നിന്നുള്ള ഒരു വിളി
അല്ലെങ്കിൽ ഒരു സന്ദേശം
ഉള്ളിലതൊരു ഓർമ്മയുടെ
വിത്തു പാകുകയാണ്
ഓരോ ദിവസവും വളർന്നു
പടർന്നു പന്തലിക്കുന്ന
ഓർമ്മ മരം.
വളപ്പൊട്ടുകളുടെ കിലുക്കം
കൊത്തംകല്ലിന്റെ ഒച്ച
കക്കു കളിയുടെ ആവേശം
തൊട്ടുകളിക്കിടയിലെ പിണക്കങ്ങൾ
സാറ്റ് കളിയിലെ കള്ളത്തരങ്ങൾ
ഒടുവിൽ എല്ലാം മറന്നു
തോളോട് തോൾ ചേർന്നിരുന്നു
പങ്കുവെക്കുന്ന മധുരങ്ങൾ
പിടിയിൽ നിന്നും ഊർന്നു വീണ
കോലൈസ് നൽകിയ മോഹഭംഗം
ചെയ്യാൻ മറന്ന വീട്ടുകണക്കുകൾ
വായുവിൽ ഉയരുന്ന
ചൂരൽ
തലപ്പിന്റെ സീൽക്കാരം
നീ മറന്നാലും ഞാൻ
മറക്കില്ലെന്നെഴുതിയ
ഔട്ടോഗ്രാഫിലെ
വർണ്ണകടലാസ്
പോലെ
നിറംമങ്ങിയ ഓർമ്മകൾ!
വേരുകൾ ആഴ്ന്നിറങ്ങുമ്പോൾ
റബ്ബർ ബാൻഡിട്ടു
നെഞ്ചോട് ചേർത്തു പിടിച്ച
പുസ്തകങ്ങളുമായി
കമ്പി ഒടിഞ്ഞ കുടയിൽ
ചേർന്നുനിന്ന്
ഉപ്പുമാവ്മണം
പരക്കുന്ന
വിദ്യാലയ വരാന്തയിലേക്ക്
നടന്നുകയറുകയാണ്
വീണ്ടും കുട്ടിത്തത്തിന്റെ
വസന്തകാലത്തിലേക്ക്.
കാലം കയ്യൊപ്പു ചാർത്തിയ
മനസ്സിൽ വർണ്ണങ്ങൾ
നിറയുകയാണ്
കഴിച്ചു കഴിഞ്ഞ കോലുമിട്ടായിയുടെ
മധുരം കിനിഞ്ഞിറങ്ങുകയാണ്