2011, ജൂലൈ 29, വെള്ളിയാഴ്‌ച

ദി സൈക്കിക് പവര്‍


ബോറന്‍ അക്കങ്ങളില്‍ നിന്നുമുള്ള രക്ഷപെടല്‍ ആണ് ബ്രൌസിംഗ് പലപ്പോഴും ..
അങ്ങനെ നെറ്റിന്റെ മായാലോകത്ത് അലഞ്ഞു തിരിയുന്നതിടയില്‍ ഒരു ആര്‍ട്ടിക്കിള്‍ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആദ്യത്തെ ലഡ്ഡു പൊട്ടി.
നമ്മുടെ subconscious mind,  അതിനെ വരുതിക്കുള്ളില്‍ ആക്കി psychic power ഡെവലപ്പ് ചെയ്യാന്‍ കഴിയുമെന്നും അതിലൂടെ മറ്റുള്ളവരുടെ ചിന്തകളെ നിയന്ത്രിക്കാന്‍ കഴിയുമെന്നും ആയിരുന്നു ആ ലേഖനം..കഴിഞ്ഞ 15 വര്‍ഷമായി മൂക്ക് കൊണ്ട് ക്ഷ വരപ്പിക്കാന്‍ ശ്രമിച്ചിട്ട് നടക്കാത്തത് ഈ പവര്‍ ഡെവലപ്പ് ചെയ്താല്‍ നടക്കുമെന്ന തോന്നിയപ്പോള്‍ എന്റെ മനസ്സില്‍ അടുത്ത ലഡ്ഡു പൊട്ടി. 
ഇതിനൊക്കെ ആകെ വേണ്ടത്  concentration and visualization &  Removing blocks ..
ഈസി ..ഈസി..മനസ്സില്‍ തുടരെ തുടരെ പൊട്ടലുകള്‍ ..
concentration  കിട്ടാന്‍ meditation  ചെയ്താല്‍ മതിയല്ലോ.
നാളെ തിങ്കളാഴ്ച,  നല്ല ദിവസം നാളെ തന്നെ തുടങ്ങാം..
രാവിലെ 4 മണിക്ക് എഴുന്നേറ്റു..മുഖവും കയ്യും കാലുമൊക്കെ കഴുകി വന്നു പതുക്കെ ലൈറ്റ് ഇട്ടു
ടോം & ജെറിയിലെ ടോമിനെ പോലെ തലക്കടിയില്‍ കൈ  വെച്ചുറങ്ങുന്ന കണവന്‍ ഒറ്റ കണ്ണിട്ടു ഒരു നോട്ടം. 5 .30 നു അലാറം അടിച്ചാല്‍ അത് ഓഫ്‌ ആക്കി വീണ്ടും മൂടിപുതച്ചു കിടക്കുന്നയാല്‍ ആണ് ഇത്ര നേരത്തെ ..
'ങ്ങും ' ചോദ്യം 'ച്ചും' പല്ലി ചിലക്കുന്ന ശബ്ദം മറുപടി
അലമാരിക്ക് മുകളില്‍ വെച്ചിരിക്കുന്ന പായ എടുത്തു കിഴക്കോട്ടു ആയി നിലത്തു വിരിച്ചു
സ്പ്രിംഗ് കട്ടില്‍ ഇളകിയതു പോലെ ചാടി എഴുനേല്‍ക്കുന്നു ഉറങ്ങുന്ന ആള്‍ ..മുഖത്ത് ഇവളുടെ നട്ട് വീണ്ടും loose ആയോ എന്നാ ഭാവം
" നീ എന്താ ചെയ്യാന്‍ പോകുന്നെ"
" meditation "
"ങ്ങും " വീണ്ടും ചോദ്യം
" ഒന്നുല്യ concentration കിട്ടുന്നില്ല ..ഓഫീസില്‍ കോസ്റ്റ് ഷീറ്റ്‌ ഉണ്ടാക്കിയതെല്ലാം ഉല്ട്ട പുല്ട്ട..അതുകൊണ്ട് ഇങ്ങനെ ചെയ്താല്‍ ശരി ആകുമെന്ന് നെറ്റില്‍ വായിച്ചു"
പച്ച കള്ളം ആണ് കാലത്ത് തന്നെ പറയുന്നത്..ശരിക്കും എന്തിനാ ചെയ്യുന്നേ എന്നുപറഞ്ഞാല്‍ ചോക്ലേടിന്റെ പരസ്യത്തിലെ പോലെ meditation ചെയ്യാതെ തന്നെ എന്നെ പുറം കാല്‍ കൊണ്ട് വായുവില്‍ നിര്‍ത്തും
" എന്ത് കുന്തം വേണേലും ചെയ്തോ പക്ഷെ ലൈറ്റ് ഓഫ്‌ ചെയ്യു എനിക്കുറങ്ങണം "
അല്ലെങ്കിലും കണ്ണടച്ച് ധ്യാനിക്കുന്നതിനു ലൈറ്റ് എന്തിനാ..ലൈറ്റ് ഓഫ്‌ ചെയ്തു..
മനസിനെ ഏകാഗ്രമാക്കാന്‍ എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കണം..മനസ്സില്‍ വരുന്നത് ഫേസ് ബുക്കിന്റെ ഹോം പേജ്
ഈശ്വര concentration എല്ലാം പോകും ഇപ്പോള്‍..പാരയും എതിര്പാരയും
erase ..erase ..erase
കഷ്ടപ്പെട്ട് "ॐ " എന്ന് മനസ്സില്‍ വരുത്തി തുടങ്ങി..തുടക്കത്തിലേ ഒരു വിഷമം മാത്രം പിന്നെ എല്ലാം സുഗമം
ദിവസങ്ങളുടെ അധ്വാനം ..എന്തൊക്കെയോ പവര്‍ വന്നു എന്ന് സ്വയം തോന്നി തുടങ്ങിയപ്പോള്‍ ഒന്ന് പരീക്ഷിക്കാന്‍ മോഹം
ടെസ്റ്റിംഗ് object കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് പേപ്പറില്‍ കണ്ണും നട്ടിരിക്കുന്നു
scanning ..targetting object ..attack
"വായിച്ചതു മതി പേപ്പര്‍ എനിക്ക് താ" sending telepathic മെസ്സേജ്
അടുത്ത നിമിഷം , എന്റെ നേര്‍ക്ക്‌ നീളുന്ന പേപ്പര്‍!!!!!!!!
hurray ...eureka ...
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യ!!!!!!!!!!!!


(വാല്‍കഷണം : പവര്‍ ഒക്കെ വന്ന സ്ഥിതിക്ക് ഇനി സുമിത്രാനന്ദസ്വാമിനി എന്ന പേരില്‍ ഒരു സുമിത്രാനന്ദ ആശ്രമം തുടങ്ങിയാലോ എന്നൊരു ആലോചന...സഖ്യകളോട് മല്ലിടാതെ സംഖ്യകള്‍ ഉണ്ടാക്കാം!!!!!!!!)

2011, ജൂലൈ 20, ബുധനാഴ്‌ച

നിനക്കായി

എന്റെ അകവും പുറവും ഒരു പോലെ ചുട്ടു പൊള്ളുന്നു
മഴ എന്നോട് പിണങ്ങിയിരിക്കുന്നു..
ഇന്നലെ മോന്‍ സ്കൂളിലേക്ക് ഇറങ്ങിയ ഉടനെ ശക്തിയായ കാറ്റും മഴയും..
അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒക്കെ ഞാന്‍ മഴയെ ചീത്ത വിളിച്ചു
'ഇപ്പോള്‍ തന്നെ പെയ്യണം ആയിരുന്നോ, ആ കുട്ടി സ്കൂളില്‍, പോട്ടെ ബസില്‍ എങ്കിലും കേറിയിട്ടു പെയ്താല്‍  പോരായിരുന്നോ'
എന്റെ ചോദ്യങ്ങള്‍ക്ക് മഴത്തുള്ളികളുടെ ശക്തി കൂട്ടിയും  കുറച്ചും എന്തൊക്കെയോ പറഞ്ഞു മഴ..ദേഷ്യം കാരണം എനിക്കൊന്നും മനസിലായില്ല
എന്റെ ദേഷ്യം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയത് ഓഫീസിലേക്ക് പോകുമ്പോള്‍ ആയിരുന്നു..
തകര്‍ത്തു പെയ്ത മഴ വലിയങ്ങാടിയിലെ മത്സ്യ -  മാംസാവശിഷ്ടങ്ങളെ റോഡിലേക്ക് ഒഴുക്കി നാറുന്ന പുഴ ആക്കി മാറ്റിയപ്പോള്‍
എല്ലാം നനഞ്ഞു എലിയെ പോലെ വിറക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പ്രാകി " ഒരു നശിച്ച മഴ"
എന്റെ ശബ്ദം അത്രയേറെ ഉയര്‍ന്നിരുന്നോ അറിയില്ല. സ്വിച്ചിട്ട പോലെ മഴ നിന്നു..
അതിനു ശേഷം ഞാന്‍ അവളെ കണ്ടിട്ടില്ലാ
ഈ വിരഹം എന്നെ ചുട്ടുപൊള്ളിക്കുന്നു..
നിനക്കറിയില്ലേ ഞാന്‍ നിന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന്
നീ ഇല്ലാതെ എനിക്ക് പറ്റില്ല എന്ന്
എന്നിട്ടും എന്നില്‍ നിന്നും മാറി നില്ക്കാന്‍ നിനക്കെങ്ങനെ കഴിയുന്നു
അപ്പോഴത്തെ ദേഷ്യത്തില്‍ ഞാന്‍ അങ്ങനെ പറഞ്ഞതാണ്‌ ..
എന്റെ മനസ് തണുക്കാന്‍ എനിക്ക് നോര്‍മല്‍ ആയി ചിന്തിക്കാന്‍ കഴിയണം എങ്കില്‍ നീ കൂടെ വേണം..
 നീ ഇല്ലാത്തപ്പോള്‍ ഞാന്‍ ഞാന്‍ അല്ലാതെ ആകുന്നു..
വരില്ലേ നീ ..നിന്റെ നനുത്ത തുള്ളികളുടെ തൂവല്‍ സ്പര്‍ശവുമായി..
എന്റെ ഉള്ളിനെ,  തപിക്കുന്ന ശരീരത്തെ തണുപ്പിക്കാന്‍..

2011, ജൂലൈ 16, ശനിയാഴ്‌ച

എനിക്ക് പറയാന്‍ ഉള്ളത്

ന്യൂ പോസ്റ്റൊന്നും ഇല്ലേ ..ഓണ്‍ലൈനില്‍ സുഹൃത്തുകളുടെ അന്വേഷണം..
ഞാന്‍ എഴുതിയിരുന്നത് ഭ്രാന്തമായി അലഞ്ഞു തിരിഞ്ഞിരുന്ന എന്റെ ചിന്തകളെ ആയിരുന്നു
ഇപ്പോള്‍ ചിന്തകളെ തടവറയില്‍ ഇട്ടു.. അക്ഷരങ്ങള്‍ വഴി മുടക്കി നില്‍ക്കുന്നു
കണ്ണ് മറച്ച കുതിരയെ പോലെ അദൃശ്യമായ കടിഞ്ഞാണ്‍ വലികളാല്‍ നിയന്തിക്കപെട്ടു
മുന്നോട്ടു പോയ്കൊണ്ടിരിക്കുമ്പോള്‍ എങ്ങനെ എഴുതാന്‍ കഴിയും ..
എന്റെ ചിന്തകളെ ഉണര്ത്തിയിരുന്ന കാഴ്ചകള്‍ ഞാന്‍ കാണുന്നില്ല
കാണേണ്ട കാഴ്ചകളെ കാണാതിരിക്കാന്‍ എന്റെ കാഴ്ചകളെ മറച്ചിരിക്കുന്നു
ശബ്ദങ്ങള്‍ കേള്‍ക്കാതെ ഇരിക്കാന്‍ ചെവികള്‍ കൊട്ടിയടച്ചിരിക്കുന്നു
കാണാതെയും കേള്‍ക്കാതെയും എനിക്കെങ്ങനെ ചിന്തിക്കാന്‍ കഴിയും?
ചിന്തിക്കാതെ, കാണാതെ , ഞാന്‍ ഞാന്‍ അല്ലാതെ ആകുമ്പോള്‍  എനിക്കെങ്ങനെ എഴുതാന്‍ കഴിയും ?

2011, ജൂലൈ 13, ബുധനാഴ്‌ച

ക്ഷമാപണം

യാദൃചികം ആയിരുന്നില്ല ആ കണ്ടുമുട്ടല്‍ ..വര്‍ഷങ്ങളുടെ അന്വേഷണം ..അതിന്റെ പര്യവസാനം..
കണ്ടുമുട്ടല്‍ ആയിരുന്നില്ല ..ഒരു ഫോണ്‍ കാള്‍ മാത്രം
മനസ്സില്‍ ഇടയ്ക്കിടെ നൊമ്പരപെടുത്തിയിരുന്ന ഒരു തെറ്റ് ..
ഓര്‍മകളില്‍ വിടരുന്ന ഹോസ്റ്റല്‍ ജീവിതത്തിലെ തമാശകള്‍ക്കിടയില്‍ മനസിലേക്ക് കയറുന്ന വേദന..
ഒരു അര ബക്കറ്റ്‌ വെള്ളവും പിന്നെ കുറെ റെക്കോര്‍ഡ്‌ ബുക്സും..
ദേഷ്യം, വാശി, ദുര്‍ബുദ്ധി..പക്വതയില്ലാത്ത ആ കാലത്ത് ചെയ്തു പോയ ഒരു തെറ്റ്..
ദേഷ്യം വന്നു കണ്ണ് കാണാതായപ്പോള്‍ നിന്റെ ഒരു വര്‍ഷത്തെ അധ്വാനത്തില്‍ ആണ് ഞാന്‍ വെള്ളം കോരി ഒഴിക്കുന്നതെന്ന് മനസിലായില്ല..
വര്‍ഷങ്ങള്‍ക്കു  ശേഷം ജീവിതത്തിന്റെ പരുക്കന്‍ മുഖങ്ങള്‍ കണ്ടപ്പോള്‍ ക്ഷമയും സഹനവും പഠിച്ചപ്പോള്‍ ദേഷ്യത്തെ കയ്പിടിയില്‍ ഒതുക്കാന്‍ അറിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് നിന്നോട് മാപ്പ് ചോദിയ്ക്കാന്‍ ആയിരുന്നു..അന്ന് തുടങ്ങിയ അന്വേഷണം  ആണ് ഇന്ന് നിന്റെ അടുത്ത് എത്തിച്ചത്..
ഇപ്പോള്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ ചോദിക്കുന്നു "മാപ്പ് അന്നത്തെ അപക്വമായ പെരുമാറ്റത്തിന്, എന്റെ ബുദ്ധി ഇല്ലായ്മക്ക് "
 
(സമര്‍പ്പണം : 21 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയ എന്റെ പ്രിയ കൂട്ടുകാരിക്ക്..)

2011, ജൂലൈ 4, തിങ്കളാഴ്‌ച

മൌനം


കുത്തുവാക്കുകളെ മൌനം കൊണ്ട് പ്രതിരോധിച്ചപ്പോള്‍
അത് ഒരു നല്ല പ്രതിരോധകം ആണെന്ന് അറിഞ്ഞു
നിന്റെ മൌനം എന്റെ നെഞ്ചിന്‍കൂട് തകര്‍ത്തപ്പോള്‍
അതിനെക്കാള്‍ നല്ല ഒരായുധം ഇല്ലെന്നും അറിഞ്ഞു
അഭിപ്രായം പറയേണ്ടെന്ന് കരുതിയിടത്ത്
മൌനം സമ്മതം ആയും നിഷേധം ആയും രൂപം പ്രാപിച്ചു
പ്രതിരോധകമായും ആയുധമായും സമ്മതം ആയും നിഷേധം ആയും
മൌനത്തെ ആശ്ലേഷിച്ചപ്പോള്‍ എന്റെ നാവിനു
അക്ഷരങ്ങള്‍ നഷ്ട്പെട്ടു.ശബ്ദം നഷ്ട്പെട്ടു
ഊമയാണ് ഞാന്‍ ഇപ്പോള്‍
നിങ്ങളുടെ സംശയങ്ങള്‍ക്ക്
ചോദ്യങ്ങള്‍ക്ക്
എനിക്കുത്തരം ഒന്നേയുള്ളൂ
മൌനം മാത്രം
വാക്കുകളില്‍ ഉത്തരം പ്രതീക്ഷിച്ചു എന്നോടൊന്നും ചോദിക്കരുത്
എന്റെ മൌനത്തെ നിങ്ങള്ക്ക് ഇഷ്ടമുള്ള രീതിയില്‍ വ്യാഖാനിക്കാം!!! 

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...