2017, ഓഗസ്റ്റ് 23, ബുധനാഴ്‌ച

ഓർമ്മകൾ ജീവിതത്തിന്റെ നാഡീവ്യൂഹങ്ങൾ ആണത്രേ. ബന്ധങ്ങളും ബന്ധനങ്ങളും എല്ലാം ഓർമ്മകളിലൂടെ ആണ് .എങ്കിലും ചിലപ്പോൾ ചില ഓർമ്മകൾ നമുക്ക് പിടി തരാതെ മാറി നിൽക്കും. ബാക്കിയുള്ള എല്ലാം ഓർമ്മയുള്ളപ്പോഴും ചില മുഖങ്ങളും പേരുകളും പരസ്പരം ചേരാതെ ആദ്യമായി കാണുന്ന അപരിചിതത്വത്തോടെ അകന്നു നിൽക്കും 

ഇരുപത്തഞ്ച് വർഷങ്ങൾക്കു  ശേഷം വന്ന ഒരു മെസ്സേജും ഗ്രൂപ്ഫോട്ടോയും. മുഖങ്ങളും പേരുകളും ഓർത്തെടുക്കാൻ ശ്രമിക്കുന്തോറും അകന്നു പോകുന്നു. ടീചെഴ്സ്  ട്രെയിനിങ്ങിൽ കൂടെ ഉണ്ടായിരുന്നവർ കഴിഞ്ഞ ഡിസംബെറിൽ നടത്തിയ ഗെറ്റ് ടു ഗെദറിന്റെ ഫോട്ടോ , ഏതോ കല്യാണ ആൽബത്തിൽ കണ്ട എന്റെ ഫോട്ടോയുടെ പിറകെ പോയി അന്വേഷിച്ചു നമ്പർ തപ്പിയെടുത്തു അയക്കുമ്പോൾ സാലി ഓർത്തിരിക്കില്ല മറവിയുടെ മാറാലകൾ പടർന്നു കേറിയ കാര്യം. രണ്ടു വർഷം  ഒരുമിച്ചു പഠിച്ചവർ ചേർത്തൊരു ഗ്രൂപ്പ് ഉണ്ടാക്കി അതിലേക്ക് എന്നെ ചേർക്കുമ്പോൾ അറിയാത്ത ആളുകളുടെ മുന്നിൽ ചെന്ന് പെട്ട വൈക്ലബ്യത്തോടെ ഞാൻ മിണ്ടാതിരിക്കുമ്പോൾ " ജാഡ" എന്ന്  പേര് വീഴുമെന്നു ഓർക്കുമ്പോൾ ഞാൻ വീണ്ടും വീണ്ടും എന്റെ ഓർമ്മചില്ലുകൾ തേച്ചു മിനുക്കുന്നു 

നഴ്സറി ക്ലാസിനു പിറകിലെ സപ്പോട്ട മരങ്ങളും . ഖദീജ ടീച്ചറുടെ അറബി ക്ലാസ്സിൽ മറ്റെല്ലാവരും കളിയ്ക്കാൻ പോകുമ്പോൾ ഇടത്തോട്ട് എഴുതുന്നതിന്റെ രസം അറിയാൻ വേണ്ടി പനമ്പ് കൊണ്ട് മറച്ച മണ്ണിട്ട ഒന്നാം  ക്ലാസ് മുറിയും സ്കൂളിലേക്കു പോകുന്ന വഴികളും തോടും പുഴയും പുല്ലും എല്ലാം ഓർമ്മയിലേക്ക് തള്ളി കയറുന്നുണ്ട്. 

കോലൈസ് വാങ്ങി രാവുണ്ണി മാഷെ കണ്ടപ്പോൾ ചെടികൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ച്  മാഷ് പോയ ശേഷം ഐസ് തിരഞ്ഞു നോക്കിയപ്പോൾ നനഞ്ഞ  മണ്ണിൽ  കിടക്കുന്ന കോലു കണ്ടു സങ്കടപ്പെട്ടതും , എൽ പി സ്കൂളിലേക്കു കേറി പോകുന്ന പടികളും ഹൈസ്കൂൾ ക്ലാസ്സിലും ആ സ്കൂളിലും പഠിച്ചവരെയും കോളേജിൽ കൂടെ പഠിച്ചവരെയും ഒക്കെ ഓർമ്മ വരുന്നുണ്ട് വളരെയധികം വ്യക്തതയോടെ, പേരും നാടുമടക്കം . 

ട്രെയിനിങ് കാലത്തേ പല കാര്യങ്ങളും ഓർമ്മയുണ്ട് . ആ ഓർമ്മകളിൽ മുഖങ്ങൾക്ക് പേരുകൾ കിട്ടുന്നില്ല. പേരുകൾ കിട്ടുന്നവരുടെ മുഖങ്ങൾ ചേരുന്നില്ല ..

ആരായിരിക്കാം അല്ലെങ്കിൽ എന്തായിരിക്കാം എന്റെ ഓർമ്മച്ചെപ്പിൽ നിന്നും രണ്ടു  വർഷം മുറിച്ചു മാറ്റിയത്.  ട്രൂകാളർ തരുന്ന ഐഡന്റിറ്റി നോക്കി  ഓരോരുത്തരെയും തിരിച്ചറിയാൻ നോക്കുമ്പോഴും വല്ലാത്തൊരു വാശിയോടെ പിണങ്ങി നിൽക്കുകയാണ് എന്റെ ഓർമ്മ.  വാട്ട്സ് ആപ്പിലെ പ്രൊഫൈൽ പിക്ചർ നോക്കി കണ്ടു പിടിക്കാനുള്ള ശ്രമവും വിഫലമായിരിക്കുന്നു. കുട്ടികളുടെ അല്ലെങ്കിൽ ദൈവത്തിന്റെ അതുമല്ലെങ്കിൽ മറ്റേതെങ്കിലും ഫോട്ടോ വെച്ച് മറക്കപ്പെട്ടിരിക്കുന്നു എല്ലാം എന്റെ ഓർമ്മയെന്ന പോലെ. ബുദ്ധിയുറക്കാത്ത പ്രായത്തിൽ കണ്ടവരെ ഓർക്കുമ്പോഴും ഇരുപത് വയസ്സിൽ ബുദ്ധിയുറച്ച സമയത്തു കണ്ടവരെ ഓർത്തെടുക്കാൻ പറ്റാത്ത വിധംപക്ഷപാതപരമായി പെരുമാറുന്ന എന്റെ ഓർമ്മയുമായി പക്ഷാഘാതം വന്നത് പോലെ ഒന്നും ചെയ്യാനാവാതെ ഞാൻ ഇരിക്കുകയാണ്. 

ഓർമ്മകൾ ഉണ്ടായിരിക്കണം ..ഒരു ചില്ലു ക്കണ്ണാടിയിൽ എന്ന പോലെ അത് തെളിഞ്ഞു നിൽക്കണം. ഇല്ലെങ്കിൽ മിണ്ടാനും പറയാനുമാകാതെ ഒരു പൂച്ചക്കുഞ്ഞിനെ പോലെ ഒളിഞ്ഞിരിക്കേണ്ടി വരും.

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...