I can't change the direction of the wind,
but I can adjust my sails to always reach my destination.
but I can adjust my sails to always reach my destination.
- Jimmy Dean
അഹങ്കാരം എന്നെ ഭരിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഒന്നുമല്ല എന്നു ബോധ്യപെടുത്താന്‍ വേണ്ടി ശരീരം ഇടയ്ക്കു പണി മുടക്കും. പേശികള്‍ വലിഞ്ഞു മുറുകുന്നവേദന. കിടക്കയെ സ്നേഹിച്ചു ചുരുണ്ട് കൂടി കിടക്കാന്‍ തോന്നുമെങ്കിലും ഭാര്യയുടെയും അമ്മയുടെയും ഓഫീസിലെയും ഉത്തരവാദിത്വങ്ങള്‍ എന്നെ മാടി വിളിക്കുന്നുണ്ടാകും.അപ്പോള്‍ വേദനസംഹാരി എടുത്തു കഴിച്ചു ഒന്ന് മയങ്ങുമ്പോള്‍ സൂര്യതെജസ്സുള്ള ഒരാള്‍ അയാളുടെ പെരുവിരല്‍ കൊണ്ട്
എന്റെ നെറ്റിയില്‍ അമര്‍ത്തുന്നതായി
ഞാന്‍ സ്വപ്നം കാണും .ഉണര്‍ന്നു എഴുന്നേല്‍ക്കുമ്പോള്‍ മുന്‍പെങ്ങും തോന്നാത്ത ഊർജ്ജസ്വലത യോടെ എനിക്ക് എന്റെ ജോലികള്‍ ചെയ്യാന്‍ കഴിയുമായിരുന്നു .
പക്ഷെ പതിവിനു വിപരീതമായി ഈ പ്രാവശ്യം എന്റെ സഹനശക്തിയെ പരീക്ഷിച്ചു നോക്കാന്‍
വേണ്ടിയെന്നവണ്ണം ആയിരുന്നു കാര്യങ്ങള്‍. അതോ എന്റെ അഹന്ത വല്ലാതങ്ങു
വളര്‍ന്നിരുന്നോ?
വേദനസംഹാരികള്‍ കഴിക്കുന്നു എന്നല്ലാതെ അതിന്റെ ഫലങ്ങള്‍ ഒന്നും തന്നെ
കിട്ടിയില്ല. മനസ്സില്‍ ശൂന്യത നിറയാന്‍ തുടങ്ങി. വല്ലാത്തൊരു ഇരുട്ട് വീണത് പോലെ.
ഇനി എനിക്ക് സഹിക്കാന്‍ കഴിയില്ല എന്ന ബോധം കൂടി ആയപ്പോള്‍ മരിച്ചാല്‍ എന്താ എന്ന
ഒരു തോന്നല്‍ ഉള്ളില്‍. വേദനയും സഹിക്കണ്ട, കൂടെയുള്ളവരുടെ കഷ്ടപാടും കുറയും.
ഉള്ളില്‍ നിറഞ്ഞ ആ തോന്നല്‍ വിങ്ങിപൊട്ടി പുറത്തേക്കു വന്നത് ഡോക്ടറെ കാണാന്‍
പോയപ്പോള്‍ ആണ്.
"ഇതിനാ ഞങളുടെ ഭാഷയില്‍ കന്നത്തരം എന്നു പറയുന്നെ നല്ല അടി കിട്ടാത്ത കുഴപ്പം" കൊച്ചുകുട്ടിയെ എന്ന
പോലെ അദ്ദേഹം എന്നെ ശാസിച്ചു. വീണ്ടും പുതിയ മരുന്നുകള്‍, വ്യായാമങ്ങള്‍. രണ്ടു ദിവസം കൂടെ
എന്റെ സഹനശക്തിയെ പരീക്ഷിച്ചു കൊണ്ട് വേദന പോകാതെ നിന്നു. മൂന്നാം ദിവസം
നെറ്റിയില്‍ പതിയുന്ന പഞ്ഞിപോലെ മൃദുലമായ കൈകള്‍.
" ഭഗവാനെ നല്ലോണം മനസ്സില്‍ വിചാരിക്കു കുട്ടി..എല്ലാം നേരയാകും" അമ്മയുടെ ശബ്ദം.
വെളുത്ത
പഞ്ഞികെട്ട് തൊട്ടു കിടക്കുമ്പോള്‍ നെറ്റിയില്‍ പെരുവിരല്‍
വീണ്ടും.
രാവിലെ നടക്കാനിറങ്ങുമ്പോള്‍ തണുത്ത കാറ്റില്‍ തലയാട്ടി മുറ്റത്ത് നില്‍ക്കുന്ന എന്റെ സീനിയ പൂക്കളും കൂകുന്ന പുള്ളികുയിലും ചിലക്കുന്ന കരിയിലപക്ഷികളും എന്നോട്
പറയുന്നു " ലൈഫ് ഈസ് ബ്യുട്ടിഫുള്‍"
ജീവിതമേ മാപ്പ്!!!ചപലായ
മനസ്സില്‍ നിമിഷ നേരത്തെക്കുണ്ടായ അപക്വമായ തോന്നലിനു...സര്‍വം ക്ഷമസ്വ: