2012, നവംബർ 30, വെള്ളിയാഴ്‌ച

ധനാശി


ആകാശം നിറഞ്ഞു നില്‍ക്കുന്ന വെണ്‍മേഘ ശകലങ്ങള്‍ പോലെ മനസ്സില്‍ സന്തോഷം നിറഞ്ഞു നില്‍ക്കുന്നു. കണ്ണാടിയിലെ പ്രതിബിംബത്തെ നോക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ സ്നേഹം തോന്നുന്നു. ഇത് വരെ കണ്ടിരുന്ന മുഖമല്ല. മറ്റുള്ളവരുടെ ആനന്ദത്തിനു വേണ്ടി,   അറിഞ്ഞു കെട്ടിയ  വേഷം,   അനാവശ്യം ആണ് എന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ട്‌ കൊണ്ട് അഴിച്ചു മാറ്റിയപ്പോള്‍ വീണ്ടുകിട്ടിയ സ്വന്തം മുഖം.  നാം അറിയാതെ നമുക്കിടയില്‍ വരുന്ന ചില നിമിഷങ്ങള്‍, ചില സംഭവങ്ങള്‍, ചില ആളുകള്‍ തിരിച്ചറിവുകള്‍ ഉണ്ടാകുന്നതും  വിചിത്രമായ രീതിയില്‍ ആണ്.

ഇനി എന്റെ ലോകം  വിശാലമാണ്. ചക്രവാളത്തിനു അപ്പുറത്തുള്ള അജ്ഞേയമായ ലോകത്തേക്ക്  നിര്‍ഭയം യാത്ര തുടരാം. ഉണര്‍ന്നും  ഉറങ്ങിയും നിര്‍ബാധം സ്വപ്നങ്ങള്‍ കാണാം. സ്വപ്നങ്ങളുടെ രസച്ചരട് പൊട്ടിക്കാന്‍ ഇനി ആരും വരില്ല. ജനല്‍ പാളികള്‍ക്ക്‌ ഇടയിലൂടെ  കടന്നു വരുന്ന വെയിലിനെ നോക്കി എനിക്ക് മാത്രം മനസിലാകുന്ന ഭാഷയില്‍   കവിത എഴുതാം.

വ്യര്‍ത്ഥമായ മോഹങ്ങള്‍ക്കും വേഷങ്ങള്‍ക്കും സ്വസ്തി.  നിങ്ങളെ സന്തോഷിപ്പിക്കാന്‍ ഉള്ള മുഖംമൂടി ഞാന്‍ കീറി കളഞ്ഞിരിക്കുന്നു. അറിയുക, എനിക്ക് ബുദ്ധി  ഉറച്ചിരിക്കുന്നു. ഇനി ഒരു വേഷം കെട്ടാന്‍ എനിക്ക് മനസില്ല. ഞാന്‍ എന്നിലേക്ക് തിരിഞ്ഞു നടക്കുകയാണ്. തേടുക, പുതിയ വേഷങ്ങളെ, അവ കെട്ടാന്‍ തയ്യാറാകുന്ന പമ്പരവിഡ്ഢികളെ!!!


നന്ദി, ഇരുള്‍വീണ മനസ്സിലേക്ക് അറിവിന്റെ വെളിച്ചം എത്തിച്ച  അജ്ഞാത  ശക്തിക്ക്.  വെളിച്ചം കെടാതെ  കൂടുതല്‍ കൂടുതല്‍ തെളിമയോടെ എന്റെ മനസ്സിനെ പ്രകാശിപ്പിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ, ഭാരമില്ലാത്ത ശരീരവും മനസ്സുമായി ഒരു യോഗനിദ്രയില്‍ എന്ന പോലെ ഭൂമിയും ആകാശവും കടന്നു പുതിയ സ്വപ്നലോകത്തേക്ക് ഞാന്‍ എന്റെ യാത്ര തുടരട്ടെ.
 


* ധനാശി - കഥകളി അവസാനിപ്പിക്കുന്ന ചടങ്ങ്
(Photo Courtesy : Shaji Panicker)

2012, നവംബർ 15, വ്യാഴാഴ്‌ച

ഭയം


ഭയമാണു  നിന്റെ സ്നേഹത്തെ
അതിന്റെ തീവ്രത എന്നെ ഇല്ലാതാക്കുമോയെന്നു
ഭയമാണു നിന്റെ കണ്ണുകളെ
എന്നെ കോരിയെടുക്കുന്ന തീഷ്ണമായ നോട്ടത്തെ
ഭയമാണു നിന്റെ ചുണ്ടുകളെ
എന്നെ പൊള്ളിച്ചു മഞ്ഞുപോലെ ഉരുക്കി കളയുമോയെന്നു
ഭയമാണു എന്നെ തന്നെ
മനസ്സു വെറുതെ ആശിച്ചു പോകില്ലേ?

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...