ആഘോഷം - സുമ രാജീവ്
"ഇന്ന് ഓണമായിട്ടു അമ്മ ഇനിയും എഴുന്നേൽക്കാത്തതെന്താ" രശ്മിയുടെ ശബ്ദം കേട്ടാണ് അവർ ഉണർന്നത്
"സമയം എത്ര ആയി " കിടക്കയിൽ നിന്നും എഴുന്നേറ്റു കൊണ്ടവർ ചോദിച്ചു
"എഴുമണിയാകുന്നു" രശ്മി പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി
വേഗം എഴുന്നേറ്റു കുളിച്ചു മുറിയിലെ കൃഷ്ണന്റെ ഫോട്ടോക്ക് മുന്നിൽ വിളക്ക് കൊളുത്തി അവർ പ്രാർത്ഥിച്ചു "ഭഗവാനെ മക്കളെ കാത്തോളണേ, ആയുരാരോഗ്യവും ഐശ്വര്യവും കനിഞ്ഞു നൽകണേ"
വേഗത്തിൽ പുറത്തേക്കിറങ്ങി അടുക്കളയിലേക്ക് നടന്നു. പഴം പുഴുങ്ങണം, പപ്പടം കാച്ചണം, പഴംനുറുക്കും പപ്പടവും സതീശന്റെ ഇഷ്ടപ്പെട്ട വിഭവം ആണ്.
"അമ്മയെങ്ങോട്ടാ ഓടുന്നത്" സിതാര ആണ് , രണ്ടാമൻ രമേശന്റെ ഭാര്യ
"ഇന്ന് അടുക്കള അവധി ആണ് ട്ടോ അമ്മേ..രാവിലത്തെ ഇഡ്ഡലിയും ഉച്ചക്കുള്ള സദ്യയും എല്ലാം ഓർഡർ ചെയ്തതാണ് " രശ്മിയാണ് പറഞ്ഞത്.
ഓണത്തിന് നാലു മക്കളും ഒത്തുചേർന്നതാണ് മൂത്തവൻ സതീശന്റെ വീട്ടിൽ. അച്ഛൻ പോയ ശേഷം അമ്മയെ സതീശൻ നാട്ടിൽ നിർത്താതെ കൂട്ടികൊണ്ട് വന്നതാണ്..അത് കൊണ്ടാണ് എല്ലാവരും അവിടേക്ക് വന്നത്.
"ആഹാ വടക്കേവീട്ടിൽ സാവിത്രിഅമ്മ കുളിച്ചു സുന്ദരി ആയി വന്നിട്ടുണ്ടല്ലോ"
ഇളയവൻ സുരേഷാണ്.. ഇവനെപ്പോഴാ വന്നത്..ഇന്നലെ കിടക്കാൻ പോകുന്നത് വരെ വന്നില്ലല്ലോ..അവർ മനസ്സിൽ ഓർത്തു.
"ഫ്ലൈറ്റ് ലേറ്റ് ആയി, രാത്രി കുറെ വൈകി എത്താൻ, അമ്മ ഉറങ്ങുക ആയതോണ്ട് വിളിച്ചില്ല."
"രോഹിണിയും കുട്യോളും വന്നില്ലേ?"
"കുട്ടികൾ വന്നിട്ടുണ്ട്. രോഹിണിക്ക് ഒഴിവാക്കാൻ പറ്റാത്ത ജോലിതിരക്ക്..ഓണമൊക്കെ നമ്മൾക്കല്ലേ അമ്മേ..സായിപ്പന്മാർക്ക് എന്തോണം"
"പൂവിടണമല്ലോ ,മുറ്റത്തെ ചെടിയിൽ നിന്നും പൂക്കൾ പറിക്കട്ടെ എന്നാൽ" അവർ പുറത്തേക്കു നടക്കാൻ തുടങ്ങി.
"പൊന്നമ്മേ രശ്മിയെട്ടത്തി മുന്നൂറും നാനൂറും ഒക്കെ കൊടുത്തു വാങ്ങി വെച്ച ചെടികൾ ആണ്..അതിൽ നിന്നും ഒരു പൂവിറുത്താൽ ഇവിടെ യുദ്ധം ഉണ്ടാകും..പൂവൊക്കെ ഇന്നലെ വാങ്ങി വെച്ചിട്ടുണ്ട്..കുട്ടികൾ എല്ലാരും കൂടെ ഇട്ടോളും. അമ്മ ഇവിടിരുന്നോളൂ, ഇന്നിപ്പോൾ പണിയൊന്നുമില്ല..ഓണം നമ്മൾ ആഘോഷിക്കയല്ലേ അങ്ങട്ട്" സുരേഷ് അമ്മയെ സോഫയിൽ പിടിച്ചിരുത്തി.
"ദേശ് വാസിയോം കൃപയാ ധ്യാൻ ദീജിയെ .വടക്കേ വീട്ടിൽ സാവിത്രി അമ്മ സഭാതൽ മേം ഉപസ്ഥിത് ഹേ" സുരേഷ് ഉറക്കെ വിളിച്ചു പറഞ്ഞു.
ഹാപ്പി ഓണം പറഞ്ഞു കൊണ്ട് ഓരോരുത്തർ ആയി അമ്മയുടെ അടുത്തേക്ക് വന്നു ഓരോ പൊതികൾ കൊടുത്തു.
"ഈ വയസുകാലത്ത് എനിക്കീ സമ്മാനമൊക്കെ എന്തിനാ?"
"അമ്മയുടെ ചെറുപ്പകാലത്ത് സമ്മാനം തരാൻ ഞങ്ങൾക്ക് പറ്റിയില്ലല്ലോ.. അതാ ഇപ്പോൾ തരുന്നത്" രമേശന്റെ സംസാരം കേട്ടു എല്ലാരും ചിരിച്ചു..
കുട്ടികൾ പൂവിടുന്നതും നോക്കി ഇരിക്കെ അവർ വടക്കേ വീട്ടിലെ അടുക്കളയിൽ എത്തി
"സാമ്പാർ സാവിത്രിയേട്ടത്തി വെച്ചാൽ മതി.. അല്ലെങ്കിൽ പിന്നെ അത് ദഹിക്കുവോളം കുറ്റം കേൾക്കേണ്ടി വരും" രമണിയാണ് ,അനിയന്റെ ഭാര്യ
"അല്ല രമണി സവിത്രിയേട്ടത്തി വെക്കുന്ന അതേ അളവിൽ അത് പോലൊക്കെ തന്നെ ആണ് നമ്മൾ വെക്കുന്നത് എന്നിട്ടും ആ രുചി ആകുന്നില്ലല്ലോ" ചെറിയമ്മയുടെ മോൾ ലത.
"അതിനു അളവ് മാത്രം ശരി ആയാൽ പോര കൈപുണ്യം കൂടെ വേണം" എല്ലാം കേട്ടിരുന്ന ചെറിയമ്മ.
ആണുങ്ങൾ എല്ലാം പായസപണിയിൽ ആണ്. അറപ്പുരയിലെ വലിയ അടുപ്പിൽ ഉരുളികൾ വെച്ചിരിക്കുന്നു. പരിപ്പ് പ്രഥമനും അടപായസവും ഒക്കെ ഉണ്ടാക്കാനുള്ള ഒരുക്കത്തിൽ. ഒരാൾ തേങ്ങ ചിരകുന്നു, വേറെ ഒരാൾ അട തിളച്ച വെള്ളത്തിൽ ഇട്ടു കഴുകി എടുക്കാൻ നോക്കുന്നു..തേങ്ങാകൊത്തു മുറിക്കുന്ന മറ്റൊരാൾ..ശർക്കര പാനി ഉണ്ടാക്കുന്ന ഭർത്താവിനെ അവർ ഒന്നു എന്തി നോക്കി..
"പെണ്ണുങ്ങൾ അടുക്കളയിലെ കാര്യം നോക്കിയാൽ മതി, ഇവിടേക്ക് എന്തി നോക്കണ്ട" അയാൾ ഗൗരവത്തിൽ പറഞ്ഞു. മുഖമൊന്നു കോട്ടികാണിച്ചു അവർ തിരിഞ്ഞു.
എല്ലാവരും ഒത്തൊരുമിച്ചു കഥകൾ പറഞ്ഞു സദ്യ ഉണ്ടാക്കിയതിന്റെ ഓർമ്മയിൽ അവർക്ക് കുളിരു കോരി.
സദ്യ കഴിഞ്ഞു ഒന്നു നടു നിവർക്കാൻ സമയം കിട്ടുന്നത് ഒരു മൂന്നു മണി ആകുമ്പോൾ ആണ്. അപ്പോഴേക്കും കൈകൊട്ടി കളിയും ഊഞ്ഞാലാട്ടവും ഒക്കെ ആകും..
"പേടിക്കണ്ട, ഞങ്ങൾ പിടിച്ചോളാം നിങ്ങൾ ധൈര്യമായി കേറിക്കോളി അമ്മായ്യേ" കുട്ടികൾ എല്ലാവരും അമ്മായിയെ ഊഞ്ഞാലിൽ കയറ്റുകയാണ്.
"വീണു നട് ഒടിഞ്ഞാൽ നോക്കാൻ ആളില്ല ട്ടോ കമലേ" അമ്മാവൻ അമ്മായിയെ നിരുത്സാഹപ്പെടുത്തുന്നു. ഉത്സാഹത്തിനും നിരുത്സാഹത്തിനും ഇടയിൽ പെട്ട അമ്മായിയെ കുട്ടികൾ ഊഞ്ഞാലിൽ കയറ്റി ആട്ടുന്നു.. കുറച്ചു നേരം ആട്ടി കഴിഞ്ഞു ഇറങ്ങാൻ പറഞ്ഞപ്പോൾ അമ്മായിയുണ്ടോ ഇറങ്ങാൻ കൂട്ടാക്കുന്നു.. അതോർത്തതും അവർ പെട്ടെന്ന് ഉറക്കെ ചിരിച്ചു..ഏതോ ഓണപ്പാട്ട് പാടുക ആയിരുന്ന കുട്ടികൾ പാട്ടു നിർത്തി അച്ഛമ്മയെ നോക്കി..എല്ലാവരും തന്നെ തന്നെ നോക്കുന്നത് കണ്ടവർ പറഞ്ഞു "ഞാൻ ഒന്ന് മയങ്ങി പോയി അതാ"
"മയങ്ങിയപ്പോൾ വടക്കേ വീട്ടിലെ ഓണം ആഘോഷിക്കാൻ പോയിട്ടുണ്ടാകും അതാണ് ആ ചിരി" സതീശൻ ആണ്.അവർ മൂന്നു പേരും ഡൈനിങ്ങ് ടേബിളിൽ ഇരുന്നു മരുന്നു സേവിക്കുന്നു. ഇന്നത്തെ ഏതൊരു ആഘോഷത്തിനും ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണല്ലോ ഇതെന്ന് അവർ ഓർത്തു ..പണ്ടൊക്കെ ഒത്തുചേരൽ തന്നെ ആഘോഷമായിരുന്നു.. ഇപ്പോളാകട്ടെ ആഘോഷിക്കാൻ വേണ്ടി ഒത്തുചേരുന്നു.
സദ്യ കഴിഞ്ഞു ബാക്കി വന്ന വിഭവങ്ങൾ പാത്രത്തിൽ ഒഴിക്കാനായി ഒരുങ്ങിയപ്പോൾ രശ്മി പറഞ്ഞു " വേണ്ടമ്മേ അതവർ തന്നെ കൊണ്ടു പൊയ്ക്കൊള്ളും..മാത്രവുമല്ല ഇനി നാലു ദിവസം നമ്മൾ ഇവിടെ ഉണ്ടാകുകയുമില്ലല്ലോ"
"നമ്മൾ എങ്ങോട്ടു പോകുന്നു" അവർ ചോദിച്ചു.
"തെന്നൽ ജംഗിൾ റിസോർട്ട്" സുരേഷിന്റെ മോൻ ആണ്..
"അച്ഛമ്മക്കറിയോ അവിടെ പോയാൽ നമുക്ക് കാട്ടിലൂടെ യാത്ര ചെയ്തു മൃഗങ്ങളെ ഒക്കെ കാണാം" അവൻ കൂട്ടി ചേർത്തു.
"അമ്മ വേഗം ഡ്രസ് എല്ലാം എടുത്തുവെച്ചോളൂ..ഒരു മൂന്നു മണിക്ക് ഇവിടുന്നു ഇറങ്ങണം എന്നാലാണ് ഒൻപത് മണിക്കെങ്കിലും അവിടെ എത്താൻ പറ്റുക" രശ്മി പറഞ്ഞു
തുണിയും മറ്റും അടുക്കിപെറുക്കി വെക്കുമ്പോൾ അവർ ആലോചിച്ചത് സദ്യ കഴിഞ്ഞു അടുത്ത ദിവസം ഉണ്ടാക്കുന്ന പഴംകഞ്ഞിയുടെ സ്വാദു ആണ്..ബാക്കി വന്ന ചോറും കറികളും എല്ലാംകൂടെ ഒരു കലചട്ടിയിൽ ഒന്നിച്ചു ചേർത്തു വെച്ചു അടുത്ത ദിവസം അച്ചാറും പുളിയിഞ്ചിയും ചേർത്തു കഴിക്കുന്നതോർത്തു അവരുടെ വായിൽ വന്ന വെള്ളം മടക്കി വെച്ച മുണ്ടിലേക്ക് ഊർന്നു വീണു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank you for your comments & suggestions :) - suma