2016, നവംബർ 30, ബുധനാഴ്‌ച

എട്ടാം നിലയിലെ ജനൽ

കർട്ടൻ വലിച്ചു നീക്കി ജനൽ തുറക്കുമ്പോൾ ' ഞങ്ങളെ  മറന്നുവല്ലേ' എന്ന പരിഭവത്തോടെ പാളികൾ കരഞ്ഞു. ആരും ആരെയും മറക്കുന്നില്ല, മറന്നുവെന്നു ഭാവിക്കുന്നതേയുള്ളൂ  മനസ്സിലോർത്ത് കൊണ്ട് ഒരുപാടുകാലമായി നോക്കാതിരുന്ന കാഴ്ചകളിലേക്ക്  കണ്ണോടിച്ചു.

പതിയെ ഗ്രിൽസ് ഇല്ലാത്ത ജനലിലേക്ക് കാലുകൾ കേറ്റി  വെച്ച് ചെരിഞ്ഞിരുന്നു . എപ്പോഴൊക്കെയോ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കുള്ള ഓട്ടത്തിനിടയിൽ മറന്നു പോയിരുന്ന  ഒരു ആശ്വാസതീരമായിരുന്നു ഏട്ടാം നിലയിലെ ഫ്ലാറ്റിന്റെ ഈ ജനൽ. നഗരജീവിതം  വല്ലാതെ ശ്വാസം മുട്ടിക്കുമ്പോൾ വന്നിരിക്കുന്നയിടം.അവിടിരുന്നു കണ്ണോടിക്കുമ്പോൾ നഗരത്തിന്റെ കാഴ്ചകൾ മറയുകയും പുഴയും വയലും നിറഞ്ഞ ഗ്രാമം തെളിയുകയും ചെയ്യും. ഒരു സ്വപ്നത്തിലെന്നവണ്ണം പുഴയിൽ കളിച്ചു വയലിറമ്പിലൂടെ നടന്നു തിരിച്ചെത്തുമ്പോൾ അതുവരെ തോന്നാതിരുന്നൊരു മനഃശാന്തി കിട്ടും.

താഴെ പാർക്കിലെ ഗുൽമോഹർ വളർന്നിരിക്കുന്നു , നിറയെ രക്തവർണമുള്ള പൂക്കൾ .
അതിന്റെ പൂക്കൾ കാറ്റിൽ മുകളിലേക്കുയർന്നപ്പോൾ  തിരിച്ചു വരവിനെ സ്വാഗതം ചെയ്യുന്നത് പോലെതോന്നി.

കടകട ശബ്ദത്തോടെ ഒരു ട്രെയിൻ കടന്നു പോയി. മുൻപ്  ഈ ശബ്ദമൊരു  ശല്യമായിരുന്നു. ആരെങ്കിലും ഫോൺ ചെയ്യുമ്പോൾ നീ ആ ട്രാക്കിൽ നിന്നും ഒന്ന് മാറി നിൽക്കുമോയെന്നു  ചോദിക്കും. ഇപ്പോളതിനു അത് വരെ കേൾക്കാതിരുന്ന സംഗീതത്തിന്റെ താളം.


ദൂരെ റെയിൽവേ ഓവർബ്രിഡ്ജിലൂടെ മൂട്ടകളെ പോലെ അരിച്ചു പോകുന്ന വാഹനങ്ങൾ. എല്ലാവരും ഓട്ടത്തിലാണ്. ഓടിയെത്തിയാലും എത്താത്ത ദൂരത്തിലേക്ക്.

അതിനിടയിൽ അലറി വിളിച്ചു പോകുന്ന ആംബുലൻസ്. ആരായിരിക്കും അതിനുള്ളിൽ  സ്ത്രീയോ പുരുഷനോ , ആക്‌സിഡന്റൊ , നെഞ്ചു വേദനയോ. അതിനുള്ളിൽ പിടക്കുന്ന ജീവനെക്കുറിച്ചോർക്കവേ  ചിന്തകളെ  കീറിമുറിച്ചുകൊണ്ട് അടുത്ത ട്രെയിനും കടന്നു പോയി.

അങ്ങ് ദൂരെ ബഹുനിലകെട്ടിടത്തിനു മുകളിൽ എത്തിനിൽക്കുന്ന സൂര്യനെ കണ്ടപ്പോൾ 'സ്വർഗം കണ്ട തള്ളയെ'  ഓർമ്മ വന്നു.അവർ കണ്ട സ്വർഗ്ഗത്തിലെ പടികളും രാസാവിനെയും പോലെ തോന്നുമിപ്പോൾ അസ്തമയസൂര്യനെ കണ്ടാൽ.

വീട്ടിൽ വന്നിരുന്ന കുശവസ്ത്രീയായിരുന്നു അവർ. മൂന്ന് ദിവസം സന്നി പിടിച്ചു കിടന്നു നാലാം ദിവസം മരിച്ചുവെന്ന് പറഞ്ഞു ദഹിപ്പിക്കാൻ കൊണ്ട് പോയപ്പോൾ അവിടെ നിന്നും എഴുന്നേറ്റു വന്നത്കൊണ്ട് അവരെയെല്ലാവരും സ്വർഗം കണ്ട തള്ള എന്ന് വിളിക്കാൻ തുടങ്ങി. അവർക്ക് ഒരു പേരുണ്ടായിരുന്നോയെന്നു  ആർക്കുമറിയില്ല, എല്ലാവർക്കും അവർ സ്വർഗ്ഗം കണ്ട തള്ള ആയിരുന്നു. പനി വരുന്നതിനു മുൻപേ അവർ മലക്ക് പോയിരുന്നു എന്നും അപ്പോൾ കണ്ട പടികളും ഒക്കെയാണ് അവർ സ്വർഗ്ഗമായി കാണുന്നത് ,പനി മൂത്തു തള്ളക്ക് പ്രാന്തായതാണ് എന്നുമൊക്കെ ആളുകൾ പറയും . പക്ഷെ അവർ അതൊരിക്കലും സമ്മതിക്കില്ല. മാസത്തിലൊരിക്കൽ  ഒരു വടിയും ഭാണ്ഡവും ആയി ഉമ്മറത്തെ പ്ലാവിൻതറയിൽ വന്നിരിക്കുമായിരുന്നു അവർ . വടി അവരെ കളിയാക്കുന്നവരെയും നായ്ക്കളെയും ഓടിക്കാനുള്ളതായിരുന്നു. വായിൽ ഒറ്റ പല്ലുമില്ല. എന്നാലും വെളുത്തു തുടുത്തിരിക്കുന്ന ഒരു സുന്ദരി സ്ത്രീ. അവരിപ്പോൾ ഇത്ര ഭംഗിയുണ്ടെങ്കിൽ ചെറുപ്പത്തിൽ എങ്ങനെ ആയിരിക്കുമെന്ന് ആലോചിച്ചു അവർക്ക് കോസ്മെറ്റിക് സർജറി നടത്താറുണ്ടായിരുന്നു. ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ചു പോയ അവരുടെ പേരക്കുട്ടി കാമാക്ഷിയെ പഠിപ്പിച്ചു ഡോക്ടറാക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. കാമാച്ചിയെ പഠിപ്പിക്കാനാണ് ഈ വയസുകാലത്തു ഓരോ വീട്ടിലും കേറിയിറങ്ങുന്നത് എന്നാണവർ പറയുക. സ്വർഗത്തെക്കുറിച്ച് ചോദിച്ചാൽ അവരുടെ ഭാവം മാറും. മിന്നുന്ന നൂറ്റൊന്നു പടികൾ കേറി മുകളിൽ എത്തിയപ്പോൾ വലിയ കിരീടം വെച്ച രാസാവിനെ കണ്ടതും രാസാവിന്റെ കൊട്ടാരവും ഒക്കെ വിവരിക്കുമ്പോൾ അവരുടെ മുഖത്തു ഭക്തിയോ സ്നേഹമോ അത്ഭുതമോ  എന്നറിയാത്തൊരു പ്രത്യേകചൈതന്യം നിറയും. പിന്നെ എന്താ തിരിച്ചു വന്നത് എന്ന് ചോദിച്ചാൽ ' രാസാവിനോട് ഞാൻ കരഞ്ഞു പറഞ്ഞു എന്റെ കാമാച്ചിക്ക് ആരുമില്ല, അത് കൊണ്ട് ഞാൻ വരില്ല എന്ന്  അപ്പോൾ കാമാച്ചിയെ നോക്കാൻ ഒരാൾ വരുന്ന വരെ അവിടെ നിന്നോ എന്ന് പറഞ്ഞു തിരിച്ചയച്ചതാ ' എന്ന് പറഞ്ഞവർ ചിരിക്കും. ചിരിക്കുമ്പോൾ നിറയുന്ന അവരുടെ കണ്ണുകൾക്കുമുണ്ടായിരുന്നു ഒരു ഭംഗി. ഡോക്ടറാക്കാൻ പഠിപ്പിച്ച കാമാച്ചി എട്ടാം ക്ലാസ് തോറ്റു ഇഷ്ടികകളത്തിൽ പണിക്ക് വന്ന തമിഴന്റെ കൂടെ ഒളിച്ചോടിയതിനു ശേഷം അവർ അങ്ങനെ എവിടെയും പോകാറുണ്ടായിരുന്നില്ല. ഒരിക്കൽ വഴിയിൽ വെച്ച് കണ്ടപ്പോൾ കാമാച്ചിയെ കൊണ്ട് പോയ തമിഴൻ ചെക്കൻ നശിഞ്ചു പോവും എന്നും  കാമാച്ചിയെ നോക്കാൻ ആളായാൽ കൊണ്ട് പോകാൻ വരാമെന്നു പറഞ്ഞ രാസാവിനെ വരാത്തതിന് ശപിക്കുകയും ചെയ്ത കൊണ്ട് അവർ പോയി.
പിന്നീടിപ്പോഴോ ഒരിക്കൽ അമ്മ പറഞ്ഞറിഞ്ഞു ആരും നോക്കാനില്ലാതെ നരകിച്ചു പോയ അവരെ കുറിച്ച് . സ്വർഗം കണ്ട തള്ള നരകം കണ്ടു മരിച്ചുവെന്നും.

ശരിക്കും അവർ സ്വർഗം കണ്ടിരിക്കുമോ? സ്വർഗ്ഗവും നരകവുമൊക്കെ നമ്മൾ തന്നെ ഉണ്ടാക്കുന്നതാണല്ലോ അപ്പോൾ അവർ കണ്ടത് അവരുടെ സ്വപ്നം ആയിരിക്കില്ലേ ? കാമാച്ചിയിപ്പോൾ എവിടെ ആയിരിക്കും. അവർ ഇവരെ ഓർക്കുന്നുണ്ടാകുമോ?ഓർമ്മകളിൽ തൂങ്ങിയാടി ഒരു ചെറിയ മയക്കത്തിലേക്ക് വീഴുമ്പോൾ മുന്നിൽ തെളിയുന്ന മിന്നുന്ന പടികൾ . പടികൾക്ക് മുകളിലായി കിരീടം വെച്ച രാസാവും സ്വർഗം കണ്ട തള്ളയും, വാ പാപ്പാ വാ കൈ നീട്ടി അവർ വിളിക്കുന്നു . നൂറ്റൊന്നു പടികൾ എണ്ണിയെണ്ണി കേറാൻ തുടങ്ങി
ഒന്ന് ...
രണ്ടു ...
മൂന്നു...
നാല് ...
അഞ്ച് ..
ആറ് ..
ഏഴു .
എട്ടു ..
. . .

4 അഭിപ്രായങ്ങൾ:

 1. നല്ലൊരു തലത്തിലുള്ള വ്യത്യസ്തമായൊരു കഥ.കൊള്ളാം.

  മറുപടിഇല്ലാതാക്കൂ
 2. കഥയിലെ സുന്ദരിത്തള്ളക്കും,എന്തിനേറെ കഥയില്‍ വെറും രണ്ടിടത്തുമാത്രം തെളിയുന്ന കാമാച്ചിക്കും ജീവനുണ്ട്...ഉയരക്കാഴ്ച വിവരണവും, കഥയിലെക്കുള്ള യാത്രയും വായനയില്‍ ജിജ്ഞാസ യുണ്ടാക്കുന്നു വെങ്കിലും കുറെ ചോദ്യങ്ങള്‍ കൊണ്ടവസാനിപ്പിച്ച കഥ യില്‍ ഒരു പക്ഷെ വായനക്കാരും പടികള്‍ എണ്ണി തുടങ്ങിയിട്ടുണ്ടാവാം .......
  തെറ്റില്ല...ഈ രചന...എങ്കിലും കത്രിക പ്രയോഗം ഏറെ ആവശ്യം..
  ആശംസകള്‍...
  കോയ.പി.എം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ഈ വരവിനും അഭിപ്രായത്തിനും ..മനസ്സിൽ വരുന്നത് അതേപോലെ എഴുതിയിടുന്നതാണ്. പുനർവായനയോ എഡിറ്റിംഗോ ചെയ്യാറില്ല...അതിന്റെ കുറവുകളുണ്ടെന്നു മനസിലാക്കുന്നു ..ഇനി ശ്രദ്ധിക്കാം...

   ഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...