നിന്റെ കണ്ണിന്റെ ആഴങ്ങളിൽ നോക്കി ഇരിക്കുമ്പോൾ എന്റെ നെഞ്ചിൽ തീ പടരും..
തീ ഒക്കെ പടർന്നാൽ ഫയർ സെർവിസിനെ വിളിക്കേണ്ടി വരില്ലേ? കുസൃതി ചിരിയോടെ അവൾ ചോദിച്ചു..
നീ വിചാരിച്ചാൽ കെടുത്താവുന്ന തീയേ ഉള്ളൂ..
അവൾ അവന്റെ കണ്ണിലേക്കു നോക്കി... രണ്ടു കൈകളാൽ മുഖം വലിച്ചടുപ്പിച്ചു നെറ്റിയിൽ ചുണ്ടുകൾ അമർത്തിയപ്പോൾ ഒരു ഹിമശില പോലെ അവൻ തണുത്തുറഞ്ഞു ...
*** *** ***
കണ്ണുകൾ , ആശയവിനിമയത്തിനു ഇത്രയും നല്ല ഒരവയവം ഭൂമിയിൽ വേറെ ഇല്ല.. യാത്രകളിൽ കണ്ണടച്ചു ഉള്ളിലേക്ക് ഒതുങ്ങി കൂടി ഇരുന്നിരുന്ന എനിക്ക് കുറച്ചു കാലമായി കൂടെ കൂടിയ അസുഖമാണ് കണ്ണുകളെ വായിക്കുക എന്നത്...ഇപ്പോൾ ഞാൻ ആളുകളെ അവരുടെ കണ്ണിലൂടെ ആണ് കാണുന്നത്..എത്ര എത്ര ഭാവങ്ങൾ ..കണ്ണുകൾ പകര്ന്നു തരുന്നതൊന്നും വാക്കുകളാൽ വിവരിക്കുക എളുപ്പമല്ല.. എങ്കിലും മനസ്സിൽ തറഞ്ഞു പോയ ചില നോട്ടങ്ങൾ, ഭാവങ്ങൾ,വാക്കുകൾ, വികാരങ്ങൾ ഉണ്ട് ..
എന്നും കാണുന്നതാണ് അവരെ. കണ്ണ് കാണാത്ത ഭർത്താവിന്റെ കൈപിടിച്ച് ലോട്ടറി വിലക്കാൻ വരുന്ന, നെറ്റിയിൽ ചുവന്ന വട്ട പൊട്ടുള്ള മെലിഞ്ഞ സ്ത്രീ..അവരുടെ കണ്ണിൽ ജീവിതത്തിന്റെ ദൈന്യത അല്ല മറി ച്ചു ഒരു ലോട്ടറി എടുക്കുന്നവന്റെ കണ്ണിൽ കാണുന്ന പ്രതീക്ഷ...നമ്മൾ ലോട്ടറി എടുക്കുമ്പോൾ അവർ ചിരിക്കും , ആ ചിരി അവരുടെ കണ്ണിലും കാണാം...
കടിച്ചു പറിക്കുന്ന, അളന്നു തൂക്കുന്ന ചില നോട്ടങ്ങൾ ഉണ്ട്.. ഒറ്റ അടിക്കു കണ്ണ് തെറിപ്പിച്ചു കളയാൻ തോന്നുന്നവ ..അവയെ കണ്ടില്ലെന്നു നടിച്ചു അവഗണിക്കുക അല്ലാതെ വേറെ ഒന്നും ചെയ്യാൻ കഴിയില്ല ..ബസിൽ പെണ്ണുങ്ങളുടെ ഇടയിലൂടെ ഇഴഞ്ഞു പോയ മാന്യനെ ഒറ്റ നോട്ടത്തിൽ സോറി പറയിപ്പിക്കുന്ന അഗ്നി പറക്കുന്ന ചില നോട്ടങ്ങൾ ..രജനികാന്ത് ഫിലിം കാണുന്ന പോലെ തോന്നും ..:)
ചില കണ്ണുകൾ ദീപ്തമായ, കാണുന്നവന്റെ കണ്ണിലേക്കു കൂടി പ്രതീക്ഷയും സ്നേഹവും പകരുന്ന കണ്ണുകൾ ..മറ്റു ചിലവ ഒരു യോഗിയുടെ എന്ന പോലെ ആഴമേറിയവ ..അതിൽ വീണു പോയാൽ കഴിഞ്ഞു കഥ ..:)
വല്ലപ്പോഴും അമ്പലത്തിൽ പോകുമ്പോൾ കാണുന്നതാണ് അവരെ , ചുണ്ടിൽ എപ്പോഴും ശ്രീകൃഷ്ണ അഷ്ടോത്തരം ..കണ്ണിൽ നിന്നും സ്നേഹം ഒഴികിയിറങ്ങുന്ന പോലെ...കുറച്ചു നേരം അവരുടെ കണ്ണിലേക്കു നോക്കി ഇരുന്നാൽ ഈ ലോകത്തോട് മുഴുവനും നമുക്ക് സ്നേഹം തോന്നും.
നുണയും കുശുമ്പും പറയുന്നവരുടെ കണ്ണ് നോക്കിയാലും കാണാം ചില പ്രത്യേകതകൾ, അവിടെയുമിവിടെയും അലഞ്ഞു തിരിയുന്ന കണ്ണുകൾ ..അടുത്ത ആളോട് പറയാൻ ഉള്ള വിഷയം തിരഞ്ഞു നടക്കുന്നവ ..:)
മൌനം വാചാലമാകുന്നത് കണ്ണുകൾ സംസാരിക്കുമ്പോൾ ആണ്... ആ സംസാരം കണ്ടു നില്ക്കാനും ഒരു രസം ആണ്
മോൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ മറ്റുള്ളവരുടെ മുന്നി വെച്ച് പറയാൻ പറ്റാത്ത കാര്യങ്ങൾ കണ്ണുരുട്ടിയും നോക്കിയും ഒക്കെ ആയിരുന്നു പറഞ്ഞിരുന്നത് ..കുറച്ചു കൂടെ വലുതായപ്പോൾ അമ്മ എന്തിനാ കണ്ണുരുട്ടുന്നത് എന്ന് തിരിച്ചു ചോദിയ്ക്കാൻ തുടങ്ങിയപോൾ കണ്ക്രിയ അവസാനിപ്പിച്ചു കൈക്രിയ (പിച്ച് / നുള്ള് ) തുടങ്ങി..:)
പ്രതീക്ഷയുടെ ഒരു മുകുരം പോലുമില്ലാതെ ശൂന്യമായ കണ്ണുകളും ഉണ്ട്...ആരോടും ഒന്നും പറയാൻ പറ്റാതെ എല്ലാം ഉള്ളിലേക്ക് ഒതുക്കി മുരടിച്ചു പോയവ ...ഒന്ന് സംസാരിച്ചാൽ തിളക്കം വീണ്ടെടുക്കാവുന്നവ..
*** *** ***
ഒരു മദ്ധ്യവേനൽ അവധിക്കു മുൻപേ ആണ്
ആ കണ്ണുകൾ കണ്ടത്
ഇരുണ്ട ചാരനിറമുള്ള കണ്ണുകൾ
സ്നേഹം നിറഞ്ഞു തുളുമ്പിയ
രണ്ടു തടാകങ്ങൾ
പിന്നീടു എന്റെ ഇരവിലും പകലിലും
നിനവിലും കനവിലും അതിൽ
സ്വപ്നങ്ങളുടെ തോണിയിറക്കി തുഴഞ്ഞു
തുഴഞ്ഞു തളർന്നപ്പോൾ
ആ കണ്ണുകളെ ഞാൻ സ്നേഹിക്കാൻ തുടങ്ങി
കാരണം ആ കണ്ണുകൾ നിന്റെതായിരുന്നു
* * *