2016, ജൂൺ 3, വെള്ളിയാഴ്‌ച

മഴയോർമ്മ

ഒരു പഴയ ഓർമയാണ് . മഴയെ ക്ലാര ആയും പ്രണയമായും ആളുകള് ആഘോഷിക്കുന്നതിനു മുൻപേ ഉള്ള കഥ. മഴയെ , മഴക്കാലത്തെ വെറുത്ത ഒരു പെൺകുട്ടിയുടെ കഥ . അന്യമാകുമ്പോൾ അല്ലെങ്കിൽ നഷ്ടപ്പെടുമ്പോൾ ഒരിക്കൽ വെറുത്തിരുന്നതിനെ ഭ്രാന്തമായി സ്നേഹിക്കാൻ തുടങ്ങുന്ന മനുഷ്യന്റെ വിചിത്രമനസ്സിന്റെ കഥ.

മലയിൽ  നിന്നും ഇരമ്പി വരുന്ന വയനാടൻ മഴ . അതിനു വല്ലാത്ത വന്യത ആയിരുന്നു. പല ശബ്ദത്തിൽ , മൂർച്ചയിൽ ഒഴിയാതെ അത് പെയ്തു കൊണ്ടേയിരിക്കും . നിറഞ്ഞൊഴുകുന്ന തോടുകളും പുഴയും . പെരുമഴക്കാലത്ത് ദ്വീപ് ആയി മാറുന്ന ചുറ്റും വയലുള്ള ഒരു ചെറിയ കുന്നിലായിരുന്നു വീട്. വീട്ടിലുള്ള മറ്റു ആളുകൾ വാഴപിണ്ടി ചേർത്തുണ്ടാക്കിയ പാണ്ടി (ചങ്ങാടം) തുഴഞ്ഞു കളിക്കാനും , നീന്തി തുടിക്കാനും പോകുമ്പോൾ കോലായിൽ നിന്നും അത് കാണാൻ മാത്രം ഭാഗ്യം ചെയ്തവൾ. ഇറയിൽ കൂടെ ഒഴുകി വരുന്ന മഴവെള്ളം കയ്യിലെടുക്കാൻ നോക്കിയാൽ 'ശീതം പിടിക്കും അകത്തേക്ക് പോ' എന്ന ശാസന. സ്കൂളിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ ജനലിലൂടെ മഴ നോക്കിയിരുന്നു പുസ്തകം വായിച്ചു ഉറങ്ങി സമയം കൊല്ലൽ. 

 പശിമയുള്ള വയനാടൻ മണ്ണ് . ഒരു മഴ പെയ്താൽ കാലിൽ ഒട്ടിപിടിക്കും, ചെരുപ്പിലും നഖത്തിലും ഒക്കെ പിടിച്ചിരിക്കും അത് കഴുകി വെളുപ്പിക്കുക എന്നത് ഒരു പ്രയത്നം തന്നെ ആയിരുന്നു.

അങ്ങനെ എപ്പോഴൊക്കെയോ മഴ അവൾക്ക് ശത്രു ആയി തീർന്നു.

വരമ്പ് കോരി ഇട്ട വയലിലൂടെ മുട്ടറ്റം ചെളിയിൽ കാലുകൾ പൂഴ്ന്നിറങ്ങുമ്പോൾ

നനഞ്ഞൊട്ടിയ പവാടയുമായി നടക്കാൻ കഴിയാതെ വിഷമിക്കുമ്പോൾ

പലക നിരത്തിയ മരപ്പാലത്തിലൂടെ നടക്കുമ്പോൾ , ഇടക്ക് ഇളകി പോയ പലകക്കിടയിലൂടെ താഴെ കുതിച്ചൊഴുകുന്ന വെള്ളം കാണുമ്പോൾ

സ്കൂളിൽ നിന്നും ദൂരെ മാറിയുള്ള മൂത്രപ്പുരയുടെ മുന്നില് മഴ നനഞ്ഞു കാത്തു നിൽക്കുമ്പോൾ.

സ്കൂളിൽ പോകുന്ന വഴിയിലുള്ള ചതുപ്പിൽ വീണു മുകളിലേക്ക് കേറാനും നില്ക്കാനും കഴിയാതെ വിഷമിച്ചപ്പോൾ

അവൾ മഴയെ പതുക്കെ പതുക്കെ വെറുക്കാൻ തുടങ്ങി . ആ വെറുപ്പ്‌ കല്യാണാലോചന സമയത്ത് 'എനിക്ക് വയനാട്ടിൽ നിന്നും കല്യാണം വേണ്ട ' എന്ന തീരുമാനം ഉറക്കെ വിളിച്ചു പറയാനുള്ള ധൈര്യം കൊടുത്തു . നാട്ടിലുള്ള ആരാണിപ്പോൾ കാട്ടുമുക്കിൽ വന്നു നിന്നെ കെട്ടാൻ പോകുന്നത് എന്ന ചോദ്യങ്ങളെ അവഗണിച്ചു, ഉറച്ചു നിന്നു .

ദൈവനിശ്ചയം പോലെ നാട്ടിൽ നിന്നുള്ള ആളെ കെട്ടി വയനാടൻ മഴയിൽ നിന്നും ദൂരെ ആന്ധ്രയിലേക്ക് എത്തിയപ്പോൾ സന്തോഷമായിരുന്നു. സന്തോഷം അധികനാൾ ഉണ്ടായിരുന്നില്ല . വരണ്ട മണ്ണും അന്തരീക്ഷത്തിലെ ഉണങ്ങിയ ഗന്ധവും ശ്വാസം മുട്ടിച്ചു . കത്തുന്ന സൂര്യനു കീഴെ 45-49 ഡിഗ്രി ചൂടിൽ വേവുമ്പോൾ മനസ്സ് കൊണ്ട് അവൾ വയനാടൻ മഴയുടെ വന്യതയിലെക്ക് ഇറങ്ങി പോയി. മഴ നനഞ്ഞു കൊണ്ട് ഫാനിനു കീഴെ കണ്ണടച്ച് കിടന്നു. കാലിൽ പശിമയുള്ള മണ്ണ് തേച്ചു പിടിപ്പിച്ചു. കുഴിയടിയിലെ ( മേൽക്കൂരയിലെ വെള്ളം പാത്തി  വെച്ച് എല്ലാം ഒരു സ്ഥലത്ത് വീഴ്ത്തുന്നയിടം ) ഇറവെള്ളത്തിൽ നനഞ്ഞു. പതിയെ പതിയെ മഴയെ  സ്നേഹിക്കാൻ തുടങ്ങി. ഒരു മഴ പെയ്തിരുന്നെങ്കിൽ എന്ന് തീവ്രമായി മോഹിച്ചു . മോഹങ്ങൾക്കൊടുവിൽ മഴ പെയ്തപ്പോൾ വീടിന്റെ ടെറസ്സിൽ കേറി അവൾ  മഴനൃത്തം  ചെയ്തു. നെറ്റിയിലും മുഖത്തും ഉമ്മ വെക്കുന്ന മഴത്തുള്ളികളിൽ ഓരോന്നിലും സ്നേഹം നിറഞ്ഞ ആഴമേറിയ കണ്ണുകളും ഉയർന്നു നീണ്ടമൂക്കുമുള്ള ഗന്ധർവനെ കണ്ടു. അവൾ മഴയെ പ്രണയിക്കാൻ തുടങ്ങുക ആയിരുന്നു, ഇനി ഒരിക്കലും നഷ്ടപ്പെടരുതേ എന്നെ ആഗ്രഹത്തോടെ..





 

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...