അമ്മയുടെ മണം, ചിലപ്പോൾ അത് കടഞ്ഞെടുത്ത പശുവിൻ നെയ്യുടെ ആയിരിക്കും അല്ലെങ്കിൽ കാച്ചിയ പാലിന്റെ, കഞ്ഞിപ്പശ മുക്കിയ മുണ്ടിന്റെ, തുണിപ്പെട്ടിയിലെ കർപ്പൂരത്തിന്റെ, പാറ്റാഗുളികയുടെ അതുമല്ലെങ്കിൽ തിരിച്ചറിയാൻ പറ്റാത്ത ഒരു പാട് ഗന്ധങ്ങളുടെ സമ്മിശ്രം. പക്ഷെ കർക്കിടക മാസത്തിൽ അമ്മക്ക് രണ്ടു മണങ്ങൾ ആണ് പ്രധാനമായും ഉണ്ടാകുക. ഒന്ന് എരിഞ്ഞെരിഞ്ഞു കത്തുന്ന വിറകടുപ്പിന്റെ പുകമണം. പിന്നൊന്നു ഉലുവയുടെ മണം.
കർക്കിടകം പിറന്നാൽ ഉലുവക്കഞ്ഞിയാണ് അമ്മയുടെ പ്രധാന ഭക്ഷണം. ഉലുവയും ഉണക്കലരിയും വേവിച്ചു അതിലേക്ക് ശർക്കരയിട്ടു തിളപ്പിച്ച് തേങ്ങാപാൽ ഒഴിച്ച് നെയ് ചേർത്തിളക്കിയ കഞ്ഞി. മണമടിക്കുമ്പോൾ തന്നെ കഴിക്കാൻ തോന്നും. പക്ഷെ ഒരു തുള്ളി പോലും തരില്ല. പ്രസവിക്കാത്ത പെൺകുട്ടികൾ ഉലുവ കഞ്ഞി കുടിക്കാൻ പാടില്ല പോലും. കുടിച്ചാൽ ഊരയുറക്കും , സുഖപ്രസവം നടക്കില്ല അങ്ങനെ അങ്ങനെ ഒരു പാട് കാരണങ്ങൾ അമ്മ നിരത്തും. എങ്കിലും അമ്മെ അമ്മെ എന്ന് ചൊല്ലി പിറകെ പറ്റികൂടുന്നത് കൊണ്ട് ഒരു സ്പൂൺ തരും വല്ലപ്പോഴും. ആ രുചി വായിൽ ഇപ്പോഴും ഉള്ളത് കൊണ്ട് ഞാനും കർക്കിടകം തകർക്കുമ്പോൾ ഉലുവ കഞ്ഞി വെക്കും. അന്ന് കഴിച്ച ഒരു സ്പൂൺ കഞ്ഞിയുടെ രുചി ഒന്നുമില്ലെങ്കിലും ബാക്കിയാകുന്ന ഉലുവ ഗന്ധം അമ്മയെ ഓർമ്മിപ്പിക്കും.
മഴക്കൊരു ശമനം കിട്ടുമ്പോൾ അമ്മ തൊടിയിലേക്കിറങ്ങും. കൊടിത്തൂവയുടെ തളിരിലകൾ നുള്ളിയെടുക്കും. അല്ലെങ്കിൽ കയ്യിൽ ഒന്ന് തട്ടിയാൽ ചൊറിഞ്ഞു തടിക്കുന്ന തൂവ മഴക്കാലത്ത്, കർക്കിടകത്തിൽ ഉപദ്രവകാരിയല്ല. ചെറുതായരിഞ്ഞ തൂവ കാന്താരിമുളക് ചെറിയ ഉള്ളി, വെളുത്തുള്ളി , തേങ്ങാ ചേർത്ത് തിരുമ്മി ഒന്ന് വഴറ്റി എടുക്കുന്നതിന്റെ രുചി അപാരമാണ്. ഇതിന്റെ ഓർമ്മയിൽ ഒരിക്കൽ കൊടിത്തൂവ നുള്ളി തോരനുണ്ടാക്കി തൊണ്ടയുടെ ചൊറിച്ചിൽ സഹിക്കാൻ വയ്യാതെ കയ്യിട്ടു മാന്തിയാലോ എന്ന് വരെ തോന്നിയിട്ടുണ്ട് .
മഴയത്തു മുളക്കുന്ന തകര പോലെ എന്ന് കേട്ടിട്ടില്ലേ. ആ തകരയുടെ തളിരിലകൾ കൊണ്ടുള്ള തോരൻ, കരിന്താളിന്റെ പുളിങ്കറി. കർക്കിടക രുചികൾ കുറെയുണ്ട്. കറുത്ത തണ്ടുള്ള ചേമ്പ്, അതിന്റെ തണ്ടു ചെറുതായി അരിഞ്ഞു വേവിച്ചു അതിലേക്ക് വാളൻപുളി പിഴിഞ്ഞൊഴിച്ചു , കാന്താരി മുളക് ചതച്ചു ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കി കുറച്ചു വെളിച്ചെണ്ണ ഒഴിച്ചെടുക്കും. അതും പപ്പടവും വടകും , ഏതെങ്കിലും ഇല കൊണ്ടുള്ള തോരനും കടുമാങ്ങ അച്ചാറും. എഴുതുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്നു ആ രുചിയോർത്തു.
ചക്ക, കപ്പ എന്നിവ ഉപ്പിട്ട് വേവിച്ചു നീളത്തിൽ അരിഞ്ഞത് , ചുണ്ടക്ക ഉപ്പിട്ട് വേവിച്ചത് ഇതെല്ലാം വെയിലിൽ ഉണക്കി വേനൽക്കാലത്തു ഉണ്ടാക്കി വെക്കുന്ന കൊണ്ടാട്ടങ്ങൾ . മത്തൻ , കുമ്പളങ്ങ , ചുണ്ടക്ക എന്നിവ വേവിച്ചു അരി വറുത്തു പൊടിച്ചു ചേർത്ത് കാന്താരിമുളക് ഉണക്കി പൊടിച്ചതു, കായം , വെളുത്തുള്ളി ചതച്ചത് , കറിവേപ്പില ചേർത്ത് കുഴച്ചുരുട്ടി ഉണക്കി വെച്ച വടക് , വയനാടിന്റെ സ്വന്തം രുചിക്കൂട്ട് . ഇതൊക്കെയാണ് മഴക്കാലത്തു ഉപവിഭവം ആയി വരുന്നത്.
ചക്കക്കുരു,മാങ്ങ, പപ്പായ പുളിങ്കറി, മത്തയില, തഴുതാമ ചേമ്പ് പുറത്തേക്കിറങ്ങാൻ വയ്യാത്ത പെരുമഴയിൽ വീടിനു ചുറ്റും കിട്ടുന്നതൊക്കെ ആണ് അടുക്കളയിൽ വേവുന്നത് . എന്തും കഴിക്കുന്ന വിശപ്പിന്റെ കാലം. വയനാട്ടിൽ ചക്ക പഴുക്കുന്നത് മഴക്കാലത്താണ്. മരത്തിൽ കയറാൻ പോലും പറ്റാതെ മഴവെള്ളം ഒലിച്ചു വഴുക്കായിട്ടുണ്ടാകും. ഇടക്കൊന്നു മഴ നിൽക്കുമ്പോൾ ഏതെങ്കിലും പണിക്കാരെ വിളിച്ചു ചക്ക താഴത്തിടുവിക്കും . പഴുക്കാത്ത ചക്ക കൊണ്ട് ചക്ക എരിശ്ശേരി. മഞ്ഞളും ചുവന്നമുളകും അരച്ച് ചേർത്ത് പുഴുങ്ങിയ ചക്കയിലേക്ക് തേങ്ങാ ജീരകം അരച്ച് ചേർത്ത് , തേങ്ങ വറുത്തിട്ടു എടുക്കുന്ന എരിശ്ശേരി കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറും.
പഴുത്ത ചക്ക അപ്പമായും ചക്ക വരട്ടി ആയും മാറുന്നു. പഴം ചക്ക നൂലില്ലാതെ ചാടയിൽ (മുളകൊണ്ടുണ്ടാക്കുന്ന മുറം പോലെയുള്ള ഒരു സാധനം) ഇട്ടുരച്ചു ചാറു പിഴിഞ്ഞെടുത്തു അതിലേക്ക് അരിപ്പൊടിയും ശർക്കരപ്പാവും ചേർത്തിളക്കി തേങ്ങാ കൊത്തിയരിഞ്ഞു നെയ്യിൽ വറുത്തതും ഏലക്കാപൊടിയും ചേർത്ത് നന്നായിളക്കി കുറച്ചു നേരം വെച്ചതിനു ശേഷം അപ്പച്ചെമ്പിലെ ഇലയിൽ ഒഴിച്ച് ആവിയിൽ വേവിച്ചു എടുക്കുന്ന ചക്കയപ്പം. ഇലയുടെ വാടിയ മണവും ചക്കയുടെ രുചിയും.വീടിനു മൊത്തം മധുരമണം ആയിരിക്കും അപ്പോൾ. വരിക്കചക്ക ആണെങ്കിൽ അത് വേവിച്ചു അരച്ച് എടുത്താണ് അപ്പം ഉണ്ടാക്കുക. ഈ കാലത്തു വയനാട്ടിലെ ഏത് വീട്ടിൽ പോയാലും ഈ ഒരു പലഹാരം തീർച്ചയായും കിട്ടിയിരിക്കും.
മുതിര കഴിച്ചാൽ കുതിരശക്തി എന്നാണല്ലോ. മുതിര ഉപ്പിട്ട് പുഴുങ്ങി വെളിച്ചെണ്ണ ഒഴിച്ചതും കട്ടൻ കാപ്പിയും മഴക്കാലവൈകുന്നേരങ്ങളെ ചൂടുപിടിപ്പിക്കുന്നത് ഇതായിരുന്നു. കപ്പ പുഴുങ്ങിയതും കാന്താരി ഉടച്ചതും, കപ്പ കടല ചേർത്തുള്ള പുഴുക്ക് (ഇപ്പോൾ ബിരിയാണി എന്നൊക്കെ പറഞ്ഞു നെറ്റിൽ കാണാം ), കഞ്ഞിയും ഉപ്പുമാങ്ങ ചമ്മന്തിയും. മഴക്കാല രുചികൾ അവസാനിക്കുന്നില്ല.
ഓർമ്മയിൽ രുചികൾ നിറയുമ്പോൾ അടുക്കള പരീക്ഷണശാല ആകാറുണ്ട് എങ്കിലും അമ്മ രുചി കിട്ടാറില്ല. അത് ഓർമ്മയിൽ മാത്രം നിറയുന്ന രുചിയാണ്.
(27/07/2019 ൽ ഏഷ്യാനെറ്റ് ന്യൂസ്.കോം പ്രസിദ്ധീകരിച്ച കുറിപ്പ്
https://www.asianetnews.com/web-specials-magazine/tastes-of-karkidakam-in-kerala-by-suma-rajeev-pvampr )