2012, മാർച്ച് 20, ചൊവ്വാഴ്ച

വിഭ്രാന്തി

പുറത്തു കത്തിയുരുകുന്ന മീനസൂര്യന്‍.തിളയ്ക്കുന്ന പകലിലും മുറിയില്‍ അരിച്ചു കയറുന്ന തണുപ്പ്. കനത്തു നില്‍ക്കുന്ന നിശബ്ദതക്കിടയില്‍  കേള്‍ക്കുന്ന എന്റെതല്ലാത്ത നിശ്വാസം.വാതിലിനിടയിലും അലമാരിയുടെ വിടവിലും  ഒളിച്ചു കളിക്കുന്ന നിഴലുകള്‍. ഒരു കയ്യെത്തും അകലത്തു തന്നെ നീ ഉണ്ടെന്നു എന്നെനിക്കറിയാം . കാലൊന്നിടറിയാല്‍, ഒന്ന് വീണാല്‍ നിന്റെ കയ്യിലെ കയര്‍ എന്റെ കഴുത്തില്‍ കുരുങ്ങുമെന്നും അറിയാം. എങ്കിലും എനിക്ക് ഭയമില്ല.
ചെയ്തു  തീര്‍ക്കാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ട്. കാലുകള്‍ ഇടറാതെ അതിനു വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ വീഴ്ച കാത്തു നില്‍ക്കുന്ന നിന്നെ കാണുമ്പോള്‍ എനിക്ക് ചിരിക്കാന്‍ തോന്നുന്നു. ആ ചിരി പൊട്ടിച്ചിരി ആയി,അട്ടഹാസമായി പിന്നെ ദൈന്യതയാര്‍ന്ന തേങ്ങല്‍ ആയി ഒതുങ്ങുമ്പോള്‍ ഘനീഭവിച്ച നിന്റെ മുഖത്തെ ചിരി ഒന്നു കൂടെ വിടരുന്നു.
ചിരിക്കുന്ന നിന്റെ മുഖം കാണുമ്പോള്‍ എന്നിലെ അമര്‍ഷം, ഒരു അഗ്നിപര്‍വതം പോലെ പൊട്ടുമ്പോള്‍ പുഞ്ചിരിയോടെ   ആ കയര്‍ കയ്യിലെടുത്തു എന്റെ നേര്‍ക്ക്‌ നീ നോക്കുമ്പോള്‍ ഉറച്ചു പോയ കാലുകള്‍ വലിച്ചെടുത്തു എന്റെ ലക്ഷ്യത്തിലേക്ക് പ്രയാണം തുടരുന്നു. ഇനിയും നമുക്ക് ഈ തൊട്ടുകളി തുടരാം. കളി മതിയാക്കണം എന്ന് എനിക്ക് തോന്നുന്നതുവരെ. 

2012, മാർച്ച് 12, തിങ്കളാഴ്‌ച

നളപാചകം




ഇന്നലത്തെ പ്രാതല്‍ സിദ്ദുവിന്റെ വക ആയിരുന്നു. ചട്നിയുടെ അരികില്‍ വെച്ചിരിക്കുന്ന പുതിന ഇല എന്തിനാ എന്ന് ചോദിച്ചപ്പോള്‍ " ഉണ്ടാക്കിയത് നന്നായില്ലെങ്കിലും സെര്‍വ് ചെയ്യുനത് ഭംഗിയില്‍ ആക്കണം എന്നാണ് ഈസി കുക്കിലെ തടിയന്‍ പറഞ്ഞത്. അമ്മ ടേസ്റ്റ് ചെയ്തു നോക്കു എന്നിട്ട് പറ"
ഉപ്പും മുളകും പാകത്തിന് ആയാല്‍ വെക്കുന്ന ആള്‍  കയ്പുണ്യം ഉള്ള പാചകക്കാരന്‍ ആയിരിക്കും - എന്റെ അമ്മയുടെ സിദ്ധാന്തം ആണ്. രുചിച്ചു നോക്കി ഉപ്പും മുളകും എല്ലാം പാകത്തിന്. ചട്നിക്ക് ഒരു പ്രത്യേക സ്വാദ്.
"നീ ഇതില്‍ എന്തൊക്കെ ആണ് ചേര്‍ത്തത്?"
"secret recipe  അമ്മാ പറയില്ലാ"
അടുക്കളയില്‍  ഒരെത്തിനോട്ടം നടത്തിയപ്പോള്‍ എനിക്ക് രഹസ്യ ചേരുവകള്‍ എല്ലാം മനസിലായി.
"എന്തായാലും എന്താ, സംഭവം ടോപ്‌ അല്ലേ അമ്മാ"
അവനെ NDA യില്‍ ചേര്‍ത്ത് ബ്രിഗേഡിയര്‍ ജനറല്‍ ആക്കാമെന്ന് സ്വപ്നം കാണുന്ന എനിക്ക് അതൊന്നും ആയില്ലെങ്കിലും പട്ടാളത്തില്‍ കുക്ക്  എങ്കിലും ആകുമെന്ന് ഉറപ്പായി . അച്ചന്റെ മോന്‍ തന്നെ. അങ്ങനെ പറയാന്‍ കാരണമുണ്ട്. അതിനു കുറച്ചു കാലം പിറകോട്ടു പോകണം.

കല്യാണത്തെ കുറിച്ച് സ്വപ്നം കാണുകപോലും ചെയ്യാതെ, കല്യാണം കഴിക്കണം എന്ന ആഗ്രഹം പോലും മനസ്സില്‍ വിടരാതെ എടുപിടീന്ന് നടന്ന കല്യാണം  ആയിരുന്നു എന്റേത്. അമ്മ , എട്ടതിയമ്മമാര്‍, ചേച്ചി വീട് നിറയെ ആളുകള്‍ ഉണ്ടായിരുനന്തുകൊണ്ട് അടുക്കള എന്റെ ലോകമേ അല്ലായിരുന്നു. അതുകൊണ്ട് പാചകം എന്ന കലയില്‍ ഞാന്‍ വട്ടപൂജ്യം. വാശി, കുറുമ്പ്, ദേഷ്യം ഇതൊക്കെ ഇത്തിരി കൂടുതല്‍ അന്നെന്നും അടുക്കള കാര്യങ്ങളില്‍ വട്ട പൂജ്യം അന്നെന്നും ഒക്കെ കല്യാണ പിറ്റേന്ന് തന്നെ എട്ടതിയമ്മ പറഞ്ഞു കൊടുത്തിരുന്നു. അതൊക്കെ പഠിക്കുകയല്ലേ ചെയ്യുക എന്ന കണവന്റെ മറുപടിയുടെ ആത്മവിശ്വാസത്തില്‍ ആണ് കെട്ടിക്കഴിഞ്ഞു
ആറാം ദിവസം ആന്ധ്രയിലേക്ക്  വണ്ടി കയറിയത്.
 ചെന്ന് ഇറങ്ങിയത് രാജമുണ്ട്രിയില്‍. പച്ചപ്പ്‌ എന്ന് പറയാന്‍ ITC യുടെ നീണ്ടുകിടക്കുന്ന പുകയില പാടം. അവിടെ ഇവിടെ ആയി ചില മരങ്ങള്‍, പനകള്‍, തെങ്ങുകള്‍. മണ്ണിനു മാത്രം അല്ല അവിടുത്തെ അന്തരീക്ഷത്തിനു മൊത്തം ഒരു ഉണക്ക മണം. വീട്ടില്‍ നിന്നും വിട്ടു പോന്നതിന്റെ വിഷമം ഈ സ്ഥലം കണ്ടപ്പോള്‍ കൂടുതല്‍ ആയി. എത്തിയതിന്റെ പിറ്റേന്ന് തിങ്കളാഴ്ച. രാവിലെ ഏഴുമണിക്ക് ഓഫീസില്‍ പോകുന്നതിന്റെ മുന്പായി കണവന്‍ പോയി മീന്‍ വാങ്ങിച്ചു വന്നു.കാവും അമ്പലവും ഒക്കെ ഉള്ള എന്റെ വീട്ടില്‍ മല്സ്യമാംസം ഒന്നും തന്നെ ഉപയോഗിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ മീനിനെ പറ്റി ഒരു കുന്തവും അറിയില്ല. പൂര്‍ണ സസ്യഭുക്കായ എനിക്ക് അതിന്റെ മണം അടിച്ചപ്പോള്‍ തന്നെ കുടലെടുത്തു മറിക്കുന്ന പോലെ. നന്നാക്കാന്‍ അറിയാമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് പറഞ്ഞു. കഴുകി വൃത്തിയാക്കി തരുമ്പോള്‍ അടുത്ത  ചോദ്യം
" വെക്കാന്‍ ഒക്കെ അറിയാല്ലോ അല്ലേ "
"ഇല്ല "
"പറഞ്ഞു തരാം അതുപോലെ ഉണ്ടാക്കി വെച്ചാല്‍ മതി"
പാചകവിധികള്‍ എക്സ്പ്രസ്സ്‌ സ്പീഡില്‍ പറഞ്ഞു പുള്ളി പോയി
ഉച്ചക്ക് കൃത്യസമയത് തന്നെ പുള്ളി എത്തി. വന്നു ഫ്രഷ്‌ ആയി അടുക്കളയിലേക്കു. ചോറ് കലത്തിന്റെ അടുപ്പ് മാറ്റി നോക്കി ഒരു ചോദ്യം
" ഇതെന്താ പോസ്റ്റര്‍ ഒട്ടിക്കാന്‍ ഉണ്ടാക്കിയതാണോ?"
അടുത്തത് മീന്‍ കറിയുടെ പാത്രം. ഒരു ചെറിയ വട്ടചെമ്പില്‍ നിറയെ ചുവപ്പ് കളറില്‍ ചാലിയാറിലെ വെള്ളം പോലെ ഒരു വെളളവും അതിന്റെ മുകളില്‍ കൊമ്പ് നാട്ടിയ പോലെ നില്‍കുന്ന മീന്‍ മുള്ളും മുകളില്‍ പറന്നു കിടക്കുന്ന എണ്ണയും. ചോദ്യത്തിന് പകരം ഒരു നോട്ടം. ആദ്യത്തെ ചോദ്യത്തില്‍ തന്നെ കണ്ണില്‍ ഉറവ പൊട്ടാന്‍  തുടങ്ങിയ വെള്ളം ആ നോട്ടത്തോടെ നയാഗ്ര വെള്ള ചാട്ടം പോലെ പുറത്തേക്കു.( ഇപ്പോള്‍ ആണെങ്കില്‍ ഒന്ന് കരയണം  എന്ന് വെച്ചാല്‍  പോലും ഒരു തുള്ളി കണ്ണ്  നീര്‍ വരില്ല. ആഗോളതാപനം കൊണ്ട് ഉറവയെല്ലാം വറ്റിപോയോ എന്തോ?)മീന്മണം അടിച്ചു ചര്ദിക്കാതെ ഇരിക്കാന്‍ തോര്‍ത്തുകൊണ്ട് മൂക്ക്  കെട്ടി കറി ഉണ്ടാക്കിയതിന്റെ കഷ്ടപാട് അങ്ങേര്‍ക്കു അറിയിലല്ലോ.
മുന്കോപി ആണെന്ന് എല്ലാരും പറഞ്ഞ ഒരാളുടെ ഏറ്റവും മൃദുവായ ഒരു ഭാവം അന്ന് ഞാന്‍ കണ്ടു ആദ്യം ആയി. തോളില്‍ പിടിച്ചു പതുക്കെ ചോദിച്ചു "നീ ഇതുവരെ എന്തെങ്കിലും ഉണ്ടാക്കിയിടുണ്ടോ"
"ഇല്ല"
" എങ്കില്‍ അത് പറയാതിരുന്നത് എന്താണ്? എനിക്ക് ദേഷ്യം കുറച്ചു കൂടുതല്‍ ആണ് എന്നാലും കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകും. നിനക്ക് അറിയാത്തത്, ഇഷ്ടമില്ലാത്തത്, ഇഷ്ടമുള്ളത് എല്ലാം പറയാം, പറയണം"
(ഈ ഒരു സ്വാതന്ത്ര്യം അന്ന് തന്നതിനെ പറ്റി  ഇപ്പോള്‍ ഇടയ്ക്കു പരിതപിക്കാറുണ്ട് പാവം.:)..)
ഒറ്റയ്ക്ക് വളര്‍ന്നതുകൊണ്ട് തന്നെ ഒന്നാതരം കുക്ക് ആയിരുന്നു പുള്ളി. എന്റെ പാചകഗുരുവും. ഇപ്പോള്‍ വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ എല്ലാവരും ഭക്ഷണത്തെ കുറിച്ച് നല്ലത് പറയുമ്പോള്‍ വീട്ടില്‍ കേള്‍ക്കുന്നത്  " ഉണ്ടാക്കാന്‍ പഠിപ്പിച്ചത് ആരാ എന്ന് ചോദിക്ക് പിന്നെങ്ങനെ നന്നാകാതിരിക്കും"
പക്ഷെ ഇന്നും മീനിനോടുള്ള എന്റെ ഇഷ്ടക്കേട് പോയിട്ടില്ല. മീന്‍ മണം അടിച്ചാല്‍ ഇപ്പോഴും കുടലടക്കം പുറത്തേക്കു വരും.  

2012, മാർച്ച് 3, ശനിയാഴ്‌ച

ചില പരീക്ഷ ചിന്തകള്‍

സിദ്ദുവിന് ഇന്ന് പത്താം ക്ലാസ്സ്‌ പരീക്ഷ തുടങ്ങി. ആദ്യ ദിവസം തന്നെ കണക്ക് ആണ്.

കഴിഞ്ഞ വർഷം  അവന്‍ "amma  I  hate  maths " എന്ന്  പറയുമ്പോള്‍ ഒക്കെ  ഞാന്‍ സ്ഫടികത്തിലെ തിലകന്റെ ഡയലോഗ് എടുത്തു വീശുമായിരുന്നു
പിന്നീടു പിന്നീടു ചൂണ്ടുവിരല്‍ ഉയര്‍ത്തുമ്പോള്‍ തന്നെ അവന്‍ പറയും " മനസിലായി മുഴുവന്‍ പറയണ്ട". ഇപ്പോള്‍ കണക്ക് അവനു ഏറ്റവും ഇഷ്ടമുള്ള വിഷയം ആയി മാറിയതിനു നന്ദി പറയേണ്ടത് ചിന്മയ സ്കൂളിലെ ഗിരിജ ടീച്ചറിനോട് ആണ്.

അവനും ഞാനും കണക്കും തമ്മില്‍ ഒരു തരത്തിലും ഒന്നിച്ചു പോകില്ല എന്ന് മനസിലായപ്പോള്‍ ആണ് ട്യൂഷൻ  കൊടുക്കുന്നതിനെ കുറിച്ച് ആലോചിച്ചത്
കളിക്കാനുള്ള സമയം അതിനുവേണ്ടി പോകും എന്നതുകൊണ്ട്‌ ആദ്യം  അവനു ട്യൂഷൻ എന്നത് ചതുര്‍ഥി ആയിരുന്നു. എങ്കിലും കണക്ക് അവനെ പിന്നോട്ട് കൊണ്ട് പോകുന്നതിനെക്കുറിച്ച്  ബോധം ഉണ്ടായപ്പോള്‍ അമ്മ ടീച്ചറെ നോക്കിക്കോളുട്ടോ എന്ന പറഞ്ഞപ്പോള്‍ , ട്യൂഷൻ  സെന്റെരുകളിലെ കുട്ടികളുടെ ആധിക്യവും  വ്യക്തിപരമായി ശ്രദ്ധ കിട്ടില്ല എന്നതും ഇവന്  ക്ലാസ്സ്‌ എടുക്കാന്‍ വേണ്ടി മാത്രം ആയി ഒരാളെ കിട്ടാനുള്ള ഒരു പാട് അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ ആണ് ഒരു ടീച്ചറെ ഒത്തുകിട്ടിയത്. അത് എല്ലാ തരത്തിലും നന്നായി. ഇപ്പോള്‍ കണക്കിനെ വെറുത്തിരുന്ന അവനെ വിളിച്ചു  ക്ലാസ്സിലെ മറ്റുകുട്ടികള്‍  സംശയം തീര്‍ക്കുമ്പോള്‍ അതിന്റെ ഫുള്‍ ക്രെഡിറ്റും ടീച്ചര്‍ക്ക്‌ തന്നെ ആണ്.

ഞാന്‍ ഒരിക്കലും ഒരു പരീക്ഷാക്കാല  അമ്മ ആയിരുന്നില്ല. ഫ്രൂട്ട് ജൂസും ബൂസ്ടുമായി ഞാന്‍ അവനു കൂട്ടിരുന്നിരുന്നില്ല. പഠിക്കെടാ എന്നും പറഞ്ഞു അവന്റെ തലയില്‍ കേറാറില്ല.  ഇന്നലെ വൈകുന്നേരവും ഫുട്ബോള്‍ കളിയ്ക്കാന്‍ വിട്ടു. എങ്കിലും രാത്രി 11  മണിവരെയും കാലത്ത് നേരത്തെയും എഴുനേറ്റു അവന്‍ പഠിക്കുമ്പോള്‍ വേദന സംഹാരിയുടെ ബലത്തില്‍ കൂട്ടിരിക്കാന്‍ ഞാന്‍ തയ്യാറാകുമ്പോള്‍ അവന്‍ തന്നെ പറയും " അമ്മ കിടന്നോ, ഞാന്‍ ഒറ്റയ്ക്ക് പഠിച്ചോളും" . എന്റെ പാതി ഞാന്‍ നന്നായി ചെയ്തില്ല എങ്കിലും ദൈവത്തിന്റെ പാതി നന്നായി ചെയ്യാന്‍ ഞാന്‍ സരസ്വതി പൂജ നടത്തി കൈക്കൂലി കൊടുത്തിരിക്കുന്നു.

ഇന്ന് രാവിലെ പോകുന്നതിനു മുന്പായി അവനെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ഒരുമ്മ കൊടുത്തു.എന്നേക്കാള്‍ വലുതായതുകൊണ്ട് കുനിച്ചു നിര്‍ത്തേണ്ടി വന്നു. ഒന്നും പറഞ്ഞില്ല അല്ലെങ്കിലും എന്ത് പറയാന്‍. അച്ഛന്റെ വക ബെസ്റ്റ് ഓഫ് ലക്ക് എന്ന് മൂന്ന് വാക്കുകള്‍   മാത്രം.

                       അവന്‍ പോയി കഴിഞ്ഞപ്പോള്‍ 25 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പരീക്ഷക്കാലം ഓര്‍മയില്‍ വന്നു. മഞ്ഞപിത്തം വന്നു മരണത്തിനും ജീവിതത്തിനുമിടയില്‍ കിടന്നു ഊഞ്ഞാല്‍ ആടുമ്പോഴും  പരീക്ഷ എഴുതാന്‍ കഴിയാതിരുന്നതിന് കരഞ്ഞു കണ്ണുനീര്‍ വറ്റിയ ഒരു പെണ്‍കുട്ടിയെയും ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം അവള്‍ക്കു നഷ്ടപെട്ട ഒരു വര്‍ഷത്തെ ജീവിതവും!!!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...