ഞങ്ങളുടെ തലകൾ കാക്കകൾക്ക് കക്കൂസ് ആണ്. ഞങ്ങളുടെ കാലുകൾ അശരണർക്കും ലഹരിയിൽ മുങ്ങിയവർക്കും സപ്രമഞ്ചകട്ടിൽ. ഞങ്ങളുടെ ജനന-മരണ ദിനങ്ങൾ ആഘോഷങ്ങൾ ആണ്. ആ ദിവസങ്ങളിൽ ഞങ്ങളുടെ മുന്നിൽ ആളുകൾക്ക് കൂട്ടം കൂടാം , പണ്ട് ഞങ്ങൾ ചെയ്ത കാര്യങ്ങളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കാം . അത് കഴിഞ്ഞു പതുക്കെ വിസ്മൃതിയിലേക്ക് എടുത്തിടാം.
കവലകൾ തോറും കല്ലിലും സിമെന്റിലും പടുത്തുയർത്തി പൂവും പാലും നിവേദ്യവും വെച്ച്,പറന്നു പോയ ഞങ്ങളുടെ ആത്മാക്കളെ ഇവിടെ പിടിച്ചു നിർത്തിയപ്പോൾ ഞങ്ങൾ സന്തോഷിച്ചു. ഞങ്ങളുടെ ജീവിതത്തെ , ആദർശങ്ങളെ നിങ്ങൾ വിലമതിക്കുന്നു എന്ന് അഹങ്കരിച്ചു. ഒരു പക്ഷെ വളരുന്ന തലമുറയിലേക്കു ഞങ്ങളുടെ അധ്വാനത്തിന്റെ കഥകൾ പകർന്നു കൊടുക്കാൻ ജീവനോടെ അല്ലെങ്കിലും ഞങ്ങൾ ഈ ഭൂമിയിൽ നിലനില്ക്കുന്നുണ്ടല്ലോ എന്നാഹ്ലാദിച്ചു . പക്ഷെ 'ഇതാരുടെ പ്രതിമയാണ് ' എന്ന കുഞ്ഞുങ്ങളുടെ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം നല്കി ഞങ്ങളുടെ ചെയ്തികളെ നിങ്ങൾ ലഘൂകരിക്കുമ്പോൾ നൊന്തു,കാരണം ശരീരം മാത്രം ആണ് നിങ്ങൾ കല്ലിലും സിമെന്റിലും പണിതത്. മനസ്സ് ഇപ്പോഴും പഴയതുപോലെ സ്വന്തം നാടിനും നാട്ടുകാർക്കും വേണ്ടി തുടിച്ചിരുന്നു. ഞങ്ങളുടെ മുന്നില് പന്തൽ കെട്ടി സമ്മേളനം നടത്തി പരദൂഷണം പറഞ്ഞു മൗനവ്രതം എന്ന വ്യാജേനെ ഇരുന്നു മറ്റുള്ളവരെ പ്രാകി . ഞങ്ങൾ ജീവിച്ചിരുന്നപ്പോൾ ചെയ്യാതിരുന്ന പലകാര്യങ്ങൾക്കും ഇപ്പോൾ മൂകസാക്ഷികൽ ആണ് . എതിര്ക്കാൻ കഴിയാത്ത വെറും കരിങ്കൽ പ്രതിമകൾ.
നിങ്ങൾക്കറിയുമോ ഇപ്പോൾ നിങ്ങൾക്ക് ഇത് പോലെ ഈ രാജ്യത്തു ഒരു ഭയവും കൂടാതെ നടക്കാൻ കഴിയുന്നത് , സംസാരിക്കാൻ കഴിയുന്നത് , ജീവിക്കാൻ കഴിയുന്നത് ഞങ്ങളുടെ എല്ലാം ജീവന്മരണ പോരാട്ടഫലം ആണെന്നു. അന്ന് ഞങ്ങൾ നിങ്ങളെ പോലെ "വെറും മനുഷ്യർ " ആയിരുന്നുവെങ്കിൽ ഈ സുഖവും സന്തോഷവും നിങ്ങൾക്കുണ്ടാകുമായിരുന്നോ? (വെറും മനുഷ്യർ എന്നാൽ അവനന്റെ സുഖവും സന്തോഷവും മാത്രം നോക്കുകയും അതിനുവേണ്ടി മാത്രം ജീവിക്കുകയും അതിനു തടസ്സം നില്ക്കുന്ന എന്തിനെയും നശിപ്പിക്കുകയും ചെയ്യുന്നവർ ). എല്ലാം കിട്ടിയപ്പോൾ എങ്കിലും ഞങ്ങളെ വെറുതെ വിടാമായിരുന്നു. പ്രതിമകൾ ആക്കി നിങ്ങൾക്കിടയിൽ പ്രതിഷ്ടിച്ചത് ഇങ്ങനെ ഒക്കെ ചെയ്യാൻ വേണ്ടി ആയിരുന്നോ? പെട്രോൾ ഒഴിച്ചു കത്തിച്ചത്,അടിച്ചു തകർക്കുന്നത് പ്രതിമയെ അല്ല ഞങ്ങളുടെ ആദര്ശങ്ങളെ ആണ്, ഞങ്ങളുടെ പോരാട്ടങ്ങളുടെ അന്തസത്തയെ ആണ്.
അരുത് മനുഷ്യാ , നീ ഇത്രയും ക്രൂരൻ ആകരുത് .
വളര്ന്നു വരുന്ന തലമുറയോട് ഒരു വാക്ക്: " ദയവു ചെയ്തു ആരുടേയും പ്രതിമകൾ നിർമ്മിച്ചു പ്രതിഷ്ടിക്കരുത് , നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെ, വാക്കിലൂടെ സഹജീവികളോടുള്ള പെരുമാറ്റത്തിലൂടെ മഹാന്മാരെ ഓര്മ്മിക്കു , ഓര്മ്മിപ്പിക്കു "
മാ നിഷാദ!!!
(വാൽകഷ്ണം : ആന്ധ്രാ പ്രദേശ് സംസ്ഥാന വിഭജനത്തെ തുടർന്ന് സീമാന്ധ്രയിൽ നടക്കുന്ന ലഹളയിൽ മുതിര്ന്ന നേതാക്കളുടെ പ്രതിമയിൽ പെട്രോളും ,ടയറും ഒക്കെ ഇട്ടു കത്തിക്കുന്ന,അടിച്ചു തകർക്കുന്ന കാഴ്ച ടി വി യിൽ കണ്ടപ്പോൾ തോന്നിയ ചില കാര്യങ്ങൾ )