വയനാട്ടിലെ ഞാൻ ജനിച്ചു വളർന്ന വീടിന്റെ ഉമ്മറത്തു നിന്ന് നോക്കിയാൽ കാണുന്ന മലയുടെ ചിത്രമാണിത്. (മൊബൈൽ ഫോട്ടോ ആയതു കൊണ്ടു ക്ലാരിറ്റിക്കു മാപ്പ് ). കുട്ടികൾ ആയിരിക്കുമ്പോൾ മലയിൽ നിന്നും മഴ വരുന്നത് നോക്കിയിരിക്കുന്നത് ഒരു ജോലി ആയിരുന്നു. ജോലി എന്ന് പറഞ്ഞത് എന്താണെന് വെച്ചാൽ, അമ്മ നെല്ലോ, കുരുമുളകോ, കാപ്പിയോ ഉണങ്ങാൻ ഇട്ടാൽ മഴ വരുന്നുണ്ടോ എന്ന് നോക്കാൻ ഞങ്ങളെ ആണെൽപ്പിക്കുക. കരിമ്പച്ച നിറമുള്ള മല വെളുത്തു സുന്ദരി ആകുമ്പോൾ ' മലയിൽ മഴ പെയ്തെ എന്ന് വിളിച്ചു കൂവും. അടുക്കളയിലെ പണി ഒഴിവാക്കി അമ്മ ഓടി വരും. എല്ലാം വാരി വെക്കാൻ, കൊട്ട എടുക്കു, വേഗം വാര് എന്നൊക്കെ പറയും. അതിലൊന്നും ഇടപെടാൻ ഞാൻ പോകില്ല . മഴയെ നോക്കി നിൽക്കും. മലയിറങ്ങി സേട്ടുക്കുന്നിൽ എത്തുമ്പോൾ കേൾക്കാം മഴയുടെ ഇരമ്പുന്ന ശബ്ദം. കുന്നിറങ്ങി വയലിലെ നെല്ലോലകളെ തഴുകി വീട്ടു മുറ്റത്ത് എത്തുമ്പോഴേക്കും നല്ല ഉഗ്രരൂപി ആയിട്ടുണ്ടാകും. പിന്നെ പുറത്തു നിൽക്കാൻ ഉള്ള സ്വാതന്ത്ര്യമില്ല. പിന്നെ ഉള്ള മഴകാഴ്ച ജനലിലൂടെ ആണു , അതും ഇടിയും മിന്നലും ഒന്നുമില്ലെങ്കിൽ, അതുണ്ടെങ്കിൽ പിന്നെ ജനലുകളും വാതിലുകളും കൊട്ടിയടക്കും.ചെറിയ ഇരുട്ടു പരന്നു കിടക്കുന്ന മുറിയിൽ ചേച്ചിമാരുടെയും ഏട്ടന്മാരുടെയും ഭാവന വിടരും. പ്രേതങ്ങളും യക്ഷികളും കുട്ടികളെ പിടുത്തക്കാരും ഒക്കെ ആയി കഥകൾ. എല്ലാം കേട്ട് പേടിച്ചു രാത്രി കിടന്നു അലറി വിളിക്കും . ഞാൻ അലറി വിളിച്ചാലും കരഞ്ഞാലും അടി കിട്ടുന്നത് അവർക്കായത് കൊണ്ടു അതൊരു ശീലമാക്കി കൊണ്ട് നടന്നു എന്ന് വേണം പറയാൻ..;)
രാത്രി ആയാൽ മല കത്തും, പടർന്നു പോകുന്ന തീ നോക്കി അമ്മ പറയും 'എത്ര ജീവികൾ ഇപ്പോൾ വെന്തു മരിച്ചിട്ടുണ്ടാകും പാവങ്ങൾ' . ഇന്ന് അവിടെ മലയുടെ മുകളിൽ ഉയർന്നു പൊങ്ങിയ വീടുകളും റിസോർട്ടുകളും ഞങ്ങളോട് പറയുന്നു അതൊന്നും വെറുതെ ഉണ്ടായ കാട്ടു തീ അല്ല എന്നു .
പറയാൻ വന്നത് ഇതൊന്നുമല്ല, ഞാൻ കണ്ട മഴ , മല, വയൽ, പുഴ ഇതൊക്കെ എന്റെ മകനും കാണണം, അറിയണം എന്ന് നിർബന്ധം ഉള്ളത് കൊണ്ടാണ് അവനെയും കൂട്ടി ആന്ധ്രയിൽ നിന്നും വയനാട്ടിലേക്ക് ഇടയ്ക്കു വണ്ടി കേറിയിരുന്നത് .
ശോഷിച്ച പുഴ കണ്ടു അവൻ പറഞ്ഞു ഇത് പുഴ ആണെങ്കിൽ ഗോദാവരി കടൽ അല്ലെ എന്ന്.
വയലിലെ നെൽകതിരുകൾ കാറ്റടിക്കുമ്പോൾ പട്ടുപാവാടയുടെ ഞൊറി ഇളകുന്നത് പോലെ തോന്നും എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു അമ്മ പുളുവടിക്കുന്നു, കാരണം അവൻ കാണുന്നത് നീണ്ടു പരന്നു കിടക്കുന്ന വാഴത്തോപ്പുകൾ മാത്രം .
മലയിറങ്ങി വരുന്ന മഴയുടെ ശബ്ദത്തെ കുറിച്ച് പറഞ്ഞപ്പോൾ മഴ വരുമ്പോൾ ശേ ശബ്ദം എവിടെ ആയാലും കേൾക്കില്ലേ എന്നാണ് .
ഇവിടെ റോഡ് ഇല്ലായിരുന്നു നീണ്ട നടവരമ്പ് ആയിരുന്നു എന്ന് പറഞ്ഞപ്പോൾ റോഡിനു വേണ്ടി സ്ഥലം കൊടുത്തപ്പോൾ അമ്മച്ചനു നല്ല കാശ് കിട്ടിയോ എന്ന് .
സ്കൂൾ പഠിക്കുന്ന കാലത്ത് ഉച്ചയൂണ് സമയത്ത് കാട്ടിൽ നിന്നും പറയിടുക്കിലൂടെ വരുന്ന നീർച്ചാലിൽ ആയിരുന്നു കൈ കഴുകിയതു എന്ന് പറഞ്ഞപ്പോൾ മാത്രം അവൻ ചോദിച്ചു
" ഇതൊന്നും എനിക്ക് കിട്ടാതെ ഇരുന്നത് എന്ത് കൊണ്ടാണ് ?"
ഉത്തരം മുട്ടിക്കുന്ന ചോദ്യം.
നിന്റെ തലവിധി എന്ന് മനസ്സിൽ പറഞ്ഞു
പിന്നെ ദൂരെ മലമുകളിൽ വരുന്ന പുതിയ റിസോർട്ടിന്റെ വെള്ള നിറത്തിലേക്കു നോക്കി നെടുവീർപ്പിട്ടു.