ്ങിയപ്പോള്‍ അവരുടെ മേലാസകലം വിറക്കുന്നത് കാണാമായിരുന്നു. ഇറങ്ങി കൈ  വരി പിടിച്ചു  നിന്നു  അവര്‍ വലതു കൈ നിവര്‍ത്തി . അതില്‍ കണ്ടക്ടെര്‍ അപ്പോള്‍ ബാക്കി കൊടുത്ത പുതിയ അഞ്ചു  രൂപ  നാണയം തിളങ്ങി. വീണ്ടും കൈ ചേര്‍ത്ത് പിടിച്ചു അവര്‍ ദൂരേക്ക്‌ ശൂന്യമായ ഒരു നോട്ടവുമായി നിന്നു.


എവിടെ നിന്നും എവിടെക്കാകും അവര്‍ പോകുന്നത്? എന്തിനാകും പോകുന്നത്? മനസ്സില്‍ ചോദ്യങ്ങള്‍ പിന്നെയും ബാക്കി.




മുന്നിലെക്കുള്ള ഇരുള്‍മൂടിയ വഴിയില്‍ തെളിഞ്ഞു വരുന്ന ഒരു വലിയ ചോദ്യചിഹ്നം. എവിടെക്കാണ്‌ എന്നറിയാത്ത യാത്ര..തിരിഞ്ഞു നടക്കാന്‍ ഒരുങ്ങുമ്പോള്‍ മായ്ഞ്ഞു പോകുന്നു പിന്നിലെക്കുള്ള വഴികള്‍. കട്ട പിടിച്ച ഇരുട്ട് അവിടെയും നിറയുന്നു. എങ്ങോട്ട് പോകണം എന്നറിയാതെ ആകാശത്തേക്ക് നോക്കുമ്പോള്‍ കാവല്മാലാഖ ആയി വഴി കാട്ടിയിരുന്ന നക്ഷത്രം പോലുമില്ല. തളരുന്ന കാലുകള്‍ക്ക് ശരീരഭാരം താങ്ങാന്‍ കഴിയാതെ കുഴഞ്ഞു പോകുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി തുടര്‍ച്ച ആയി  എന്റെ ഉറക്കം കളയുന്ന ഈ സ്വപ്നം കാണുന്നു.  സ്വപ്നങ്ങള്‍ ദൈവത്തിന്റെ സന്ദേശം അല്ലെങ്കില്‍ മുന്നറിയിപ്പുകള്‍ ആണെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. അങ്ങനെ എങ്കില്‍ എന്ത് സന്ദേശം ആയിരിക്കാം അത്.  കണ്ടെത്തിയ, മുന്നേറുന്ന വഴികള്‍ തെറ്റ് ആണെന്നോ, ചിന്തകള്‍ തെറ്റാണെന്നോ? അതോ എന്റെ ജന്മം, ജീവിതം എല്ലാം തെറ്റെന്നോ?

2012, ജൂൺ 6, ബുധനാഴ്‌ച

മൃത്യുന്ജയം


കണ്ണാടിയില്‍ തെളിഞ്ഞ പ്രതിബിംബത്തിലേക്ക് നോക്കുമ്പോള്‍ എന്നെ തന്നെ ആണോ കാണുന്നത് എന്ന് സംശയം തോന്നി.എത്ര മാസങ്ങള്‍ക്ക് ശേഷം ആണ് കണ്ണാടി നോക്കുന്നത്.ഒറ്റ മുടി പോലുമില്ലാത്ത തലയില്‍ വിരലോടിച്ചപ്പോള്‍ പണ്ട് മോനെ ആദ്യം ആയി മൊട്ടയടിച്ചപ്പോള്‍ തല തൊട്ടതു പോലെ. കണ്ണുകള്‍ കുഴിഞ്ഞിരിക്കുന്നു.വരണ്ട  ചുണ്ടുകള്‍. ഇനി ഇതെല്ലം പഴയത് പോലെ ആകാന്‍ എത്ര മാസങ്ങള്‍ എടുക്കുമോ എന്തോ? കാലുകളില്‍ കീമോയുടെ ബാക്കി പത്രം ആയി കറുത്ത വരകള്‍.


കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു .മാതൃത്വത്തിന്റെ തേന്‍ ഉറവകളിലേക്ക് പടര്‍ന്നു പിടിച്ച അര്‍ബുദത്തെ പറ്റി ആദ്യം കേട്ടപ്പോള്‍ പേടി ആണ് തോന്നിയത്. മരണം തൊട്ടരികത്തു വന്നു ചിരിക്കുന്ന പോലെ. മനസിലെ പേടി മുഖത്ത് തെളിഞ്ഞത് കൊണ്ടാകാം ഡോക്ടര്‍ " പേടിക്കേണ്ട , നമുക്കെല്ലാം മാറ്റി എടുക്കാം " എന്ന് പറഞ്ഞു തോളില്‍ തട്ടി  ആശ്വസിപ്പിച്ചത്‌. ശരീരത്തില്‍ എവിടൊക്കെ മൃതകോശങ്ങള്‍ യുദ്ധക്കൊടി നാട്ടി  എന്നറിയാന്‍ ഉള്ള സ്കാനിങ്ങുകള്‍. സര്‍ജറി ടേബിളില്‍ കിടക്കുമ്പോഴും മനസ്സിലെ ഭീതി വിട്ടുമാറിയിരുന്നില്ല കൂടെ  മനസ്സില്‍ തെളിയുന്ന ചില ഓര്‍മകളും.സ്നേഹാമൃതം ഊട്ടികൊണ്ടിരികുമ്പോള്‍ ആണ് കള്ളചിരിയോടെ അമ്മ എന്ന് ആദ്യം ആയി എന്റെ മോന്‍ വിളിച്ചത്. ഇനി അവിടം  കാമ്പ് എടുത്തു കളഞ്ഞ ഫലം പോലെ. സര്‍ജറിക്ക് ശേഷം ഇടവേളകളില്‍ ചെയ്യുന്ന കീമോ തെറാപ്പി അതിന്റെ പാര്‍ശ്വഫലമായി ഉണ്ടാകുന്ന ചര്‍ദി. മരിച്ചാല്‍ മതി ആയിരുന്നു എന്ന് അറിയാതെ മനസ്സില്‍ ഓര്‍ത്തു പോകുന്ന നിമിഷങ്ങള്‍.


ഒരിക്കല്‍ കീമോയുടെ ക്ഷീണത്തില്‍ കിടക്കുമ്പോള്‍ ആണ് കൈകളില്‍ പടരുന്ന തണുപ്പ്  അറിഞ്ഞത്. ആയാസപ്പെട്ടു കണ്ണുകള്‍ തുറന്നു നോക്കിയപ്പോള്‍ ഉറ്റുനോക്കുന്ന രണ്ടു കണ്ണുകള്‍.നീണ്ട നാസിക. കഴുത്തറ്റം നീണ്ടു കിടക്കുന്ന മുടിയിഴകള്‍. മുഖത്ത് ചുമരിലെ ദൈവങ്ങളുടെ ഫോട്ടോയില്‍ കാണുന്ന ശാന്തത. കണ്ണുകളില്‍ കാരുണ്യവും സ്നേഹവും നിറഞ്ഞിരിക്കുന്നു. വലതു കയ്പത്തിയില്‍ ഒതുങ്ങിയിരിക്കുന്ന എന്റെ കൈകള്‍. കൈകള്‍ വിടുവിച്ചു ഒരാവേശത്തോടെ ആ മൂക്കില്‍ പിടിച്ചു വലിച്ചു .നീണ്ട മൂക്ക് എന്നും എന്റെ ബലഹീനതകളില്‍ ഒന്നായിരുന്നു. ഈര്‍ഷ്യയോ ദേഷ്യമോ ഒന്നും തന്നെ ആ മുഖത്ത് വന്നില്ല. കണ്ണുകളില്‍ നിന്നും കൂടുതല്‍ സ്നേഹം ഉദ്ധീപിക്കുന്ന പോലെ. വീണ്ടും എന്റെ കയ്യില്‍ പിടിച്ചു ഘനമുള്ള ശബ്ദത്തില്‍ പറഞ്ഞു " നമുക്ക് പോകാം"
നടക്കാന്‍ പോകുന്നത് എന്താണ് എന്ന തിരിച്ചറിവില്‍ ഞാന്‍ നടുങ്ങി. പിന്നെ കണ്ണുകള്‍ കൊണ്ട് ചുമരില്‍ തൂക്കി ഇട്ടിരിക്കുന്ന കുടുംബ ഫോട്ടോ ചൂണ്ടി കാണിച്ചു പതുക്കെ പറഞ്ഞു " അത് എന്റെ ഭര്‍ത്താവും മകനും ആണ്. എട്ടും പൊട്ടും തിരിയാത്ത ഈ പ്രായത്തില്‍ ഞാന്‍ അവനെ ഒറ്റക്കിട്ടു എങ്ങനെ വരും. നെടുംതൂണ്‍ ഇല്ലാത്ത വീട് എങ്ങനെ ആയിരിക്കും? ഞാന്‍ വരാം പക്ഷെ ഇപ്പോള്‍ അല്ല. എന്റെ കുട്ടി ഒന്നിനോക്കം പോന്ന ഒരാള്‍ ആകട്ടെ അപ്പോള്‍."


അവിടം വിട്ടു പോകുന്ന വേദന ശബ്ദത്തിലും കണ്ണിലും നിറഞ്ഞതോ ഫോട്ടോയില്‍ കണ്ട മോന്റെ മുഖമോ എന്താണ് എന്നറിയില്ല  മുറുക്കി പിടിച്ചിരുന്ന കൈകള്‍ പതുക്കെ അയഞ്ഞു . അത് ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവിനു വേണ്ടി ആയിരുന്നു എന്ന് ഇപ്പോള്‍ മനസിലാകുന്നു
 

2012, മേയ് 28, തിങ്കളാഴ്‌ച

മഴ പെയ്യുമ്പോള്‍



വിളിക്കണോ വേണ്ടയോ?
മൊബൈല്‍ കയ്യിലെടുത്തു കറക്കാന്‍ തുടങ്ങിയിട്ട് കുറെ നേരം ആയി
എത്ര ദിവസം ആയി, ഒരു മെസ്സേജു പോലുമില്ല 
ഇനി പിടിച്ചു നില്ക്കാന്‍ വയ്യ.
നീണ്ടു പോയി നിന്ന് പോകുന്ന റിങ്ങുകള്‍..
രണ്ടു തവണ ശ്രമിച്ചു. പ്രതികരണമില്ല..തിരിച്ചു വിളിക്കുമായിരിക്കും
മിസ്സ്ഡ് കാള്‍ കാണാതെ പോകിലല്ലോ !
പ്രതീക്ഷ, അതാണല്ലോ പിടിച്ചു നില്ക്കാന്‍ ശക്തി തരുന്നത്.
വീണ്ടും ഒരു ദിവസം നീണ്ട കാത്തിരുപ്പ്.  
കണ്ടില്ലെന്നു നടിക്കാന്‍, തിരിച്ചു വിളിക്കാതെ ഇരിക്കാന്‍ അവള്‍ക്കെങ്ങനെ കഴിയുന്നു.
ഈ ഒരു ഭാരം ഞാന്‍ എവിടെ ഇറക്കി വെക്കും?
കുമിഞ്ഞു കൂടിയിരിക്കുന്ന ജോലികള്‍ ഒന്നും ചെയ്യാന്‍ വയ്യ..
വീണ്ടും ഒന്ന് കൂടെ വിളിച്ചാലോ ?
വേണമെന്നോ വേണ്ട എന്നോ തീരുമാനം എടുക്കാനാവാതെ സ്ക്രീനിലേക്ക് കണ്ണും നട്ടിരിക്കുമ്പോള്‍ ഇന്‍ബോക്സില്‍  വന്നു വീണ മെയില്‍
"കമിംഗ് ഓണ്‍ ഫസ്റ്റ് ..കം & പിക്ക് മി ഫ്രം എയര്‍പോര്‍ട്ട്"
മനസ്സില്‍ മൂടിക്കൂടിയ കാര്‍മേഘങ്ങള്‍ ഒരു നിമിഷം കൊണ്ടില്ലാതെ ആയതു പോലെ.
ഒരു ചെറു ചിരിയോടെ പുറത്തേക്കു നോക്കിയപ്പോള്‍ , ജനല്‍ ചില്ലുകളില്‍ പതിക്കുന്ന മഴത്തുള്ളികള്‍.
മഴ പെയ്യുന്നത് മനസ്സിലോ പുറത്തോ?
ജനലില്‍ പറ്റിപിടിച്ചിരിക്കുന്ന തുള്ളികള്‍ വിരഹഗാനം  പാടുന്നുണ്ടോ?
പുറത്തു ആര്‍ത്തലച്ചു പെയ്യുന്ന മഴയിലേക്ക്‌ നോക്കി നില്‍ക്കുമ്പോള്‍ മനസ്സിലും തിമിര്‍ത്തു പെയ്യുന്ന മഴ.
മനസ്സിനെ തണുപ്പിച്ചു ഓരോ രോമകൂപങ്ങളിലും പടരുന്ന സന്തോഷ മഴ.




(Photo Courtesy: Nikhil Dev) 

2012, മേയ് 4, വെള്ളിയാഴ്‌ച

പ്രണയ വര്‍ണങ്ങള്‍


ബാംഗ്ലൂര്‍ - അഹമ്മദാബാദ് ഇന്‍ഡിഗോ ഫ്ലൈറ്റ് മേഘങ്ങളില്‍ മറയുന്നതു  വരെ നോക്കി നിന്ന്   ഗുല്‍മോഹര്‍ പൂക്കള്‍ വീണുകിടക്കുന്ന വഴിയിലൂടെ തിരിച്ചു നടക്കുമ്പോള്‍ മനസ്സിനു മുന്‍പെങ്ങും തോന്നാത്ത ഒരു ലാഘവത്വം  തോന്നി.  ഒറ്റ രാത്രി കൊണ്ട് എന്തൊക്കെ മാറ്റങ്ങള്‍ ആണ് സംഭവിച്ചത്?

ഒരു വര്‍ഷവും പത്തു മാസവും ഒരു ചെറിയ കാലയളവ്‌ അല്ല. എങ്കിലും  തനിക്കങ്ങോട്ടു  തോന്നിയിരുന്ന ഒരു വികാരം ഉണ്ടെന്നു ഒരിക്കല്‍ പോലും അവള്‍ പറഞ്ഞില്ല. അതിനെ കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെ അവള്‍ അസ്വസ്ഥ ആയിരുന്നു. ഒരു നഷ്ട പ്രണയത്തിന്റെ നൊമ്പരം പേറുന്ന അവള്‍ക്കു തന്റെ സംസാരം ഇഷ്ടമാകുന്നില്ല, ഒരു സൌഹൃദത്തിനും അപ്പുറം മറ്റൊന്നും അവള്‍ക്കു ചിന്തിക്കാന്‍ കഴിയില്ല  എന്നവള്‍ പറഞ്ഞപ്പോള്‍ ജീവിതത്തോട് അന്ന് വരെ തോന്നാത്ത ഒരു മടുപ്പ് തോന്നിയതാണ്. എങ്കിലും " സ്നേഹം സത്യമാണെങ്കില്‍ അവള്‍ അതിനെ കുറിച്ച് ചിന്തിക്കുന്ന ഒരു ദിവസം വരും " എന്ന വിശ്വാസത്തില്‍
അന്ന് മുതല്‍ ഒരു കാത്തിരിപ്പില്‍ ആയിരുന്നു. അതിനു ശേഷം പതിവ് ഉപചാര വാക്കുകള്‍ക്ക് അപ്പുറത്തേക്ക് സംസാരം നീണ്ടികൊണ്ട് പോകാതിരിക്കാന്‍ , അവളെ അസ്വസ്ഥ ആക്കാതിരിക്കാന്‍  കഠിനമായി പ്രയത്നിച്ചു കൊണ്ടിരുന്നു.

എല്ലാം നിര്‍ത്തി തിരിച്ചുപോകുന്നു എന്നവള്‍ പറഞ്ഞപ്പോള്‍  ആദ്യം അമ്പരപ്പ് ആയിരുന്നു. പിന്നീടത്‌ സങ്കടമായി, ഇടനെഞ്ചില്‍ തങ്ങി നില്‍ക്കുന്ന വേദന ആയി  നിന്നു.  എന്തെങ്കലും ചെയ്യേണ്ടതായുണ്ടോ എന്ന ചോദ്യത്തിന് ആവശ്യമുണ്ടെങ്കില്‍ പറയാം എന്നവള്‍ പറഞ്ഞപ്പോള്‍ അവള്‍ ഇനി ഒരിക്കലും ഒന്നും പറയില്ല എന്നാണ് കരുതിയത്‌ . 
ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം ഈ നഗരത്തില്‍ അവള്‍ ഉണ്ടാകുള്ളൂ എന്നാലോചിച്ചു ഉറക്കം വരാതെ കിടക്കുമ്പോള്‍ ആണ്  ഫോണില്‍ മെസ്സേജ് വന്നത്.  " ഫീലിംഗ് ലോ",  വേറെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തിരിച്ചു വിളിച്ചപ്പോള്‍ ചെവിയില്‍ വന്നു വീണത്‌ തേങ്ങലുകള്‍.  എന്ത് പറ്റി എന്ന  ചോദ്യത്തിന് പകരം എനിക്ക് നിന്നെ കാണണം എന്നു പറഞ്ഞു ബൈക്കെടുത്തു അവളുടെ റൂമില്‍ പോയി അവളെയും കൂട്ടി അടുത്തുള്ള തടാക കരയിലേക്ക് പോകുമ്പോള്‍ അവളുടെ വിഷമ മാറ്റണം എന്ന് മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. നനുത്ത കാറ്റും രാത്രിയുടെ നിശബ്ദ സംഗീതവും. ഒന്നും പറയാനും ചോദിക്കാനും ഉണ്ടായിരുന്നില്ല. ഒന്നും സംസാരിക്കാതെ  എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല.

" നാളെ പോകാന്‍ ഉള്ളതാ, ഞാന്‍ ഒന്നും പായ്ക്ക് ചെയ്തില്ല, രാവിലെ പോകാന്‍ ഉള്ള ഓട്ടോ പറഞ്ഞു വെച്ചിട്ടില്ല, ഒന്നും ചെയ്തിട്ടില്ല,  ഒന്നും ചെയ്യാന്‍ ഉള്ള മൂഡ്‌ ഉണ്ടായിരുന്നില്ല"

"അതിനല്ലേ ഞാന്‍ നിന്നെ കാണാന്‍ വന്നത് "

മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ മുഖത്തെ സന്തോഷം നിലാവെളിച്ചത്തില്‍ കാണാന്‍ കഴിയുമായിരുന്നു. അവളുടെ റൂമില്‍ പോയി പാക്കിംഗ് എല്ലാം കഴിഞ്ഞപ്പോള്‍ സമയം രാത്രി രണ്ടു  മണി. ഉറക്കം വരാത്തതുകൊണ്ട് റൂമില്‍ കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ ഗിറ്റാറും എടുത്തു ടെറസ്സില്‍ പോയി നിലാവെളിച്ചത്തില്‍ ഗിറ്റാറിന്റെ ABCD അറിയാത്ത സംഗീതം അറിയാത്ത ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് അത് വായിക്കുമ്പോള്‍ രണ്ടുപേരുടെയും മനസ്സിലെ എല്ലാ കാലുഷ്യവും അതില്‍ അലിഞ്ഞലിഞ്ഞു ഇല്ലാതെ ആയി.


അവള്‍ ഒന്നും പറഞ്ഞില്ല..അങ്ങോട്ട്‌  ഒന്നും ചോദിച്ചുമില്ല..എന്നാലും പറയാതെ പറയുകയും അറിയാതെ അറിയുകയും ചെയ്തിരിക്കുന്നു. ഇനി അവള്‍ എന്ന് തിരിച്ചു വരും എന്നറിയില്ല..പക്ഷെ വരും അത് ഉറപ്പാണ്‌. വരാതിരിക്കാന്‍ അവള്‍ക്കു കഴിയില്ല.

(കാല്പനികതയുടെ വിരല്‍ തൊടാത്ത ഒരു യഥാര്‍ത്ഥ പ്രണയ കഥ.കഥാനായകന്റെ ജനിക്കാനിരിക്കുന്ന  മക്കള്‍ക്കായി എഴുതിയത്..as per request..:).)

2012, ഏപ്രിൽ 23, തിങ്കളാഴ്‌ച

ഉഗാദിപച്ചടി



"ജീവിതം ഉഗാദിപച്ചടി പോലെ ആണ്, മധുരവും ഉപ്പും ചവർപ്പും കയ്പ്പും ഒക്കെ കലർന്നത്"
പദ്മ അക്ക പൂജക്ക്‌ ശേഷം ഒരു കപ്പ്‌ നിറയെ പ്രസാദം കൊടുത്തുകൊണ്ട് പറഞ്ഞു. ഒന്നും കഴിക്കാതെ കാലി വയറ്റിലേക്ക്  പച്ചടി ഇറങ്ങി ചെല്ലുമ്പോൾ  പാച്ചാളം ഭാസി പോലും കാണിക്കാത്ത നവരസങ്ങള്‍  അനുവിന്റെ മുഖത്ത് വിടർന്നു. ഏതു രസം ആണോ കൂടുതൽ  രുചിക്കാന്‍ കഴിയുന്നത്‌ ഇനി ഒരു വർഷത്തെ ജീവിതം അത് പോലെ ആകും എന്ന്  വിശ്വസം.കയ്പ്പോ മധുരമോ എന്നു  തിരിച്ചറിയാന്‍ കഴിയാത്ത  രുചി, അനുവിന്റെ ജീവിതം പോലെ തന്നെ.

ഒരിക്കൽ  മകനോട്‌ എന്തിനും ഏതിനും കൂട്ടുപോകാൻ  വിളിക്കുന്ന സുഹൃത്തിനു വേറെ പണി ഒന്നുമില്ലേ എന്ന് ചോദിച്ചപ്പോൾ   "അമ്മക്ക് ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞാൽ  എന്താ എന്നറിയുമോ, അങ്ങനെ ഒരാൾ   അമ്മക്കുണ്ടോ" എന്ന് അവൻ തിരിച്ചു  ചോദിച്ചത്. ഇത്തരം ചോദ്യങ്ങള്‍
ആയിരുന്നു അനുവിന്റെ ഉൾകാഴ്ച്ചയെ ഉണർത്തിയിരുന്നത്‌. 'ബെസ്റ്റ് ഫ്രണ്ട്' അങ്ങനെ ഒരാൾ  തനിക്കില്ല എന്ന്   തിരിച്ചറിഞ്ഞത് അന്നാണ്. അനുവിന്റെ അടുത്ത സുഹൃത്ത്‌ അവൾ  തന്നെ ആയിരുന്നു. സംശയങ്ങള്‍, ചോദ്യങ്ങള്‍ എല്ലാം അവൾ  അവളോട്‌ തന്നെ ആയിരുന്നു ചോദിച്ചത്. 
ഒന്നും ചെയ്യാന്‍ കഴിയാതെ മുന്നിലേക്ക്‌ വഴി കാണാതെ എന്ത് ചെയ്യണം എന്നറിയാതെ അന്തിച്ചു നില്‍ക്കുമ്പോൾ അവള്‍ രണ്ടു പേരായി മാറുകയും അങ്ങോട്ടുമിങ്ങോട്ടും ചോദ്യോത്തരങ്ങൾ നടത്തുകയും ഒടുവിൽ  " ഇതിലെ പോ കൊച്ചെ ഫോർ  സേഫ് & ഹാപ്പി ജേർണി " എന്ന് അവളുടെ ഉള്ളിലിരുന്നു ആരോ അവൾക്കു നേർവഴി  കാണിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു.

 മാനസിക പിരിമുറുക്കങ്ങളെ നേരിടാൻ  അവൾ  കണ്ടെത്തിയ വഴി ആയിരുന്നു പാത്രം കഴുകല്‍. തേച്ചു മിനുക്കിയ പാത്രത്തില്‍  സ്വന്തം മുഖം തെളിയുമ്പോൾ  അവളുടെ മനസ്സും അതുപോലെ തന്നെ തെളിഞ്ഞിരിക്കും. അവളുടെ വീടിന്റെ അടുക്കും ചിട്ടയും കണ്ടു ആളുകൾ  അത്ഭുതം കൊള്ളുമ്പോൾ  കുറച്ചു ടെൻഷനും പ്രശ്നങ്ങളും ഒക്കെ വേണം, എന്നാൽ  നിങ്ങളുടെ വീടും ഇത് പോലെ ആകുമെന്ന് പറഞ്ഞു അവൾ  ചിരിക്കും. അവൾ  പറഞ്ഞതിന്റെ അർത്ഥവും വ്യാപ്തിയും മനസിലാക്കാതെ ചിരിക്കു മറു ചിരി എന്ന പോലെ അവരും അവളുടെ ചിരിയിൽ  പങ്കുചേരും.

എല്ലാം തുറന്നു പറയുന്ന ഒരു സുഹൃത്തിന്റെ അഭാവം അനുവിന് ഒരിക്കലും അനുഭവപെട്ടിരുന്നില്ല. അവളുടെ ദുഃഖങ്ങൾ  അവളുടേത്‌ മാത്രം ആയിരുന്നു. സന്തോഷങ്ങള്‍ എല്ലാവരുടെതും. എങ്കിലും അവളെ ഉറ്റ സുഹൃത്തായി കണ്ടു ജീവിതത്തിലെ പല പ്രശ്നങ്ങളെയും അവളോട്‌ പറയുന്ന പലർക്കും അവള്‍ ഭാരം ഇറക്കി  വെക്കാനുള്ള അത്താണി മാത്രം ആയിരുന്നില്ല, ഒരു വഴികാട്ടി കൂടെ ആയിരുന്നു. ഒരഞ്ചു വർഷം മുന്‍പേ നിന്നെ കണ്ടിരുന്നെങ്കില്‍ എന്റെ  ജീവിതത്തിന്റെ ഗതി വേറെ ആകുമായിരുന്നു എന്ന്  വർഷങ്ങള്‍ ആയി ഭർത്താവിന്റെ പീഡനം സഹിക്കുന്ന അവളുടെ സഹപ്രവർത്തക പറഞ്ഞതും അതുകൊണ്ടായിരിക്കാം.

ജീവിതത്തിലെ കയ്പ്പ്  ഇല്ലാതാക്കാൻ  അവൾ  കണ്ടു പിടിച്ച സൂത്രവിദ്യ ആയിരുന്നു സ്വപ്നം കാണൽ . ഒരിക്കലും നടക്കാത്ത കാര്യങ്ങൾ  സ്വപ്നം കണ്ടു ,  ഉറങ്ങി, ഊറിച്ചിരിച്ചു അതിലെ മാധുര്യം കൊണ്ട് ജീവിതം തന്നെ മധുരമയം ആക്കാന്‍ തുടങ്ങിയപ്പോള്‍ ജീവിതത്തില്‍ കയ്പിനു സ്ഥാനം ഇല്ലെന്നു  അവള്‍ക്കു തോന്നി. ഒരേ നിമിഷത്തില്‍ തന്നെ സ്വപ്നലോകത്തും ജീവിതത്തിലും, ജീവിത സമവാക്യങ്ങളെ മാറ്റി മറിക്കാതെ തന്നെ വിഹരിച്ചു. സ്വപ്നങ്ങളില്‍ അവള്‍ കാമുകി ആയും, കുട്ടി ആയും, മാലാഖ ആയും രൂപാന്തരം പ്രാപിച്ചു . സ്വപ്നങ്ങളില്‍ നിന്നും ഉണർന്നു ജീവിതത്തിലേക്ക് കണ്ണ് തുറക്കുമ്പോളുണ്ടാകുന്ന വിഷമങ്ങൾ  ഇല്ലാതാക്കാൻ  അവള്‍ പാത്രങ്ങൾ  തേച്ചുരച്ചു കഴുകികൊണ്ടിരുന്നു . കരിപാത്രങ്ങൾ  വെട്ടിതിളങ്ങുമ്പോൾ  അതിലെ പ്രതിബിംബത്തെ നോക്കി അവള്‍ പറഞ്ഞു " ജീവിതം ഉഗാദി പച്ചടി പോലെ ആണ്."


2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

അരുന്ധതി

വീടുപണിക്ക് കണ്ണ് തട്ടാതിരിക്കാന്‍ കമിഴ്ത്തിവെച്ച കുടം പോലെ ആണ് നെറ്റ് സാരിക്കിടയിലൂടെ മിസ്സിസ് മേനോന്റെ വയര്‍ കണ്ടപ്പോള്‍ അരുന്ധതിക്ക് തോന്നിയത്. ആ ഹാളിലേക്ക് കയറുന്നതിനു മുന്‍പ് ചുണ്ടില്‍ ഒട്ടിച്ചു വെച്ച ചിരിക്കു പകരം ഉള്ളില്‍ നിന്നും ഒരു ചിരി പൊട്ടി. അവളുടെ ചിരി കണ്ട് മിസ്സിസ് മേനോന്‍ അവളുടെ അടുത്തേക്ക് വന്നു " ഹായ് മിസ്സിസ് ഹരി, എന്ത് പറയുന്നു? ആദ്യം ആയാണല്ലോ ഇങ്ങനെ ഒരു വേഷത്തില്‍ കാണുന്നത്, നന്നായിരിക്കുന്നു"


"മിസ്സിസ് ഹരി" ഈ ആള്‍കൂട്ടത്തില്‍ അവള്‍ എപ്പോഴും ഹരിയുടെ നിഴല്‍ മാത്രം ആകുന്നു. അരുന്ധതിനക്ഷത്രം പോലെ തിളങ്ങട്ടെ എന്ന് പറഞ്ഞാണ് അമ്മ തനിക്കു പേരിട്ടത്. ഈ കൂടിയിരിക്കുന്നവരില്‍ ഒരാള്‍ക്ക് പോലും തനിക്കങ്ങനെ ഒരു പേരുണ്ടെന്ന് അറിയുക പോലുമില്ല. മിസ്സിസ് മേനോന്റെ പ്രശംസക്ക് റെഡിമെയിഡ് ചിരിയെ ഒന്നുകൂടെ വിടര്‍ത്തി നന്ദി പ്രകാശിപ്പിച്ചു.
ഒരു അന്യഗ്രഹത്തില്‍ എത്തിയപോലെ, എന്ത് ചെയ്യണം എന്നറിയാതെ ഒരു മൂലയ്ക്ക് ഒതുങ്ങാന്‍ ശ്രമിക്കുമ്പോള്‍ അരുന്ധതിയുടെ കണ്ണുകള്‍ ഹരിക്ക് വേണ്ടി തിരഞ്ഞു. പെര്ഫുമിന്റെയും ലിസ്പ്ടിക്കിന്റെയും പിന്നെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത മറ്റെന്തൊക്കെയോ ഗന്ധം നിറഞ്ഞ ആ മുറിയില്‍ അവള്‍ക്കു ശ്വാസം മുട്ടുന്ന പോലെ തോന്നി.  തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്കു കിടക്കാന്‍ ശ്രമിക്കുമ്പോള്‍ ഹരിയുടെ ശബ്ദം അവളുടെ കാതിലേക്ക് എത്തി.

"പകയുണ്ട് ഭൂമിക്കു പുഴകള്‍ക്ക് മലകള്‍ക്ക്
പുക തിന്ന പകലിനും ദ്വേഷമുണ്ട്"

ഹരി കവിത ചൊല്ലുകയാണ്. വയറ്റില്‍ തീ പിടിക്കുന്ന എന്തെങ്കിലും ചെന്ന് കാണും. ഈ കവിത ഒക്കെ ഹരി ഓര്‍ത്തിരിക്കുന്നു എന്നത് തന്നെ അവള്‍ക്കു അത്ഭുതം  ആയിരുന്നു.

 പണ്ട് നിലാവുള്ള രാത്രികളില്‍ വീടിനു മുകളില്‍ ഇരുന്നു ഹരി കവിതകള്‍ ചൊല്ലുമായിരുന്നു.ഹരിയുടെ ശബ്ദത്തിലൂടെ ആണ് അവള്‍ കവിതയുടെ ആത്മാവിലേക്ക് ഇറങ്ങിയിരുന്നത്. ഓരോ കവിതക്കും ഓരോ ശബ്ദം ആയിരുന്നു ഹരിക്ക്.  ഹരിയെ വിവാഹം കഴിച്ച ശേഷം അവള്‍ പുസ്തകങ്ങള്‍ വായിക്കാറില്ലായിരുന്നു. ഹരി അവള്‍ക്ക് വായിച്ചു കൊടുക്കും. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് നീട്ടിയും കുറുക്കിയും ഹരി വായിച്ചു തരുമ്പോള്‍ ഹരിയുടെ മാറില്‍ കണ്ണടച്ച് കിടന്നു അവള്‍ അതെല്ലാം ഒരു സിനിമ പോലെ മനസ്സില്‍ കാണുമായിരുന്നു. വായനമേശയുടെ മുകളില്‍ ഡല്‍ഹി ഗാഥയും ആതിയും പൊടി പിടിച്ചു കിടക്കുന്നു എങ്കിലും അവള്‍ക്ക് അതൊന്നും തൊട്ടുനോക്കാന്‍ തോന്നിയില്ല.  ഹരിയുടെ ശബ്ദത്തിലൂടെ അല്ലാതെ അവള്‍ക്കൊരിക്കലും ആ പുസ്തകങ്ങളിലേക്ക്  ഇറങ്ങി ചെല്ലാന്‍ കഴിയുമായിരുന്നില്ല

കൊച്ചു വീട്ടില്‍ പരിഭവങ്ങളും പിണക്കങ്ങളും കഥയും കവിതയും ആയി കഴിഞ്ഞ നല്ല നാളുകളെ ഓര്‍ത്തു അവള്‍ ആകാശത്തേക്ക് നോക്കി. നിറയെ നക്ഷത്രങ്ങള്‍. നക്ഷത്രങ്ങളെ കൂട്ടിമുട്ടിച്ചു  അവളും ഹരിയും വരയ്ക്കുന്ന അമൂര്‍ത്ത ചിത്രങ്ങളെ അവള്‍ക്കു ഓര്മ വന്നു. അവരവര്‍ വരച്ച ചിത്രങ്ങള്‍  ആണ് നല്ലത് എന്ന് പറഞ്ഞു അടികൂടുന്നതും.  ആ ഹരി ഇന്നെവിടെ ആണ്? ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ ആ ദിനങ്ങളില്‍ അതിനെ എല്ലാം മറികടക്കാന്‍   സ്നേഹം നിറഞ്ഞൊഴുകി. ഇന്ന് എല്ലാം ആവശ്യത്തില്‍ കൂടുതല്‍. പക്ഷെ അതിനിടയില്‍ എവിടെയോ നഷ്ടമായിരിക്കുന്നു സ്നേഹപ്രവാഹം. ഹരിക്ക് ഒന്നിനും സമയമില്ല. പുതിയ  പ്രൊജക്റ്റ്‌, മീറ്റിംഗ് ഇതെല്ലം കഴിഞ്ഞു ഹരിയെ കിട്ടുന്ന ഞായറാഴ്ചകളില്‍ ഒരാഴ്ചത്തെ ഉറക്കം തീര്‍ക്കാന്‍ മാത്രമേ സമയമുള്ളൂ.

" നീ എന്താ ഇവിടെ മാറി നില്‍ക്കുന്നെ, അല്ലെങ്കിലും  അങ്ങനെ ആണല്ലോ, ആളുകളുടെ കൂട്ടത്തില്‍ കൂടാന്‍ നിനക്കറിയില്ല, ഒരു കൊമ്പ് കൂടുതല്‍ ആണല്ലോ"
തൊട്ടു പിറകില്‍ ഹരി. പണ്ടൊക്കെ ഹരി ഇങ്ങനെ പറയുമ്പോള്‍ " ഒരു കൊമ്പ് അല്ല മൂന്നെണ്ണം വേറെയും ഉണ്ട്, മൊത്തം  നാല്" എന്ന് പറഞ്ഞു അവന്റെ നെറ്റിയില്‍ നെറ്റികൊണ്ട് ഇടിക്കുമായിരുന്നു. ഇപ്പോള്‍ ആ ചോദ്യം അവളുടെ തൊണ്ടയില്‍ തങ്ങി നിന്നു. കാരണം കണ്ണും കവിളും ചുവന്നു അവളുടെ മുന്നില്‍ നില്‍ക്കുന്ന രൂപം ഒരപരിചിതന്റെ ആയിരുന്നു. 

2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

സംഭ്രാന്തി

നെഞ്ചില്‍ നീറിപ്പിടിക്കുന്ന വേദന
ഈ വേദന എന്തിനു എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല
തെറ്റിദ്ധരിക്കാന്‍ വിധിക്കപെട്ടവന്റെ വേദന
അല്ലെങ്കില്‍ വാക്കുകളും പ്രവര്‍ത്തികളും നിയന്ത്രിക്കാന്‍ കഴിയാതിരുന്നത് കൊണ്ടുണ്ടായ വേദന
കൂട്ടിയും ഗുണിച്ചും ഹരിച്ചും കിഴിച്ചും നോക്കുമ്പോള്‍ കിട്ടുന്നത് ശൂന്യത മാത്രം
പിന്നെ എങ്ങനെയാണു വേദനയുടെ തായ് വേര് കണ്ടെത്തുന്നത്?
ദൃഡം എന്ന് കരുതിയിരുന്നതെല്ലാം ശിഥിലങ്ങളാണ് എന്ന് തിരിച്ചറിവ്.
എന്റെ ചുറ്റും നൃത്തം ആടുന്ന മുഖങ്ങള്‍ എല്ലാം പൊയ്മുഖങ്ങള്‍ ആയിരുന്നുവോ?
എന്റെ ജീവനുള്ള സ്വപ്നങ്ങൾ  വെറും ഭ്രാമാത്മകം ആയിരുന്നുവോ? 
എന്റെ മനസ്സില്‍ പടരുന്ന വേദനയെ മറക്കാന്‍ ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ആയി തന്നെ  തന്നെ ഇരിക്കട്ടെ എന്ന് പറഞ്ഞു ഞാന്‍  ഒഴിഞ്ഞു മാറുമ്പോള്‍
എന്റെ ഭ്രാന്ത് ഓര്‍ത്തു നീയും ചിരിച്ചുവോ?
ഞാന്‍ ജീവിക്കുന്നത് സ്വപ്നങ്ങളില്‍ ആണ് എന്നത്  പകല്‍ പോലെ സത്യം.
സൂര്യനെ ചൂണ്ടിക്കാണിച്ചു പകല്‍ അന്നെന്നു പറയാം.
സ്വപ്നങ്ങളിലെ ജീവനെ ഞാന്‍ എങ്ങനെ ആണ് നിനക്ക് കാണിച്ചു തരിക?
അറിയില്ല
ഒന്നും ചെയ്യാന്‍ കഴിയാതെ  ഇരിക്കുമ്പോഴും വേദന എന്നില്‍ ആഴ്ന്നിറങ്ങുന്നു

എന്നില്‍ നിന്നും നിന്നിലേക്കുള്ള ദൂരം എത്രയാണ്?

2012, മാർച്ച് 20, ചൊവ്വാഴ്ച

വിഭ്രാന്തി

പുറത്തു കത്തിയുരുകുന്ന മീനസൂര്യന്‍.തിളയ്ക്കുന്ന പകലിലും മുറിയില്‍ അരിച്ചു കയറുന്ന തണുപ്പ്. കനത്തു നില്‍ക്കുന്ന നിശബ്ദതക്കിടയില്‍  കേള്‍ക്കുന്ന എന്റെതല്ലാത്ത നിശ്വാസം.വാതിലിനിടയിലും അലമാരിയുടെ വിടവിലും  ഒളിച്ചു കളിക്കുന്ന നിഴലുകള്‍. ഒരു കയ്യെത്തും അകലത്തു തന്നെ നീ ഉണ്ടെന്നു എന്നെനിക്കറിയാം . കാലൊന്നിടറിയാല്‍, ഒന്ന് വീണാല്‍ നിന്റെ കയ്യിലെ കയര്‍ എന്റെ കഴുത്തില്‍ കുരുങ്ങുമെന്നും അറിയാം. എങ്കിലും എനിക്ക് ഭയമില്ല.
ചെയ്തു  തീര്‍ക്കാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ട്. കാലുകള്‍ ഇടറാതെ അതിനു വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ വീഴ്ച കാത്തു നില്‍ക്കുന്ന നിന്നെ കാണുമ്പോള്‍ എനിക്ക് ചിരിക്കാന്‍ തോന്നുന്നു. ആ ചിരി പൊട്ടിച്ചിരി ആയി,അട്ടഹാസമായി പിന്നെ ദൈന്യതയാര്‍ന്ന തേങ്ങല്‍ ആയി ഒതുങ്ങുമ്പോള്‍ ഘനീഭവിച്ച നിന്റെ മുഖത്തെ ചിരി ഒന്നു കൂടെ വിടരുന്നു.
ചിരിക്കുന്ന നിന്റെ മുഖം കാണുമ്പോള്‍ എന്നിലെ അമര്‍ഷം, ഒരു അഗ്നിപര്‍വതം പോലെ പൊട്ടുമ്പോള്‍ പുഞ്ചിരിയോടെ   ആ കയര്‍ കയ്യിലെടുത്തു എന്റെ നേര്‍ക്ക്‌ നീ നോക്കുമ്പോള്‍ ഉറച്ചു പോയ കാലുകള്‍ വലിച്ചെടുത്തു എന്റെ ലക്ഷ്യത്തിലേക്ക് പ്രയാണം തുടരുന്നു. ഇനിയും നമുക്ക് ഈ തൊട്ടുകളി തുടരാം. കളി മതിയാക്കണം എന്ന് എനിക്ക് തോന്നുന്നതുവരെ. 

2012, മാർച്ച് 12, തിങ്കളാഴ്‌ച

നളപാചകം




ഇന്നലത്തെ പ്രാതല്‍ സിദ്ദുവിന്റെ വക ആയിരുന്നു. ചട്നിയുടെ അരികില്‍ വെച്ചിരിക്കുന്ന പുതിന ഇല എന്തിനാ എന്ന് ചോദിച്ചപ്പോള്‍ " ഉണ്ടാക്കിയത് നന്നായില്ലെങ്കിലും സെര്‍വ് ചെയ്യുനത് ഭംഗിയില്‍ ആക്കണം എന്നാണ് ഈസി കുക്കിലെ തടിയന്‍ പറഞ്ഞത്. അമ്മ ടേസ്റ്റ് ചെയ്തു നോക്കു എന്നിട്ട് പറ"
ഉപ്പും മുളകും പാകത്തിന് ആയാല്‍ വെക്കുന്ന ആള്‍  കയ്പുണ്യം ഉള്ള പാചകക്കാരന്‍ ആയിരിക്കും - എന്റെ അമ്മയുടെ സിദ്ധാന്തം ആണ്. രുചിച്ചു നോക്കി ഉപ്പും മുളകും എല്ലാം പാകത്തിന്. ചട്നിക്ക് ഒരു പ്രത്യേക സ്വാദ്.
"നീ ഇതില്‍ എന്തൊക്കെ ആണ് ചേര്‍ത്തത്?"
"secret recipe  അമ്മാ പറയില്ലാ"
അടുക്കളയില്‍  ഒരെത്തിനോട്ടം നടത്തിയപ്പോള്‍ എനിക്ക് രഹസ്യ ചേരുവകള്‍ എല്ലാം മനസിലായി.
"എന്തായാലും എന്താ, സംഭവം ടോപ്‌ അല്ലേ അമ്മാ"
അവനെ NDA യില്‍ ചേര്‍ത്ത് ബ്രിഗേഡിയര്‍ ജനറല്‍ ആക്കാമെന്ന് സ്വപ്നം കാണുന്ന എനിക്ക് അതൊന്നും ആയില്ലെങ്കിലും പട്ടാളത്തില്‍ കുക്ക്  എങ്കിലും ആകുമെന്ന് ഉറപ്പായി . അച്ചന്റെ മോന്‍ തന്നെ. അങ്ങനെ പറയാന്‍ കാരണമുണ്ട്. അതിനു കുറച്ചു കാലം പിറകോട്ടു പോകണം.

കല്യാണത്തെ കുറിച്ച് സ്വപ്നം കാണുകപോലും ചെയ്യാതെ, കല്യാണം കഴിക്കണം എന്ന ആഗ്രഹം പോലും മനസ്സില്‍ വിടരാതെ എടുപിടീന്ന് നടന്ന കല്യാണം  ആയിരുന്നു എന്റേത്. അമ്മ , എട്ടതിയമ്മമാര്‍, ചേച്ചി വീട് നിറയെ ആളുകള്‍ ഉണ്ടായിരുനന്തുകൊണ്ട് അടുക്കള എന്റെ ലോകമേ അല്ലായിരുന്നു. അതുകൊണ്ട് പാചകം എന്ന കലയില്‍ ഞാന്‍ വട്ടപൂജ്യം. വാശി, കുറുമ്പ്, ദേഷ്യം ഇതൊക്കെ ഇത്തിരി കൂടുതല്‍ അന്നെന്നും അടുക്കള കാര്യങ്ങളില്‍ വട്ട പൂജ്യം അന്നെന്നും ഒക്കെ കല്യാണ പിറ്റേന്ന് തന്നെ എട്ടതിയമ്മ പറഞ്ഞു കൊടുത്തിരുന്നു. അതൊക്കെ പഠിക്കുകയല്ലേ ചെയ്യുക എന്ന കണവന്റെ മറുപടിയുടെ ആത്മവിശ്വാസത്തില്‍ ആണ് കെട്ടിക്കഴിഞ്ഞു
ആറാം ദിവസം ആന്ധ്രയിലേക്ക്  വണ്ടി കയറിയത്.
 ചെന്ന് ഇറങ്ങിയത് രാജമുണ്ട്രിയില്‍. പച്ചപ്പ്‌ എന്ന് പറയാന്‍ ITC യുടെ നീണ്ടുകിടക്കുന്ന പുകയില പാടം. അവിടെ ഇവിടെ ആയി ചില മരങ്ങള്‍, പനകള്‍, തെങ്ങുകള്‍. മണ്ണിനു മാത്രം അല്ല അവിടുത്തെ അന്തരീക്ഷത്തിനു മൊത്തം ഒരു ഉണക്ക മണം. വീട്ടില്‍ നിന്നും വിട്ടു പോന്നതിന്റെ വിഷമം ഈ സ്ഥലം കണ്ടപ്പോള്‍ കൂടുതല്‍ ആയി. എത്തിയതിന്റെ പിറ്റേന്ന് തിങ്കളാഴ്ച. രാവിലെ ഏഴുമണിക്ക് ഓഫീസില്‍ പോകുന്നതിന്റെ മുന്പായി കണവന്‍ പോയി മീന്‍ വാങ്ങിച്ചു വന്നു.കാവും അമ്പലവും ഒക്കെ ഉള്ള എന്റെ വീട്ടില്‍ മല്സ്യമാംസം ഒന്നും തന്നെ ഉപയോഗിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ മീനിനെ പറ്റി ഒരു കുന്തവും അറിയില്ല. പൂര്‍ണ സസ്യഭുക്കായ എനിക്ക് അതിന്റെ മണം അടിച്ചപ്പോള്‍ തന്നെ കുടലെടുത്തു മറിക്കുന്ന പോലെ. നന്നാക്കാന്‍ അറിയാമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് പറഞ്ഞു. കഴുകി വൃത്തിയാക്കി തരുമ്പോള്‍ അടുത്ത  ചോദ്യം
" വെക്കാന്‍ ഒക്കെ അറിയാല്ലോ അല്ലേ "
"ഇല്ല "
"പറഞ്ഞു തരാം അതുപോലെ ഉണ്ടാക്കി വെച്ചാല്‍ മതി"
പാചകവിധികള്‍ എക്സ്പ്രസ്സ്‌ സ്പീഡില്‍ പറഞ്ഞു പുള്ളി പോയി
ഉച്ചക്ക് കൃത്യസമയത് തന്നെ പുള്ളി എത്തി. വന്നു ഫ്രഷ്‌ ആയി അടുക്കളയിലേക്കു. ചോറ് കലത്തിന്റെ അടുപ്പ് മാറ്റി നോക്കി ഒരു ചോദ്യം
" ഇതെന്താ പോസ്റ്റര്‍ ഒട്ടിക്കാന്‍ ഉണ്ടാക്കിയതാണോ?"
അടുത്തത് മീന്‍ കറിയുടെ പാത്രം. ഒരു ചെറിയ വട്ടചെമ്പില്‍ നിറയെ ചുവപ്പ് കളറില്‍ ചാലിയാറിലെ വെള്ളം പോലെ ഒരു വെളളവും അതിന്റെ മുകളില്‍ കൊമ്പ് നാട്ടിയ പോലെ നില്‍കുന്ന മീന്‍ മുള്ളും മുകളില്‍ പറന്നു കിടക്കുന്ന എണ്ണയും. ചോദ്യത്തിന് പകരം ഒരു നോട്ടം. ആദ്യത്തെ ചോദ്യത്തില്‍ തന്നെ കണ്ണില്‍ ഉറവ പൊട്ടാന്‍  തുടങ്ങിയ വെള്ളം ആ നോട്ടത്തോടെ നയാഗ്ര വെള്ള ചാട്ടം പോലെ പുറത്തേക്കു.( ഇപ്പോള്‍ ആണെങ്കില്‍ ഒന്ന് കരയണം  എന്ന് വെച്ചാല്‍  പോലും ഒരു തുള്ളി കണ്ണ്  നീര്‍ വരില്ല. ആഗോളതാപനം കൊണ്ട് ഉറവയെല്ലാം വറ്റിപോയോ എന്തോ?)മീന്മണം അടിച്ചു ചര്ദിക്കാതെ ഇരിക്കാന്‍ തോര്‍ത്തുകൊണ്ട് മൂക്ക്  കെട്ടി കറി ഉണ്ടാക്കിയതിന്റെ കഷ്ടപാട് അങ്ങേര്‍ക്കു അറിയിലല്ലോ.
മുന്കോപി ആണെന്ന് എല്ലാരും പറഞ്ഞ ഒരാളുടെ ഏറ്റവും മൃദുവായ ഒരു ഭാവം അന്ന് ഞാന്‍ കണ്ടു ആദ്യം ആയി. തോളില്‍ പിടിച്ചു പതുക്കെ ചോദിച്ചു "നീ ഇതുവരെ എന്തെങ്കിലും ഉണ്ടാക്കിയിടുണ്ടോ"
"ഇല്ല"
" എങ്കില്‍ അത് പറയാതിരുന്നത് എന്താണ്? എനിക്ക് ദേഷ്യം കുറച്ചു കൂടുതല്‍ ആണ് എന്നാലും കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകും. നിനക്ക് അറിയാത്തത്, ഇഷ്ടമില്ലാത്തത്, ഇഷ്ടമുള്ളത് എല്ലാം പറയാം, പറയണം"
(ഈ ഒരു സ്വാതന്ത്ര്യം അന്ന് തന്നതിനെ പറ്റി  ഇപ്പോള്‍ ഇടയ്ക്കു പരിതപിക്കാറുണ്ട് പാവം.:)..)
ഒറ്റയ്ക്ക് വളര്‍ന്നതുകൊണ്ട് തന്നെ ഒന്നാതരം കുക്ക് ആയിരുന്നു പുള്ളി. എന്റെ പാചകഗുരുവും. ഇപ്പോള്‍ വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ എല്ലാവരും ഭക്ഷണത്തെ കുറിച്ച് നല്ലത് പറയുമ്പോള്‍ വീട്ടില്‍ കേള്‍ക്കുന്നത്  " ഉണ്ടാക്കാന്‍ പഠിപ്പിച്ചത് ആരാ എന്ന് ചോദിക്ക് പിന്നെങ്ങനെ നന്നാകാതിരിക്കും"
പക്ഷെ ഇന്നും മീനിനോടുള്ള എന്റെ ഇഷ്ടക്കേട് പോയിട്ടില്ല. മീന്‍ മണം അടിച്ചാല്‍ ഇപ്പോഴും കുടലടക്കം പുറത്തേക്കു വരും.  

2012, മാർച്ച് 3, ശനിയാഴ്‌ച

ചില പരീക്ഷ ചിന്തകള്‍

സിദ്ദുവിന് ഇന്ന് പത്താം ക്ലാസ്സ്‌ പരീക്ഷ തുടങ്ങി. ആദ്യ ദിവസം തന്നെ കണക്ക് ആണ്.

കഴിഞ്ഞ വർഷം  അവന്‍ "amma  I  hate  maths " എന്ന്  പറയുമ്പോള്‍ ഒക്കെ  ഞാന്‍ സ്ഫടികത്തിലെ തിലകന്റെ ഡയലോഗ് എടുത്തു വീശുമായിരുന്നു
പിന്നീടു പിന്നീടു ചൂണ്ടുവിരല്‍ ഉയര്‍ത്തുമ്പോള്‍ തന്നെ അവന്‍ പറയും " മനസിലായി മുഴുവന്‍ പറയണ്ട". ഇപ്പോള്‍ കണക്ക് അവനു ഏറ്റവും ഇഷ്ടമുള്ള വിഷയം ആയി മാറിയതിനു നന്ദി പറയേണ്ടത് ചിന്മയ സ്കൂളിലെ ഗിരിജ ടീച്ചറിനോട് ആണ്.

അവനും ഞാനും കണക്കും തമ്മില്‍ ഒരു തരത്തിലും ഒന്നിച്ചു പോകില്ല എന്ന് മനസിലായപ്പോള്‍ ആണ് ട്യൂഷൻ  കൊടുക്കുന്നതിനെ കുറിച്ച് ആലോചിച്ചത്
കളിക്കാനുള്ള സമയം അതിനുവേണ്ടി പോകും എന്നതുകൊണ്ട്‌ ആദ്യം  അവനു ട്യൂഷൻ എന്നത് ചതുര്‍ഥി ആയിരുന്നു. എങ്കിലും കണക്ക് അവനെ പിന്നോട്ട് കൊണ്ട് പോകുന്നതിനെക്കുറിച്ച്  ബോധം ഉണ്ടായപ്പോള്‍ അമ്മ ടീച്ചറെ നോക്കിക്കോളുട്ടോ എന്ന പറഞ്ഞപ്പോള്‍ , ട്യൂഷൻ  സെന്റെരുകളിലെ കുട്ടികളുടെ ആധിക്യവും  വ്യക്തിപരമായി ശ്രദ്ധ കിട്ടില്ല എന്നതും ഇവന്  ക്ലാസ്സ്‌ എടുക്കാന്‍ വേണ്ടി മാത്രം ആയി ഒരാളെ കിട്ടാനുള്ള ഒരു പാട് അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ ആണ് ഒരു ടീച്ചറെ ഒത്തുകിട്ടിയത്. അത് എല്ലാ തരത്തിലും നന്നായി. ഇപ്പോള്‍ കണക്കിനെ വെറുത്തിരുന്ന അവനെ വിളിച്ചു  ക്ലാസ്സിലെ മറ്റുകുട്ടികള്‍  സംശയം തീര്‍ക്കുമ്പോള്‍ അതിന്റെ ഫുള്‍ ക്രെഡിറ്റും ടീച്ചര്‍ക്ക്‌ തന്നെ ആണ്.

ഞാന്‍ ഒരിക്കലും ഒരു പരീക്ഷാക്കാല  അമ്മ ആയിരുന്നില്ല. ഫ്രൂട്ട് ജൂസും ബൂസ്ടുമായി ഞാന്‍ അവനു കൂട്ടിരുന്നിരുന്നില്ല. പഠിക്കെടാ എന്നും പറഞ്ഞു അവന്റെ തലയില്‍ കേറാറില്ല.  ഇന്നലെ വൈകുന്നേരവും ഫുട്ബോള്‍ കളിയ്ക്കാന്‍ വിട്ടു. എങ്കിലും രാത്രി 11  മണിവരെയും കാലത്ത് നേരത്തെയും എഴുനേറ്റു അവന്‍ പഠിക്കുമ്പോള്‍ വേദന സംഹാരിയുടെ ബലത്തില്‍ കൂട്ടിരിക്കാന്‍ ഞാന്‍ തയ്യാറാകുമ്പോള്‍ അവന്‍ തന്നെ പറയും " അമ്മ കിടന്നോ, ഞാന്‍ ഒറ്റയ്ക്ക് പഠിച്ചോളും" . എന്റെ പാതി ഞാന്‍ നന്നായി ചെയ്തില്ല എങ്കിലും ദൈവത്തിന്റെ പാതി നന്നായി ചെയ്യാന്‍ ഞാന്‍ സരസ്വതി പൂജ നടത്തി കൈക്കൂലി കൊടുത്തിരിക്കുന്നു.

ഇന്ന് രാവിലെ പോകുന്നതിനു മുന്പായി അവനെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ഒരുമ്മ കൊടുത്തു.എന്നേക്കാള്‍ വലുതായതുകൊണ്ട് കുനിച്ചു നിര്‍ത്തേണ്ടി വന്നു. ഒന്നും പറഞ്ഞില്ല അല്ലെങ്കിലും എന്ത് പറയാന്‍. അച്ഛന്റെ വക ബെസ്റ്റ് ഓഫ് ലക്ക് എന്ന് മൂന്ന് വാക്കുകള്‍   മാത്രം.

                       അവന്‍ പോയി കഴിഞ്ഞപ്പോള്‍ 25 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പരീക്ഷക്കാലം ഓര്‍മയില്‍ വന്നു. മഞ്ഞപിത്തം വന്നു മരണത്തിനും ജീവിതത്തിനുമിടയില്‍ കിടന്നു ഊഞ്ഞാല്‍ ആടുമ്പോഴും  പരീക്ഷ എഴുതാന്‍ കഴിയാതിരുന്നതിന് കരഞ്ഞു കണ്ണുനീര്‍ വറ്റിയ ഒരു പെണ്‍കുട്ടിയെയും ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം അവള്‍ക്കു നഷ്ടപെട്ട ഒരു വര്‍ഷത്തെ ജീവിതവും!!!

2012, ഫെബ്രുവരി 22, ബുധനാഴ്‌ച

മോതിരവിരലിലെ കാക്കപുള്ളി


 മുടി എല്ലാം നരച്ചു എന്ന് പറഞ്ഞു നീ നിന്റെ  തലയില്‍ തലോടിയിപ്പോള്‍ യാദൃശ്ചികം ആയി ആണ് വലതു കയ്യിലെ മോതിര വിരലിലെ കാക്കപുള്ളി  കണ്ണില്‍ പെട്ടതു. കഴുത്തിലും മുഖത്തും കാക്ക പുള്ളികള്‍ വേറെയും ഉണ്ടായിരുന്നു. പക്ഷെ മനസ്സില്‍ പതിഞ്ഞത് വിരലില്‍ ഉണ്ടായിരുന്ന കുഞ്ഞു പുള്ളി മാത്രം. കണ്ട മാത്രയില്‍ തന്നെ ഒന്ന് തൊടണം എന്ന് തോന്നിയെങ്കിലും ബാലിശമായ മോഹത്തിന്റെ അനൌചിത്യമോര്‍ത്തു വെറുതെ നോക്കി ഇരുന്നു.

പിന്നീടു എന്റെ ദിവാസ്വപ്നങ്ങളില്‍ എനിക്ക് കൂട്ടായത് കാക്ക പുള്ളി ഉള്ള ആ വിരല്‍ ആയിരുന്നു. ആ വിരലില്‍ തൂങ്ങി എന്റെ സ്വപ്നലോകത്തിലെ അത് വരെ ചെന്ന് കേറാത്ത മൂലകളിലേക്ക് ഞാന്‍ കയറിച്ചെന്നു. പേടി തോന്നുമ്പോള്‍ മുറുകെ പിടിക്കുമ്പോള്‍ കാക്കപ്പുള്ളിയില്‍ അമരുന്ന എന്റെ ചൂണ്ടുവിരല്‍. മോതിര വിരലിലെ നാഡികള്‍  ഹൃദയധമനികളിലേക്ക്  നേരിട്ട് എത്തുന്നത്‌  കൊണ്ടാകാം ചൂണ്ടുവിരലിലൂടെ നിന്റെ ഹൃദയത്തിലേക്ക് എന്റെ ഇഷ്ടം എത്തിച്ചേരുമെന്ന് ഞാന്‍ കരുതിയത്‌.  എന്റെ സ്നേഹം നിന്നിലേക്ക്‌ എത്തിയോ എന്നെനിക്കറിയില്ല,എങ്കിലും സ്വപ്നങ്ങളില്‍ നിന്റെ വിരലില്‍ തൂങ്ങി ഞാന്‍ കാണാത്ത കാടും മലയും കേറിയിറങ്ങുന്നു.

സ്വപ്നത്തിന്റെ ചിറകുകള്‍ അരിഞ്ഞു യാഥാര്‍ത്ഥ്യം കൈകൊട്ടി ചിരിക്കുമ്പോള്‍ വിരലിലെ കാക്കപുള്ളി പോലെ തന്നെ എന്റെ മനസില്‍ പറ്റി ചേര്‍ന്നിരിക്കുന്ന ഇഷ്ടത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയുന്നില്ല.  അപ്രാപ്യം,അവിവേകം എന്നീ രണ്ടു വാക്കുകള്‍ കൊണ്ട് അതിര്‍വരമ്പ് കെട്ടി എന്നിലേക്ക്‌ ഉള്‍വലിയുമ്പോള്‍ പോലും എന്റെ ചൂണ്ടുവിരല്‍ കൊണ്ട് കാക്കപുള്ളിയില്‍ ഒന്ന് തൊടണം എന്ന മോഹം കൂടുതല്‍ കൂടുതല്‍ കരുത്തോടെ മനസ്സില്‍ കൂടുകൂട്ടുന്നു. തൊടുമ്പോള്‍ ശംഖിനുള്ളിലെ ജലം പോലെ സ്വച്ഛവും ശാന്തവും ആയ സ്നേഹം നിന്നിലേക്ക്‌ പ്രവഹിക്കുമെന്നും അതിന്റെ നിര്‍വൃതിയില്‍ ഞാന്‍ ഇല്ലാതെ ആകണമെന്നും മോഹിക്കുന്നു.

'എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം' എന്ന് എന്റെ വിവേകം എന്നെ കളിയാക്കുമ്പോഴും  അതിര്‍വരമ്പുകള്‍ നീക്കി, വിലക്കുകള്‍ ലംഘിച്ചു  നിന്റെ വിരലില്‍ പിടിച്ചു വീണ്ടും എന്റെ സ്വപ്നലോകത്തിലേക്കു, കാക്കപുള്ളിയില്‍ ഒരിക്കലെങ്കിലും തൊടണം എന്ന അടങ്ങാത്ത മോഹവുമായി...

2012, ഫെബ്രുവരി 11, ശനിയാഴ്‌ച

നീല വിരിയിട്ട ജാലകം


കമ്പികള്‍ വേലി കെട്ടാത്ത, സുതാര്യമായ ചില്ല് പാളികള്‍ ഉള്ള ജനല്‍.അതിനു നീല വിരികള്‍.
ജനല്പാളികള്‍ തുറന്നു പുറത്തേക്കു നോക്കിയാല്‍ മഞ്ഞയും വെള്ളയും ജമന്തി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാം
കിടക്കാനും ഇരിക്കാനും പാകത്തില്‍ വീതികൂടിയ ജനല്‍ പടികളില്‍ ഇരുന്നു കൊണ്ട്  ലോകോത്തര പ്രണയ കഥയിലെ 51 വര്ഷം 9 മാസം 4 ദിവസം
നീണ്ട കാത്തിരുപ്പിനെ കുറിച്ചോര്‍ത്തു അവള്‍ വിസ്മയം കൊള്ളവേ നീണ്ട ചരല്‍ പാതയ്ക്ക് അപ്പുറത്ത്  ഒരു നിഴല്‍. നിഴല്‍ അടുത്തേക്ക് വരുംതോറും ആള്‍രൂപം കൂടുതല്‍ വ്യക്തമായി. അടുത്ത് വന്ന രൂപം രണ്ടു കൈകൊണ്ടും അവളുടെ മുഖം തെല്ലു ഒന്നുയര്‍ത്തി നെറ്റിയില്‍ നെറ്റി മുട്ടിച്ചു കണ്ണില്‍ കണ്ണില്‍ നോക്കിയപ്പോള്‍ മൂക്കുകള്‍ തമ്മില്‍ ഉരസിയോ? മറ്റുള്ളവരില്‍ നിന്നും ആ കാഴ്ച മറക്കാന്‍ എന്ന പോലെ അപ്പോള്‍ ഉയര്‍ന്നു വന്ന കാറ്റില്‍ ‍ജാലകവിരികള്‍ അവര്‍ക്ക് ചുറ്റും ഒരു മതില്‍ തീര്‍ത്തിരുന്നു..


കവിളില്‍ കുത്തി നോവിപ്പിക്കുന്ന കുറ്റിരോമങ്ങള്‍. ഇതെവിടെ നിന്നും വന്നു ഒരാന്തലോടെ അവള്‍ 
കണ്ണു തുറന്നു.
"ഉച്ചയുറക്കം മതി..അഞ്ചുമണി ആയി പോയി ചായ ഉണ്ടാക്കി കൊണ്ട് വാ"
ഒരു നെടുവീര്‍പ്പോടെ അവളുടെ കണ്ണുകള്‍ നീണ്ടു .
മെറൂണ്‍ വിരിയിട്ട ജനലിന്റെ തുറന്നു വെച്ച പാളികളിലൂടെ ഉള്ളിലേക്ക് വീഴുന്ന പോക്കുവെയില്‍.
പുറത്തു കാറ്റില്‍ തലയാട്ടുന്ന ആന്തുരിയവും ബോഗന്‍വില്ലയും റോസും.
 

2012, ഫെബ്രുവരി 1, ബുധനാഴ്‌ച

പൂര്‍ണ്ണവിരാമം



രണ്ടു ദിവസമായി അതിനെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയിട്ടു
ഒരു പൂര്‍ണ്ണവിരാമം
മനസ്സിനെ അസ്വസ്ഥം ആക്കുന്ന ചില ബന്ധങ്ങളില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നും.
ബാക്കിപത്രത്തില്‍ ഒന്നും അവശേഷിക്കുന്നില്ല. ഒന്നുമില്ലാതെ മുന്നോട്ടുള്ള യാത്ര സുഖകരം ആവില്ല.
കടങ്ങള്‍, കടപ്പാടുകള്‍, വാഗ്ദാനങ്ങള്‍, ചില മൃദുല വികാരങ്ങള്‍. എല്ലാം അവസാനിപ്പിക്കുന്നതിന് തടസ്സമായി മനസ്സിന്റെ
ഉള്ളറകളില്‍ തങ്ങി നില്‍ക്കുന്ന ഈ ഓര്‍മ്മകളെ ഒക്കെ തുടച്ചു നീക്കാന്‍ കഴിഞ്ഞിരുന്നെകില്‍ ഈ ജോലി എളുപ്പമായിരുന്നു
വഴി മാറി ഒഴുകിയ പുഴ പോലെ, കാണാത്ത വഴികളിലൂടെ
എവിടെക്കോ എന്തിനെന്നറിയാതെ ഒഴുകികൊണ്ടിരിക്കുന്നു. 
ഒരിക്കലും എവിടെയും അഴിമുഖം കാണാന്‍ കഴിയില്ല എന്നറിയുമ്പോള്‍
ഈ ഒഴുക്ക് എന്നെ അസ്വസ്ഥം ആക്കുന്നുണ്ട് 
ഒരു കളത്തില്‍ നിന്നും മറ്റൊന്നിലേക്കു കൃത്യമായി നീങ്ങിക്കൊണ്ടിരികുമ്പോള്‍ തട്ടിയെറിഞ്ഞ കരുവിനെ പോലെ.
തലക്കുള്ളില്‍  കുട്ടിയും കോലും കളിക്കുന്ന സംഖ്യകള്‍,ഉത്തരം നല്കാനാകാത്ത വീര്‍പ്പുമുട്ടിക്കുന്ന ചോദ്യങ്ങള്‍.
തിരിച്ചറിയാന്‍ കഴിയാത്ത എന്തൊക്കെയോ ചേര്‍ന്ന് എന്നെ ഞാന്‍ അറിയാത്ത വഴികളിലൂടെ നടത്തിക്കുന്നു.
പരിഭവങ്ങള്‍, പരാതികള്‍ ഇവ കേള്‍ക്കാന്‍ മാത്രം ഉള്ളതാണോ?
തിരിച്ചു പറയാനോ ചോദിക്കാനോ ഉള്ള അവകാശം പോലും നിഷേധിക്കപെട്ടിരിക്കുന്നു
നിന്റെ കണ്ണില്‍ പഴയ സ്നേഹം കാണുന്നില്ല എന്ന് പരാതി പറയുമ്പോള്‍ എന്റെ കണ്ണില്‍ നിറയുന്ന കണ്ണുനീര്‍ കാണാതെ പോകുന്നവര്‍ക്കായി മനസ്സിന്റെ ഒരു കോണില്‍ പോലും സ്നേഹം ബാക്കി വെക്കാന്‍ ഇല്ല.
സ്നേഹം എന്നാല്‍ കണ്ണില്‍ നിറഞ്ഞു ചുണ്ടിലൂടെ ഒഴുകി സിരകളില്‍ അഗ്നി പടര്‍ത്തി ശമിക്കുന്ന ഒന്ന് മാത്രം ആകുമ്പോള്‍ ബന്ധത്തിന്റെ ആഴത്തെ കുറിച്ച് ആശങ്കപെടുന്നതെന്തിനാണ്?
ആഴമുള്ള കിണറ്റിലെ വെള്ളം വറ്റാറില്ല എന്നത് ഒരു മിഥ്യ മാത്രം ആണോ?




മനസ്സ് അസ്വസ്ഥം ആണ് വഴി മാറി ഒഴുകിയ പുഴ പോലെ ..
മുന്നോട്ടു ഒഴുകാന്‍ വയ്യാതെ...പഴയ നീര്ചാലിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ..
ഒരു പൂര്‍ണ്ണവിരാമം,  അത് ആവശ്യം ആണ്, പക്ഷേ.. 

 

2012, ജനുവരി 21, ശനിയാഴ്‌ച

The Ultimate Truth!!!!!

A stranger at my doorstep
Broad shoulder, deep eyes
Square face, dark but handsome
Calm and composed
Eyes like the deep sea
Who are you??
“The Ultimate Truth;  I am here to take you”
Shiver ran down my spine
Cold wind blew across my face
Where? 
"Hell or heaven you decide”
 Hell
A bewildered look on the calm face,“Why not heaven?”
I had crushed holy ants who take oil to God
I  had laughed at people who fell down
I was arrogant to those who came to me for help
I am greedy, selfish and not worthy for the heaven
“All of your sins are solemnized
with the sufferings and pain you have”
The pain – from head to toe
 Weakening my nerves
Triggering my strength
Giving me sleepless nights
I stared at him with sleepy eyes
I drowned in that deep sea
The freezing cold felt good

I love u TUT (The Ultimate Truth)
Hold me, take me & embrace me
Caress me with your cold hands
Let me find warmth in them
Let me sleep on your lap
Help me end this pain
Take me to The Ultimate Truth!!!

2012, ജനുവരി 11, ബുധനാഴ്‌ച

സ്വപ്നാടനം


"ജീവിതത്തില്‍ ഒറ്റക്കായി പോകുന്നതിനെ കുറിച്ച് ചിന്തിച്ചിടുണ്ടോ എപ്പോഴെങ്കിലും?"
മൂടി നിന്ന മൌനം ഭേദിച്ചുകൊണ്ട് ചാട്ടുളി പോലെ ആണ് ആ ചോദ്യം വന്നത്. ഉത്തരം എന്ത് പറയണം എന്നറിയാതെ  മിണ്ടാതെ ഇരുന്നപ്പോള്‍ പതുക്കെ അവര്‍ പറഞ്ഞു
"ചിന്തിക്കണം, എപ്പോഴെങ്കിലും വെറുതെ ഇരിക്കുമ്പോള്‍, അപ്പോള്‍ മനസിലാകും ജീവിതത്തിലെ ഓരോ കുഞ്ഞു കാര്യങ്ങള്‍ക്കും ഉള്ള വില, കാണാം പോട്ടെ" ചിരിച്ചു കൊണ്ട് അവര്‍ പോയി.

നല്ല ഭംഗിയില്‍ സാരി ഉടുത്ത പ്രൌഡ ആയ സ്ത്രീയിലേക്ക് എന്റെ ശ്രദ്ധ ആദ്യം തിരിച്ചു വിട്ടത് എന്റെ കണവന്‍ ആയിരുന്നു(അല്ലെങ്കിലും അങ്ങേരു അങ്ങനെയാ കാണാന്‍ കൊള്ളാവുന്ന എല്ലാരേയും നോക്കും)
ഒരേ ബസ്‌ സ്റ്റോപ്പില്‍ നിന്നും കയറുന്നവര്‍  ആയത് കൊണ്ട് ഒരു നാല് അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാണുമ്പോള്‍ ചിരിക്കാന്‍ തുടങ്ങി.പിന്നെ പതുക്കെ പതുക്കെ സംസാരിച്ചു  തുടങ്ങി. ഞാന്‍ ഒരു കേള്വിക്കാരി മാത്രം ആയിരുന്നു.ഓരോ ദിവസവും പറയാന്‍ അവര്‍ക്ക് ഓരോ വിശേഷങ്ങള്‍ ഉണ്ടാകും. പറയുന്നത് വിഷമമുള്ള കാര്യം ആയാലും  മുഖത്തെ ചിരി മായാതെ ഇരിക്കാന്‍ മനപൂര്‍വം ആയ ഒരു ശ്രമം അവര്‍ നടത്താറുണ്ടായിരുന്നു.
തിരുവനന്തപുരത്ത് മെഡിസിന്‍ പിജി ചെയ്യുന്ന മകളെ കുറിച്ചും MCA കഴിഞ്ഞ  മകനെ കുറിച്ചും പറയുമ്പോള്‍ അവരുടെ മുഖത്ത് തുടിക്കുന്ന അഭിമാനം, സന്തോഷം എല്ലാം നോക്കി നില്ക്കാന്‍ ഒരു രസം ആയിരുന്നു. 
" നാളെ മോന്‍ UK പോകുന്നു" ഒരു പാട് സന്തോഷത്തോടെ അവര്‍ പറഞ്ഞു.
" ഒത്തിരി സന്തോഷം തോന്നുന്നു എനിക്ക്. അറിയുമോ മോള്‍ക്ക്‌ ഒന്നര വയസുള്ളപ്പോള്‍ പെട്ടെന്നൊരു ദിവസം ശൂന്യതയിലേക്ക് എടുത്തെറിഞ്ഞത് ആണ് ഈശ്വരന്‍ എന്നെ. അവിടെ നിന്നും കര കയറി ഇവിടെ എത്തി നില്‍ക്കുമ്പോള്‍ എല്ലാം ചെയ്തു തീര്‍ത്തത് പോലെ തോന്നുന്നു"
ഞാന്‍ എന്തെങ്കിലും പറയുമോ എന്ന് പോലും നോക്കാതെ അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു
" സഹായിക്കാന്‍ ചുറ്റും ആളുകള്‍ ഉണ്ടായിരുന്നു. പക്ഷെ ആരുടേയും സഹായം സ്വീകരിക്കാന്‍ തോന്നിയില്ല. കാരണം കടങ്ങള്‍ തീര്‍ത്താലും ഈ ജന്മം തീര്‍ത്താല്‍ തീരാത്ത കടപ്പാടുകളും ഏഴു ജന്മം കേട്ടാലും തീരാത്ത കണക്കു പറച്ചിലുകളും ഉണ്ടാകും." അവര്‍ ചിരിച്ചു
എല്ലാം കേട്ടിരിക്കുക എന്നതിനപ്പുറം എനിക്കൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. കുറെ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കിടയിലേക്ക് മൌനം കടന്നു വന്നു.അവര്‍ അവരുടെതായ ലോകത്തും, ഞാന്‍ അവരുടെ ചിരിക്കുന്ന മുഖത്തിന്‌ പിന്നിലെ വേദനകളെ അടക്കി നിര്‍ത്തിയ കരുത്തുള്ള മനസ്സിനെ കുറിച്ചും ആലോചിച്ചിരിക്കവേ ആണ് അവര്‍ ആ ചോദ്യം ചോദിച്ചതു.

വെറുതെ ഇരിക്കാന്‍ സമയം ഇല്ലാത്തതുകൊണ്ട് ഒറ്റയ്ക്ക് ആകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പിന്നീടു സമയം കിട്ടിയില്ല. വാരാന്ത്യത്തില്‍ ഒന്നും ചെയ്യാതെ അലസമായി കിടക്കവേ ആ ചോദ്യം ഓര്മ വന്നു. ഒറ്റക്കാകുമ്പോള്‍ എന്തൊക്കെ ആയിരിക്കും ഉണ്ടാവുക എന്ന വെറുതെ ചിന്തിച്ചു.കൊച്ചു കൊച്ചു കാര്യങ്ങള്‍ക്ക് വഴക്കിടുകയും പിണങ്ങി മാറി ഇരിക്കുകയും ചെയ്യുമ്പോള്‍ എപ്പോഴും എന്നോട് പറയാറുണ്ട് " ഇങ്ങനെ മിണ്ടാതേം പിണങ്ങീം നടന്നോ ഞാന്‍ ഇല്ലാതെ ആകുമ്പോള്‍ മനസിലാകും" അപ്പോള്‍ തോറ്റുകൊടുക്കാന്‍ ഉള്ള മടി കൊണ്ട് " ഇല്ലാതായാല്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും" എന്ന് പറയുമെങ്കിലും ഒരിക്കല്‍ പോലും അങ്ങനെ ആലോചിക്കാന്‍ പോലും മിനക്കെട്ടിട്ടില്ല
ഒറ്റക്കായാല്‍ ഗ്യാസ് സിലിന്ടെര്‍ മാറ്റുന്നത് മുതല്‍ വീട്ടിലെ ഓരോ കാര്യവും ഒറ്റയ്ക്ക്  ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ അവര്‍ കടന്നു പോയ കനല്‍ വഴികളെ കുറിച്ച് ബോധം വന്നു.
ശരിക്കും പറഞ്ഞാല്‍ എനിക്കൊന്നും തന്നെ ഒറ്റയ്ക്ക് ചെയ്യാന്‍ ആകില്ല എന്ന യാഥാര്‍ത്ഥ്യം,
രാത്രികളില്‍ വയറിനു മുകളില്‍ കിടക്കുന്ന കൈകളുടെ സംരക്ഷണ വലയത്തിന്റെ അഭാവം
ഇതെല്ലാം ആലോചിച്ചപ്പോള്‍ അറിയാതെ തൊണ്ടയില്‍ നിന്നും നിലവിളിക്ക്‌ സമാനമായ ഒരു ശബ്ദം പുറത്തേക്കു വന്നു

 " പകല് കിടന്നു സ്വപ്നം കണ്ടു കരയുന്നോ പെണ്ണേ" ചോദ്യം കേട്ട് കണ്ണ് തുറന്നു നോക്കിയപ്പോള്‍ മുന്‍പില്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ആളെ ഉറുമ്പടക്കം നെഞ്ചോട്‌ ചേര്‍ക്കുമ്പോള്‍ വീണ്ടും " ഞാന്‍ തട്ടിപോകുന്ന വല്ലതും സ്വപ്നം കണ്ടോടി?" എന്ന  ചോദ്യം. കണ്ണില്‍ ഉരുണ്ടു കൂടുന്ന കണ്ണുനീര്‍ കാണാതെ ഇരിക്കാന്‍ ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...