2021, മേയ് 9, ഞായറാഴ്‌ച

ആരും അന്യരല്ല

ക്ലോക്കിൽ ഏഴടിക്കുന്ന ഒച്ച കേട്ട് സാവിത്രിമേനോൻ എഴുന്നേറ്റു. മുൻപത്തെ ഓരോ മണിക്കൂറിലും ക്ലോക്കിലെ മണി ശബ്ദം കേട്ട് കൊണ്ടാണവർ കിടന്നിരുന്നത്. കഴിഞ്ഞ നാല് ദിവസമായി  ,ഉറക്കം ഉണ്ടാകാറില്ല. കിടക്കുമ്പോൾ കിട്ടുന്ന ചെറിയ മയക്കത്തിലേക്ക്   ശ്വാസം മുട്ടി പിടക്കുന്ന  ചെറുപ്പക്കാരന്റെ മുഖം  കടന്നു വരും. ഞെട്ടി  എഴുന്നേറ്റു കഴിഞ്ഞാൽ പിന്നെ രാവിലെ ആകുന്നത് വരെ തിരിഞ്ഞും മറിഞ്ഞും കിടപ്പാണ്. 


ഉറക്കമില്ലാത്തത്  കാരണം തലയ്ക്കു  വല്ലാത്ത ഒരു ഭാരം ഉണ്ടായിരുന്നു. പ്രാഥമികകൃത്യങ്ങൾ നിർവഹിച്ചു അടുക്കളയിൽ പോയി ഒരു കാപ്പിയും ഉണ്ടാക്കി ഡ്രോയിങ് റൂമിലെ സോഫയിൽ അവർ ഇരുന്നു. ടി വി യുടെ റിമോട്ട് കയ്യിൽ എടുത്തതും അവർ വിപിൻ പറഞ്ഞത് ഓർത്തു .


"അമ്മാ കുറച്ചു ദിവസത്തേക്ക് ന്യൂസ് ഒന്നും കാണരുത് . അതാണ് അമ്മയുടെ ആരോഗ്യത്തിനു നല്ലത്. വെറുതെ ടെൻഷൻ അടിച്ചു ഓരോന്ന് വരുത്തി വെച്ചാൽ ഓടിയെത്താൻ പറ്റില്ല ഇപ്പോൾ ഓർമ്മ വേണം "


വിപിൻ തലസ്ഥാനനഗരത്തിലെ പേര് കേട്ട ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. അവന്റെ ഭാര്യയും അവിടെ തന്നെ ഡോക്ടർ ആണ്. ടി വി യിൽ അവിടുത്തെ അവസ്ഥകൾ കാണിക്കുന്നത് കണ്ടു വേവലാതിപ്പെട്ടു വിളിച്ചതാണ് അവനെ. 


" പ്രശ്‍നങ്ങൾ ഉണ്ട്, ഇല്ല എന്നല്ല ഞാൻ പറയുന്നത്. പക്ഷെ മാധ്യമങ്ങൾ അവരുടെ റേറ്റിംഗ് കൂട്ടാൻ  കുറച്ചു വലുതാക്കി കാണിക്കുന്നു എന്ന് മാത്രം "


" 'അമ്മ ഒട്ടും പേടിക്കണ്ട, അമ്മയുടെ പ്രാർത്ഥന ഉള്ളപ്പോൾ ഞങ്ങൾക്ക് എന്ത് പറ്റാൻ ആണ് " അനുവാണ് വിപിന്റെ ഭാര്യ.


റിമോട്ട്  താഴെ വെച്ച്  ബാൽക്കണിയിലേക്ക്  നടന്നു. റോസ് മാന്ഷന് എന്ന ഫ്ളാറ്റിലെ അഞ്ചാം നിലയിൽ ആണ് അവരുടെ ഫ്ലാറ്റ്. ബാൽക്കണിയിലെ ചെടികൾക്ക്  വെള്ളം ഒഴിച്ചതാണ് . എങ്കിലും ചുട്ടുപൊള്ളുന്ന ചൂടിൽ എല്ലാം വാടി  തൂങ്ങിയത് പോലെ. ആകാശം മൂടിക്കെട്ടിയിരിക്കുന്നു. ലോകത്തെ മൂടിയിരിക്കുന്നു അശാന്തിയുടെ പ്രതിഫലനം പോലെ.


 ഒരു ആംബുലൻസിന്റെ സൈറൺ. " കൃഷ്ണാ കാത്തോളണേ " ഒരു പ്രാർത്ഥന അവരുടെ ഉള്ളിൽ നിന്നും ഉയർന്നു. ഫ്ലാറ്റിനു മുന്നിലെ  വണ്ടികൾ തലങ്ങും വിലങ്ങും ഓടിയിരുന്ന റോഡിൽ ഇപ്പോൾ ഓരോ അഞ്ചുമിറ്റിലും പോകുന്ന ആംബുലൻസിന്റെ ശബ്ദം മാത്രം. നടന്നു പോകുന്ന മനുഷ്യരെ പോലും കാണുന്നില്ല. ശബ്ദമുഖരിതമായിരുന്ന നഗരമിപ്പോൾ നിശബ്ദതയുടെ പുതപ്പു പുതച്ചിരിക്കുന്നു. 


കപ്പിലെ കാപ്പി ഒരു കവിൾ ഇറക്കി അവർ ദൂരത്തേക്ക് നോക്കി. അങ്ങ് ദൂരെ നഗരമദ്ധ്യത്തിലെ ശ്‌മശാനത്തിൽ നിന്നുയരുന്ന പുകച്ചുരുളുകൾ.ഒരു വലിയ കാർമേഘം പോലെ അത് നഗരത്തിനു മുകളിൽ വട്ടം വരക്കുന്നു . വട്ടം ചുറ്റിയ  ഇളം കാറ്റിൽ മുടി കരിയുന്നത് പോലെ, മാംസം വേവുന്നത് പോലെ ഒരു മണം അനുഭവപ്പെട്ടു . പെട്ടെന്ന് ഒരു ഓക്കാനം വലിയ ഒരു ശബ്ദത്തോടെ പുറത്തേക്കു വന്നു. ഓടിപ്പോയി വാഷ് ബേസിനിലേക്ക് അവർ കുനിഞ്ഞു. കുടൽ മുഴുവൻ പുറത്തെടുക്കുന്ന പോലെയുള്ള ഓക്കാനിക്കൽ. ഒരു കവിൾ കാപ്പി ഒരു ചെമ്പുവെള്ളമായി പുറത്തേക്കു. മുഖവും  വായും വൃത്തി ആയികഴുകി അവർ സോഫയിൽവന്നിരുന്നു . മൊബൈൽ ശബ്ദിക്കുന്നു, പതുക്കെ എടുത്തു നോക്കി. അഞ്ച് ബിയിലെ അന്നയാണ്. 


" ആന്റി അന്നയാ , എന്നാ പറ്റി എന്തോ ശബ്ദം കേട്ടല്ലോ "


ഒരാൾ അലറി വിളിച്ചാൽ പോലും കേൾക്കാതിരുന്ന സ്ഥലത്തു നിശബ്ദത മാത്രമായപ്പോൾ ഒരു ചെറിയ ഓക്കാനം പോലും ശ്രദ്ധിക്കപ്പെടുന്നു. 


" ഏയ് ഒന്നുമില്ല . രാത്രിയിലെ ഉറക്കം ശരി ആയില്ല , അതിന്റെ ആണെന്ന് തോന്നുന്നു ഒരു ഛർദി. വേറെ കുഴപ്പം ഒന്നുമില്ല.


"ഓക്കേ ആന്റി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണേ , ഇപ്പോഴത്തെ അവസ്ഥയിൽ അവിടെ വന്നു നോക്കാൻ പറ്റില്ലല്ലോ"


ഒരു കുഴപ്പവുമില്ല . ഉണ്ടെങ്കിൽ നിന്നെ അല്ലാതെ ആരെ വിളിക്കാൻ , വിപിൻ നിന്നെ അല്ലെ നോക്കാൻ ഏല്പിച്ചത് "


"വിളിക്കുന്നതിന്‌ ഒരു മടിയും  വിചാരിക്കേണ്ട ഐ ആം അറ്റ് യുവർ സർവീസ് മാം" ഒരു ചിരിയോടെ അവൾ പറഞ്ഞു.


"ആന്റി ഞാൻ ഒരു പത്തു മിനുട്ടു കഴിഞ്ഞു വീഡിയോ കാൾ വരാമേ , ആന്റി അപ്പോഴേക്കും എന്തേലും കഴിച്ചു സുന്ദരി ആയിരിക്കു " 


"ഓക്കേ"


അവർ കുളിച്ചു റെഡി ആയി ബ്രെഡും ബുൾസ് ഐയും ഉണ്ടാക്കി കഴിച്ചു കഴിഞ്ഞതും അന്നയുടെ വീഡിയോ കാൾ. 


ആന്റി ഒരു മിനിറ്റേ എന്നു പറഞ്ഞു അവൾ ആരെയൊക്കെയോ കാളിലേക്ക് ആഡ് ചെയ്തു. എല്ലാവരുടെയും മുഖം സ്ക്രീനിൽ തെളിഞ്ഞപ്പോൾ ആണ് അത് ആ ഫ്ളാറ്റിലെ ഇരുപത് വീട്ടുകാരും ആണെന്നു അവർക്ക് മനസിലായത്..മാസത്തിൽ ഒരിക്കൽ നടക്കുന്ന ഫ്ലാറ്റ് ഓണേഴ്‌സ് മീറ്റിംഗിൽ കാണുമ്പോൾ ഉള്ള ഔപചാരിക സംസാരം , പാർക്കിലോ ലിഫ്റ്റിലോ കാണുമ്പോൾ ഉള്ള ഒരു പ്ളാസ്റ്റിക് ചിരി അതല്ലാതെ പരസ്പ്പരം വലിയ അടുപ്പമോ കൂട്ടോ ആരും ആരുമായും ഉണ്ടായിരുന്നതായി സാവിത്രി മേനോൻ കണ്ടിരുന്നില്ല.. അഞ്ച് നിലകളിൽ ആയി ഇരുപത് അവനവൻ തുരുത്തുകൾ..

എങ്കിലും എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ അവർക്ക് എന്തോ ഒരു സന്തോഷം ഉള്ളിൽ തോന്നി.


ഹായ് മിസ്സിസ് മേനോൻ, ഹൗ ആർ യു?


എ വണ്ണിലെ അയ്യർ സാർ ആണ്..ഫ്ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ്..വളരെ സ്ട്രിക്ട് ആയ ഒരു പട്ടാളക്കാരൻ.


"നന്നായിരിക്കുന്നു അയ്യർ സാർ " മിസ്സിസ് മേനോൻ പറഞ്ഞു.


രത്നം ഇങ്കെ വാ , അയ്യർ സാർ ഭാര്യയെ വിളിച്ചു. കല്ലു മൂക്കുത്തി അണിഞ്ഞു, വലിയ സിന്ദൂരകുറി തൊട്ടു വെളുത്തു തുടുത്ത അയ്യാരാന്റിയുടെ മുഖം സ്ക്രീനിൽ തെളിഞ്ഞു.. ആ മുഖത്തെ ശാന്തതയും ഐശ്വര്യവും എന്തെന്നില്ലാത്ത ഒരു സമാധാനം തരുന്നത് പോലെ സാവിത്രി മേനോനു തോന്നി.


"സൂസിയാന്റി ഇന്നെന്താ ബ്രേക്ഫാസ്റ്റ് സ്‌പെഷ്യൽ " അന്നയുടെ ചോദ്യം ബി ടുവിലെ മിസ്സിസ് പാപ്പച്ചനോട് ആയിരുന്നു.


"ഉപ്പുമാവും പഴവും..മെയ്ഡ് വരാത്തത് കൊണ്ട് ഭക്ഷണം ഉണ്ടാക്കുന്നത് കുറച്ചു. നടുവേദന കാരണം പാത്രം കഴുകൽ വലിയൊരു പ്രശ്നം ആണ്" മിസ്സിസ് പാപ്പച്ചൻ ഒട്ടൊരു വിഷമത്തോടെ പറഞ്ഞു.


"ഞാൻ ഒരു കാര്യം പറയട്ടെ" അയ്യർ സാർ ആണ്. എല്ലാവരും അയ്യർ സാർ പറയുന്നത് കേൾക്കാൻ ആകാംഷയോടെ കാത്തിരുന്നു.


"നമ്മുടെ മെയ്ഡ് ശാന്ത ഈ ഫ്ലാറ്റിൽ മാത്രം ആണ് ജോലി ചെയ്യുന്നത് എന്നു എല്ലാവർക്കും അറിയാല്ലോ..ഈ മഹാമാരിയുടെ കാലത്തു അവൾക്ക് ഇവിടെ വരാൻ പറ്റുന്നില്ലല്ലോ..മൂന്നു കുട്ടികളും അവളും ജീവിക്കുന്നത് ഈ ഒരു വരുമാനം കൊണ്ടാണ്..അത് കൊണ്ട് എന്റെ ഒരു അഭിപ്രായം നമ്മുടെ മുന്നിലെ സൂപ്പർ മാർക്കറ്റിൽ നിന്നും ശാന്തക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം എത്തിച്ചു കൊടുക്കാൻ നമുക്കു ഏർപ്പാടാക്കാം..എല്ലാവരും ചേർന്ന് ചെയ്യുമ്പോൾ അത് നമുക്കൊരു ഭാരമേ ആകില്ല. എന്ത് പറയുന്നു?"


"അയ്യർ അങ്കിൾ ആദ്യം ആയിട്ടാ മനുഷ്യന് ഉപകാരം ഉള്ള വല്ലോം പറയുന്നത് "  എ ഫോറിലെ രമണിയുടെ മകൻ അഭി പറഞ്ഞു. രമണി അവനെ ശാസനയോടെ നോക്കുന്നത് കണ്ടു എല്ലാവരും ചിരി അടക്കി ഇരുന്നു...ഒരേ ഫ്ലോറിലെ താമസക്കാർ ആണെങ്കിലും ന്യൂ ജെൻ ആയ, പാർക്കിങ് ലോട്ടിൽ ബൈക്ക്‌ അഭ്യാസം നടത്തുന്ന അഭിയും അയ്യരും തമ്മിൽ ഇടക്കിടെ വാക്ക് തർക്കത്തിൽ ഏർപ്പെടാറുണ്ട്.


അയ്യർ സാറിന്റെ അഭിപ്രായം ബാക്കി പത്തൊൻപത് വീട്ടുകാരും അംഗീകരിച്ചു അന്ന് തന്നെ സാധനങ്ങൾ വാങ്ങി അയക്കാനുള്ള തീരുമാനവും ആയി.


"റംല മക്കൾ എന്ത് പറയുന്നു " ചോദ്യം സി ത്രീയിലെ റംലയോടു ആയിരുന്നു. ഇരട്ടകുട്ടികൾ ആണ് അവൾക്ക്. 


"ഇതാ ഇത് തന്നെ പണി" അവൾ വീഡിയോ റൂമിൽ ഓടികളിക്കുന്ന മക്കളുടെ നേരെ തിരിച്ചു..


"രണ്ടിന്റെയും പിറകെ ഓടി ഞങ്ങൾക്ക് രണ്ടാൾക്കും വയ്യാതായി."


ഏതാണ്ട് ഒരു മണിക്കൂറോളം വിശേഷങ്ങൾ പറഞ്ഞും പങ്കു വെച്ചും അവർ സംസാരിച്ചു...നേരിട്ടു കണ്ടിരുന്ന കാലത്തേക്കാൾ അടുപ്പവും സ്നേഹവും അവർക്ക് പരസ്പ്പരം തോന്നിതുടങ്ങിയിരുന്നു.


"ലീഷ്മ എവിടെ, അവളുടെ ഒരു പാട്ട് കൂടി ആയാൽ നമ്മുടെ ഇന്നത്തെ ഈ ചാറ്റ് ധന്യം ആകും" രമണി പറഞ്ഞു.


ഡി വണ്ണിലെ ലീഷ്‌മ ഒന്നാന്തരം പാട്ടുകാരിയാണ്..ചാനലുകളിലും പ്രോഗ്രാമുകളും ഒക്കെ പാടാറുള്ളയാൾ. "അവൾ കിച്ചനിലേക്ക് പോയതാണ് ഇപ്പോൾ വരും " ലീഷ്‌മയുടെ ഭർത്താവ് രഞ്ജിത് പറഞ്ഞു. 


"ലോകം മുഴുവൻ സുഖം പകരാനായി 


സ്‌നേഹദീപമേ മിഴി തുറക്കൂ"


അതിമനോഹരമായ ശബ്ദത്തിൽ ആ പാട്ടു കേട്ടു എല്ലാവരും ഒന്നു അമ്പരന്നു ..പാടുന്നത് മിസ്സിസ് അയ്യർ ആണ്..പതുങ്ങിയ ശബ്ദത്തിൽ സംസാരിക്കുന്ന, വളരെ ഒതുങ്ങി നടക്കുന്ന രത്നം എന്ന മിസ്സിസ് അയ്യർക്ക് ഇങ്ങനെ ഒരു കഴിവോ, എല്ലാവരുടെയും കണ്ണുകൾ വിടർന്നു നിന്നു..


കിച്ചനിൽ നിന്നു വന്ന ലീഷ്മയും അവരോടൊപ്പം ചേർന്നു..


ആ ഗാനം കേട്ടിരിക്കെ അത് വരെ തലക്കുണ്ടായിരുന്ന കനം കുറയുന്നതായും ഏതോ ഒരു ദിവ്യശക്തിയാൽ മനസ്സിനു ലാഘവത്വം കൈ വരുന്നതായും സാവിത്രി മേനോന് തോന്നി..


"ലെറ്റ് അസ് സിംഗ്‌ ടുഗെതർ " അയ്യർ സാറിന്റെ ശബ്ദം.


ശ്രുതിഭംഗമോ താളഭംഗമോ ശ്രദ്ധിക്കാതെ അവർ ഒരുമിച്ചു പാടി..പാട്ടിനോടുവിൽ രാത്രി വീണ്ടും വീഡിയോ ചാറ്റിൽ കാണാമെന്നു പറഞ്ഞു എല്ലാവരും അവരുടെ പണികളിലേക്ക് പോയി..


അപ്പോൾ ഇടിമിന്നലിന്റെ അകമ്പടിയോടെ പുറത്തു മൂടിക്കെട്ടിയ ആകാശം പെയ്തൊഴിയുക ആയിരുന്നു..ബാൽക്കണിയിലെ ചെയറിൽ ഇരുന്നു വിടരാൻ പോകുന്ന റോസിതളിൽ തെറിച്ചു വീണ മഴത്തുള്ളികൾ തീർത്ത മണിമുത്തുകൾ നോക്കി ഇരിക്കെ കുറെ ദിവസങ്ങൾ ആയി മാറി നിൽക്കുക ആയിരുന്ന ഉറക്കം സാവിത്രി മേനോന്റെ കണ്ണുകളിലേക്ക് ചേക്കേറി.

2021, ഏപ്രിൽ 10, ശനിയാഴ്‌ച

റീ യൂണിയൻ

അറിയാത്ത നമ്പറിൽ 
നിന്നുള്ള ഒരു വിളി 
അല്ലെങ്കിൽ ഒരു സന്ദേശം
ഉള്ളിലതൊരു ഓർമ്മയുടെ 
വിത്തു പാകുകയാണ്
ഓരോ ദിവസവും വളർന്നു 
പടർന്നു പന്തലിക്കുന്ന ഓർമ്മ മരം. 
വളപ്പൊട്ടുകളുടെ കിലുക്കം
കൊത്തംകല്ലിന്റെ ഒച്ച 
കക്കു കളിയുടെ ആവേശം 
തൊട്ടുകളിക്കിടയിലെ പിണക്കങ്ങൾ 
സാറ്റ് കളിയിലെ കള്ളത്തരങ്ങൾ
ഒടുവിൽ എല്ലാം മറന്നു 
തോളോട് തോൾ ചേർന്നിരുന്നു 
പങ്കുവെക്കുന്ന മധുരങ്ങൾ
പിടിയിൽ നിന്നും ഊർന്നു വീണ 
കോലൈസ് നൽകിയ മോഹഭംഗം
ചെയ്യാൻ മറന്ന വീട്ടുകണക്കുകൾ 
വായുവിൽ ഉയരുന്ന 
ചൂരൽ തലപ്പിന്റെ സീൽക്കാരം 
നീ മറന്നാലും ഞാൻ മറക്കില്ലെന്നെഴുതിയ
 ഔട്ടോഗ്രാഫിലെ വർണ്ണകടലാസ്
 പോലെ നിറംമങ്ങിയ ഓർമ്മകൾ! 
 വേരുകൾ ആഴ്ന്നിറങ്ങുമ്പോൾ 
റബ്ബർ ബാൻഡിട്ടു 
നെഞ്ചോട് ചേർത്തു പിടിച്ച 
 പുസ്തകങ്ങളുമായി 
 കമ്പി ഒടിഞ്ഞ കുടയിൽ
 ചേർന്നുനിന്ന് ഉപ്പുമാവ്മണം 
പരക്കുന്ന വിദ്യാലയ വരാന്തയിലേക്ക് 
നടന്നുകയറുകയാണ് 
 വീണ്ടും കുട്ടിത്തത്തിന്റെ 
 വസന്തകാലത്തിലേക്ക്.
 കാലം കയ്യൊപ്പു ചാർത്തിയ 
മനസ്സിൽ വർണ്ണങ്ങൾ നിറയുകയാണ് 
 കഴിച്ചു കഴിഞ്ഞ കോലുമിട്ടായിയുടെ
 മധുരം കിനിഞ്ഞിറങ്ങുകയാണ് 



2021, ഏപ്രിൽ 3, ശനിയാഴ്‌ച

സ്വപ്നം ...വെറുമൊരു സ്വപ്നം.. ചുറ്റും പച്ചപ്പ്‌ നിറഞ്ഞ ഒരു കൊച്ചു വീട്..മുന്‍വശത്ത് ഒരു പൂന്തോട്ടം..അതില്‍ ജമന്തിയും ചെമ്പരത്തിയും, സുഗന്ധരാജനും, പാരിജാതവും വാടാര്‍മല്ലിയും കാറ്റില്‍ തലയാട്ടുന്നു.ബഡിങ്ങും ഗ്രാഫ്ടിങ്ങും നടത്തി ഉണ്ടാക്കിയ പുതിയ നിറങ്ങളുള്ള പൂക്കളും നിറയെ ഉണ്ട്.പിന്‍വശത്ത് വിശാലമായ അടുക്കളത്തോട്ടം..അവിടെ എല്ലാതരം പച്ചകറികളും തഴച്ചു വളര്‍ന്നു കായ്ച്ചു നില്‍ക്കുന്നു. സ്ഥലത്തിന് സിമന്റ്‌ ഭിത്തികള്‍ ഇല്ല..പകരം ഗുല്‍മോഹര്‍ മരങ്ങളും പതിമുഖവും നിരനിര ആയി വെച്ച് പിടിപ്പിച്ചിരിക്കുന്നു;നെല്ലി, പേരക്ക, സപ്പോട്ട, ഓറഞ്ച് എന്ന് വേണ്ട എല്ലാ ഫലങ്ങളുടെയും മരങ്ങള്‍ ചേര്‍ന്ന് ഒരു കൊച്ചു കാടിനു നടുവിലെ വീട്..വീടിനുള്ളിലെ വിശാലമായ ഒരു മുറി പുസ്തകങ്ങള്‍ക്കും കമ്പ്യുട്ടെരിനും പാട്ടിനും മാത്രം..ഗ്രില്സ് ഇല്ലാത്ത, ഇരിക്കാനും കിടക്കാനും പറ്റുന്ന ജനല്‍ പടിയില്‍ ഇരുന്നാല്‍ പുറത്തെ പൂന്തോട്ടം കാണാം. പൂക്കളെ നോക്കി, പട്ടു കേട്ടുകൊണ്ട് പുസ്തകം വായിച്ചു ഇടക്കൊന്നു മയങ്ങി..സ്വപ്നം കണ്ടു വീണ്ടും ഉണര്‍ന്നു.....രാവിലെയും വൈകുന്നേരവും കിളവനും കിളവിയും കൂടെ ചെടികളെ സ്നേഹിച്ചു അവയോടു സംസാരിച്ചു വീടിനു ചുറ്റുംറോന്തു ചുറ്റും..:)..ഒരുമിച്ചു നടക്കുന്നത് പോലെ തന്നെ ഒരുമിച്ചു പോകുകയും വേണം..:)മുകളിരുന്നു മുന്‍കൂട്ടി തയ്യാറാക്കിയ തിരകഥ അനുസരിച്ച് ചരട് വലിച്ചു നമ്മെ പാവകൂത്ത് ആട്ടുന്ന ഒരാളുണ്ട്..അടുത്ത നിമിഷത്തെ നമ്മുടെ ചലങ്ങളെ കുറിച്ച് പോലും നമുക്കറിയാന്‍ വയ്യ.. എന്നാലും ഞാന്‍ സ്വപനം കാണുന്നു..മോന്‍ വളര്‍ന്നു അവന്‍ അവന്റെ ജീവിതം തേടി പോയതിനു ശേഷം ഞങ്ങള്‍ മാത്രം ഉള്ള ഒരു ലോകം..ഇടക്കെങ്ങാനും പെട്ടെന്നൊരു നിമിഷത്തില്‍ എഞ്ചിന്‍ നിന്ന് പോയാല്‍ പറ്റാവുന്ന സ്പയര്‍ പാര്‍ട്സ് എല്ലാം ആവശ്യമുള്ളവര്‍ക്ക് കൊടുക്കണം എന്ന് ഞാന്‍ മോനെ ശട്ടം കെട്ടിയിട്ടുണ്ട്. " 365 ദിവസവും എന്തേലും പ്രശനമുള്ള നിന്റെ എതെങ്കലും പാര്‍ട്ട്‌ ഉണ്ടാകുമോ ഉപയോഗിക്കാന്‍ പറ്റിയത് " എന്നാണ് കണവന്റെ ചോദ്യം.. എന്നാലും അതും ഒരു ആഗ്രഹം ആണ്.

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...