2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

വിലക്ക്


എനിക്കറിയില്ല എന്റെ തൊണ്ടയില്‍ കുരുങ്ങി കിടക്കുന്ന ഈ വേദന എങ്ങനെ മാറ്റണം എന്ന്
ഇറക്കാനും തുപ്പാനും കഴിയാതെ ചുവന്നെരിയുന്ന തീഗോളമായി അതെന്റെ ഹൃദയത്തെ ചുട്ടു പൊള്ളിക്കുന്നു.
അവകാശ വാദങ്ങള്‍ ഇല്ലാതെ ആക്ഷേപങ്ങള്‍  ഇല്ലാതെ മൌനത്തിന്റെ കൂട്ട്  പിടിച്ചു ഞാന്‍ നേടിയെടുക്കാന്‍ ആഗ്രഹിച്ചത്‌ എന്റെ സങ്കടങ്ങളുടെ മേല്‍ നിന്റെ സ്വാന്തനങ്ങള്‍ ആയിരുന്നു..എന്ത് പറ്റി എന്നെ ഒരു ചോദ്യം മതി ആയിരുന്നു ആ തീക്കനല്‍ ആറി തണുക്കാന്‍.
എന്റെ മൌനം അത് എന്നില്‍ നിന്നും ഒളിച്ചോടാന്‍ നിനക്കുള്ള മാര്‍ഗം ആയിരുന്നു എന്ന് ഞാന്‍ അറിയുന്നത് വളരെ വൈകിയാണ് .. ‍
നിഴല്‍ പോലെ കൂടെ ഉണ്ടാകുമെന്ന് കരുതി തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ അറിയുന്നു 
 എനിക്കെന്റെ നിഴല്‍ പോലും നഷ്ടമായിരിക്കുന്നു എന്ന്..
പിന്നെ വൈകിയെങ്കിലും ഞാന്‍ മനസിലാക്കുന്നു എനിക്കെന്നോ നിന്നെ നഷ്ടമായിരിക്കുന്നു ..
കാറ്റായി,  മഴയായി  കാലഭേദങ്ങള്‍ ആയി നീ എനിക്ക് ചുറ്റും ഉണ്ടാകും .
കാരണം നീ എന്നിലേക്ക്‌ എത്തിയിരുന്നത് ഇവയൊക്കെ ആയിട്ടാണല്ലോ
എങ്കിലും കണ്ട സ്വപ്നങ്ങളെ മറവിയുടെ ചാരത്തില്‍ മൂടുകയാണ് ഞാന്‍.
ഇനി വെറും വാക്കുകള്‍ കൊണ്ട് അതിനു നിറങ്ങള്‍ കൊടുക്കരുത്.. 
നിറക്കൂട്ടുമായി നീ അകന്നു പോകുമ്പോള്‍ എന്റെ സ്വപ്നങ്ങളിലെ വെളുപ്പ്‌ നിറം കൂടെ എനിക്ക് നഷ്ടമാകും.. 
കറുപ്പിന്റെ ഇരുളിമയില്‍ എനിക്ക് ജീവിക്കാന്‍ വയ്യ ..
ഞാന്‍ എന്റെ കൊച്ചു ലോകത്ത് കറുപ്പും വെളുപ്പും സ്വപ്‌നങ്ങള്‍ കണ്ടു ജീവിക്കട്ടെ
അരുത്,  അടച്ചു പൂട്ടിയ എന്റെ ഹൃദയത്തിന്റെ വാതില്‍ ബലം പ്രയോഗിച്ചു നീ തുറക്കരുത് ..
അരുത്, ഞാന്‍ പാടി  ഉറക്കിയ എന്റെ മോഹപക്ഷികളെ നിന്റെ വാക്ചാതുര്യം കൊണ്ട് ഉണര്‍ത്തരുത്‌ .
പിന്നെ അവ ഉറക്കമില്ലാതെ പാടിക്കൊണ്ടേയിരിക്കും .
കേള്‍വിക്കാരില്ലാത്ത  അപശബ്ദം ആയി അത് എന്നെ ഭ്രാന്തി ആക്കും

9 അഭിപ്രായങ്ങൾ:

  1. തൊണ്ടയില്‍ കുരുങ്ങി കിടക്കുന്ന വേദന -
    അതിന്റെ എല്ലാ തീവ്രതയോടും കൂടി സുമ എഴുതി, മനസ്സില്‍ നിന്നും..
    എനിക്കെന്തോ ഇത്തരം വേദനയില്‍ ഒരു സുഖവും തോന്നാറുണ്ട്..
    നോവിന്റെ സുഖം.. കണ്ണീര്‍ വീഴാതെ അങ്ങനെ നിക്കട്ടേ..
    സ്ത്രീത്വം ശക്തി ആര്ജിക്കട്ടേ .. ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. ശരിക്കും മനോഹരമായ എഴുത്ത്.നഷ്ടപ്പെടുമ്പോഴാണ് അതിന്റെ യഥാര്‍ത്ഥവില തിരിച്ചറിയുന്നതെന്ന്‍ പറയുന്നതെത്ര ശരിയാണു.നഷ്ടപ്പെട്ടതിനെക്കുറിച്ചോര്‍ത്ത് വിലപിച്ചുകൊണ്ടിരിക്കുന്നവന്‍ വിഡ്ഡിയാണ്.

    മറുപടിഇല്ലാതാക്കൂ
  3. അരുത് ,മോഹ പക്ഷികളെ പാടി ഉണര്തരുത് ,നന്നായി ,എഴുത്ത് തുടരൂ

    മറുപടിഇല്ലാതാക്കൂ
  4. എഴുത്തിലെ ഭാഷ വളരെ മനോഹരമാണ്. പക്ഷെ, വിഷയങ്ങള്‍ അല്പം കൂടെ സം‌വേദനക്ഷമമാക്കാന്‍ ശ്രമിക്കുക.

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...