2020, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ദയാവധം



"മറ്റേതെങ്കിലും ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്താലോ എന്നാലോചിക്കുന്നു ഞങ്ങൾ" ഋഷിയുടെ വാക്കുകളിൽ വേദനയും നിരാശയും നിറഞ്ഞിരുന്നു

"സീ ഋഷി, ഈ സ്റ്റേജിൽ ഇവിടെ നിന്നും കൊണ്ട് പോകുന്ന കാര്യം ആലോചിക്കുകയെ അരുത്. ഞങ്ങളുടെ ലൈഫ് സപ്പോർട്ടിങ് മെഷീനുകൾ ആണ് ആ ജീവൻ നില നിർത്തുന്നത്. അതൊന്നു ഓഫ് ആക്കിയാൽ ...., ബാക്കി ഞാൻ പറയേണ്ടല്ലോ "

ഡോക്ടറോട് സംസാരിച്ചു പുറത്തിറങ്ങുമ്പോൾ അമ്മയെ കുറിച്ചാണ് ഋഷി ആലോചിച്ചത്. ഇന്നലെ രാവിലെ ഓഫീസിലേക്ക് പോകാൻ ഇറങ്ങുമ്പോൾ വാതിൽക്കൽ ചിരിച്ചു കൊണ്ട് നിന്നയാൾ ആണ് ഇന്നീ കിടപ്പിൽ.  മീറ്റിംഗിനിടയിൽ അലോസരം തീർത്താണ്  തുടർച്ചയായി
ഫോൺ വിളികൾ വന്നത്...ആറാമത്തെ വിളിക്കു അപ്പുറത്ത് മൈത്രിയുടെ ഇടറിയ ശബ്ദം "'അമ്മ കോണിപ്പടിയിൽ നിന്നു വീണു, ഋഷി എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് വാ"

ഓഫീസിൽ നിന്നും  കാറോടിച്ചു ഇവിടെ എത്തിയത് എങ്ങനെയെന്ന് ഇപ്പോൾ ഒരു ബോധ്യവുമില്ല. ചുമരും ചാരി വിളറി നിൽക്കുന്ന മൈത്രിയോട് അമ്മയെവിടെ എന്നു ചോദിച്ചപ്പോൾ അവൾ ഐ സി യൂ വിലക്ക് വിരൽ ചൂണ്ടി..കണ്ണാടി വാതിലിനു അപ്പുറം തലങ്ങും വിലങ്ങും വയറുകളാൽ ചുറ്റപ്പെട്ടു അമ്മ. ഒരു കാരണവശാലും എന്നെ ഇങ്ങനെ വയറു കൊണ്ടു ചുറ്റി കിടത്തരുത് എന്നു ഒരിക്കൽ  ടി വി യിൽ ആരരോ അങ്ങനെ കിടക്കുന്നത്  കണ്ടു അമ്മ പറഞ്ഞത് അവനോർമ്മ വന്നു.

24 മണിക്കൂർ കഴിയട്ടെ പറയാം എന്ന ഡോക്ടറുടെ വാക്കിന്റെ ബലത്തിൽ ആയിരുന്നു ഇത്രയും നേരം. ഒന്നും പറയാറായില്ല എന്നു കേട്ടപ്പോൾ ആണ് വേറെ എവിടേക്കെങ്കിലും കൊണ്ട് പോകുന്നതിനെ കുറിച്ചു ചോദിച്ചത്.

ഒരു തളർച്ചയോടെ വരാന്തയിലെ ബെഞ്ചിൽ തല ചുമരിൽ ചായ്ച്ചു ഋഷി ഇരുന്നു. അയാളുടെ കയ്യിൽ പതുക്കെ തൊട്ടുകൊണ്ട് മൈത്രിയും.

















അഞ്ചാം ക്ലാസിൽ പഠിക്കുമ്പോളാണ് ഒരു വൈകുന്നേരം സ്‌കൂളിൽ നിന്നും കടുത്ത തലവേദനയുമായി ഋഷി വന്നത്. രാത്രി ആയപ്പോൾ തുള്ളി വിറക്കുന്ന പനി ആയി മാറിയതും ഉറങ്ങാതെ തുണി നനച്ചു നെറ്റിയിൽ ഇട്ടു തന്നഅമ്മയെയും  "വല്ലതും കഴിക്കു രാജി, നീ ഇങ്ങനെ കഴിക്കാതിരുന്നാൽ അവന്റെ പനി മാറുമോ എന്നു അച്ഛൻ ചോദിച്ചതും പനി ചൂടിന്റെ ബോധാവബോധങ്ങൾക്കിടയിൽ കേട്ടത് മാഞ്ഞു കൊണ്ടിരിക്കുന്ന ബാല്യകാല ഒർമ്മയിൽ തെളിഞ്ഞു. 

 ആദ്യമായി കിട്ടിയ ബൈക്കിൽ നിന്നു വീണു കാൽ ഒടിഞ്ഞപ്പോൾ ചെറിയ കുട്ടിയെ പോലെ അമ്മ നോക്കിയതും ഒക്കെ ഓർമ്മയിൽ വന്നപ്പോൾ ആദ്യമായി അമ്മ ഒന്നു കിടപ്പിലായപ്പോൾ തനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നോർത്തു ഋഷിക്ക് തലവേദനിക്കുന്നതായി തോന്നി..

"ഋഷി ഒന്നു കണ്ണടച്ചു ഇരുന്നോളൂ..ഇന്നലെ മുതൽ ഉറങ്ങാതെ ഇരിക്കുന്നതല്ലേ" മൈത്രി അവനോട് പറഞ്ഞു.
ജനലിലൂടെ ഒരു ഇളംകാറ്റു  അവരെ തഴുകി കൊണ്ടിരുന്നു..

കണ്ണടച്ചിരുന്ന ഋഷിക്ക് മുന്നിലേക്ക് അപ്പോൾ വെള്ള മുണ്ടും ഷർട്ടും വൃത്തി ആയി ചീകിയൊതുക്കിയ നരച്ച താടിയുമായി ഒരാൾ കടന്നു വന്നു. ഇത് അച്ഛനല്ലേ എന്നോർത്തു ഋഷി ഒന്നു പിടഞ്ഞു. അവന്റെ അടുത്തു വന്നിരുന്നു അച്ഛൻ സംസാരിക്കാൻ തുടങ്ങി.

"മോനെ ഋഷി അമ്മ നിനക്കു വേണ്ടി മാത്രം ആണ് ജീവിച്ചത്..ഉറങ്ങാതിരുന്നതും ഉണ്ണാതിരുന്നതും പ്രാർത്ഥിച്ചതും ഒക്കെ നിനക്കു വേണ്ടിയാണ്..നീ ഉണ്ടായതിനു ശേഷം എനിക്ക് രണ്ടാം സ്ഥാനം മാത്രം ആണ് ഉണ്ടായിരുന്നത്"

അത് പറയുമ്പോൾ അച്ഛന്റെ മുഖത്തു ഉണ്ടായ വിഷാദഭാവം അവൻ ശ്രദ്ധിക്കാതിരുന്നില്ല.

"ഇപ്പോൾ ജീവിതത്തിനും മരണത്തിനും ഇടയിൽ ഊഞ്ഞാലാടുന്നതും നിനക്കു വേണ്ടി തന്നെ. അതത്ര സുഖമുള്ള കാര്യമല്ല. ഇനി നീയാണ് തീരുമാനിക്കേണ്ടത്, അമ്മയെ ആ വേദനയിൽ നീറ്റണോ എന്നത്. നിനക്കു കുടുംബമായി കുട്ടികൾ ആയി..ഞാൻ അവിടെ ഒറ്റക്കാടാ..നീ അവളെ അങ്ങു വിട്ടു തന്നേക്കു. ഞങ്ങൾ ഒരുമിച്ചു ഒന്നു ജീവിക്കട്ടെടാ.." അച്ഛന്റെ മുഖത്തു അപ്പോൾ വിഷാദത്തിനു പകരം അനിർവചനീയമായ ഒരു ആനന്ദം അയാൾ കണ്ടു..


അച്ഛൻ പറഞ്ഞതിന്റെ പൊരുൾ മനസിലാകവേ അയാൾ ഞെട്ടി എഴുന്നേറ്റു. എന്ത് പറ്റി ഋഷി എന്ന മൈത്രിയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ അയാൾ ഐ സി യുവിലേക്ക് നടന്നു. നഴ്സിന്റെ സമ്മതം വാങ്ങി ഉള്ളിലേക്ക് കടന്നു അമ്മയുടെ  കാല്പാദത്തിന് അടുത്തു ചെന്നു നിന്നു. പലവിധ യന്ത്രങ്ങളിൽ നിന്നും വരുന്ന ബീപ്പ് ശബ്ദങ്ങൾ..അയാൾ പതുക്കെ അമ്മയുടെ കാൽപാദങ്ങൾ രണ്ടും   ചേർത്തു പിടിച്ചു. അസാധാരണമായ ഒരു തണുപ്പ് അറിഞ്ഞപ്പോൾ ഋഷി കൈകൾ പിൻവലിച്ചു . അമ്മയുടെ കട്ടിലിനു അടുത്തുള്ള സ്റ്റൂളിൽ ഇരുന്നു അമ്മയുടെ മുഖവും കൈകളും ഒക്കെ അയാൾ തലോടി. എന്നും ഉണ്ടായിരുന്ന ഇളം ചൂടിന് പകരം തണുപ്പ് മാത്രം .അത് റൂമിലെ എ സി യുടേത് മാത്രം അല്ലെന്നു അയാൾക്ക് തോന്നി. അമ്മയെ തൊട്ടും തലോടിയും ഇരിക്കവേ ഓർമ്മയിൽ അയാൾ  നാട്ടിലെ   കുളപ്പടവിൽ  തൂവലുകൾ ഓരോന്നായി പറിച്ചു കളഞ്ഞ പൂമ്പാറ്റയുടെ പിടച്ചിൽ നോക്കി ഇരിക്കുന്ന എട്ട് വയസുകാരൻ ആയി.

"ഋഷികുട്ടാ എന്ത് പാപം ആണ് കുട്ടി ചെയ്യുന്നത്."
അമ്മ അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചു.
"ഒരു ജീവികളെയും കൊല്ലരുത് കുട്ടാ..നമ്മളെ പോലെ തന്നെ അവരും ഈ ഭൂമിയിൽ ജീവിക്കേണ്ടവർ ആണ്. മനസിലായോ എന്റെ കുട്ടിക്ക്. ഇനി അഥവാ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അൽപപ്രാണൻ ആയി ഉപേക്ഷിക്കരുത്. ജീവിക്കാനും മരിക്കാനും പറ്റാത്ത അവസ്ഥയുടെ വേദന ഭയങ്കരം ആണ്. ഇനി എന്റെ കുട്ടി ഇങ്ങനൊന്നും ചെയ്യരുത് ട്ടോ"
 
നോക്കിയിരിക്കെ ചിറക് നഷ്ടപ്പെട്ട ഒരു പൂമ്പാറ്റയാണ് തന്റെ അമ്മയും എന്നു ഋഷിക്ക് തോന്നി. 
"നോ പ്രോഗ്രസ് ഇൻ ഹെർ കണ്ടിഷൻ ഋഷി"

ഡോക്ടറുടെ ശബ്ദം കേട്ടു അയാൾ എഴുന്നേറ്റു.

"ഒരു മിറക്കിൾ സംഭവിക്കുമോ ഇല്ലയോ എന്നൊന്നും പറയാൻ ആയിട്ടില്ല. എങ്കിലും ഒരു മാറ്റവും ഇത് വരെ കണ്ടില്ല."

ഇതു പറഞ്ഞു പുറത്തേക്കിറങ്ങിയ ഡോക്ടറുടെ പിറകെ ഋഷിയും ഇറങ്ങി. അയാളുടെ വരവ് കാത്തു വാതിലിനു അപ്പുറം  മൈത്രി ഉണ്ടായിരുന്നു.

"അവയവദാനത്തിനുള്ള പേപ്പറുകൾ റേഡിയാക്കിക്കൊള്ളു ഡോക്ടർ"  പറഞ്ഞത് കേട്ടു മൈത്രി അയാളുടെ തോളിൽ കയ്യമർത്തി.

"അച്ഛൻ അമ്മയെ കാത്തിരിക്കുന്നുണ്ട്" പറഞ്ഞുകൊണ്ട് ഋഷി അവളെ ചേർത്തു പിടിച്ചു.

(വര: ജയ് മേനോൻ (റൈഡർ സോളോ)

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...