2016, ഏപ്രിൽ 25, തിങ്കളാഴ്‌ച

എല്ലാം എത്ര എളുപ്പമാണല്ലേ !!


ഇത്ര
എളുപ്പമായിരുന്നോ  !!


നമുക്കിടയിൽ
ഉറഞ്ഞുകൂടിയ മഞ്ഞു
മല ഉരുകിത്തീരാൻ
ഒരു വിളിയും  മൂളലും
മാത്രം മതിയായിരുന്നോ ?
എത്രകാലം അതിനു
ഇരുപുറവുമിരുന്നു
മനസ്സിന്റെ വിങ്ങലുകൾ
അടക്കിപിടിച്ചു
ഞാനെന്ന ഭാവത്തിൽ
ഒളിച്ചു വെച്ച
പരിഭവങ്ങൾ
ഉറങ്ങാത്ത കണ്ണുകളിൽ
ഓർമ്മകൾ ഉറക്കം
തൂങ്ങി നിന്നു
ഉരുകുന്ന പ്രാണനെ
നെഞ്ചോട്‌ ചേർത്ത്
തേങ്ങുന്ന മനസ്സിനെ
തലോടിയുറക്കാൻ
സ്വപ്നങ്ങളെ
വിരുന്നു വിളിച്ചു
എന്നിട്ടും അഹംഭാവം
എന്ന കടമ്പയിൽ
തട്ടിത്തടഞ്ഞു
ഉറഞ്ഞു പോയി നാം   !!



2016, ഏപ്രിൽ 20, ബുധനാഴ്‌ച

ഒരു ചിരി കണ്ടാൽ ...

ഫാറൂക്ക് കോളേജിലെ പ്രീ ഡിഗ്രി കാലം. ചിരിക്കുന്ന മുഖമുള്ള  ഉസ്മാൻ സാറായിരുന്നു എൻ. എസ്. എസ് കോർഡിനേറ്റർ. ചിരിമുഖത്തോടെ അല്ലാതെ ഒരിക്കൽ പോലും സാറെ കണ്ടിട്ടില്ല. ഒരിക്കൽ  എപ്പോഴും ഇങ്ങനെ ചിരിക്കുന്നത് എന്തിനാണു എന്ന് ഞാൻ ചോദിച്ചു. ചിരിക്കുന്നത്  ഒരു കഴിവ് ആണ് എന്നായിരുന്നു സാറിന്റെ ഉത്തരം 

സാറിനെ പോലെ ചിരിമുഖം കൊണ്ട് നടക്കാറില്ല എങ്കിലും  തൊട്ടതിനും പിടിച്ചതിനും, ഇതിലിപ്പോൾ എന്താ ഇത്ര ചിരിക്കാൻ എന്ന് മറ്റുള്ളവർക്ക് തോന്നുന്ന കുഞ്ഞുകാര്യങ്ങൾക്ക് പോലും ചിരിക്കുന്ന എനിക്ക് ഉത്തരം കേട്ടപ്പോൾ ചിരി വന്നു. " ജീവിതത്തിൽ എപ്പോഴെങ്കിലും ചിരിക്കാത്ത ഒരാളെ കാണുമ്പോൾ ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസിലാകും " എന്ന് പറഞ്ഞു സർ വീണ്ടും ചിരിമുഖം എടുത്തിട്ടു .

എനിക്ക് ചിരി വരാൻ കാര്യങ്ങൾ ഒന്നും വേണ്ടായിരുന്നു. കുട്ടിക്കാലത്ത് അമ്മ അറിയാതെ നടത്തുന്ന പല കള്ളകളികളിലും(പ്രധാനമായും പത്തായത്തിൽ ഒളിച്ചു വെച്ച സാധനങ്ങൾ കട്ടു തിന്നൽ ) എല്ലാരേയും  ചീത്ത കേൾപ്പിക്കാൻ ചിരി ഒരു കാരണമായിരുന്നു. സാറ്റ് കളിക്കാനോ അല്ലെങ്കിലും എന്തെങ്കിലും എടുത്തു കഴിക്കാനോ പോകുന്നതിനു മുന്നേ 'കിളു കിളു ' പറയാതെ ഇരിക്കണം എന്ന് ചേച്ചിമാരും ഏട്ടനും നിർദ്ദേശം തരാറുണ്ടായിരുന്നു എങ്കിലും മിക്കവാറും എന്റ ചിരി എല്ലാം കളികളെയും പൊളിക്കും . അങ്ങനെ ഉള്ള എന്നോടാണ് സാർ ചിരിക്കാൻ കഴിയുന്നത് കഴിവ് ആണെന്ന് പറയുന്നത് .
 
പഠനവും കല്യാണവും കഴിഞ്ഞു കുട്ടിയും പ്രാരാബ്ധവും ഒക്കെ ആയി സെക്കന്ദെരാബാദിൽ ഒരു വാടക വീട്ടിൽ എത്തിയപ്പോൾ ആണ് വീണ്ടും ഉസ്മാൻ സാറെ ഓർമ വന്നത്. അതിനു കാരണമായത് കൽപ്രതിമ പോലെ മുഖമുള്ള വീട്ടുടമയും. ചിരിക്കാൻ മറന്നു പോയതോ അറിയാത്തതോ ആയ ജന്മം ആയിരുന്നു. ഒരിക്കൽ പോലും കൊത്തി  വെച്ചത് പോലെ ഉള്ള ചുണ്ടുകൾ വളഞ്ഞു ചിരിയാകുന്നത് കണ്ടതേയില്ല. എപ്പോഴെങ്കിലും ചിരിക്കാത്ത ഒരാളെ കാണുമ്പോൾ ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസിലാകും എന്ന് പറഞ്ഞത് എന്തിനു ആണെന്നു അന്നാണ് മനസിലായത് .
 
ഒരു ചെറു ചിരി  എന്തൊക്കെ ആകാം എന്ന് മനസിലായത് കഴിഞ്ഞ വർഷം ഞങ്ങളുടെ ഫ്ലാറ്റിനു അടുത്ത് പുതിയ താമസക്കാർ വന്നപ്പോൾ ആണ്. കോണിപടികൾ ഇറങ്ങി താഴേക്ക്‌ വരുമ്പോൾ ആണ് മുകളിലേക്ക് കേറിപോകുന്ന യുവമിഥുനങ്ങളെ കണ്ടത്. കണ്ടപ്പോൾ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു. പെൺകുട്ടിയും തിരിച്ചു ചിരിച്ചു. രണ്ട് ദിവസം കഴിഞ്ഞ് പരിചയപെടാൻ വന്നപ്പോൾ ആണ് എന്റെ ചിരി അവരിൽ ഉണ്ടാക്കിയ വിശ്വാസത്തെ കുറിച്ചു അറിഞ്ഞത്. ലവ് മാര്യേജ് കഴിഞ്ഞു നാട്ടിൽ നിൽക്കാൻ വയ്യാതെ അവിടെക്കെത്തിപ്പെട്ടവർ ആയിരുന്നു അവർ. അറിയാത്ത നാടും നാട്ടുകാരും എങ്ങനെ ആയിരിക്കും എന്ന വിഷമം അവർക്ക് മാറിയത് ആന്റിയുടെ ചിരി കണ്ടപ്പോൾ ആണ് എന്ന് ആ കുട്ടി സന്തോഷത്തോടെ ചിരിച്ചു പറഞ്ഞപ്പോൾ ചിരി വെറും ചിരി അല്ലെന്നു ഉറപ്പായി.

ഈ കാലത്തിനിടക്ക്  ചിരിക്കുന്നതും ചിരിക്കാത്തതും ആയ പല മുഖങ്ങളും കണ്ടിട്ടുണ്ട്. വീണ്ടും കാണണം എന്ന് ആഗ്രഹിക്കുന്ന ചിരിയും കണ്ടിട്ടുണ്ട്. ചിരി എന്നാൽ കിണികിണി ശബ്ദവും ചുണ്ടിന്റെ കോട്ടലും മാത്രം അല്ലെന്നും അത് മനസ്സിൽ  പൊട്ടി ചുണ്ടിൽ  പരന്നു കണ്ണിൽ നിറയുന്ന ഉണർവാണ് എന്ന് ഞാനും മനസിലാക്കിയിരിക്കുന്നു, അത് ഒരു കഴിവാണ് എന്നും.

എന്നും രാവിലെ ഓഫീസിലേക്ക് വരുമ്പോൾ ഒരു സുന്ദരിക്കുട്ടിയെ കാണും. എന്നും കാണുന്നത് കൊണ്ട് തന്നെ ആ കുട്ടി സുന്ദരമായി ചിരിക്കും. ആ  ചിരി കാണുമ്പോൾ " ദേവി നിൻ ചിരിയിൽ കുളിരോ പാലൊളിയോ " എന്ന പാട്ട് ഓർമ  വരും. അത് പോലെ  ഇഷ്ടം തോന്നുന്ന ഒരു പാട് മുഖങ്ങൾ ഉണ്ട് , ആ മുഖങ്ങളിൽ എല്ലാം ഒരു ചെറു ചിരി  ഉണ്ട് എന്നതാണ്.

അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ ഒരു ചിരി കണ്ടാൽ ലത് മതി, മൊഴി കേൾക്കണം എന്നില്ല എന്നാണ്. അത് കൊണ്ട് എല്ലാവരും മനസ്സും കണ്ണും നിറഞ്ഞു ചിരിക്കണം. ഒരു ചിരിയിൽ നിന്നും മറു ചിരിയിലേക്ക്‌ അങ്ങനെ ലോകം മുഴുവൻ ചിരിക്കുന്ന മുഖങ്ങൾ ആകട്ടെ.







കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...