2017, ജനുവരി 20, വെള്ളിയാഴ്‌ച

ചാരം മൂടിയ കനൽ


നിസ്സംഗത ...
നിസ്സഹായത ...
ആകാംക്ഷ ...
വേദന... ദേഷ്യം ...

ഓരോ  മുഖങ്ങളിലും ഓരോ  ഭാവങ്ങൾ. ഭാവങ്ങളൊന്നുമില്ലാതെ പുതുതലമുറ ചെവിയിലൊട്ടിച്ചു വെച്ച എയർഫോണിൽ എന്തോ കേൾക്കുന്നു . വിരലുകൾ കൊണ്ട് സ്‌ക്രീനിൽ എന്തൊക്കെയോ കോറിയിടുന്നു. അവരുടെ മാത്രമായ ഏതോ മായികലോകത്തു പറന്നു നടക്കുന്ന അവർ ഇവിടെങ്ങും  തന്നെയില്ലെന്നു തോന്നിപോകും.

ദീർഘചതുരത്തിലുള്ള ഓ പി സെക്ഷനിൽ ചുമരിനോട് ചേർത്ത വെച്ച സിമന്റ് ബെഞ്ചിൽ ഓരോരുത്തരും അവരവരുടെ ഊഴം കാത്തിരിക്കുന്നു. എങ്കിലും ഇടക്കെല്ലാവരുടെയും ശ്രദ്ധ എരിപിരികൊള്ളുന്ന ഒരു വൃദ്ധനിലേക്ക്  നീളുന്നുണ്ട്

'മൂപ്പർക്ക് മൂന്നു നേരം തിന്നാൻ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല , കുറച്ചു നേരം വലിക്കാതിരുന്നാൽ  കരയിലേക്കിട്ട   മീൻ പോലെയാ ' എല്ലാവരും ശ്രദ്ധിക്കുന്നതയാളെ തന്നെ എന്ന് മനസിലാക്കിയ ഭാര്യ ഒരു ചെറുചിരിയോടെ പറഞ്ഞു

 കരയിലേക്കിട്ട മീൻ- നമ്മളോരോരുത്തരും പലപ്പോഴും ആ ഒരു അവസ്ഥയിലാകാറുണ്ട്. ആരെയെങ്കിലും കാണാതിരിക്കുമ്പോൾ , കേൾക്കേണ്ടവ കേൾക്കാതിരിക്കുമ്പോൾ അറിയേണ്ടവ അറിയാതിരിക്കുമ്പോൾ , പറയേണ്ടത് പറയാതിരിക്കുമ്പോൾ .

അമ്മയുടെ കൂടെയിരിക്കുന്ന മൂന്നുവയസ്സുകാരിക്ക് കാത്തിരിപ്പു മടുത്തു തുടങ്ങിയിരിക്കുന്നു. അത് ചെറിയ ചിണുങ്ങലായി , അമ്മയെ അടിച്ചും നുള്ളിയുമുള്ള കരച്ചിലിലേക്കും വഴിമാറിയപ്പോൾ 'ഇസാ അടങ്ങി ഇരിക്കൂ  സിസ്റ്ററെ കൊണ്ട് ഇൻജെക്ഷൻ വെപ്പിക്കും ട്ടോ ' എന്ന അമ്മയുടെ ഭീഷണിയെ ഒരു വലിയ വാശിയോടെ കരഞ്ഞു പ്രതിരോധിച്ച കുഞ്ഞു പെട്ടെന്ന് കരച്ചിൽ നിർത്തിയത് എല്ലാവരിലും അത്ഭുതമുണർത്തി. മൂന്നു ആളുകൾക്കു അപ്പുറമിരിക്കുന്ന ഒരു പയ്യന്റെ കയ്യിലെ കീ ചെയിനിലേക്ക് അവളുടെ ശ്രദ്ധ പോയിരുന്നു. പറക്കുന്ന കഴുകനുള്ള കീ ചെയിൻ ഉയർത്തി കാണിച്ചായാൾ അവളുടെ കരച്ചിലിനെ  ചിരിയിലേക്ക് മാറ്റിയത്. കുഞ്ഞുങ്ങളെ പോലെ ആകാൻ നമുക്കും കഴിഞ്ഞിരുന്നെങ്കിൽ.

കീ ചെയിൻ വാങ്ങാനായി കുട്ടി അയാളുടെ അടുത്തേക്ക് മെല്ലെ നടന്നു പോയപ്പോൾ അമ്മയൊന്നും പറഞ്ഞതേയില്ല. അത്ര നേരമെങ്കിലും കരയാതെ ഇരിക്കുമല്ലോ എന്നവർ കരുതി കാണും. പയ്യൻ കീ ചെയിൻ ഉയർത്തി പിടിച്ചു കൊണ്ട് അവളെ മടിയിൽ കയറ്റി ഇരുത്തുകയും കളിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു.

ചേച്ചീ 

ഇടതു വശത്തു നിന്നും ഒരു മന്ത്രണം. എന്താണെന്ന്  ചോദിക്കാനായി മുഖം തിരിച്ച എന്റെ ചെവിയിൽ ആ സ്ത്രീ പറഞ്ഞു ' ആ കുട്ടിയെ ഇങ്ങു വിളിക്കാൻ പറ ചേച്ചീ , അങ്ങനെ അറിയാത്ത ആളുടെ അടുത്ത് കളിയ്ക്കാൻ വിടല്ലെന്നു പറ "

കരഞ്ഞു പൊളിച്ച കുട്ടി ചിരിച്ചു കളിക്കുന്നു . അവളുടെ അമ്മ അത് നോക്കിയിരിക്കുന്നു . എന്തിനാണ് അത് വേണ്ടെന്നു പറയുന്നത് എന്ന് ഞാൻ ചോദിക്കാനായുമ്പോഴേക്കും ടോക്കൺ വിളിച്ചു. ഡോക്ടറെ കാണാൻ ഉള്ളിൽ കേറി പുറത്തിറങ്ങി എക്സ്റേ എടുക്കാനായി ഓടുമ്പോൾ കുട്ടിയും അമ്മയും ആ സ്ത്രീയും ഒന്നും മനസ്സിലുണ്ടായിരുന്നില്ല. പന്ത്രണ്ട് മണിക്ക് മുൻപ് റേഡിയോളജി റൂമിൽ ചീട്ടു എത്തിയില്ലെങ്കിൽ പിന്നെയും ഒരു ദിവസം കൂടെ ഇതിനായി വരേണ്ടി വരും. അത് കൊണ്ട് തന്നെ ഒരു ഓട്ടമായിരുന്നു. അവസാനത്തെ ആളായി അവിടെ കാത്തിരുന്നപ്പോൾ എന്തിനായിരിക്കും ആ സ്ത്രീ അങ്ങനെ പറഞ്ഞിട്ടുണ്ടാകുക എന്ന് വെറുതെ ആലോചിച്ചു. അപ്പോഴേക്കും അകത്തേക്ക് വിളിച്ചു . എക്സ്റേ എടുത്തു പുറത്തെക്ക് വരുമ്പോൾ  ഒരു മണിക്കൂർ കഴിയും ഫിലിം കിട്ടാൻ . രിക്കുന്നില്ലെങ്കിൽ വേറൊരു ദിവസം വന്നു വാങ്ങിക്കോളൂ എന്ന് ടെക്‌നിഷ്യൻ പറഞ്ഞു

അവസാനത്തെ ആളായത് കൊണ്ട് തന്നെ മുൻപേ വന്നവർ എല്ലാം പോയിരുന്നു. ശൂന്യമായ നീണ്ട വരാന്ത. മീനച്ചൂടിന്റെ കാഠിന്യം ഒട്ടു തന്നെയില്ല. ചുറ്റും മരങ്ങളുള്ളത് കൊണ്ടാകാം ഒരു നനുത്ത കാറ്റും. ആ തണുപ്പിൽ  അവിടെ ഒറ്റക്കിരിക്കാൻ മനസ്സ് കൊതിച്ചു . ചുമരിൽ തല ചാരി കണ്ണുകളടച്ചു ഇരിക്കുമ്പോൾ കയ്യിലെ സ്പർശത്തോടൊപ്പം ചേച്ചി എന്നൊരു വിളി. നേരത്തെ ഡോക്ടറുടെ റൂമിനു മുന്നിൽ വെച്ച് കണ്ട സ്ത്രീ . ഇവരെന്തിനാണ് വീണ്ടും വന്നത് എന്നൊരു സംശയത്തോടെ അവരെ നോക്കി .

' ഞാൻ നേരത്തെ അങ്ങനെ പറഞ്ഞപ്പോൾ ചേച്ചിക്ക് തോന്നിയിട്ടുണ്ടാകും കുട്ടിയെ വീണ്ടും കരയിക്കാനാണോ ഞാൻ അങ്ങനെ പറഞ്ഞത് എന്ന്. ചാരം മൂടിയ ഒരു കനലുണ്ട് ഉള്ളിൽ. അത് കൊണ്ട് പറഞ്ഞതാണ് '

ചാരം മൂടിയ കനൽ ?

'ചെറിയപ്രായത്തിൽ  മനസ്സിലുണ്ടായ മുറിവാണു. സാറ്റും മണ്ണപ്പം ചുടലും കളിക്കുന്നതിനിടയിൽ  എപ്പോഴോ സംഭവിച്ചു പോയത്. പുറത്തു പറയാൻ പേടി ആയിരുന്നു. നല്ല പയ്യൻ പട്ടം നേടിയ ആളാണ് കുറ്റം എനിക്ക് മാത്രമാകും. തെളിവായി കാണിക്കാൻ ശരീരത്തിൽ മുറിവുകളില്ല പിന്നെങ്ങിനെ? ഇപ്പോൾ രണ്ടു  കുട്ടികൾ ആണ് എനിക്ക് . മോൾ അവളുടെ അച്ഛന്റെ കൂടെ അടുത്തിടപഴകുമ്പോഴും ഭയമാണ്  . അവരുടെ കൂടെ സി ഐ ഡി കണ്ണുമായി ഞാൻ ഉണ്ടാകും. പേടിയാണ് ചേച്ചി കുട്ടികളെ ആരെങ്കിലും അങ്ങനെ കളിപ്പിക്കുമ്പോൾ '

ഒരു തരിപ്പ്  തലയിലേക്ക് അരിച്ചു കയറി . വെളിച്ചം കടക്കാത്ത ഒരു ഗുഹയിൽ അകപ്പെട്ടത് പോലെ. എവിടുന്നോ വരുന്ന സ്ത്രീ ശബ്ദം

"റിസൾട്ട് കാത്തിരിക്കയാണോ എന്താ പേര് " തിരിച്ചു വിളിച്ചത് പുരുഷ ശബ്ദം ആയിരുന്നു. ഒരു പിടച്ചിലോടെ എഴുന്നേറ്റു നീളൻ വരാന്തയുടെ ഇരു വശത്തേക്കും നോക്കി. ആ സ്ത്രീയുടെ നിഴൽ പോലും എവിടെയുമില്ല. അവരുടെ ഉള്ളിലെ കനലിന്റെ കഷ്ണം എന്റെയുള്ളിലേക്ക് ഇട്ടവർ എവിടെയോ മറഞ്ഞു പോയിരിക്കുന്നു .

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...