2014, ഡിസംബർ 31, ബുധനാഴ്‌ച

തിരിഞ്ഞു നോക്കുമ്പോൾ ......

വർഷാവസാനം തിരിഞ്ഞു നോക്കുമ്പോൾ ഓർക്കാൻ ഒരുപാടുണ്ടാകും..
കഴിഞ്ഞ കുറെ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വ്യക്തിപരമായി വേർപാടുകളും വേദനകളും കുറഞ്ഞ ഒരു വർഷം ...
തിരിഞ്ഞു നോക്കുമ്പോൾ ചിരിക്കാനും ചിന്തിക്കാനും ഒരു പാട് ബാക്കി വെച്ച ചില കണ്ടു മുട്ടലുകൾ ,   പാഠങ്ങൾ ,  അത്ഭുതങ്ങൾ , കാഴ്ചകൾ ...
എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോൾ സഹായിച്ച ആരെന്നും എന്തെന്നും അറിയാത്ത കുറെ അപരിചതർ , ദൈവത്തിന്റെ പ്രതിരൂപങ്ങൾ ....ഒരു നന്ദി പ്രകടനത്തിന്  പോലും അവകാശം തരാതെ മറഞ്ഞു പോയവർ ..

 വരുന്നത്  വരുന്നിടത്ത് വെച്ച് കാണുക എന്നതായത്‌ കൊണ്ട് അടുത്ത വർഷം എങ്ങനെ ആയിരിക്കുമെന്ന ആകാംക്ഷ ഒന്നുമില്ല.
എങ്കിലും ഈ ബ്ലോഗിലൂടെ കടന്നു പോയവർക്കും കടന്നു വരുന്നവർക്കും പ്രോത്സാഹിപ്പിച്ച എല്ലാവർക്കും ഒരു നല്ല പുതു വർഷം ആശംസിക്കുന്നു ..





2014, ഡിസംബർ 12, വെള്ളിയാഴ്‌ച

കാലം തെറ്റി വന്നവർ !

മേടചൂടിനെ മഞ്ഞപട്ടുടുപ്പിച്ച കണിക്കൊന്നേ
വൃശ്ചിക പുലരിയിൽ ആരെ തേടി വന്നതാണ് ?
ആരുടെ ശരത്കാല സ്വപ്നങ്ങളിലാണ്  തുലാവർഷമെ
ഇടിയും പേമാരിയുമായി  നീ പെയ്തിറങ്ങുന്നത് ?

പൂക്കളും ഋതുക്കളും കായ്കളും മാത്രമല്ല
നമ്മളും കാലം തെറ്റി വന്നവരാണ്
അകത്തേക്കും പുറത്തേക്കും കടക്കുവാനാകാതെ
ഉമ്മറപ്പടിയിൽ തറഞ്ഞു പോയവർ

അല്ലെങ്കിൽ

കോണ്‍ക്രീറ്റ് സൌധങ്ങൾ , മൊബൈൽ ടവറുകൾ
മനുഷ്യരെ കുടിയൊഴിപ്പിക്കുന്ന ദേശീയ പാതകൾ
വികസനത്തിന്റെ മുഖങ്ങളെ നോക്കി
കാടെന്നും മലയെന്നും പുഴയെന്നും പറഞ്ഞു
കണ്ണീർ  വാർക്കുമൊ ?


ഏതോ ശിലായുഗത്തിൽ ജീവിക്കേണ്ടിയിരുന്നവർ
കാലം തെറ്റി ഈ നൂറ്റാണ്ടിൽ എത്തിപെട്ടവർ
പുതുമയെ വെറുക്കുന്ന പഴമയുടെ
ചുളിഞ്ഞ മുഖങ്ങൾ ....



( ബസിൽ വരുമ്പോൾ വഴി നീളെ പൂത്തു നില്ക്കുന്ന കൊന്നമരങ്ങളെ കണ്ടപ്പോൾ മനസ്സില് തോന്നിയത് ..:)    )


2014, നവംബർ 27, വ്യാഴാഴ്‌ച

വാടക വീടിനെ സ്നേഹിക്കരുത് !!!

ചുമരിൽ ആണി തറച്ചു  മുറിവേൽപ്പിക്കാതെ
കുത്തി വരഞ്ഞു പരിക്കേൽപ്പികാതെ
അടിച്ചും തുടച്ചും കണ്ണാടി പോലെ തിളങ്ങുന്ന
തറയിൽ ഒന്നും വാരി വലിച്ചിടാതെ
വാടക വീടിനെ  സ്നേഹിക്കരുത്

 വീടിനെ സ്നേഹിച്ചാൽ
അത് തിരിച്ചും സ്നേഹിക്കും
ഒറ്റക്കാകുമ്പോൾ ചുമരുകൾ
കഥ പറയും , കൂട്ടിരിക്കും
എങ്കിലും

ഉടമ്പടി കാലാവധി എത്തുമ്പോൾ
ഇറങ്ങി പോകേണ്ടതാണെന്നു മറക്കരുത്
ചിലപ്പോൾ അതിനു മുന്നേ പുറത്താക്കപെട്ടെക്കാം
വാടക കുടിശികയുടെ പേരില് ഇറക്കി വിടാം
ദുരാശയിൽ കുടിയിറക്കപ്പെടാം

വീട് ശരീരമാകണം
നമ്മൾ ആത്മാവും
ഉപേക്ഷിച്ചാൽ തിരിഞ്ഞു നോക്കാത്തത്
ഒന്നുപേക്ഷിച്ചു അടുത്തതിലേക്ക്
ഓർമ്മകൾ ഒന്നും കൂടെ ഉണ്ടാകരുത് !!





2014, നവംബർ 3, തിങ്കളാഴ്‌ച

കടലും കരയും

കടൽ പോലെ
നമുക്കിടയിലെ മൌനം
മൌനത്തിന്റെ 
കടലാഴങ്ങളിലേക്കു 
വേരുകളിറക്കുന്ന  പ്രണയം
വാചാലതയിൽ നിന്നും
മൌനത്തിലേക്ക്‌ നീണ്ടു കിടക്കുന്നാ
വേരുകളിലാണിന്നെന്റെ  ചേതന
കുരുങ്ങികിടക്കുന്നത്

ആഴങ്ങളിൽ നിന്നും 
വാരിയെടുക്കാൻ കൊതിക്കുന്ന
പരിഭവങ്ങളും പരാതികളും 
ഒരു തിരയിളക്കം പോലുമില്ലാതെ 
അചഞ്ചലനായി നീയിരിക്കുമ്പോൾ 
ഉണ്ട് എന്നോ 
ഉണ്ടായിരുന്നു എന്നോ 

ഉണ്ടായിരുന്നു എന്നാൽ 
ഇപ്പോളില്ല എന്നാകില്ലേ 
എന്റെ ശ്വാസനിശ്വാസങ്ങളിൽ 
അലിഞ്ഞ നിന്റെ ഗന്ധം
എന്നെ ഉണർത്തുമ്പോൾ
ഇല്ലാതാകുന്നത് എങ്ങനെ ?

പ്രണയം ഒരു  കടൽ ആകുന്നു
നീ കടൽ  ആണല്ലോ
ഞാൻ കരയും
ഒരു വേലിയിറക്കത്തിലൂടെ 
അകലേക്ക്‌ പോയതാണ് നീ 
അടുത്ത വേലിയേറ്റത്തിനു
എന്നിലേക്കെത്തുവാനായി ..





2014, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

നമ്മെ പിന്നോട്ട് വലിക്കുന്ന ചിലത് !!!

വയനാട്ടിലെ ഞാൻ ജനിച്ചു വളർന്ന വീടിന്റെ ഉമ്മറത്തു നിന്ന് നോക്കിയാൽ കാണുന്ന മലയുടെ ചിത്രമാണിത്. (മൊബൈൽ ഫോട്ടോ ആയതു കൊണ്ടു  ക്ലാരിറ്റിക്കു മാപ്പ് ). കുട്ടികൾ ആയിരിക്കുമ്പോൾ മലയിൽ  നിന്നും മഴ വരുന്നത് നോക്കിയിരിക്കുന്നത് ഒരു ജോലി ആയിരുന്നു. ജോലി എന്ന് പറഞ്ഞത് എന്താണെന് വെച്ചാൽ, അമ്മ നെല്ലോ, കുരുമുളകോ, കാപ്പിയോ ഉണങ്ങാൻ ഇട്ടാൽ മഴ വരുന്നുണ്ടോ എന്ന് നോക്കാൻ ഞങ്ങളെ ആണെൽപ്പിക്കുക. കരിമ്പച്ച നിറമുള്ള മല വെളുത്തു സുന്ദരി ആകുമ്പോൾ ' മലയിൽ മഴ പെയ്തെ എന്ന് വിളിച്ചു കൂവും. അടുക്കളയിലെ പണി ഒഴിവാക്കി അമ്മ ഓടി വരും. എല്ലാം വാരി വെക്കാൻ, കൊട്ട എടുക്കു, വേഗം വാര് എന്നൊക്കെ പറയും. അതിലൊന്നും ഇടപെടാൻ ഞാൻ പോകില്ല . മഴയെ നോക്കി നിൽക്കും. മലയിറങ്ങി സേട്ടുക്കുന്നിൽ എത്തുമ്പോൾ കേൾക്കാം മഴയുടെ ഇരമ്പുന്ന ശബ്ദം. കുന്നിറങ്ങി വയലിലെ നെല്ലോലകളെ തഴുകി വീട്ടു മുറ്റത്ത്  എത്തുമ്പോഴേക്കും നല്ല ഉഗ്രരൂപി ആയിട്ടുണ്ടാകും. പിന്നെ പുറത്തു നിൽക്കാൻ ഉള്ള സ്വാതന്ത്ര്യമില്ല. പിന്നെ ഉള്ള മഴകാഴ്ച ജനലിലൂടെ ആണു , അതും ഇടിയും മിന്നലും ഒന്നുമില്ലെങ്കിൽ, അതുണ്ടെങ്കിൽ പിന്നെ ജനലുകളും വാതിലുകളും കൊട്ടിയടക്കും.ചെറിയ ഇരുട്ടു പരന്നു കിടക്കുന്ന മുറിയിൽ ചേച്ചിമാരുടെയും ഏട്ടന്മാരുടെയും ഭാവന വിടരും. പ്രേതങ്ങളും യക്ഷികളും കുട്ടികളെ പിടുത്തക്കാരും ഒക്കെ ആയി കഥകൾ. എല്ലാം കേട്ട് പേടിച്ചു രാത്രി കിടന്നു അലറി വിളിക്കും . ഞാൻ അലറി വിളിച്ചാലും കരഞ്ഞാലും അടി കിട്ടുന്നത് അവർക്കായത് കൊണ്ടു അതൊരു ശീലമാക്കി കൊണ്ട് നടന്നു എന്ന് വേണം പറയാൻ..;)


രാത്രി ആയാൽ മല കത്തും, പടർന്നു പോകുന്ന തീ നോക്കി അമ്മ പറയും 'എത്ര ജീവികൾ ഇപ്പോൾ വെന്തു മരിച്ചിട്ടുണ്ടാകും പാവങ്ങൾ' . ഇന്ന് അവിടെ മലയുടെ മുകളിൽ ഉയർന്നു പൊങ്ങിയ വീടുകളും റിസോർട്ടുകളും ഞങ്ങളോട് പറയുന്നു അതൊന്നും വെറുതെ ഉണ്ടായ കാട്ടു  തീ അല്ല എന്നു .

പറയാൻ വന്നത് ഇതൊന്നുമല്ല, ഞാൻ കണ്ട മഴ , മല, വയൽ, പുഴ ഇതൊക്കെ എന്റെ മകനും കാണണം, അറിയണം എന്ന് നിർബന്ധം ഉള്ളത് കൊണ്ടാണ് അവനെയും കൂട്ടി ആന്ധ്രയിൽ നിന്നും വയനാട്ടിലേക്ക് ഇടയ്ക്കു വണ്ടി കേറിയിരുന്നത് . 

ശോഷിച്ച പുഴ കണ്ടു അവൻ പറഞ്ഞു ഇത് പുഴ ആണെങ്കിൽ ഗോദാവരി കടൽ  അല്ലെ എന്ന്. 

വയലിലെ നെൽകതിരുകൾ  കാറ്റടിക്കുമ്പോൾ പട്ടുപാവാടയുടെ ഞൊറി ഇളകുന്നത് പോലെ തോന്നും എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു അമ്മ പുളുവടിക്കുന്നു, കാരണം അവൻ കാണുന്നത് നീണ്ടു പരന്നു കിടക്കുന്ന വാഴത്തോപ്പുകൾ മാത്രം .

മലയിറങ്ങി വരുന്ന മഴയുടെ ശബ്ദത്തെ കുറിച്ച് പറഞ്ഞപ്പോൾ മഴ വരുമ്പോൾ ശേ ശബ്ദം എവിടെ ആയാലും കേൾക്കില്ലേ എന്നാണ് .

ഇവിടെ റോഡ്‌ ഇല്ലായിരുന്നു നീണ്ട നടവരമ്പ് ആയിരുന്നു എന്ന് പറഞ്ഞപ്പോൾ റോഡിനു വേണ്ടി സ്ഥലം കൊടുത്തപ്പോൾ അമ്മച്ചനു നല്ല കാശ് കിട്ടിയോ എന്ന് .

സ്കൂൾ പഠിക്കുന്ന കാലത്ത് ഉച്ചയൂണ് സമയത്ത് കാട്ടിൽ നിന്നും പറയിടുക്കിലൂടെ വരുന്ന നീർച്ചാലിൽ ആയിരുന്നു കൈ കഴുകിയതു എന്ന് പറഞ്ഞപ്പോൾ മാത്രം അവൻ ചോദിച്ചു 
" ഇതൊന്നും എനിക്ക് കിട്ടാതെ ഇരുന്നത് എന്ത് കൊണ്ടാണ് ?"

ഉത്തരം മുട്ടിക്കുന്ന ചോദ്യം.

നിന്റെ തലവിധി എന്ന് മനസ്സിൽ പറഞ്ഞു 
പിന്നെ ദൂരെ മലമുകളിൽ വരുന്ന പുതിയ റിസോർട്ടിന്റെ വെള്ള നിറത്തിലേക്കു നോക്കി നെടുവീർപ്പിട്ടു.



2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

ഓർമ്മചെപ്പ്

ഹുദ്ഹുദ് ചുഴലിക്കാറ്റു ആന്ധ്രയുടെ തീരപ്രദേശങ്ങളെ നാമാവശേഷമാക്കിയ വാർത്തകൾ ടി വിയിൽ നെഞ്ചിടിപ്പോടെ നോക്കി കാണുമ്പോൾ മനസ്സിൽ  ഇത് പോലെ തന്നെ ഒരു ചുഴലിക്കാറ്റിൽ പെട്ട് പോയത് ഓർമ്മ വന്നു .

1996 , നവംബർ  6 - രാജമുന്ദ്രി 

ആന്ധ്രയിലേക്ക് വണ്ടി കയറി ഏതാണ്ട്  ഒന്നര വർഷം കഴിഞ്ഞു. ഏഴു മാസമെത്തിയ കുഞ്ഞിക്കൈകാലുകൾ എന്റെ വയറ്റിനുള്ളിൽ  കുങ്ഫു, കരാട്ടെ പരിശീലനം നടത്തുന്നു. 

കാലത്തെ ഒരു മഴക്കുള്ള തയ്യാറെടുപ്പ് പോലെ ആകാശം മൂടി കെട്ടി നിന്നു . സൈക്ലോണ്‍ ആണു ആളുകൾ പുറത്തിറങ്ങരുത് എന്നൊക്കെ വാർത്തയിൽ കണ്ടു. എങ്കിലും വയനാട്ടിലെ പെരുംമഴ കണ്ടു വളർന്ന എനിക്ക് വലിയ പേടിയോ ആകാംക്ഷയോ ഒന്നും ഉണ്ടായിരുന്നില്ല.  

മൊബൈൽ ഫോണ്‍ ഒന്നും പ്രചാരത്തിൽ ഇല്ലാതിരുന്ന ആ സമയത്ത് , എനിക്ക് ഫോണ്‍ വന്നിരുന്നത് ഞങ്ങളുടെ കോളനിയിലെ തന്നെ തിരുവനന്തപുരംകാരായ ജ്യോതിചെച്ചിയുടെ വീട്ടിലേക്കു ആയിരുന്നു. ഈ സമയത്തു വിളിക്കും എന്ന് ആദ്യം വിളിച്ചു പറയും ആ സമയത്ത് ഞാൻ അവിടെ പോയിരിക്കും. അങ്ങനെ ആയിരുന്നു. രാത്രി 7 മണിക്കു ഫോണ്‍ വരും എന്ന് പറഞ്ഞു അവിടെ പോയിരിക്കുമ്പോൾ തന്നെ ചെറിയ കാറ്റു അടിക്കുന്നുണ്ടായിരുന്നു. മഴ ഒന്നും ഉണ്ടായിരുന്നില്ല. ഫോണിൽ ആദ്യം വന്ന ചോദ്യം ' ആന്ധ്രയിൽ ചുഴലിക്കാറ്റു എന്ന് വാർത്തയിൽ കണ്ടു, അവിടെ കുഴപ്പം ഒന്നുമില്ലലൊ" എന്നായിരുന്നു. കുഴപ്പമില്ല എന്ന ഞാൻ പറഞ്ഞതും ഒരു വലിയ കാറ്റടിച്ചു അവരുടെ അടുക്കള ഷെൽഫിലെ പാത്രങ്ങൾ താഴോട്ടു  വീണു. അതെന്താ ശബ്ദം എന്ന ഏട്ടന്റെ ചോദ്യത്തോടൊപ്പം തന്നെ ഫോണ്‍ കട്ട്‌ ആയി. പവർ പോയി. എന്നാൽ ഇനി ഇവിടെ ഇരുന്നിട്ട് കാര്യമില്ല വീട്ടിലേക്കു പോകാം എന്ന് പറഞ്ഞു  എഴുന്നേറ്റു.  ഇന്നിവിടെ കിടക്കാം നല്ല കാറ്റുണ്ട് , പോകണ്ട എന്നവർ പറഞ്ഞെങ്കിലും വേറെ വീട്ടില് കിടന്നാൽ ഉറക്കം വരാത്തത് കൊണ്ട് ഞങ്ങൾ ഇറങ്ങി. ഗേറ്റ് തുറന്നു പുറത്തേക്കിറങ്ങിയ ഞങ്ങള്ക്ക് നടക്കേണ്ടി വന്നില്ല എന്നതാണ് സത്യം. കാറ്റ് ഞങ്ങളെ തൂക്കിയെടുത്തു. പരസ്പരം കൈ അരയോടു ചേർത്ത് പിടിച്ചു ഞങ്ങൾ നടക്കുകയായിരുന്നില്ല.

കാറ്റിൽ പറക്കാനും, മഴയിൽ കുളിക്കാനും സ്വപ്നം കണ്ടു നടക്കുന്ന എനിക്ക് പേടി ഒന്നും തോന്നിയില്ല. എന്ത് രസാല്ലേ എന്ന ചോദ്യത്തിന് വേഗം ഇങ്ങോട്ട്  നടക്കു എന്ന മറുപടി. നടക്കുകയല്ലല്ലോ നമ്മൾ പറക്കുകയല്ലേ....

വീട്ടിൽ എത്തിയപ്പോഴും അടിച്ച കാറ്റിന്ന്റെ ശക്തിയെ കുറിച്ചോ ഭീകരതെയെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ആയിരകണക്കിന് ആളുകൾക്ക് ജീവനാശം സംഭവിച്ചു എന്നും, ഏക്കറു കണക്കിന് കൃഷിയിടം നശിച്ചു പോയി എന്നൊക്കെ അറിയുന്നത് പിന്നീട് ആയിരുന്നു.

ഏതാണ്ട് പത്തു ദിവസത്തോളം വെള്ളവും കറണ്ടും ഇല്ലാതെ ആയി. ഏഴുമണിക്ക് കണവൻ ഓഫീസിലേക്ക് പോകും. വെള്ളത്തിന്റെ ടാങ്കർ വരുന്നത് പതിനൊന്നു മണിക്ക്. വയറും ബിന്ദിയുമായി ടാങ്കറിന്റെ നീണ്ടു ക്യുവിൽ നിന്നപ്പോൾ ആണ് അത് വരെ കാണാത്ത ചില മുഖങ്ങൾ കൂടെ തെലുങ്കർക്കു ഉണ്ട് എന്നറിഞ്ഞത്.

താൻ, എന്റേതു എന്നാ ഒരു വൃത്തത്തിൽ മാത്രം ജീവിക്കുന്നവർ ആയിട്ടാണ് അന്ന് വരെ എനിക്കവരെ പരിചയം. തന്നെ ബാധിക്കാത്ത പ്രശ്നം ആണെങ്കിൽ ' മനക്കെന്തുക്ക് ലെ " (നമ്മൾക്കെന്താ ) എന്ന മനോഭാവം. അടുത്ത് കിടന്നു ഒരുവൻ പിടഞ്ഞു മരിച്ചാൽ പോലും തിരിഞ്ഞു നോക്കാത്ത തരം  മനുഷ്യർ ഇതായിരുന്നു ഞാൻ അത് വരെ കണ്ടത്.

എന്റെ ബിന്ദി നിറക്കാനും അത് എന്റെ വീടിന്റെ മുന്നില് വരെ കൊണ്ട് തരാനും അതു വരെ ഒന്ന് മുഖത്ത് നോക്കി ചിരിക്കുക പോലും ചെയ്യാത്തവർ തയ്യാറായി എന്നത് എന്നെ അത്ഭുതപെടുത്തി. ആപത്തു വരുമ്പോൾ ആരും അന്യരാകുന്നില്ല!!!






2014, സെപ്റ്റംബർ 23, ചൊവ്വാഴ്ച

എന്താ എല്ലാവരും ഇങ്ങനെ???

മുന്നിൽ തണുത്ത് മരവിച്ച ശരീരം..
പിന്നിൽ ജീവന്റെ അവസാനശ്വാസം പിടിച്ചു വെക്കാൻ ഉള്ള ഓട്ടം
കോവൂരിൽ റോഡ്‌ മുറിച്ചു കടന്നു ഡിവൈഡറിൽ നിൽക്കുമ്പോൾ ഒരേ സമയം എന്റെ മുന്നിലൂടെയും പിന്നിലൂടെയും കടന്നു പോയ രണ്ടു ആംബുലൻസുകൾ.
ജീവിതത്തിന്റെ രണ്ടവസ്ഥകളെ ഒരുമിച്ചു കാണിച്ചു തന്നതു ഒരു പക്ഷെ എന്റെ മനസ്സിലെ ആവശ്യമില്ലാത്ത ചിന്തകളെ ഒഴിവാക്കാനായിരിക്കാം. എത്ര ഓടി പിടഞ്ഞാലും അവസാനം ഇത്രയേ ഉള്ളൂ എന്ന ഓർമ്മപെടുത്തൽ.

തിങ്കളാഴ്ച വൈകുന്നേരം മാവൂർ റോഡിൽ നല്ല തിരക്ക്. എല്ലാവരും ഓട്ടത്തിൽ ആണ്. അതിനിടയിലേക്ക് സൈറണ്‍ മുഴക്കി വന്ന ആംബുലൻസ്. അകത്തേക്കോ പുറത്തേക്കോ എന്നറിയാത്ത ഏതോ ജീവൻ  അതിൽ പിടയുന്നുണ്ടാകും. നോക്ക് കുത്തി പോലെ നില്ക്കുന്ന ഹോം ഗാർഡ് . അപ്പുറത്തെ ഒഴിഞ്ഞു കിടക്കുന്ന വണ്‍ വേയിലേക്ക് താല്കാലിക ഡിവൈഡർ എടുത്തു മാറ്റി ആംബുലൻസിനെ മുന്നോട്ടു വിടാം. പക്ഷെ ആരും അതിനു ശ്രമിച്ചില്ല. അതിനിടയിൽ വണ്ടികൾ അനങ്ങി തുടങ്ങി , വേഗം മുന്നോട്ടെടുത്ത ആംബുലൻസിനു മുന്നിൽ ഒരു സ്വിഫ്റ്റ് കാറിനുള്ളിൽ രണ്ടു ന്യൂ  ജെൻ പയ്യൻസ്. ആംബുലൻസിലെ സഹായി അതിന്റെ വാതിലിനടിച്ചു ശബ്ദമുണ്ടാക്കുമ്പോൾ കാർ മാറ്റാതെ തന്നെ എന്തൊക്കെയോ വിളിച്ചു പറയുന്നു അവർ.. എന്തായാലും അവർ ഒന്ന് മാറിയപ്പോൾ വേഗം മുന്നിലെക്കെടുത്തു പോയി ആംബുലൻസ്. ഇതൊക്കെ കണ്ടു നിന്ന ഹോം ഗാർഡിനോട് എന്ത് ചെയ്യാൻ നില്കുകയാണ് എന്നു ചോദിക്കണം എന്ന് തോന്നി. അപ്പോഴേക്കും ഒരു ഓട്ടോക്കാരനെ മര്യാദ പഠിപ്പിക്കാൻ അയാൾ റോഡിലെക്കിറങ്ങി.

മറ്റൊരു ദിവസം  രാവിലെ പൊറ്റമ്മൽ ജങ്ക്ഷൻ കഴിഞ്ഞ ഉടനെ ബസിനു പിറകിൽ ആംബുലൻസ് സൈറണ്‍ . രണ്ടു ബസ്സുകൾ തമ്മിലുള്ള സമയവ്യത്യാസം ഒന്നോ രണ്ടോ മിനിറ്റ് മാത്രം ആണ് എങ്കിലും ആംബുലൻസ് കണ്ട ഡ്രൈവര് ബസ്‌ ഒതുക്കിയിട്ടു അതിനു പോകാൻ വഴി ഒരുക്കി. പക്ഷെ മുന്നിലെ കാറുകാരൻ , അയാൾക്ക് ഇതിനെക്കാൾ വലിയ തിരക്കാണ് എന്ന് തോന്നുന്നു സൈഡ് കൊടുത്തില്ല. ഇത് കണ്ടപ്പോൾ ആംബുലൻസ് എന്ന ഷോർട്ട് ഫിലിം എനിക്ക് ഓർമ വന്നു .

എന്താണ് എല്ലാവരും ഇങ്ങനെ ആയതു?
ഒന്ന് സൈഡ് കൊടുത്താൽ ഒരു ജീവൻ രക്ഷിക്കാം..എന്നിട്ടും!!!


2014, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

തിരിഞ്ഞുനോട്ടം !!

    
സ്വപ്നങ്ങളുടെ കോണി പടി ഇറങ്ങി
തിരിഞ്ഞു നോക്കുമ്പോൾ കാണാം
ചാരം മൂടിയ ഓർമ്മകൾ
നിറംക്കെട്ട  ചിത്രങ്ങൾ
നീല കൈ വിട്ട ആകാശം
ഉണങ്ങി വീണ പുൽനാമ്പുകൾ
തിരിച്ചെടുക്കാൻ വയ്യാത്ത വിധം
നഷ്ടമായൊരു ജീവിതം !!!



Photo courtesy: Shaji Panicker

ഈ  ബ്ലോഗിലെ നൂറാമത്തെ പോസ്റ്റ്‌ ...:)

ഇതു വരെ ഇത് വഴി കടന്നു പോയ എല്ലാവർക്കും നന്ദി ...പോസ്റ്റുകൾ  വായിക്കുകയും അഭിപ്രായം രേഖപെടുത്തുകയും ചെയ്തു   പ്രോത്സാഹനം തന്ന എല്ലാവർക്കും...പ്രത്യേകിച്ചു അജിത്‌ മാഷിന്...:)








2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ചിതലരിച്ച ഓർമ്മകൾ !!!

"വരൂ വരൂ കണ്ടിട്ടു കുറെ കാലമായല്ലോ , ഈ വഴി ഒക്കെ മറന്നു പോയോ " ആവേശത്തോടെയും സന്തോഷത്തോടെയുമുള്ള സ്വാഗതം. ആ സന്തോഷം ഞങ്ങളിലേക്കും പടർന്നു. ചിരിച്ചും കളിപറഞ്ഞും കുറെ നേരം കഴിഞ്ഞു ചായ കുടിക്കാൻ ആയി ഇരിക്കുമ്പോൾ എന്നിലേക്ക്‌ നീണ്ട ഒരു നോട്ടം, എന്തോ പന്തികേട്‌ തോന്നി ആ നോട്ടം കണ്ടപ്പോൾ, എന്താണ് എന്ന് മനസിലാക്കാൻ കഴിയുന്നതിനു മുൻപേ ചോദ്യം വന്നു
"നിങ്ങളാരാ , എനിക്ക് മനസിലായില്ലല്ലോ"

കണ്ടിട്ട് കുറെ ആയി എന്ന പറഞ്ഞ ആൾ തന്നെ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചപ്പോൾ ചായകപ്പ് കയ്യിൽ നിന്നും വഴുതിയ പോലെ. പിന്നീട് മനസിലായി  ഒരു ഊഞ്ഞാലിൽ ആടുകയായിരുന്നു അയാൾ. ഓർമക്കും മറവിക്കുമിടയിൽ ആയത്തിൽ ആടി കൊണ്ടിരിക്കുന്ന ഊഞ്ഞാൽ.

ചിലപ്പോൾ ടാങ്കിൽ വെള്ളം തീരുന്നതിനെ കുറിച്ച്, തുളസി തറയിലെ കരിഞ്ഞ തുളസിയെ കുറിച്ച്  വേവലാതി പെടുന്ന വീട്ടുകാരൻ

തൊട്ടടുത്ത നിമിഷത്തിൽ മുന്നിൽ എത്തിയ മകനെ നോക്കി നിങ്ങൾ ആരാണ്, ഇതിനു മുൻപ് കണ്ടിട്ടിലല്ലോ എന്ന് പറയുന്ന തികച്ചും അപരിചിതൻ.

എട്ടുവയസ്സിൽ പനി വന്നപ്പോൾ ആട്ടിൻപാലിൽ അമ്മ കൊടുത്ത മരുന്ന് കുടിക്കുന്ന കൊച്ചുകുട്ടിയായി മാറുന്ന നിമിഷങ്ങൾ..

ഭക്ഷണം കഴിച്ച ഉടനെ തന്നെ ഞാൻ ഒന്നും കഴിച്ചില്ല എനിക്കൊന്നും തരാതെ പട്ടിണിക്കിട്ടു എന്ന് പറഞ്ഞു ദേഷ്യപെടുന്നയാൾ


ഒരാളിൽ തന്നെ പല ഭാവങ്ങൾ കണ്ടപ്പോൾ ഒരു വിചിത്രലോകത്തു ചെന്നുപെട്ടതു പോലെ തോന്നി .. ഇതെല്ലം വെറും അഭിനയം ആണോ എന്ന് പോലും സംശയിച്ചു.

ചിതലരിക്കാത്ത ഓർമ പുസ്തകത്തിൽ നിന്നും പെറുക്കിയെടുക്കുന്ന ചില ചിത്രങ്ങളിലൂടെ മാത്രം ആയിരുന്നു അയാൾ എല്ലാം കണ്ടിരുന്നത്‌ .ഓർമയിൽ ഒന്നും തടയാതെ വരുമ്പോൾ ശൂന്യമായ കണ്ണുകളോടെ ഉമ്മറപടിയിൽ ദൂരേക്ക്‌ നോക്കി , കാണുമ്പോൾ ഒരു പ്രതിമ ആണോ എന്ന്  ആരും സംശയിച്ചു പോകുന്ന ഇരിപ്പ്.

ഓർമ്മകൾ - ജീവിതത്തിൽ വായുവും വെളളവും പോലെ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്.

ഇനിയൊരിക്കലും ഓർക്കരുത് എന്ന് കരുതി അടിച്ചമർത്തുന്നവ

നിനക്കാത്ത നേരത്തു പൊട്ടി ഒലിക്കുന്നവ

മറക്കരുത് എന്നു കരുതുമെങ്കിലും  മറവിയുടെ ആഴങ്ങളിലേക്ക് അലിഞ്ഞു ചേരുന്നവ

ചാരത്തിൽ മൂടിയ കനൽ പോലെ ഉള്ള നീറുന്ന ചിലവ

ഓർമ്മകൾ നമുക്ക് നഷ്ടമായ പലതിന്റെയും ചരിത്രരേഖകൾ ആണ് . ചെറുപ്പത്തിൽ ചെയ്തു കൂട്ടിയ കുസൃതിത്തരങ്ങൾ....അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള മധുരമുള്ള ഓർമകൾ....കൂട്ടുകാർ, വീട്ടുകാർ, നാട്ടുകാർ, നഷ്ടപ്രണയം ...ഒർമകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു പാട് ഒരു പാട് കാര്യങ്ങൾ...നമ്മളെ മുന്നോട്ട് തള്ളുന്നതും പിന്നോട്ട് വലിക്കുന്നതും ആയ ഓർമ്മകൾ.

അടുക്കി പെറുക്കി വെക്കുന്ന ഓർമകളിൽ ചിതരിക്കുമ്പോൾ നമ്മൾ ആരാണ് എന്താണ് എന്ന് മറക്കുമ്പോൾ ആണ്  നമ്മൾ ഓരോരുത്തരും മറ്റുള്ളവരുടെ മുന്നില് ഭ്രാന്തനും വിഡ്ഢിയും അഭിനേതാവും ഒക്കെ ആയി മാറുന്നത് .

2014, ജൂലൈ 26, ശനിയാഴ്‌ച

അനുരാഗഗീതം

തെക്കൻ കാറ്റിൽ പറന്നു വന്നോരീണം
വടക്കൻ പാട്ടിൽ അലിഞ്ഞു പോയി
അറിയാതെ പാടിയ അനുരാഗഗീതത്തിൻ
ശ്രുതിയും താളവും മാറിപോയി

ആരോഹണത്തിൽ പാടിയപ്പോൾ
അനുരാഗകടലിൽ തിരയിളക്കം
അവരോഹണത്തിൽ പാടിയപ്പോൾ
അകതാരിനുള്ളിൽ തേനൊലികള്‍

ശ്രുതി ഭംഗമില്ലാതെ പാടുന്നോരീ
ശ്രുത താളമൊത്തയീ ഗീതകത്തെ
അവിരാമം പാടുക പൈങ്കിളി നീ
അവനിയിൽ സ്നേഹം നിറയുവോളം !!!

2014, ജൂലൈ 8, ചൊവ്വാഴ്ച

പത്താമത്തെ രസം

എത്ര വർഷങ്ങൾക്കു മുൻപേയാണ്  നമ്മൾ അവസാനമായി കണ്ടത്  ?

ഇരുപത്തൊന്നു അല്ലെങ്കിൽ ഇരുപത്തി രണ്ടു..

ഇത്രയും വർഷം ആയിട്ടും നിനക്കൊരു മാറ്റവുമില്ലല്ലോ  , പഴയ കളിയും ചിരിയും പൊട്ടത്തരവും എന്താ ഇതിന്റെ രഹസ്യം ?

സമരസപെടൽ

നവരസം എന്ന് കേട്ടിട്ടുണ്ട് , ഇതേതു രസമാടാ ?

പത്താമത്തെ രസം ..പരിശീലിച്ചെടുക്കാൻ ഏറ്റവും പ്രയാസമുള്ള ഒരു  രസം ആണത് , ലളിതമായി പറഞ്ഞാൽ കോമ്പ്രോമൈസിംഗ് വിത്ത്‌ ലൈഫ് ..:)

കോമ്പ്രോമൈസ്  & യു ..വിശ്വസിക്കാൻ പറ്റുന്നില്ല  ..പിടിവാശി എല്ലാം മാറ്റി വെച്ചു നീ ജീവിക്കാൻ തുടങ്ങി എന്നോ?

തുടങ്ങിയതല്ല ജീവിച്ചു കൊണ്ടിരിക്കുകയാണ് ...

എങ്കിലും പറ എങ്ങനെ ആണ് ഈ സമരസപെടൽ ? അങ്ങനെ ചെയ്യുമ്പോൾ നിരാശ നമ്മളെ ബാധിക്കില്ലേ?

യാഥാർത്ഥ്യബോധമില്ലാതെ ആശകൾക്ക് ചിറകു നൽകുമ്പോൾ അല്ലെ നിരാശ എന്നൊന്നുണ്ടാകുള്ളൂ..

എങ്കിലും ആശിച്ചാൽ അത് നടക്കാതെ ഇരുന്നാൽ നിരാശ കട്ടായം

അങ്ങനെ അല്ല..ഞാൻ ഇവിടെ നിന്നും ഒരു പക്ഷിയെ പോലെ പറന്നു നീലാകാശത്തെ തൊട്ടു കടലിലേക്ക്‌ കൂപ്പുകുത്തി തിരിച്ചു പറന്നു ആ മലയിലെ ഏറ്റവും ഉയർന്ന മരത്തിൽ ചേക്കേറാൻ കൊതിക്കുന്നു എന്ന് വിചാരിക്ക് ..നടക്കാത്ത കാര്യം ആണത്..പക്ഷെ ബംഗീജമ്പ് ചെയ്തു എന്റെ ആഗ്രഹത്തെ നിരാശയുടെ കൂട് കൂട്ടിൽ അടയിരിക്കാൻ വിടാതെ ഇരിക്കാം , അതുമല്ലെങ്കിൽ പുഴയിലെ വെള്ളത്തിൽ മുങ്ങാംകുഴിയിട്ടു അക്കരയ്ക്കു നീന്തിക്കേറി സ്വയം ചിരിക്കാം. പക്ഷി ആയില്ലെങ്കിലും പറ്റാവുന്ന പണി ചെയ്തല്ലോ എന്ന് സന്തോഷിക്കാം.

നമ്മുടെ ആശകൾ അങ്ങനെ അല്ലല്ലോ, നടക്കും എന്ന വിശ്വാസം , നടക്കണം എന്ന വാശി ഇതൊക്കെ അല്ലെ അതിനു കൂട്ടായുള്ളത് ?

ഇതിനെ എല്ലാം  ന്യുട്രലൈസ്  ചെയ്യാൻ പഠിക്കുന്നതിനെ ആണ് പൊട്ടി,  സമരസപെടൽ എന്ന് പറയുന്നത് 

എങ്കിൽ ഞാനും ഇന്ന് മുതൽ ഈ രസം പഠിക്കാൻ പോകുകയാണ് .

പഠിക്കുക്ക എളുപ്പമല്ല , അനുഭവങ്ങൾ ആകണം ഗുരുക്കന്മാർ. നിരാശ, വേദന, സന്തോഷം സങ്കടം എന്ത് തന്നെ ആയാലും അതിൽ നിന്നും എന്തെങ്കിലും എടുത്തു വെക്കാൻ ഉണ്ടാകണം നമ്മുടെ ആർക്കൈവിലേക്ക്  . പിന്നീട് അവയെല്ലാം  ഇടയ്ക്കിടെ എടുത്തു പൊടി  തട്ടണം. അങ്ങനെ കുറച്ചു കാലം പരിശ്രമിച്ചാൽ ഈ രസം പഠിച്ചെടുക്കാം . നിറഞ്ഞ ചിരിയോടെ ജീവിതത്തെ നോക്കി കാണാം ജീവിച്ചു തീർക്കാം ..

ഞാനും പഠിക്കാൻ നോക്കട്ടെ , പരാജയപെട്ടാൽ കൌണ്സിലിംഗ്  ചെയ്യാൻ ഞാൻ ഇവിടെ തന്നെ വരും ..

പരാജയപെടില്ല, യാഥാർത്ഥ്യ ബോധത്തോടെ പഠിച്ചാൽ ..അപ്പോൾ ഓൾ ദി ബെസ്റ്റ് ..

                                                  *                   *                        *


2014, ജൂൺ 25, ബുധനാഴ്‌ച

:)

തിരിഞ്ഞു നടക്കണം
വന്ന വഴികളിലൂടെ
മായ്ച്ചു കളയണം
ഒന്നൊന്നായി
ഭൂതകാലത്തിന്റെ
വേരിൽ ഉടക്കി നില്ക്കുന്ന
ഓർമകളെയെല്ലാം
ഏതു വഴിയിൽ പോയാലും
അവിടെയെല്ലാം നിന്റെ ചിത്രങ്ങൾ
എത്ര മായ്ച്ചാലും മായാത്ത
ചില അടയാളങ്ങൾ
മുന്നോട്ടോടുന്ന ജീവിത്തെ
പിന്നിലേക്ക്‌ വലിക്കുന്ന
നിന്റെ ശേഷിപ്പുകൾ
ബോധം കേട്ടുള്ള ഉറക്കത്തിലേക്കു
വഴുതി വീഴും മുൻപ്
എല്ലാം എല്ലാം മായ്ക്കണം



2014, മേയ് 26, തിങ്കളാഴ്‌ച

മൗനവ്രതം


ദേഷ്യവും അഹന്തയും ചാന്തു ചേർത്ത്
വാശിയിൽ പടുത്തതാണ്
നമുക്കിടയിലെ മൌനം
തകർത്തെറിയുക എളുപ്പമല്ല
എങ്കിലും
ഓർമ്മകൾ മനസ്സിനെ അലട്ടുമ്പോൾ  
നിന്റെ ചെവി  ചേർത്ത് വെക്കുക 
എന്റെ ഹൃദയത്തിൽ അലയടിക്കുന്ന 
സ്നേഹത്തിരമാലകളുടെ ശബ്ദം നിനക്ക് കേൾക്കാം 
കണ്ണടച്ചാൽ  നിന്നെ തഴുകുന്ന  
ഇളംകാറ്റു പോലെ എന്റെ സ്നേഹ നിശ്വാസങ്ങൾ.
അത് തിരമാലകളെ  വാനോളമുയർത്തുന്ന  കൊടുംകാറ്റു ആയി
ഈ മതിൽകെട്ട് ഇടിച്ചു തകർക്കുമെന്ന
വിശ്വാസത്തിൽ നമുക്കു ചെവിയോർത്തു നില്ക്കാം
വെറുപ്പിന്റെ ഓളങ്ങൾ ഉയരാതെ ഇരിക്കാൻ ...

2014, മേയ് 2, വെള്ളിയാഴ്‌ച

പരിഭവം!

അറിഞ്ഞിരുന്നില്ല , ഇത്രയും സ്നേഹമില്ലാത്തവൻ ആണ് നീയെന്നു..
എന്റെ കാത്തിരുപ്പിനെ ഇത്രമേൽ അവഗണിക്കുമെന്നും ..
എത്ര കാലമായി നിനക്കെന്നെ അറിയാം..നിന്നോട് എനിക്കുള്ള സ്നേഹം എന്തെന്നും അറിയാം .
എന്നിട്ടും ............
ഇന്നലെ നിന്റെ വരവിനു മുന്നോടിയായി കിട്ടാറുള്ള ഇളംകാറ്റും മിന്നൽപിണരുകളും കണ്ടപ്പോൾ ഞാൻ തുള്ളി ചാടിയതാ, ഒരു പാട് കാലത്തിനു ശേഷം നീ എന്നെ കാണാൻ വരുന്നതല്ലേ ....
നിന്റെ സ്നേഹത്തിൽ അലിയാൻ ഓരോ രോമകൂപങ്ങളിലും നിന്നെ നിറക്കാൻ ഞാൻ ആവേശപൂർവ്വം കാത്തിരുന്നു ..
എന്നിട്ട് എന്താ ഉണ്ടായേ ?
നിനക്ക് വയനാട്ടിലും തിരോന്തോരത്തും കോട്ടയത്തും ഒക്കെ പോകാൻ സമയം ഉണ്ട് , എന്തിനു ഇവിടെ അടുത്തുള്ള ഓമശ്ശേരിയിലും മാവൂരും ഒക്കെ നീ വന്നു പോയി ..
ഇങ്ങോട്ട് വരാൻ നിനക്കെന്താ ഇത്ര വിഷമം ?
നിനക്കും മടുത്തുവോ?
എനിക്ക് മടുപ്പില്ല , നിന്നെ കാത്തിരിക്കാൻ...
കണ്ടു തീര്ന്ന സ്വപ്നങ്ങളുടെ ചാരുതയും കാണാനിരിക്കുന്ന കാഴ്ചകളുടെ ഭംഗിയുംആണ് നിന്നെ കാത്തിരിക്കാൻ എന്നെ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത് ...

നിന്നെ അറിയാൻ , എന്നിൽ നിന്നെ നിറക്കാൻ , വരാതിരിക്കാൻ നിനക്ക് ആകില്ലെന്നു അറിഞ്ഞു കൊണ്ട് ഞാൻ കാത്തിരിക്കയാ ...
വേഗം വരില്ലേ??




2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

ഇന്നത്തെ ചിന്താവിഷയം..:)

ടൌണ്‍ ഹാൾ റോഡിൽ നിന്നും മാനാഞ്ചിറ പബ്ളിക് ലൈബ്രറിയിലേക്ക് എത്താൻ ഏറ്റവും എളുപ്പം വൈക്കം മുഹമ്മദ്‌ ബഷീർ റോഡ്‌ ആണു . ബസ്‌ സർവീസ് ഇല്ലാത്തതുകൊണ്ട് തിരക്ക് അധികമില്ലാത്ത റോഡ്‌ . ആ റോഡിലുള്ള ബേവ്കോയുടെ മുന്നിൽ ആണ് ലോകത്തിൽ  വെച്ച് ഏറ്റവും അച്ചടക്കമുള്ള മനുഷ്യരെ കാണാൻ കഴിയുന്നത്‌. വൈകന്നേരം ആകുമ്പോൾ റോഡിൻറെ ഇങ്ങേ അറ്റം വരെ ക്യു  നീളും , എങ്കിലും ആ വഴി പോകുന്ന ആർക്കും ഒരു ശല്യത്തിനും ആരും നില്ക്കാറില്ല (വേഗം സാധനം വാങ്ങി പോയി അടിക്കാനുള്ള ആക്രാന്തത്തിൽ ഇതിനൊന്നും നേരമില്ല മാഷെ).

ഇന്നലെ ലൈബ്രറിയിൽ പോയി തിരിച്ചു വരുമ്പോൾ ക്യുവിൽ നിന്നും മാറി റോഡിൻറെ ഏതാണ്ട് നടുവിലായി മുണ്ടും ഷർട്ടും ധരിച്ച മെലിഞ്ഞു കുറിയ ഒരാൾ നില്ക്കുന്നത് കണ്ടത്. അയാൾ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അടുത്തെത്തിയപ്പോൾ കേൾക്കാൻ കഴിഞ്ഞത് ഇത്ര മാത്രം.

" മാതൃഭൂമി, മനോരമ, കൈരളി ഇതൊക്കെ നിങ്ങൾ കാണുന്നുണ്ട്, അതിൽ പറയുന്ന എല്ലാം നിങ്ങൾ അറിയുന്നുണ്ട് , എന്നാൽ ഞാൻ ആരെന്നു നിങ്ങൾ അറിയുന്നുണ്ടോ , അറിയാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ "

കുടിച്ചിട്ടാണോ കുടിക്കാതെ ആണോ അയാൾ വിളിച്ചു പറയുന്നത് എന്നറിയില്ല. പക്ഷെ അയാളുടെ ചോദ്യം,  അത് ബസ്‌ യാത്രയിൽ ഉടനീളം എന്നെ അലട്ടി. ഞാൻ ആരാണ് എന്നറിയാൻ ഒരു ശ്രമം വെറുതെയെങ്കിലും നടത്തി നോക്കി . സ്ത്രീ , മകൾ , സഹോദരി , ഭാര്യ, അമ്മ, നാത്തൂൻ , അമ്മായി , വലിയമ്മ , ചെറിയമ്മ, ഓഫീസിൽ കണക്കപിള്ള, ചിലരുടെ എങ്കിലും സുഹൃത്ത്‌ ഇതിനപ്പുറം എന്താണ് ഞാൻ?

സ്ത്രീ എന്ന നിലയിൽ ഞാൻ പൂർണ ആണോ?

എന്നിൽ നിക്ഷിപ്തമായ മകളുടെ, സഹോദരിയുടെ, ഭാര്യയുടെ ഉത്തരവാദിത്വം ഞാൻ നിറവേറ്റുന്നുണ്ടോ ?

അമ്മയുടെ റോൾ വളരെ ഭംഗി ആയി ഞാൻ ചെയ്യുന്നു എന്ന് എന്റെ ആത്മവിശ്വാസം എന്നോട് പറയുന്നു . ഭാവിയിൽ എന്റെ മകൻ ലോകത്തിനു വേണ്ടി എന്തു ചെയ്യുമെന്നതു നോക്കി ഒരു ഒരു തീരുമാനത്തിൽ എത്താം എന്ന് ബുദ്ധി ഉപദേശിക്കുന്നു.

ബാക്കിയുള്ള വേഷങ്ങളിൽ സുഹൃത്ത്‌ എന്നതൊഴിച്ച് ബാക്കി എല്ലാം ആരും കുറ്റം പറയാത്ത രീതിയിൽ മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്.

സൗഹൃദം എന്റെ ബലഹീനതയും ശക്തിയും ഒക്കെ ആകുന്നതു കൊണ്ടാണോ, ചില സൌഹൃദങ്ങൾ തന്ന ഉണങ്ങാത്ത മുറിവുകൾ ആണോ  എന്നറിയില്ല സൌഹൃദങ്ങളെ    ഒരു വരക്കപ്പുറം തടഞ്ഞു നിർത്തുന്ന സുഹൃത്തെങ്കിലും സുഹൃത്ത്‌ അല്ലാത്ത ആളാണ്  ഞാൻ.

ഇനിയും എന്താണ് ഞാൻ ? കണ്ടു പിടിക്കാനുള്ള ശ്രമത്തിൽ ആണ്, എന്നിൽ നിന്നും അടര്ന്നു പോയ കണ്ണികൾ ചേർത്ത് വെച്ചാൽ ഒരു പക്ഷെ എന്നെ കണ്ടെത്താൻ ആകുമായിരിക്കും.

നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കുന്നോ സ്വയം  ആരെന്നു കണ്ടു പിടിക്കാൻ?
എന്നിട്ടു നിങ്ങളുടെ അഭിപ്രായം പറയൂ..:)




2014, ഏപ്രിൽ 2, ബുധനാഴ്‌ച

ഇങ്ങളാര നേറ്വോ? !!!

(ഒരു ദേശത്തിനു പാതിരാ നീലാണ്ടന്റെ സംഭാവന)


അന്നും പതിവ്  പോലെ നീലാണ്ടൻ  കോളനി കുന്നിറങ്ങി. വലതു തോളിൽ ഒരു കെട്ടു വിറകും ഇടതു തോളിലെ ചാക്കിൽ കുറച്ചു കപ്പയും. ഇത്രയും ഭാരം തോളിലേറ്റിയിട്ടും നീലാണ്ടന്റെ കാലുകൾക്ക് നല്ല വേഗത. ഇനി ഈ കുന്നു തിരിച്ചു കേറുന്നത് പാതിര ആകുമ്പോൾ ആകും. അത് കൊണ്ട് തന്നെ നീലാണ്ടനു   പാതിര നീലാണ്ടൻ എന്ന് പേരും കിട്ടി.

നടക്കുന്തോറും കാലുകൾക്ക് വേഗത പോര എന്ന് തോന്നിയിട്ടാകും ചിലപ്പോൾ നീലാണ്ടൻ ഓടാൻ തുടങ്ങും. ഭാരം ഇറക്കി വെക്കാനുള്ള വ്യഗ്രത കൊണ്ടൊന്നുമല്ല, അങ്ങാടിയിൽ ഇത് കൊണ്ട് വിറ്റു കിട്ടുന്ന കാശ് കൊണ്ട് വേണം കോളനിപ്പടി ഷാപ്പിൽ നിന്നും മൂക്കറ്റം മോന്താൻ. നേരം വൈകിയാൽ ചിലപ്പോൾ കിട്ടുന്ന ക്വോട്ട കുറഞ്ഞു പോകും. 

ഷാപ്പിൽ കേറുന്ന നീലാണ്ടനെ അവിടുന്ന് പുറത്തിറക്കാൻ ഷാപ്പുകാരന് കുറെ പണി പെടണം. പുറത്തിറങ്ങി കഴിഞ്ഞാൽ നീലാണ്ടൻ കലാപരിപാടികൾ തുടങ്ങും. റോഡിൻറെ നീളവും വീതിയും അളക്കുക, ഷാപ്പുകാരൻ ആണെന്ന് കരുതി വൈദ്യുതി പോസ്റ്റിനെ ആര് കേട്ടാലും അറക്കുന്ന ചീത്ത വിളിക്കുക, വഴിയിൽ കാണുന്നവരോടൊക്കെ ഒന്നും രണ്ടും പറഞ്ഞുടക്കുക തുടങ്ങിയവ. നീലാണ്ടന്റെ ഈ അവസ്ഥ കണ്ടു സഹിക്കാൻ കഴിയാതെ ആ നാട്ടിലെ ഒരു സ്കൂൾ മാസ്റ്റർ നീലാണ്ടനെ ഉപദേശിക്കാൻ തുടങ്ങി. മാഷ് സംസാരിച്ചതെല്ലാം കേട്ട് നിന്ന നീലാണ്ടൻ അവസാനം ചോദിച്ചു 

ഇങ്ങളാര നേറ്വോ? !!!

( നേറ്വോ - നെഹ്രുവാണോ...നീലാണ്ടന്റെ അറിവിൽ നെഹ്‌റു ആയിരുന്നു ഏറ്റവും വലിയ ആൾ.)

ഉപദേശിക്കാൻ പോയ മാഷ് ശശി ആയെങ്കിലും ആ ദേശക്കാർ നീലാണ്ടനോട് കടപെട്ടു.

കാരണം 

ഇപ്പോൾ അനാവശ്യമായ കാര്യങ്ങളിൽ തലയിട്ടു ഉപദേശിക്കുകയും ചോദിക്കുകയും ചെയ്യുന്നവരോട്  പ്രായഭേദമില്ലാതെ എല്ലാവരും ചോദിക്കും 

ഇങ്ങളാര നേറ്വോ? !!!




2014, മാർച്ച് 21, വെള്ളിയാഴ്‌ച

അങ്ങനെ ഞാനും ഹൈക്കി ആയി ..:)

നിനക്കെന്താ എന്നും ഇല്ലാത്ത ഒരു ആലോചന ഇന്ന്?

ഞാൻ കവിത എഴുതുന്നതിനെ കുറിച്ച് ആലോചിക്കുകയാ 

കവിതയോ ? നിന്റെ തമാശ കേട്ടു  കേട്ടു എന്റെ ഹുമർ സെന്സ്  അടിച്ചു പോയി ,വായോളിരാഗം കേട്ടു പാട്ട് കേൾക്കുന്നത് തന്നെ ഞാൻ നിർത്തി, ഇനിയിപ്പോൾ കവിത എഴുതി എന്റെ വായനശീലം കൂടെ നിർത്തിക്കല്ലേ  എന്റെ പൊന്നെ 

അതല്ല ഞങ്ങടെ ക്ളബ്ബിൽ എല്ലാരും കവിത എഴുതുന്നു അപ്പോൾ ഞാനും എഴുതണ്ടേ?

ഓ അങ്ങനെ, അപ്പോൾ മത്സര ബുദ്ധി ആണു , കൊക്കിൽ ഒതുങ്ങുന്നത്  കൊത്തിയാ പോരെ മോളു 

നിങ്ങൾക്കറിയുമോ സ്മിതയും പിഗ്മയും  വിഷ്ണുവും   വരെ കവിത എഴുതുന്നുണ്ട് . അപ്പോൾ ഞാൻ ഒരു ഹൈകു എങ്കിലും എഴുതണ്ടേ?

ഹൈകുവോ അതെന്തു കുന്തം?

അതൊക്കെ ഉണ്ട് മൂന്നു വരിയിൽ ഒരു നീണ്ട പദ്യം വായിച്ച പോലെ ഉള്ള എഫ്ഫക്റ്റ്‌ തരണ സംഭവമാ. അതൊന്നും പറഞ്ഞാൽ നിങ്ങൾക്കു  മനസിലാകുല്ല . വിഷ്ണു ഹിന്ദിയിൽ ആണു എഴുതുന്നത്‌ . അപ്പോൾ ഡിഗ്രി വരെ ഹിന്ദി സെക്കന്റ്‌ ലാംഗ്വേജ് ആയി പഠിച്ച ഹിന്ദി സുഗമ പരീക്ഷ പാസ്സായ ഞാൻ ഹിന്ദിയിൽ എങ്കിലും രണ്ടു വരി കുറിക്കണം .അതാണിപ്പോൾ ആലോചിക്കുന്നത് 

അവിടെ വേറേം കവികൾ , രാമൻ , കൃഷ്ണദാസ്‌ , ഷാജി ഒക്കെ ഉണ്ടെന്ന്നു ആണല്ലോ നീ പറഞ്ഞത് . അവരുടെ കവിത കാണുമ്പോൾ തോന്നാത്ത സൂക്കേട്‌  ഇപ്പോൾ എവിടെ നിന്നും വന്നു?

രാമനും കൃഷ്ണനും ജനിച്ചപ്പോഴേ കവിതയുമായി വന്നവരാ . അവരോടൊക്കെ മത്സരിക്കാൻ പോയാൽ ഷീല ദീക്ഷിതിനും അപ്പുക്കുട്ടനും ഒക്കെ പറ്റിയ പോലെ ആകും. ഞാൻ ക്ളബ്  വിട്ടു ഓടേണ്ടി വരും . പുണ്യാളൻ  വീർപ്പു  മുട്ടിയ വികാരങ്ങളെ ആണ് കവിത ആക്കുന്നത് .

നിനക്ക് വികാരങ്ങൾ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് നീ അതേ കുറിച്ചു ആലൊചിക്കയെ വേണ്ട. നീ വല്ലതും ഉണ്ടാക്കാൻ നോക്കു, മനുഷ്യന് വിശക്കുന്നു.

അല്ലെങ്കിലും നിങ്ങൾക്കങ്ങനെ  ആണല്ലോ സ്വന്തം കാര്യം മാത്രം. എന്റെ ഒരു വിഷമം പറഞ്ഞാൽ കേൾക്കാനും  ആശ്വസിപ്പിക്കാനും ആരുമില്ല..എന്നാലും ഞാൻ ഹൈകു എഴുതും 

അടുക്കളയിലെ ജനലിലൂടെ നോക്കിയപ്പോൾ ഞെട്ടിൽ നിന്ന് വിട്ടു തൂങ്ങി നില്ക്കുന്ന ഒരില..ഹൈകു വരുന്ന  വഴിയേ 

ജീവിതം 

ഞെട്ടറ്റു തൂങ്ങുന്നില പോലെ 
തൂങ്ങിയാടുന്നീ ജീവിതം 



വാഹ്‌  ബേബി വാഹ്‌  ..കൊള്ളാല്ലോ 

(ആത്മപ്രശംസ ഒന്നുമല്ല . ആരും അഭിനന്ദിക്കാൻ ഇല്ലാത്തപ്പോൾ സ്വയം അഭിനന്ദിക്കണം എന്ന് പണ്ട്  ഹാഫിസ് മുഹമ്മദ്‌ സർ പറഞ്ഞിട്ടുണ്ട് )





2014, മാർച്ച് 19, ബുധനാഴ്‌ച

സായാഹ്ന നടത്തത്തിനിടയിൽ ആണവൻ ചോദിച്ചത്  " നമുക്ക് സ്വപ്നങ്ങളുടെ താഴ് വാരത്തിലേക്ക് പോയാലോ?"

സ്വപ്നങ്ങളുടെ താഴ് വാരമോ  ?

അങ്ങനെ ഒരു സ്ഥലം ഉണ്ട് . നാല് കുന്നുകല്ക്കിടയിലെ പച്ചപട്ടു വിരിച്ച ഒരു സ്ഥലം. അവിടെ തെളിനീരോഴുകുന്ന ചെറിയ അരുവി ഉണ്ട്. നിറയെ പൂത്ത പൂമരങ്ങൾ ഉണ്ട്. കായ്കൾ നിറഞ്ഞു കിടക്കുന്ന ഫലവൃക്ഷങ്ങൾ ഉണ്ട്.  കിളിക്കൂടുകളും അവയുടെ ശബ്ദങ്ങളും ഒക്കെ ഉള്ള സ്വര്ഗതുല്യമായ ഒരു സ്ഥലം. അവിടെ ഉള്ള പടര്ന്നു പന്തലിച്ച വേങ്ങ മരത്തിൽ നമുക്കും ഒരു കൂടൊരുക്കണം. അതിന്റെ പടര്ന്ന കൊമ്പുകളിൽ നമ്മുടെ കുട്ടികൾക്ക് ഊഞ്ഞാൽ  കെട്ടികൊടുക്കണം.

സ്വർഗ്ഗ താഴ്‌വരയെ കുറിച്ച് അവൻ പറഞ്ഞു കൊണ്ടേയിരുന്നു . നടന്നു തീർത്ത ദൂരം അവൾ അറിഞ്ഞതേയില്ല.  അവളുടെ മനസ്സില് മരവീടും ഊഞ്ഞാലും കിളികളും പൂക്കളും മാത്രം നിരന്നു നിന്നു.

കയ്യിലെ അവന്റെ പിടുത്തം മുറുകിയപ്പോൾ ആണവൾ ചുറ്റും നോക്കിയത് . വിദൂരതയിൽ നിന്നെന്ന പോലെ അവന്റെ സ്വരം അവൾ കേട്ടു  " ഇതാണ് ആ താഴ് വര "

അവൾ ചുറ്റും നോക്കി . എവിടെ പാലരുവി ? എവിടെ കിളികൾ ? എവിടെ പൂമരം ?

വിണ്ടു കീറിയ മണ്ണിലൂടെ ഭൂമിയുടെ മാറിടം അവൾ കണ്ടു. ഇതെങ്ങനെ സ്വപ്ന(സ്വർഗ്ഗ)ഭൂമി ആകും ?

ഉള്ളിലെ ചോദ്യങ്ങൾ വിങ്ങലുകൾ ആയി അത് ഒരു ചെറിയ പുഴ പോലെ അവളുടെ കണ്ണിലൂടെ ചാലിട്ടിറങ്ങാൻ തുടങ്ങിയപ്പോൾ കൈവിരലുകൾ കൊണ്ടവയെ തടഞ്ഞു കൊണ്ടവൻ പറഞ്ഞു
"കരയരുത് ..നിന്റെ കണ്ണുനീരിന്റെ ഒരു ചെറിയ നനവ്‌ മതി വരണ്ടു തുടങ്ങിയ ഈ മണ്ണിൽ പുതിയ നാമ്പുകൾ വിടരാൻ . അവ വളർന്നു വലുതാകാൻ തുടങ്ങുമ്പോൾ വീണ്ടും ഇത് പോലെ വെള്ളം കിട്ടാതെ വരണ്ടു പോകും. അവയ്ക്ക് ആവശ്യം ഉള്ളപ്പോൾ ഒക്കെ നീര് കൊടുക്കാൻ തയ്യാറാണെങ്കിൽ മാത്രം നിന്റെ കണ്ണീരിനെ ഒഴുക്കി വിടുക ഇല്ലെങ്കിൽ അവയെ ഒഴുകാതെ തടഞ്ഞു നിര്ത്തുക ?

അവന്റെ കൈകളെ എടുത്തു മറ്റികൊണ്ടവൾ ആ പുഴയെ ഒഴുക്കി വിട്ടു ..ഇപ്പോഴും അവന്റെ സ്വപ്ന താഴ്‌വാരം പൂത്തു തളിർക്കാൻ വേണ്ടി അവൾ കരഞ്ഞു കൊണ്ടേയിരിക്കുന്നു

2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

Dilemma

സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെ നൂൽപാലം ആണ് ജീവിതം. ഒന്നടി തെറ്റിയാൽ തീർന്നു പോകാവുന്നത്. ഇതിൽ സ്വയം വരച്ചു വെച്ച ചില ലക്ഷ്മണരേഖകൾ എല്ലാവർക്കും ഉണ്ടാകും. ചില നിയന്ത്രണങ്ങൾ, ചിന്തയിൽ, പ്രവൃത്തിയിൽ സംസാരത്തിൽ, കാണേണ്ട കാഴ്ചകളിൽ എല്ലാം. നിയന്ത്രണരേഖ മുറിച്ചു  ക്ഷണിക്കപെടാത്ത ചില അതിഥികൾ കടന്നു വരും. കാറ്റായും , മഴയായും, നിലാവായും വെയിലായും ചിലതൊക്കെ . അങ്ങനെ എനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഒന്നായി ആണ് നീ  കടന്നു വന്നത്. ഒരു സ്വപ്നത്തിലെന്ന വണ്ണം. വരച്ചു വെച്ച രേഖ എന്നാണു മായാൻ തുടങ്ങിയതെന്നോർമയില്ല. ഓർമയിൽ ഉള്ളത്  ചില സ്വപ്നങ്ങൾ മാത്രം.

 ഒടുക്കത്തെ ട്രാഫിക് ജാമിൽ വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണടിയിൽ വീർപ്പുമുട്ടി ഇരിക്കുമ്പോളാണ് ആദ്യം ആയി കാക്കപുള്ളി ഉള്ള നിന്റെ വിരൽ പിടിച്ചു നടവരമ്പിലൂടെ നടക്കാനിറങ്ങിയത് . പിന്നീട് സാഹചര്യങ്ങളിൽ നിന്നും ഒളിച്ചോടണം  എന്ന് തോന്നുമ്പോഴൊക്കെ നിന്റെ കയ്യും പിടിച്ചു  തോന്നുന്ന ഇടങ്ങളിലേക്കെല്ലാം  പോയി.

വാച്ചിലെ സൂചി പോലെ ഉള്ള കറക്കത്തിനിടയിൽ ആരുമറിയാതെയുള്ള അത്തരം   ഒളിച്ചോട്ടങ്ങൾ ഒരു വേ ഔട്ട്‌ ആയിരുന്നു. എന്നെ ഞാൻ ആക്കുന്ന  നിമിഷങ്ങൾ, ലോകത്തിന്റെ നിറുകയിൽ എത്തിയ പോലെ ഉള്ള തോന്നൽ. പതുക്കെ തോന്നലുകൾ യാഥാർത്ഥ്യം ആകുന്നതും അത് ഒരു വിശ്വാസം ആയി രൂപപെടുന്നതും   സ്വപ്നത്തിൽ അല്ലായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ തിരഞ്ഞത് എന്നോ മായ്ഞ്ഞു പോയ രേഖ ആയിരുന്നു.

ഇപ്പോൾ വീണ്ടും ആ രേഖ വരച്ചു വെക്കാനുള്ള ശ്രമത്തിൽ ആണ് . എവിടെ നിന്നാണ് വരയ്ക്കാൻ തുടങ്ങേണ്ടത് ? കഴുത്തിൽ  പതിഞ്ഞ  നിശ്വാസത്തിൽ നിന്നോ, കവിളിൽ പടർന്ന ചുണ്ടുകളിൽ നിന്നോ അതോ ഒരിക്കലും മറക്കാനാകാത്ത  നിന്റെ ഗന്ധത്തിൽ നിന്നോ?

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

No Body Can Steal Your Happiness!!!

ഇന്ന് ലോക കാൻസർ ദിനം.

കാൻസർ എന്നാ വാക്ക് ഞാൻ ആദ്യം ആയി കേൾക്കുന്നത്  അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ ആണ്.  മേമക്ക് (അമ്മയുടെ അനിയത്തി) കാൻസർ ആണെന്ന് അമ്മയോട് ആരോ പറയുന്നത് കേട്ടതാണ്. മേമ മുട്ടുവരെ നീണ്ടമുടിയും വെളുത്ത നിറവും നെറ്റിയിൽ  ചുവന്ന വട്ടപൊട്ടുമുള്ള ഒരു സുന്ദരി ആയിരുന്നു, . ബാലവാടി ടീച്ചറും ഒരല്പസ്വല്പം സാമൂഹ്യപ്രവർത്തനവും കൊണ്ട് നാട്ടുകാർക്കൊക്കെ പ്രിയങ്കരി ആയിരുന്നു. ഇടയ്ക്കിടെ വരുന്ന വയറുവേദനയെ പറ്റി വീട്ടിൽ വരുമ്പോഴൊക്കെ അമ്മയോടു പറയുന്നത് കേൾക്കാമായിരുന്നു. സാവിത്രി സാബുവിൽ (കോഴിക്കോട് മെഡിക്കൽ കോളേജിലെ കാൻസർ യുണിറ്റ് ) അഡ്മിറ്റ്‌ ആണെന്നും റേഡിയെഷൻ നടക്കുന്നു എന്നൊക്കെ ഉള്ള വിവരങ്ങൾ അമ്മയോടു പറയുന്നത് കേൾക്കാറുണ്ട് എങ്കിലും കാൻസർ എന്നാൽ ഒരാളുടെ രൂപം തന്നെ മാറ്റിയെടുക്കുന്ന അസുഖം ആണ് എന്നറിയില്ലായിരുന്നു. മേമയെ വീട്ടിലേക്കു തിരിച്ചു കൊണ്ടുവന്ന ദിവസം അമ്മ എന്നെയും കൂട്ടി അവരുടെ വീട്ടിലേക്കു പോയി. മേമയുടെ രൂപം കണ്ടു ഞാൻ ആ മുറിയിൽ  നിന്നും പുറത്തേക്കു ഒരോട്ടം ആയിരുന്നു. ഒറ്റമുണ്ട് , പച്ച ബ്ലൌസ് , മുട്ടറ്റം മുടിയുണ്ടായിരുന്ന തലയിൽ  കുറച്ചു മുടി..വെളുത്ത വയർ കലത്തിന്റെ അടിഭാഗം പോലെ കറുത്തിരിക്കുന്നു. അമ്മ വീണ്ടും മുറിയിലേക്ക് വിളിച്ചപ്പോൾ മേമ പറഞ്ഞു 'വിളിക്കണ്ട കുട്ടി പേടിച്ചു കാണും' പിന്നീട് എത്ര ദിവസം അങ്ങനെ കിടന്നു എന്നോർമയില്ല. ഒരു ദിവസം അമ്മയുടെ കൂടെ പോയപ്പോൾ വെള്ള പുതച്ചു കിടക്കുന്ന മേമയെ ആണ് കണ്ടത് .


പത്താം  ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഒരു  രാത്രി പൊടിയരികഞ്ഞി കുടിച്ച ഉടനെ അച്ഛൻ മുറ്റത്തെ കോരിച്ചൊരിയുന്ന മഴയിലേക്ക്‌ ചർദ്ദിച്ചത് . അരി വെന്തില്ല അതുകൊണ്ടാണ് ഇറങ്ങാത്തത് എന്ന്  അമ്മയോട് പറയുന്നത് കേട്ടു.  രണ്ടു ദിവസം കഴിഞ്ഞു ചെലോട്‌ മിഷൻ ഹോസ്പിറ്റലിൽ അച്ഛനെ കൊണ്ട് കാണിച്ചപ്പോൾ അവർ പറഞ്ഞു ബ്രൊങ്കൈറ്റിസ് ആകാം . ഏതായാലും അഡ്മിറ്റ്‌ ആക്കാം, കൂടുതൽ ടെസ്റ്റുകൾ ആവശ്യമാണ്‌. സ്റ്റഡി ലീവിനിടയിൽ അച്ഛനെ കാണാൻ ഇടയ്ക്കിടെ ഹോസ്പിറ്റലിൽ പോകാറുണ്ടായിരുന്നു. ഒരു രാത്രി പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആണ് രണ്ടാമത്തെ ഏട്ടൻ അമ്മയോട് പതുക്കെ പറയുന്നത് കേട്ടത്  " കുറച്ചു കൂടിയ രോഗം ആണെന്നാണ് പറഞ്ഞത് , വെല്ലൂര് കൊണ്ടുപോകേണ്ടി വരും " സ്റ്റഡി ലീവിനിടക്ക് പിടിപെട്ട മഞ്ഞപിത്തം എന്നെ ഒരു മാസം കിടന്ന കിടപ്പിൽ കിടത്തിയപ്പോൾ അച്ഛനെ വെല്ലൂര് കൊണ്ടുപോയതും സർജെറിക്ക് വിധേയമാക്കിയതും ഒക്കെ അറിഞ്ഞിരുന്നു എങ്കിലും രോഗം അന്നനാളത്തിലെ കാൻസർ ആയിരുന്നു എന്ന് ആരും തന്നെ പറഞ്ഞിരുന്നില്ല. വെല്ലൂരിലെ ആശുപത്രി വാസം കഴിഞ്ഞു തിരിച്ചു വന്ന അച്ഛൻ ആദ്യത്തെ അത്ര ഊർജസ്വലൻ ആയിരുന്നില്ല എങ്കിലും കിടപ്പിൽ ആയിരുന്നില്ല. എന്നാലും അധികകാലം അങ്ങനെ ഉണ്ടായിരുന്നില്ല. ഒരു കെമിസ്ട്രി ലാബ്‌ കഴിഞ്ഞു ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോൾ വേഗം വീട്ടിലേക്കു പോകണം എന്ന് പറഞ്ഞപ്പോൾ വേണ്ടാത്തതൊന്നും മനസ്സിൽ തോന്നിയിരുന്നില്ല . കാരണം രണ്ടു ദിവസം മുന്നേ വരുമ്പോൾ ഈവെനിംഗ് വാല്ക് കഴിഞ്ഞു മുകളിലെ മുറിയിലേക്ക് പോകുന്ന അച്ഛനെ കണ്ടതാണല്ലോ.


കാൻസർ എന്ന വാക്ക്  പിന്നീടു എന്റെ ജീവിതത്തിലേക്ക്  കടന്നു വന്നത് ഭർത്താവിന്റെ സഹോദരിയിലൂടെ ആണ്. സഹോദരി എന്നതിലുപരി രണ്ടു  വയസ്സായപ്പോൾ അമ്മ നഷ്ടപെട്ടയാൾക്ക്  അമ്മ ആയിരുന്നു അവർ. അവർക്ക് ഇങ്ങനെ ഒരു അസുഖം ആണ് എന്നതു ആദ്യം അറിഞ്ഞത് ഞാൻ തന്നെ ആയിരുന്നു. അങ്ങേരോട് എങ്ങനെ പറയും എന്നറിയാതെ രണ്ടു ദിവസം ഞാൻ എന്റെ മനസ്സിൽ ഇട്ടു തന്നെ നീറ്റി. പിന്നീടു ധൈര്യം സംഭരിച്ചു പറഞ്ഞു. അത് കേട്ട അങ്ങേരുടെ ഇരിപ്പ് കാൻസർ എന്ന കേൾക്കുമ്പോൾ ഇപ്പോഴും എന്റെ മനസ്സിൽ വരും. ചേച്ചിയെ കാണാൻ ഹൈദരബാദിൽ എത്തുമ്പോൾ അവസാന സ്റ്റെജിൽ എത്തിയിരുന്നു. ലോകത്തിന്റെ ഏതു മൂലയിൽ കൊണ്ട് പോയി ചികിത്സിക്കാൻ ഉള്ള എല്ലാം ഉണ്ടായിട്ടും കണ്ടു പിടിക്കാൻ വൈകി എന്ന ഒറ്റ കാരണം കൊണ്ട് തന്നെ വിധിക്കു കീഴടങ്ങേണ്ടി വന്നു .

പിന്നീടു കാൻസർ വിളിച്ചു കൊണ്ട് പോയത് അനിതയെ ആണ്. ഭർത്താവിന്റെ അമ്മായിയുടെ മകൾ. ഇത്ര എനെർജെറ്റിക്ക്  ആയ സ്ത്രീകളെ അപൂർവ്വം ആയിട്ടാണ് കാണാൻ കഴിയുക. സംസാരവും പ്രവർത്തിയും  എല്ലാം പടെ പടെ എന്നാണ്. ഞാൻ പലപ്പോഴും ഭർത്താവിനെ കളിയാക്കുമായിരുന്നു, നിങ്ങൾ എന്താണ് അനിതയെ കെട്ടാതിരുന്നത്‌ എന്ന് ചോദിച്ചു. തിരൂർ തുഞ്ചൻ പറമ്പിനു അടുത്ത് തന്നെയുള്ള അവളുടെ വീട്ടിൽ പോകാൻ എനിക്ക് രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന് അനിതയുടെ സംസാരം  കേട്ടിരിക്കാം. പിന്നെ തുഞ്ചൻ പറമ്പിൽ ഒന്ന് കേറാം. ഒരു ദിവസം ഓഫീസ് വിട്ടു വീട്ടിൽ എത്തിയപ്പോൾ മുനിഞ്ഞിരിക്കുന്ന കണവനെ കണ്ടത് .കാര്യം എന്തെന്ന് തിരക്കിയപ്പോൾ പതുക്കെ ആണ് പറഞ്ഞത് 'അനിതക്കു കാൻസർ ആണ്'.  പ്രൈമറി സ്റ്റേജിൽ തന്നെ കണ്ടുപിടിക്കുകയും ഡോക്ടർ ഗംഗാധരന്റെ ചികിത്സയിൽ ആണ് എന്നതും ശുഭാപ്തി വിശ്വാസം ഉണ്ടാക്കിയിരുന്നു. പക്ഷെ ഏതു ഡോക്ടറെക്കാളും വലിയ കണക്കുകൂട്ടൽ മുകളിൽ ഒരാൾ നടത്തുന്നുണ്ടല്ലോ.

എനിക്ക് അടുത്ത പരിചയമുള്ളവർ എല്ലാവരും തന്നെ രോഗത്തിന് കീഴ്പ്പെട്ടവർ ആണ്. എങ്കിലും ഇതിൽ നിന്നും സർവൈവ് ചിലരെ കാണുമ്പോൾ ഒരു സന്തോഷം. അതിൽ ഒരാളാണ് ഞങ്ങളുടെ അടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന ആന്റി. നീണ്ട ചികിത്സ കഴിഞ്ഞു ഇപ്പോൾ അവർ പൂർണ്ണഗർഭിണി ആയ മകളെയും , വീട്ടിലെ എല്ലാ പണികളും ചെയ്തു ചുറുചുറുക്കോടെ നടക്കുന്നത് കാണുമ്പോൾ സന്തോഷം.

വിധി ഓരോരുത്തര്ക്കും ഓരോ പോലെ ആയിരിക്കുമല്ലോ !!!




(കാൻസർ അവൈര്നെസ്സ് ഫിലിം ആയ 'അമരന്തിന്റെ ' ക്യാപ്ഷൻ  ആണ് നോ ബഡി കാൻ സ്റ്റീൽ യുവർ ഹാപ്പിനെസ്സ് ) 

2014, ജനുവരി 25, ശനിയാഴ്‌ച

ജാലകക്കാഴ്ചകൾ

ഓഫീസിന്റെ മുൻഭാഗത്തെ ജനലിൽ കൂടെ പുറത്തേക്കു നോക്കിയാൽ നിരനിരയായി നീണ്ടുകിടക്കുന്ന ലോറികളും സാധനങ്ങൾ കയറ്റുന്നതിന്റെയും ഇറക്കുന്നതിന്റെയും ബഹളവും ഒക്കെ ആണ് സാധാരണ ആയി കാണുക. മുന്നിലെ കാനറ ബാങ്കിന്റെ സണ്‍ഷെയിഡിലെ പരുന്തിന്കുട്ടിയെ കുട്ടേട്ടൻ ആണ് ഒരു ദിവസം കാണിച്ചു തന്നത്. ചിറകുകൾ ഒതുക്കി സുന്ദരക്കുട്ടൻ ആയി ഇരിക്കുന്ന കുട്ടിക്ക് തീറ്റയുമായി അമ്മ ഇടയ്ക്കിടെ വരും. അതിന്റെ കൊക്കിലെക്കു തീറ്റ വെച്ച് കൊടുത്തു തിരികെ പറന്നു പോകുന്നതിനു മുൻപ് ഒരു കുട്ടി സുരക്ഷിതൻ ആണോ എന്നറിയാൻ ഒരു നിരീക്ഷണം. ഒരു പ്രദക്ഷിണം .അമ്മയുടെ സ്നേഹം , അത് ഇതു തരം ജീവികളിൽ ആയാലും മഹത്തരം തന്നെ.


താഴെ ഉള്ള ഗോഡൌണിൽ രണ്ടാഴ്ച മുൻപാണ്‌  ഒരു കറുത്ത പൂച്ച പ്രസവിച്ചത്.  അരിചാക്കുകൾക്കിടയിൽ നാല് കുട്ടികൾ. മൂന്ന് കറുത്തതും ഒന്ന് ചാര നിറത്തിലുള്ളതും. പഞ്ഞിപോലത്തെ സുന്ദരിക്കുട്ടികൾ.പെറ്റ പെണ്ണിനു ആഹാരം ഓഫീസിലെ  എല്ലാവരും മത്സരിച്ചാണ്‌ കൊടുക്കുന്നത് . ഞാൻ ഇട്ടു കൊടുക്കുന്ന പച്ചക്കറി ചോറു ഒന്ന് മണത്തു നോക്കി 'വായിൽ വെക്കാവുന്ന ഒന്നുമില്ലേ " എന്ന ചോദ്യവുമായി എന്നെ നോക്കി അമ്മപൂച്ച കരഞ്ഞിരിക്കും.ആ ചോറിനു മുകളിലായി  ആരേലും മീൻ കറി ഒഴിച്ച് കൊടുത്താൽ പെട്ടെന്ന് തന്നെ കഴിച്ചു തീർത്തു മക്കളുടെ അടുത്തേക്ക് ഓടും.ഇടയ്ക്കിടെഎല്ലാവരും  പൂച്ചകുട്ടികളെ പോയി നോക്കുന്നതു കൊണ്ടാകണം മക്കളെ സുരക്ഷിതം ആയി വേറെ ഒരു സ്ഥലത്തേക്ക് കടിച്ചു കൊണ്ട് പോകാൻ തുടങ്ങിയത്. കുട്ടികളെ എല്ലാം കൊണ്ടുവെച്ചു തിരിച്ചു വരുന്നതിനിടയിൽ പാണ്ടി ലോറിയുടെ അടിയിൽ ചതഞ്ഞു അരയാനുള്ളതാണ് താൻ എന്ന് അമ്മ പൂച്ച ഓർത്തു കാണില്ല.

ഇപ്പോൾ അമ്മയില്ലാത്ത കുഞ്ഞുങ്ങളുടെ കരച്ചിൽ ആണ് എവിടെയും  . വളർത്തുമൃഗങ്ങൾ പോറ്റാൻ പാടില്ല എന്ന നിയമം ഉള്ളതുകൊണ്ട് എനിക്ക്  അവയെ ഫ്ലാറ്റിലേക്ക് കൊണ്ട് പോകാനും വയ്യ. ചായയും പാലും ഒഴിച്ചു കൊടുക്കാൻ ആളുകള് മത്സരിക്കുകയാണ്. പക്ഷെ ആർക്കും അവയെ വീട്ടിലേക്കു കൊണ്ട് പോകാൻ വയ്യ. ഇന്നലെ കുട്ടികളിൽ ഒരെണ്ണം ഓട്ടോയുടെ അടിയിൽപ്പെട്ടു. ബാക്കിയുള്ളവ അടുത്തുള്ള ചായക്കാരന്റെ പെട്ടിക്കടിയിൽ താല്കാലിക സ്ഥലം കണ്ടെത്തിയിരിക്കുന്നു. നാളെ അതിൽ എത്ര എണ്ണം ബാക്കി ഉണ്ടാകുമെന്നറിയില്ല. അമ്മ ഇല്ലാത്ത കുഞ്ഞുങ്ങൾ എവിടെയും അരക്ഷിതർ തന്നെ.





2014, ജനുവരി 11, ശനിയാഴ്‌ച

അവിശ്വസനീയമായ ചില സത്യങ്ങൾ !!!

അനിവാര്യതകളാണ്  ജീവിതം ..
അനിവാര്യമായ ചില കണ്ടു മുട്ടലുകൾ...
ചില വേർപാടുകൾ..
കൂട്ടി യോജിപ്പിക്കലുകൾ...

എന്തിനായിരിക്കണം അവരെല്ലാം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ?
നമുക്ക് ആരായിരുന്നിരിക്കണം ?

ആരുമാകാതെ ആരൊക്കെയോ ആകുന്നവർ ...
ആരൊക്കെയോ ആയിട്ടും ആരുമാകാതെ പോകുന്നവർ..

കാലുകളെ നനച്ചു  കിലോ മീറ്റരുകളോളം അകലേക്ക്‌ ഇറങ്ങി പോകുന്ന കടൽ പോലെ , തെളിഞ്ഞു നിൽക്കുമ്പോൾ പെട്ടെന്ന് കാളിമയാർന്ന മേഘങ്ങളെ കൊണ്ട് മൂടുന്ന ആകാശം പോലെ, ഏഴു വർണങ്ങളും വിടർത്തി നില്ക്കുന്ന മഴവില്ല് പോലെ  നമുക്ക്  മനസിലാക്കാനും അറിയാനും കഴിയാത്ത ഒരു അത്ഭുതം.

അത് പോലൊരു അത്ഭുതം ആണ് 2001ൽ  ഒറ്റയ്ക്ക് ഹൈദരാബാദിലേക്കുള്ള യാത്രയിൽ സംഭവിച്ചതു. ഭർത്താവിന്റെ ജോലി,  മകന്റെ സ്കൂൾ , ഇതൊക്കെ കാരണം  പലപ്പോഴും നാട്ടിലേക്കുള്ള യാത്രകൾ ഒറ്റക്കാകും. ഒറ്റക്കുള്ള ബസ്‌ യാത്രയുടെ സുഖം ഒന്നും വേറെ തന്നെ ആണ് . ഹൈദരാബാദ് - ബാംഗ്ലൂർ , ബാംഗ്ലൂർ - കല്പറ്റ, അത് പോലെ തിരിച്ചും.

കല്പറ്റയിൽ നിന്നും ഞായറാഴ്ച രാവിലെ ഒൻപതു മുപ്പതിന്റെ ബാംഗ്ലൂർ ബസിനു പോയാൽ എന്ത് ട്രാഫിക്‌ പ്രൊബ്ലെം ഉണ്ടെങ്കിലും ഒരു അഞ്ചര മണി ആകുമ്പോൾ ബംഗ്ലൂര്  എത്തും. അവിടെ നിന്നും ആറര മണിക്കുള്ള ഹൈദരാബാദ് ബസ്‌ പിടിച്ചാൽ രാവിലെ ആറര -ഏഴു മണി ആകുമ്പോൾ അവിടെ എത്തും . ഒരു ദിവസത്തെ ലീവ് വെറുതെ പോകില്ല.

എല്ലാ തവണത്തെയും പോലെ കാലത്തുള്ള ബസിനു ബംഗ്ലൂരിലേക്ക് പുറപ്പെട്ടപ്പോൾ അവിടെ ഉണ്ടായിരുന്നു ചേട്ടന്റെ മകൻ രാകേഷിനെ  വിളിച്ചു ആറരയുടെ ഹൈദരാബാദ് ബസ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു വെക്കാനും അഞ്ചുമണി ആകുമ്പോൾ ബംഗ്ലൂർ മജെസ്റ്റിക് സ്റ്റാൻഡിൽ എത്താനും തലേദിവസം തന്നെ നിർദേശം കൊടുത്തത് കാരണം അവിടെ എത്തി ടിക്കറ്റ്‌ എടുക്കണം എന്ന തലവേദന ഒഴിഞ്ഞു.

പക്ഷെ നമ്മുടെ കണക്കുകൂട്ടലുകൾ എല്ലാം വെറുതെ ആണെന്നു ഇടക്കൊക്കെ ദൈവം നമ്മളെ ബോധ്യപെടുത്തും. മാണ്ട്യ എത്തിയപ്പോൾ ബസ്‌ പിന്നെ കാള വണ്ടി പോലെ ആണ് പോകുന്നത് . നാഷണൽ കോറിഡോർ നിർമാണം നടക്കുന്ന കാരണം റോഡ്‌ എല്ലാം ബ്ലോക്ക്‌.കണ്ട ഊടുവഴികളിലൂടെയും ബൈപാസ് വഴിയും ഒക്കെ ആണ് ബസ്‌ പിന്നെ പോയികൊണ്ടിരുന്നത് . സമയം പോയികൊണ്ടെയിരുന്നു. തലേദിവസം വിളിച്ചു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാൻ പറഞ്ഞ നിമിഷത്തെ ഓർത്തു  തലയ്ക്കു കൈ വെച്ച്  പോയി. ആറു  മണിക്ക് മുൻപ് ബംഗ്ലൂർ എത്തിക്കുമോ   എന്ന ചോദ്യത്തിനു ശ്രമിക്കാം എന്ന മറുപടി കിട്ടി. അഞ്ചു മണി ആയിട്ടും  ബസ്‌ ബംഗ്ലൂർ ഔട്ടെറിൽ പോലും എത്തിയിരുന്നില്ല. സിറ്റിയിലേക്ക് കടന്നാലും ചുറ്റി കറങ്ങി ഏതാണ്ട് ഒരു  മണിക്കൂര്‍  എടുക്കും സ്റ്റാൻഡിൽ എത്താൻ. മൊബൈൽ ഫോണ്‍ ഒന്നും ഇല്ലാത്തതു കാരണം സ്റ്റാൻഡിൽ ഇറങ്ങി ബൂത്തിൽ കേറി വേണം ഫോണ്‍ ചെയ്യാൻ . ആറു പതിനഞ്ചു ആയപ്പോൾ സ്റ്റെഷന്റെ  മുകൾ ഭാഗത്തു  ഏതോ ഒരു സ്ഥലത്ത് ബസ്‌ നിർത്തി എല്ലാവരോടും ഇറങ്ങിക്കോളാൻ പറഞ്ഞു . ബസ്‌ ഇറങ്ങിയതും മഴ. അവിടെ നിന്നും നോക്കിയപ്പോൾ താഴെ പൊട്ടു പോലെ ഹൈദരാബാദ് ബസ്‌ ബേ  കാണാം .

മഴയിൽ ലഗേജും (നാട്ടിൽ നിന്നു പോകുകയല്ലേ കിട്ടുന്നത് എല്ലാം പായ്ക്ക് ചെയ്തെടുത്തു എന്ന് പറഞ്ഞപ്പോഴേ കണവൻ ഫോണിൽ ചീത്ത വിളിച്ചതാണ് അധികം കെട്ടി പൊതിയണ്ടാന്നു , കേട്ടില്ല ) പിടിച്ചു എന്ത് ചെയ്യണം എന്നറിയാതെ ബ്ലിങ്കസ്യാന്നു പറഞ്ഞു നിൽക്കുമ്പോൾ ആണ് ഒരു പയ്യൻ വന്നു  "excuse me can I help you"  എന്ന് ചോദിക്കുന്നത് . ഓരോ യാത്രയുടെ മുൻപുമുള്ള കണവന്റെ ക്ലാസ്സ്‌  ഓർമ വന്നതു കൊണ്ട് നോ താങ്ക്സ് എന്ന് പറഞ്ഞു മഴ കൊള്ളാത്ത ഒരിടത്തേക്ക് മാറി നിന്നു . അയാൾ  പോകുന്നതിനു പകരം ആളുകളെ സഹായിക്കുന്നത് തനിക്കു ഇഷ്ടമുള്ള കാര്യം ആണെന്നും അതിൽ സന്തോഷമേയുള്ളൂ എന്നൊക്കെ പറഞ്ഞു അവിടെ തന്നെ നിന്നു. രാകേഷിനെ വിളിക്കണമെങ്കിൽ ബൂത്തിൽ പോകണം . കുറെ ദൂരെ ആയി ഒരു ബൂത്ത്‌ കാണാം . പക്ഷെ എല്ലാം വലിച്ചു അവിടെ വരെ എത്തേണ്ട കാര്യം ഓർത്തപ്പോൾ പറ്റിക്കാൻ വന്നവൻ ആയാലും അവന്റെ സഹായം സ്വീകരിക്കാമെന്ന് തന്നെ തീരുമാനിച്ചു. എവിടേക്കു പോകാൻ ആണ് എന്ന് ചോദിച്ചപ്പോൾ ഹൈദരാബാദ് എന്ന് പറഞ്ഞു . അപ്പോൾ നിങ്ങൾക്ക് തെലുങ്ക് അറിയില്ലേ , നമുക്ക് തെലുങ്കിൽ സംസാരിക്കാം, നെല്ലൂരുകാരൻ ആണെന്നും(പേര് അയാൾ പറഞ്ഞില്ല ഞാൻ ചോദിച്ചതുമില്ല) ബംഗ്ലൂരിൽ  വന്ന ശേഷം വീട്ടിലേക്കു ഫോണ്‍ ചെയുമ്പോൾ മാത്രം ആണ് തെലുങ്ക്‌ പറയുന്നതെന്നും അത് കൊണ്ട് ഇംഗ്ലീഷ് വിട്ടു തെലുങ്ക്‌ പറയാമെന്നും പറഞ്ഞു എന്റെ ബാഗ് തൂക്കി എടുത്തു അയാൾ മുന്നോട്ടു നടന്നു. നടക്കുന്നതിനിടയിൽ ബസിനെ കുറിച്ചും ടിക്കറ്റ്‌ ഏട്ടന്റെ മകന്റെ കയ്യിൽ  ആണെന്നും അവനു ഫോണ്‍ ചെയ്യണം എന്നും ഒക്കെ പറഞ്ഞപ്പോൾ അയാളുടെ കയ്യിലെ മൊബൈൽ ഫോണ്‍ എടുത്തു ഉപയോഗിച്ചോളൂ എന്ന് പറഞ്ഞു. ഇന്നത്തെ പോലെ ഫ്രീ കാൾസ്  ഒന്നും ഇല്ലാതിരുന്ന കാലത്ത് ആണ് ഇതെന്നോർക്കുക.

അപ്പോൾ സമയം ആറര . ബസിന്റെ സമയം ആയിരിക്കുന്നു.വേഗം ഫോണ്‍ വാങ്ങി രാകേഷിനെ വിളിച്ചു. അവൻ പറയുന്നു  ബസ്‌ സ്റ്റാൻഡിൽ നിന്നും രണ്ടു കിലോമീറ്റർ അപ്പുറത്തു ട്രാഫിക്‌ ജാമിൽ കുടുങ്ങിയിരിക്കയാണ് എപ്പോൾ എത്തുമെന്ന് പറയാൻ പറ്റില്ല എന്നു. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയിൽ ആയി. വിഷമിക്കണ്ട എന്ന് പറഞ്ഞു ആർ റ്റി സിയിലെ ആളുകളോട് പോയി സംസാരിച്ചതു അയാൾ തന്നെ ആയിരുന്നു. ആറരയുടെ ബസ്‌ ഇത് വരെയും എത്തിയില്ല എന്നും അതിൽ ബുക്ക്‌ ചെയ്തവരെ ഏഴു മണി ബസിൽ കയറ്റി  അയക്കാമെന്നും ഒക്കെ അവർ പറഞ്ഞു. വീണ്ടും അയാൾ തന്റെ ഫോണ്‍ തന്നു ഒന്ന് കൂടെ വിളിച്ചു നോക്ക് ഏഴുമണിക്ക് മുൻപേ എത്തുമോ എന്നറിയാമല്ലോ , എനിക്കും ഡ്യൂട്ടി ടൈം ആകുന്നു, നിങ്ങളെ ഇവിടെ ഒറ്റയ്ക്ക് ഇട്ടു പോകാൻ തോന്നുന്നില്ല അത് കൊണ്ട് വിളിച്ചു നോക്ക് എന്ന് പറഞ്ഞു . വിളിച്ചപ്പോൾഎന്ട്രൻസിൽ എത്തി എന്നും അഞ്ചു മിനുട്ടിൽ അവിടെ എത്തുമെന്നും രാകേഷ് പറഞ്ഞു. അവൻ വന്നു ടിക്കറ്റ്‌ എല്ലാം തന്നു കഴിഞ്ഞു ആരുടെ നമ്പറിൽ നിന്നാണ് വിളിച്ചത് എന്ന് ചോദിച്ചപ്പോൾ ഇതാ ഇയാളുടെ എന്ന് പറഞ്ഞു ഞാൻ തിരഞ്ഞു നോക്കിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല !!!

ആരായിരുന്നു അയാൾ?? ഒറ്റക്കാണെന്നു കണ്ടപ്പോൾ ദൈവം നേരിട്ട് വന്നതാകുമൊ ?

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...