മഴ
മലനിരകളിൽ നിന്നും ഇരമ്പിയെത്തി നെൽവയലുകളെ തൊട്ടു തലോടി ഇറയിൽ നിന്നും ഒഴുകിയെത്തുന്ന ഓർമ മാത്രം ആയിരിക്കുന്നു ഇന്ന് മഴ . കുട ചൂടാതെ മഴ നനഞ്ഞെത്തി കുഴിയടിയിൽ (മേൽകൂരയിൽ നിന്നുള്ള മഴവെള്ളം എല്ലാം ഒരു ഭാഗത്ത് മാത്രം വീഴാൻ ആയി തകരം കൊണ്ടുണ്ടാക്കിയ ഒരു സംഭവം) നിന്ന് കുളിച്ചു കേറി അമ്മ തരുന്ന കട്ടൻ കാപ്പി കുടിച്ചു വീണ്ടും ഇറയിൽ നിന്നും വീഴുന്ന മഴവെള്ളത്തിൽ കയ്യും കാലം നനച്ചു മഴയെ സ്നേഹിച്ചു, പ്രണയിച്ചു , തൊട്ടു തലോടി ഉമ്മ വെച്ച കാലം ഇനി തിരികെ വരില്ല . ഇന്ന് മഴയെ പേടി ആണ്. മഴവെള്ളത്തോടൊപ്പം കവിഞ്ഞൊഴുകുന്ന അഴുക്കുചാൽ,കുടയിൽ വീഴുന്ന മഴതുള്ളികൾക്കൊപ്പം കറുത്ത നിറത്തിലുള്ള എന്തൊക്കെയോ. മഴയെ വെറുത്തു പോകുന്നു ചിലപ്പോഴൊക്കെ. ഓഫീസ് വിടുന്ന സമയത്ത് മഴ പെയ്യരുതെ എന്നാണ് പ്രാര്ത്ഥന. ഇന്ന് മഴയോട് അല്പമെങ്കിലും സ്നേഹം തോന്നുന്നത് വയനാടൻ ചുരം കേറുമ്പോൾ ആണ് . മരങ്ങളിൽ വീഴുന്ന മഴയുടെ ശബ്ദം പഴയ കാലത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുമ്പോൾ സീറ്റിൽ ചാഞ്ഞിരുന്നു കണ്ണുകൾ അടച്ചു പഴയ കാലപ്രണയം മഴയോട് പങ്കിടുമ്പോൾ ഞാൻ അറിയാതെ മഴയെ വീണ്ടും സ്നേഹിച്ചു പോകുന്നു.
മുഖം മൂടികൾ
ചുറ്റും മുഖം മൂടികൾ ആണ് . വികാരവിക്ഷോഭങ്ങളെ ഉള്ളിൽ ഒളിപ്പിച്ചു ചിരിക്കുന്ന മുഖം മൂടികൾ. ഇടയ്ക്ക് അറിയാതെ പുറത്തേക്കു നീളുന്ന ദംഷ്ട്രങ്ങളെ ആരും കാണാതെ ഉള്ളിലേക്ക് വലിച്ചെടുത്തു ചിരിക്കുന്ന മുഖം മൂടികൾ. ഇതിനിടയിൽ യഥാർത്ഥ മുഖവുമായി എത്ര നാൾ? ഞാനും അണിയുകയാണ് ഒരു മുഖം മൂടി. ഭംഗിയുള്ള ചിരിയോടു കൂടിയ മുഖം മൂടി. കഴുത്ത് ഞെരിച്ചു കൊല്ലാൻ ഉള്ള ദേഷ്യം ഉള്ളിൽ തിളക്കുമ്പോഴും നിറഞ്ഞ ചിരിയോടെ നില്ക്കുന്ന മുഖം മൂടി. അല്ലെങ്കിൽ ഒരു നിസ്സംഗതയുടെ മുഖം മൂടി ആയാലോ? ഭൂമി കീഴ്മേൽ മറിഞ്ഞാലും ഇതൊന്നും എന്നെ ബാധിക്കുന്നതേയല്ല എന്ന മട്ടിൽ തിരിഞ്ഞു നടക്കാനും മൌനത്തിന്റെ കൂട്ടിൽ ഒളിക്കാനും പറ്റിയത് നിസ്സംഗത തന്നെ.എന്റെ കണ്ണുകളിലേക്കു ഇങ്ങനെ തറപ്പിച്ചു നോക്കരുതേ . ചിരിക്കുന്ന മുഖത്തിന് പിന്നിലെ വെറുപ്പ്, ദേഷ്യം, പുച്ഛം , അസൂയ ഒക്കെ നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കും അതുമല്ലെങ്കിൽ നിങ്ങൾ അണിഞ്ഞ മുഖംമൂടി അഴിഞ്ഞു വീഴും.
നിഴൽ
നിഴലുകൾക്കിടയിൽ സ്വയം തേടുകയാണ് ഞാൻ. നീണ്ടു കിടക്കുന്ന സൂര്യരശ്മികൾ,അരികു ചിതറിയ നിഴലുകൾ ഇതിൽ എവിടെയാണ് ഞാൻ എന്നെ കണ്ടെത്തുക?സൂര്യനോടൊപ്പം മറയുന്ന നിഴലിനൊപ്പം, കണ്ടെത്താനാകാത്ത എന്നെ തേടി, നിഴലുകൾക്കിടയിലെ മറ്റൊരു നിഴലായി വീണ്ടുമൊരു സൂര്യോദയത്തിനായി കാത്തിരിക്കുന്നു