" നീ പറയുന്നതും ചെയ്യുന്നതും എന്താണെന്നു നിനക്ക് തന്നെ അറിയില്ല. ചോദിച്ചാല്‍ ശരി ആയുള്ള മറുപടിയും കിട്ടില്ല നിനക്കെന്തു പറ്റിയെടി" കണവന്റെ ചോദ്യം
കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി എന്റെ ചിന്തകള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു ഓടികൊണ്ടിരിക്കുന്നു. ഓട്ടത്തിനിടയില്‍ ചുറ്റി പിണയുന്നു . എവിടെയുമെത്താതെ ചിന്തകള്‍ ഓടിക്കൊണ്ടേയിരിക്കുന്നു
ഇന്ന് എന്റെ ചിന്തകളില്‍ ഉടക്കിയിരിക്കുന്നത് നിശാശലഭം ചുമരില്‍ ഇട്ടു പോയ മുട്ടകള്‍ ആണ്.
ശലഭത്തിന്റെ മാതൃത്വം ആണ് ..കൈ വളരുന്നുണ്ടോ കാല്‍ വളരുന്നുണ്ടോ എന്ന് ഉല്‍ക്കണ്ഠപ്പെടുന്ന എന്നില്‍ നിന്നും എത്ര വ്യത്യസ്തയാണ് ശലഭം .ഭംഗിയുള്ള ശലഭം ആയി മാറുന്നതിനു മുന്‍പ് ദിവസവും മരണം വണ്ടി ആയി, ചെരുപ്പ് ആയി, പക്ഷി ആയി, കോഴി ആയി, ചൂല്‍ ആയി മുന്നില്‍ വന്നു കൊണ്ടിരിക്കും .
എല്ലാത്തിനെയും അതി ജീവിച്ചു ഭംഗിയുള്ള ശലഭം ആയി മാറുമ്പോള്‍, തന്നെ പോലെ ഭംഗി ഉള്ളതാണോ തന്റെ മക്കള്‍ എന്ന് നോക്കാന്‍ ശലഭം ഉണ്ടാകാറില്ല .
മോന്റെ കാലിനടിയിലെ കൊച്ചു മുറിവ് ഒരു ദിവസത്തെ ഉറക്കം നശിപ്പിച്ച ഒരമ്മക്ക് ഒട്ടും മനസിലാകുന്നില്ല ശലഭത്തിന്റെ മാതൃത്വം..അത് പോലെ തന്നെ കര്‍ണന്റെ മുന്നില്‍ മാതൃത്വത്തിന് വില ആയി അര്‍ജുനനോടു യുദ്ധം ചെയ്യരുത് എന്ന് പറഞ്ഞ കുന്തിയുടെ മാതൃത്വവും എനിക്ക് മനസിലാകുന്നില്ലാ..
"അങ്ങനെ നോക്കി നിന്നാല്‍ ഒന്നും മുട്ട വിരിഞ്ഞു പൂമ്പാറ്റ ഉണ്ടാകുല്ല..അതിനു ടൈം എടുക്കും അമ്മേ, ഇപ്പോള്‍ എനിക്ക് സ്കൂള്‍ പോകാന്‍ ടൈം ആയി..വേഗം ബ്രേക്ക് ഫാസ്റ്റ് തരൂ "
എന്നിലെ മാതൃത്വം എന്നെ ഉണര്‍ത്തി അടുക്കളയിലേക്കു വലിച്ചെറിഞ്ഞു..