"ഞാൻ വന്നു "
പടിഞ്ഞാറൻ വെയിലിൽ തിളങ്ങുന്ന പൂക്കളെ നോക്കി ഇരിക്കുമ്പോൾ എന്നത്തെയും പോലെ മുന്നറിയിപ്പും കൂടാതെയാണ് അവൻ കേറി വന്നത്.സൌഹൃദത്തിൽ നിന്നും ഒന്നും പറയാതെയുള്ള ഇറങ്ങി പോക്കിന് ശേഷം മാസങ്ങൾ കഴിഞ്ഞുള്ള തിരിച്ചു വരവ്.എവിടെ ആയിരുന്നു എന്നോ എന്തിനു പോയി എന്നോ ചോദിച്ചില്ല.ചോദിച്ചാലും ചിലപ്പോൾ പറയില്ല.മറ്റു ചിലപ്പോൾ ചോദിക്കാതെ തന്നെ എല്ലാം പറയും.
കാപ്പി എടുക്കട്ടെ
"ആയിക്കോട്ടെ , എത്ര കാലം ആയി കടുപ്പം കൂടിയ കാപ്പിയുടെ രുചി അറിഞ്ഞിട്ടു "
കാപ്പിയും ബിസ്കറ്റും ട്രേയിൽ എടുത്തു തിരിച്ചു വരുമ്പോൾ എടുത്താൽ പൊങ്ങാത്ത ആലോചനയിൽ ആയിരുന്നു അവൻ. കാലടി ശബ്ദം കേട്ടിട്ട് ആണോ എന്തോ പൊടുന്നനെ പറഞ്ഞു
" ഞാൻ ഒരു ആശ്രമത്തിൽ ആയിരുന്നു"
കേട്ടപ്പോൾ ചിരിയാണ് വന്നത്. ചിരി വന്നാൽ അത് അണ പൊട്ടാത്ത പ്രവാഹം ആയിരിക്കും.ട്രേ താഴെ വീഴാതെ വാങ്ങി ടീപോയിൽ വെച്ച് വീണ്ടും
" ചിരിക്കാൻ പറഞ്ഞതല്ല , കഴിഞ്ഞ ആറു മാസവും ഞാൻ അവിടെ ആയിരുന്നു "
എന്നിട്ട് ബോധോദയം ഉണ്ടായോ?
" ബോധം ഇല്ലാത്തവർക്ക് ആണ് അത് ഉദിക്കേണ്ടത് , എന്റെ ബോധം തെളിഞ്ഞതും കൂർമവും ആണ് അത് കൊണ്ട് തന്നെ ചിലത് ബോധ്യം ആയി"
സമരം ചെയ്യാൻ എന്തോ പുതിയതായി കണ്ടു പിടിച്ചു എന്ന് മനസിലായി.
" ചൂഷണം ആണ് അവിടെ,ആരും ആർക്കും ഒന്നും കൊടുക്കുന്നില്ല. പ്രഭാഷണം കേട്ടാലോ , പ്രസാദം കഴിച്ചാലോ ഒന്നും സമാധാനം കിട്ടില്ല. പക്ഷെ ലോലമനസ്സുകളെ ഇതിന്റെ പേരില് ചൂഷണം ചെയ്യുകയാണ് "
അപ്പോൾ ഇതിനെതിരെ അവിടേം കൊടി പിടിച്ചോ? നിന്നെ അവർ പുറത്താക്കിയതാണോ?
" അല്ല അവിടെ നിന്നും ഒന്നും നേടാനില്ലെന്നു ബോധ്യം ആയപ്പോൾ ഞാൻ ഇറങ്ങിയതാണു. സമരവും യുദ്ധവും വിശാലമായ മൈതാനത്ത് ആണ് നടക്കേണ്ടത് അടഞ്ഞു കിടക്കുന്ന ചുവരുകൾക്ക് നടുവിൽ അല്ല "
അപ്പോൾ കുറച്ചു കാലത്തേക്ക് നിന്റെ ഭ്രാന്തിനു പുതിയ വിഷയം കിട്ടി അല്ലേ
കാപ്പി കപ്പു താഴെ വെച്ച് ഒന്നും പറയാതെ ഇറങ്ങി പോയ ആൾ പിന്നീടു വന്നത് ഒരു ഉച്ചയൂണ് സമയത്ത് ആണ്. ആനയെ തിന്നാനുള്ള വിശപ്പ് എന്ന് പറഞ്ഞു വന്ന ഉടനെ ഒന്നും മിണ്ടാതെ കഴിക്കാൻ ഇരുന്നു.അടുക്കള വൃത്തിയാക്കൽ , പാത്രം കഴുകൽ ഒക്കെ കഴിഞ്ഞു വരുമ്പോൾ കഴിച്ചു കഴിഞ്ഞു ഉമ്മറത്തെ ചാരുകസേരയിൽ അലസമായി കണ്ണുകളടച്ചു കിടക്കുക ആയിരുന്നു. ഉറങ്ങുകയാകും എന്ന് കരുതി തിരിഞ്ഞു നടക്കുമ്പോൾ ആണ് ആ ചോദ്യം വന്നത്
"യൂക്കിയോ മിഷിമയെ കുറിച്ച് കേട്ടിട്ടുണ്ടോ ?"
ടി വി യുടെ പേര് പോലെ ഉണ്ടല്ലോ
"മൂന്നു തവണ നോബേൽ സമ്മാനത്തിനു ശുപാർശ ചെയ്യപ്പെട്ട ജാപ്പനീസ് എഴുത്തുകാരൻ ആണ്"
മലയാളത്തിലെ തന്നെ എഴുത്തുകാരെ അറിയില്ല എന്നിട്ടാണ് ജപ്പാനിലെ
സമുറായ് യോദ്ധാക്കൾ പിടിക്കപ്പെടുമ്പോൾ ചെയ്യുന്ന വയറു കീറി ചെയ്യുന്ന ആത്മഹത്യാ രീതിയെ പറ്റി ടീവിയിൽ കണ്ടതായി ഓർക്കുന്നു
" ആത്മഹത്യ ചെയ്യാൻ എളുപ്പവഴികൾ ഒരു പാടുണ്ടായിട്ടും എന്തിനാണാവോ ആ രീതി സ്വീകരിച്ചത് "
ചോദ്യമോ ആത്മഗതമോ എന്ന് മനസിലാകാത്ത പിറുപിറുക്കൽ. ഒന്നും പറയാതെ മുറ്റത്തെ പൂവിൽ വന്നിരുന്ന കടൽനീല നിറത്തിലെ പൂമ്പാറ്റയെ കാണിച്ചു കൊടുത്തപ്പോൾ
"പൂവിനേയും പൂമ്പാറ്റയെയും നോക്കി സ്വപ്നം കണ്ടു നടന്നോ ഈ ലോകത്ത് എന്തൊക്കെ നടക്കുന്നു എന്നറിയാമോ "
ചോദ്യവും ഇറങ്ങി പോക്കും ഒരുമിച്ചായിരുന്നു എന്നത്തേയും പോലെ.
കുറെ നാളുകൾക്ക് ശേഷം ഒരു ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ ചാരു പടിയിൽ ഇരിക്കുമ്പോളാണ് പോസ്റ്റ്‌മാൻ വന്നത്. കത്തയക്കാനും വരാനും ഇല്ലാത്തത് കൊണ്ട് വേറെ ആരുടെയെങ്കിലും അഡ്രസ് ചോദിക്കാൻ ആയിരിക്കുമെന്ന് കരുതിയപ്പോൾ വെച്ചു നീട്ടുന്ന കവർ. വൃത്തിയിൽ എന്റെ പേരും അഡ്രസ്സും എഴുതിയിരിക്കുന്നു.ആരുടെ ആകുമെന്ന് ആകാംക്ഷയോടെ തുറന്നു നോക്കിയപ്പോൾ താഴേക്ക് വീഴുന്ന തുണ്ട് കടലാസ്സ്.
എന്നും കാണിക്കുന്ന ഭ്രാന്തിന്റെ ബാക്കി പത്രം എന്ന് കരുതി ഇരുന്നതായിരുന്നു അടുത്ത ദിവസം ഒരു ഫോണ്‍ കാൾ വരുന്നത് വരെ
" അറിഞ്ഞോ നമ്മുടെ ....................."
അവനെന്ത് പറ്റി ?
" കാലിലെയും കയ്യിലെയും കഴുത്തിലെയും ഞരമ്പുകൾ മുറിച്ചു..എളുപ്പമുള്ള ഒരു പാട് മാർഗങ്ങൾ ഉണ്ടായിരുന്നു എന്നിട്ടും ഇത്രയും ഭീകരമായ ഒരു വഴി.."
(കടപ്പാട് : എൻറെ ഭാവനക്ക് കയ്യക്ഷരത്തിന്റെ ചാരുത തന്ന നമ്മുടെ പുണ്യാളൻ ഷാജിക്ക് )