2017, സെപ്റ്റംബർ 23, ശനിയാഴ്‌ച

ഒരു ചീത്ത ദിവസത്തിന്റെ തുടക്കം


വാവിട്ടു അലറുന്ന അലാറത്തെ കൈ മാത്രം പുറത്തിട്ടു  ഓഫാക്കി , തലയണയുടെ താരാട്ടു കേട്ടു നനുത്ത സ്വപ്‌നങ്ങൾ കണ്ടു  വീണ്ടുമുറങ്ങുമ്പോൾ അന്നത്തെ ദിവസം മുഴുവൻ കട്ടപ്പൊഹയായിരിക്കുമെന്നു ഒട്ടും ഓർത്തിരിക്കില്ല.

പിന്നെ  ചാടിയെഴുന്നേറ്റു നോക്കുമ്പോൾ സൂര്യൻ ഉച്ചിയിൽ എത്തിയിട്ടുണ്ടാകും .
ഓഫീസിൽ എത്താനുള്ള ധൃതിയിൽ അടുക്കളയിൽ ഗുസ്തി പിടിക്കുമ്പോൾ എന്നുമില്ലാത്ത വിധം അരി തിളച്ചു മറിഞ്ഞു ഇരട്ടി പണിയുണ്ടാകും.
 കറിയിൽ ഉപ്പു കൂടും , എരിവ് കൂടും. ചീത്തയും കുറ്റവും കേട്ട് ഓടി പാഞ്ഞു ബസിൽ കേറുമ്പോൾ ഒറ്റ സീറ്റ് പോലുമുണ്ടാകില്ല. തൂങ്ങി പിടിച്ചു നിന്ന് പോകുമ്പോൾ കണ്ടക്ടർ ചില്ലറക്കായി തല്ലുണ്ടാക്കും.
വഴിയിൽ ആവശ്യമില്ലാത്ത ട്രാഫിക് ബ്ലോക്ക് ഉണ്ടാകും.
പതിനൊന്നു മണിക്ക്  ഓഫീസിൽ കേറി ചെല്ലുമ്പോൾ കനത്തിൽ വാച്ചിലേക്കൊരു നോട്ടമുണ്ട് ബോസ്സിന്റെ. അതും കഴിഞ്ഞു പണി ചെയ്യാൻ തുടങ്ങുമ്പോൾ കമ്പ്യൂട്ടറിനുമുണ്ട് അസുഖം, ലോഡ് ആകാൻ മടി. നെറ്റിന് സ്പീഡ് കുറവ്. വേഗം വേണം എന്ന് പറഞ്ഞു ഓരോ കാര്യത്തിനായി മുന്നിലെത്തുന്നവരുടെ എണ്ണവും കൂടും.

അപ്പോൾ നമ്മൾ   ശപിക്കും . രാവിലെ അലാറം ഓഫ് ആക്കിയതിനു, വീണ്ടും ഉറങ്ങിയതിനു , സ്വപ്നങ്ങൾ കണ്ടതിനു, എന്തിനു ആവശ്യമില്ലാതെയുണ്ടായ ഓരോ തോന്നലിനും മനസ്സിൽ നമ്മളെ തെറി വിളിച്ചോണ്ടേയിരിക്കും

2017, സെപ്റ്റംബർ 6, ബുധനാഴ്‌ച

മരണത്തിന്റെ തണുപ്പ്

ഉറക്കത്തിൽ ഞെട്ടിയുണർന്നപ്പോളാണ് ഉറങ്ങാതെ കിടക്കയിൽ ഇരിക്കുന്ന ഹരിയെ  കണ്ടത് .

എന്താ ഇങ്ങനെ ഇരിക്കുന്നത് , ഉറങ്ങുന്നില്ലേ ?

'ഉറങ്ങാൻ തുടങ്ങുമ്പോൾ ആരോ എന്റെ കഴുത്തിനു  പിടിച്ചു ഞെക്കി കൊല്ലാൻ പോകുന്ന പോലെ തോന്നുന്നു'

ഹാ ഹാ ..ആരാ ഇപ്പോൾ ഈ പാതിരാത്രിയിൽ നിങ്ങളുടെ കഴുത്തു പിടിക്കാൻ വരുന്നത്. ഉമ്മറവാതിലും കോണിയകവാതിലും പൂട്ടിയാൽ ഒരീച്ചക്കു പോലും അകത്തു കടക്കാനാകാത്ത വിധത്തിലാ ഈ വീട് പണിതിരിക്കുന്നത്. അപ്പോഴാ കഴുത്തു പിടിക്കാൻ ആള് വരുന്നത് . മുകളിലത്തെ നിലയിൽ ഇപ്പോൾ നമ്മൾ മാത്രേ ഉള്ളൂ

'നീ ഉറങ്ങിക്കോ' അയാൾ കിടന്നു

രാവിലെ അവൾ എഴുന്നേല്ക്കുന്നതിനേക്കാൾ നേരത്തെ അയാൾ എഴുന്നേറ്റിരുന്നു.

മലഞ്ചെരിവിലെ പാടവരമ്പത്തുള്ള അവളുടെ പഴയ തറവാട്ടിലേക്ക് കല്യാണം കഴിഞ്ഞുള്ള ആദ്യ വിരുന്നു കൂടലിനു വന്നതാണവർ.  കാവും തറയും ഒക്കെ ആയി വീടിനു ചുറ്റും ദൈവസാന്നിദ്ധ്യം. പോരാത്തതിനു പുതിയ ചെക്കനേയും പെണ്ണിനേയും കാണാൻ വന്നയാളുകളുടെ കഥ പറച്ചിൽ . പഴയ പ്രേതഭൂത കഥകൾ.  അതൊക്കെ കേട്ട് അയാൾ പേടിച്ചതാകും എന്നവൾ കരുതി .   കല്യാണത്തിന് മുൻപ് അവൾ ഉപയോഗിച്ചിരുന്ന മുറിയിൽ തന്നെയായിരുന്നു അവർ കിടന്നതും.


അയാളുടെ നിർബന്ധത്തിനു വഴങ്ങി പിറ്റേന്ന് തിരിച്ചു പോകുമ്പോൾ  അവൾ ചോദിച്ചു ' സത്യത്തിൽ പേടിച്ചിട്ടല്ലേ ഇന്ന് തന്നെ വീട്ടിൽ നിന്നും പോന്നത്? "

'എനിക്ക് എന്ത് പേടി. പണ്ട് ഭഗവതി കുടിയിരുന്ന തറവാട്ടിൽ ആണ് ഞാൻ ഇത്രയും കാലം ഒറ്റക്ക്  താമസിച്ചത് . ഒന്നും രണ്ടുമല്ല ഏതാണ്ട് പതിനഞ്ച് വർഷത്തോളമായി.'

ഓ എന്നിട്ടാണല്ലോ രാത്രി പേടിച്ചു ഉറങ്ങാതെ മൂങ്ങയെ പോലിരുന്നത്

'നിന്റെ വീട്ടിൽ അസാധാരണമായ തണുപ്പാണ്.'

മലഞ്ചെരുവിലുള്ള വീട്ടിൽ തണുപ്പല്ലാതെ പിന്നെ എന്താ ഉണ്ടാവുക?

'ഈ തണുപ്പ് മരണത്തിന്റെ തണുപ്പാണ്'

അപ്പോൾ ഹരിയേട്ടൻ ഇതിനു മുൻപേ എത്ര പ്രാവശ്യം  മരിച്ചിട്ടുണ്ട് തണുപ്പറിയാൻ

'ആ തണുപ്പറിയാൻ മരിക്കണമെന്നില്ല കുട്ടീ. മരിച്ചവരെ തൊട്ടു നോക്കിയാൽ മതി.'

പിന്നീട്  ജീവിതത്തിന്റെ  തിരക്കിൽ വീണു പോയെങ്കിലും ഇടയ്ക്കിടെ അവളുടെ  വീട്ടിലേക്ക് അവർ വന്നിരുന്നു . വരുമ്പോഴൊക്കെ അവിടെ താമസിക്കാതിരിക്കാനുള്ള എന്തെങ്കിലും മുൻകൂട്ടി കണ്ടു വെക്കാൻ ഹരി മറന്നിരുന്നില്ല. തീരെ നിവൃത്തിയില്ലാത്ത ദിവസങ്ങളിൽ ചാവടിയിലോ പൂമുഖത്തോ കിടന്നുവെന്നല്ലാതെ ഒരിക്കൽ പോലും മുകളിലെ മുറിയിലേക്ക് അയാൾ പോയതേയില്ല .


വർഷങ്ങൾക്കു  ശേഷം തറവാട് ഭാഗം വെച്ച് കിട്ടിയ ഭാഗത്തിൽ വീട് വെക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ അയാൾ എതിർത്തു . പിന്നീട് സ്ഥലം വിൽക്കാൻ നോക്കി നടക്കാതിരിക്കുകയും വീട് വെക്കാൻ പറ്റിയ ഒരു സ്ഥലം വേറെ വാങ്ങാൻ പറ്റാതിരിക്കുകയും ചെയ്തപ്പോൾ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി അവർ തറവാടു വീടിനു അടുത്ത് തന്നെ വീട് വെച്ചു.

വീടിന്റെ പാല് കാച്ചലിന് നിർബന്ധിച്ചു അങ്കണവാടിയിൽ കൊണ്ടാക്കിയ കുട്ടിയുടെ മുഖത്തോടെ ഹരി  ഓടി നടന്നു. രാത്രി  ആഗ്രഹപ്രകാരം ഉണ്ടാക്കിയ വീടിന്റെ മുറിയിലെ ചുമരിനോട് ചേർത്തിട്ട കട്ടിലിൽ ഹരിയുടെ  നെഞ്ചോട് ചേർന്ന് കിടന്നുറങ്ങുമ്പോൾ അവൾ ലോകത്തിലെ ഏറ്റവും സന്തോഷവതി ആയ പെണ്ണായിരുന്നു.

രാവിലെ പുറത്തു പണിക്കാരുടെ ഒച്ച കേട്ടാണ് അവൾ ഉണർന്നത് . രാവിലെ അഞ്ചു മണി എന്നൊരു സമയമുണ്ടെങ്കിൽ ലോകത്തിലെ ഏതു മൂലയിൽ ആണെങ്കിലും എഴുന്നേൽക്കുന്ന ആൾ ചുമരോട് ചേർന്ന് ഉറങ്ങുന്നു .

'ഹരിയേട്ടാ നേരം കുറെ ആയി എഴുനേൽക്കു '

അവൾ അയാളുടെ തോളിൽ പിടിച്ചു വലിച്ചു . ഒരു മരക്കട്ട പോലെ ചെരിഞ്ഞു വീണ അയാളുടെ കണ്ണുകൾ അടഞ്ഞു തന്നെ കിടന്നിരുന്നു. കഴുത്തിൽ  ആരോ വിരൽ കൊണ്ട് അമർത്തിയത് പോലെ നീല പാട് .

ആ മലമുഴുവൻ കുലുങ്ങുന്ന ഒരു നിലവിളി അവളിൽ നിന്നുയർന്നു.

മരണത്തിന്റെ തണുപ്പ് അവളെ പൊതിഞ്ഞു. തല പെരുത്ത്   ഒരു മൂലക്ക് ഒന്നും ചെയ്യാനാകാതെ പറയാനാകാതെ തളർന്നിരിക്കുമ്പോൾ നിലവിളി കേട്ട് ഓടിക്കൂടിയവർ പറയുന്നതവൾക്ക് കേൾക്കാമായിരുന്നു

ഷുഗർ ഒക്കെയുള്ളതല്ലേ , സൈലന്റ് അറ്റാക്ക് ആകും

വീട് വെച്ച് അതിൽ താമസിച്ചു കൊതി പോലും തീർന്നില്ല പാവം
ആ പെണ്ണ് ഒറ്റക്കായില്ലേ.

മരവിച്ചിരിക്കുമ്പോഴും അവളുടെ മനസ്സിൽ അയാളുടെ കഴുത്തിൽ കണ്ട നീലപാടുകൾ ആയിരുന്നു.


കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...