2011, നവംബർ 22, ചൊവ്വാഴ്ച

തലാഖ്


മൂന്നക്ഷരം ...പത്തു വര്‍ഷത്തെ ജീവിതം..മൂന്നു കുട്ടികള്‍ ...ഇതെല്ലാം ഒരു മൂന്നക്ഷരത്തില്‍ തീരുന്ന ബന്ധങ്ങളോ?
സുബൈദക്കു അപ്പോഴും ഒന്നും മനസിലായില്ല ..എന്താണ് താന്‍ ചെയ്ത തെറ്റ് എന്നു..
അടുക്കളയിലേക്കു പോകുമ്പോള്‍ മുന്നിലെ വാതില്‍ അടക്കാതിരുന്നതോ..
അതോ ആരോ വീടിനുള്ളില്‍ കേറി എന്ന സംശയത്തില്‍ ആളുകളെ വിളിച്ചു കൂട്ടിയതോ?
അടുക്കളയില്‍ കുക്കെര്‍ വിസില്‍ കേട്ടാണ് നിലം തുടച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അകത്തേക്ക് പോയത്..
തിരിച്ചു വന്നപ്പോള്‍ തുടച്ചിട്ട നിലത്തു കാല്പാടുകള്‍ കണ്ടാണ്‌ ആളുകളെ വിളിച്ചു കൂട്ടിയത്..
ആളുകള്‍ വന്നു നോക്കിയപ്പോള്‍ കാണാതിരുന്ന ആള്‍ താന്‍ വാതിലടച്ചു കഴിഞ്ഞപ്പോള്‍ മുകളില്‍ വെച്ചിരുന്ന ഫ്രിഡ്ജിന്റെ ബോക്സില്‍ നിന്നും 
ചാടിയിറങ്ങുന്നത് കണ്ടു താന്‍ നിലവിളിക്കാന്‍ ഒരുങ്ങിയതല്ലേ ..പക്ഷെ പേടി കൊണ്ട് ശബ്ദം പുറത്തേക്കു വന്നില്ല..അതിനെക്കാള്‍ വേഗത്തില്‍ അയാള്‍ തന്റെ കഴുത്തില്‍ കത്തി വെച്ച് സ്വര്‍ണം മുഴുവന്‍ അഴിച്ചു വാങ്ങുകയും പുറത്തേക്കു ഓടുകയും ചെയ്തില്ലേ..
കാലുകള്‍ക്ക് ചലനം വെച്ചപ്പോള്‍ ആദ്യം ചെയ്തത് പുറത്തേക്കു ഓടി ആളുകളെ വിളിച്ചു കൂട്ടുകയല്ലേ 
എന്നിട്ടും നിഷ്കരുണം മൂന്നക്ഷരത്തില്‍  ബന്ധം വേണ്ടാന്ന് വെച്ചു..പത്തു വര്ഷം തന്റെ  ചൂടും ചൂരും അറിഞ്ഞവന്‍,, തുടിപ്പും കിതപ്പും അറിഞ്ഞവന്‍..
എല്ലാം സഹിക്കാമായിരുന്നു , പക്ഷെ മൊഴി ചൊല്ലാന്‍ പറഞ്ഞ കാരണം..
" നീ വിളിച്ചു കേറ്റിയത് ആകും,ആളുകള്‍ അറിഞ്ഞു എന്നായപ്പോള്‍ ഒരു കഥ ഉണ്ടാക്കി"
 തന്റെ  സ്ത്രീത്വത്തെ തന്നെ ചോദ്യം ചെയ്തു കളഞ്ഞു..
തന്റെ മടിയില്‍ ഉറങ്ങുന്ന മകളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ സുബൈദയുടെ കണ്ണുകള്‍ വീണ്ടും നിറയാന്‍ തുടങ്ങി ..
മറ്റൊരു സ്ത്രീ ജന്മം ..ആളുകള്‍ക്ക് കുറ്റപ്പെടുത്താനും പഴി ചാരാനും ആയി..വീതം വെച്ചപ്പോള്‍ ആണ്‍കുട്ടികളെ രണ്ടിനെയുമെടുത്തു പെണ്‍കുട്ടിയെ തനിക്കു തന്നു..
പെണ്ണിന്റെ ഭാരം ചുമക്കാന്‍ ആര്‍ക്കും വയ്യല്ലോ..

2011, നവംബർ 15, ചൊവ്വാഴ്ച

എന്റെ ആകാശം


മോഹങ്ങള്‍ തീരാത്ത മനസിന്റെ വേദന അറിയണോ ചലനമറ്റ എന്റെ നെഞ്ചോട്‌ ചെവി ചേര്‍ത്ത് വെക്കു
എന്റെ ചിറകുകള്‍ക്ക് വിലങ്ങായി, കാലുകള്‍ക്ക് തടസ്സമായി
ആകാശത്തിനു നെടുകയും കുറുകയും വൈദ്യുത കമ്പികളും മൊബൈല്‍ ടവെരുകളും നിറച്ചു വെച്ച നിങ്ങള്‍ അറിയണം ആ വേദന
കാറ്റിനെക്കാള്‍ വേഗത്തില്‍ ചിറകു വിടര്‍ത്തി പറക്കാന്‍ മോഹിച്ച ഞാന്‍ കമ്പികളില്‍ തൂങ്ങി  കിടക്കുന്നത്  നിങ്ങള്‍ എന്റെ ആകാശം തട്ടിയെടുത്തത് കൊണ്ടല്ലേ..എനിക്കെന്റെ ആകാശം തിരിച്ചു വേണം..ചേക്കേറാന്‍ ചില്ലകളും
പാമ്പുകള്‍ക്ക് മാളവും പറവകള്‍ക്ക് ആകാശവും ഉടയതമ്പുരാന്‍ വീതം തന്നതാണ്
മാളങ്ങള്‍ കൊത്തി മറിച്ചു കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ പണിതു..ആകാശത്ത് വിലങ്ങുകള്‍ തീര്‍ത്തു..
മനസ്സ് വിങ്ങുന്നു...ആ വിങ്ങല്‍ അറിയാന്‍ എന്റെ നെഞ്ചോട്‌ ചേര്‍ന്നു നില്‍ക്കൂ..
എല്ലാം നഷ്ടപെട്ടവന്റെ വേദന അത് വര്‍ണ്ണിക്കാന്‍ വാക്കുകള്‍ക്കാവില്ല..

2011, നവംബർ 4, വെള്ളിയാഴ്‌ച

ഓര്‍മയില്‍ പൂക്കുന്ന ഇലഞ്ഞി


"ചെറുവണ്ണൂര്‍‍, ചെറുവണ്ണൂര്‍‍ " ..
ചെറുതായി പെയ്യുന്ന മഴയുടെ സുഖത്തില്‍  മയങ്ങി പോയ ഞാന്‍ഞെട്ടി ഉണര്ന്നു പുറത്തേക്കു നോക്കി..ബസ്‌ സ്റ്റോപ്പിനു അപ്പുറത്ത് നിറയെ കായ്ച്ചു നില്ക്കുന്ന ഇലഞ്ഞി മരം..പച്ചയും മഞ്ഞയും നിറത്തില്‍ കായ്കള്‍
 ഇലഞ്ഞി പൂക്കളുടെ മണം എന്റെ മൂക്കിലും കായ്കളുടെ രസം എന്റെ നാവിലും ഞാന്‍ അറിയാതെ തന്നെ വന്നു നിറഞ്ഞു..ഇലഞ്ഞി എന്നെ കൊണ്ട് പോയത് എന്റെ ബാല്യകാലത്തിലേക്ക് ആണ്..
പ്രായത്തിലും കൂടിയ ബുദ്ധി  ഉണ്ടായതുകൊണ്ടാണോ അതോ പകല്‍എങ്കിലും സ്വൈര്യം  കിട്ടുമെന്ന് കരുതിയത്കൊണ്ടാണോ എന്നറിയില്ല , നാലാം വയസില്‍തന്നെ എന്നെ സ്കൂളില്‍ കൊണ്ട് ചെന്നാക്കി..(അന്നൊക്കെ ആറാം വയസില്‍ആണ് കുട്ടികളെ സ്കൂളില്‍ചേര്‍ത്തിരുന്നത്)..
എന്നെ സ്കൂളില്‍കൊണ്ട് പോകുന്നതും കൊണ്ടുവരുന്നതും രണ്ടു ചേച്ചിമാരുടെയും കുഞ്ഞേട്ടന്റെയും അവരുടെ സുഹൃത്തുക്കളുടെയും ഒരു വലിയ തലവേദന ആയിരുന്നു.. 
വീട്ടില്‍‍ അറിയിക്കാതെ അവര്‍  ചെയ്യുന്ന കുരുത്തക്കേടുകള്‍ കൃത്യമായി വീട്ടില്‍ അറിയിക്കുകയും അതിനുള്ള ക്വാട്ട വാങ്ങിച്ചു കൊടുക്കുകയും ചെയ്യുന്നതായിരുന്നു എന്റെ ഏറ്റവും വലിയ വീരകൃത്യം.:).
സ്കൂളിലേക്ക് പോകുന്നത് നടന്നായിരുന്നു..വലിയ പാടങ്ങള്‍ കടന്നു, തോടുകള്‍ ചാടി, കുന്നു കേറി ഏതാണ്ട് ഒരു കിലോമീറ്റര്‍ നടക്കാന്‍ ‍ഉണ്ടായിരുന്നു സ്കൂളിലേക്ക് ..പോകുമ്പോള്‍ നല്ല കുട്ടികള്‍ ആയി പോയിരുന്നവര്‍തിരിച്ചു വരുമ്പോള്‍ കുട്ടികുരങ്ങന്മാരെ പോലെ മറ്റുള്ളവരുടെ പറമ്പിലും പാടത്തിലും ഒക്കെ കേറി ഇലഞ്ഞിയും ബബ്ലൂസും ഒക്കെ പറിച്ചു ഒരു സമയം ആകുമ്പോള്‍ ആണ് വീട്ടിലെത്തുക.നേരം വൈകിയതിന്റെ കാരണം ഞാന്നടക്കാത്തത് ആണ് എന്ന് എന്റെ തലയില്വെച്ച് കെട്ടുകയും ചെയ്യും..:(
അങ്ങനെ ഒരു ദിവസം വേലികെട്ടി ഭദ്രമായി സൂക്ഷിച്ച കുഞ്ഞെപ്പു ചേട്ടന്റെ തോട്ടത്തില്‍ വലിയ ഇലഞ്ഞി മരം ഉണ്ടെന്നും അതില്‍ നിറയെ കായ്കള്‍ ഉണ്ടെന്നും ഉള്ള വിവരം  കിട്ടി. ഒറ്റക്കുഴല്‍തോക്ക് ഉള്ള ചേട്ടന്റെ തോട്ടത്തില്‍ സാധാരണ ആരും കയറാറില്ല.. ഒരു വൈകുന്നേരം എല്ലാരും കൂടെ തോട്ടത്തില്‍ കയറി..നിറയെ കായ്ച്ചു നില്ക്കുന്ന വലിയ ഇലഞ്ഞി മരം ..അവര്‍ കല്ലെറിഞ്ഞു വീഴ്ത്തുന്ന കായകള്‍ പെറുക്കിയെടുക്കുന്ന ജോലി ആയിരുന്നു എനിക്ക്..അവിടെയും ഇവിടെയും തെറിച്ചു വീഴുന്ന കായ്കള്‍ മടക്കി പിടിച്ച ഉടുപ്പിലേക്ക് പെറുക്കി ഇട്ടു കൊണ്ടിരിക്കുമ്പോള്‍ ആരെടാ അവിടെ തോട്ടത്തില്‍ " എന്ന ഒരലര്‍ച്ച ..
കല്ലെറിഞ്ഞവര്‍ എല്ലാം ഓടിപോയി..താഴെ വീണു കിടക്കുന്ന കായകള്‍ ഇട്ടുപോകാന്‍ ഉള്ള മടിയില്‍ഞാന്‍ അത് പെറുക്കാന്‍ നിന്നു ..ഒരു കായ്പെറുക്കാന്‍ കുനിഞ്ഞപ്പോള്‍ അതിനടുത്തു രണ്ടു കാല്‍പാദങ്ങള്‍..മുഖമുയര്‍ത്തി നോക്കിയപ്പോള്‍ കുഞ്ഞെപ്പു ചേട്ടന്‍‍ ..തോളില്‍തോക്ക്..
 " നീ പുതിയ വീട്ടിലെ കുട്ടി അല്ലെ"
"ങ്ങും"
"സ്കൂള്‍വിട്ടാല്‍ വീട്ടില്‍ പോകാതെ കണ്ടിടത്തൊക്കെ നടക്കണോ, വേഗം വീട്ടില്‍ പോയെ "
കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ഓടി..കുന്നിറങ്ങി താഴെ വന്നപ്പോള്‍അവിടെ ചേട്ടന്മാരും ചേച്ചിമാരും കൂടെ കൂലങ്കഷമായ ചര്‍ച്ച ആണ്.
ഞാന്‍ ഇല്ലാതെ എങ്ങനെ വീട്ടില്‍ പോകും , എന്നെ വെടി വെച്ച് കൊന്നു കാണുമോ അതോ വീട്ടിലേക്കു പിടിച്ചു കൊണ്ട് പോയിരിക്കുമോ എന്നൊക്കെ ..
ഇറങ്ങി വന്ന എന്നെ ഓടി വന്നു പിടിച്ചു കുഞ്ഞേട്ടന്‍ " നിനക്കൊന്നും പറ്റിയിലല്ലോ"
തോളില്വെച്ച കൈ കുടഞ്ഞു മാറ്റി ഞാന്‍ഉടുപ്പില്‍ പെറുക്കി കൂട്ടിയ ഇലഞ്ഞി കായ എടുത്തു തിന്നു മുന്നോട്ടു നടന്നു..
" നീ വീട്ടില്‍ പോയി ഇതൊന്നും പറയരുത് കേട്ടോ, നാളെ നിനക്ക് ഞാന്‍ കടലമിട്ടായി വാങ്ങി തരാം"
പ്രലോഭനം..ങ്ങും
കടലമിട്ടായി കിട്ടുന്ന കാര്യമോര്‍ത്തു ഞാന്‍ ഒന്നും വീട്ടില്‍ പറഞ്ഞില്ല
മണ്ണെണ്ണ വിളക്കില്‍‍ പറന്നു വീഴുന്ന ഈയാംപാറ്റകളെ നോക്കി ഇരിക്കുമ്പോള്‍ ആണ് അച്ഛന്‍ കടയില്‍ നിന്ന് വന്നത്.
വേഗത്തില്‍ അകത്തേക്ക് കടക്കുന്നതിനിടയില്‍ ഇറയില്‍ വെച്ച ചൂരല്‍ വലിച്ചെടുക്കുന്നതും കണ്ടു
" നീ ഒക്കെ സ്കൂളില്‍ പോകുന്നത് പഠിക്കാനോ അതോ കക്കാനോ" എന്നാ ചോദ്യവും ചൂരല്‍ വായുവില്‍ ഉയരുന്ന ശബ്ദവും കേട്ടു..അത് കേട്ട് എനിക്ക് കരച്ചില്‍ വന്നു..അവര്‍ക്ക് അടി കിട്ടിയതിനല്ല  ..
എന്റെ വിഷമം മുഴുവന്‍ പിറ്റേന്ന് കിട്ടാത്ത കടല മിട്ടായിയെ കുറിച്ച് ഓര്‍ത്തായിരുന്നു..
(വായനക്കാരുടെ അറിവിലേക്ക് - സത്യമായിട്ടും ഞാന്‍ അല്ല അന്ന് ഈ വിവരം അച്ഛനെ അറിയിച്ചത് ..ആ ചേട്ടന്‍ ആയിരുന്നു )

************************************

അടിക്കുറിപ്പ് : എന്റെ ദയ കൊണ്ട് മുടങ്ങാതെ കുഞ്ഞേട്ടന് കിട്ടേണ്ട ക്വാട്ട കിട്ടികൊണ്ടിരുന്നെങ്കിലും ഒരു ഈര്‍ഷ്യയോ ദേഷ്യമോ ആരുടെ മനസിലും ഉണ്ടായിരുന്നില്ല..ഇന്നും നാല് ദിവസം തുടര്‍ച്ച ആയി എന്റെ വിവരമൊന്നുമറിയാതെ ഇരുന്നാല്‍ അപ്പോള്‍ വിളിക്കും എവിടെ ആടി, നിന്റെ അനക്കമില്ലലോ എന്ന് ചോദിച്ചു .അതെ സമയം ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് ഇതിനെക്കാള്‍ ചെറിയ കാര്യങ്ങളില്‍ പോലും വൈരാഗ്യം ആയി ഈഗോ ആയി..പരസ്പരം സംസാരിക്കാന്‍ പോലും പറ്റാത്തവര്‍ ആകുന്നു..


കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...