മൌനകൂടാരത്തിൽ ഏകാന്തതയെ പ്രണയിക്കുമ്പോൾ
നിനച്ചിരിക്കാതെ ചില ജാലകങ്ങൾ തുറക്കപെടും.
ഒന്നിൽ കാണുന്നത് സ്നേഹത്തിന്റെ മുഖങ്ങൾ
കണ്ണിൽ തുളുമ്പുന്ന സ്നേഹവും
കരുണയുമായി ഒരു പാട് പുഞ്ചിരികൾ
ആ പുഞ്ചിരികൾക്കിടയിൽ
തിളങ്ങുന്ന നിന്റെ കണ്ണുകൾ
നോട്ടത്തിൽ നിന്നും കണ്ണുകൾ വലിച്ചെടുത്തു
മറുവശത്തേക്ക് നോക്കുമ്പോൾ
തുറക്കുന്ന സ്വപ്നജാലകങ്ങൾ
ആകാശം തൊട്ടു മഴവില്ലിൽ ഊഞ്ഞാലാടി
മഴയായി ഉതിർന്നു മണ്ണിനെ പുണർന്നു
പൂവായി വിരിഞ്ഞു പൂമ്പാറ്റയായി പറന്നു
നിൻറെ ഉറക്കത്തിലേക്കൂർന്നിറങ്ങി
സ്വപ്നത്തിന്റെ കവിളിൽ തലോടി
ചുണ്ടിലെ നനുത്ത ചിരിയുടെ
അറ്റത്തു നിന്നു അടർന്നു വീഴുമ്പോൾ
തുറക്കാനായി പ്രകമ്പനം കൊള്ളുന്നു മറ്റൊന്നു
അങ്ങനെ ആയത് കൊണ്ടിങ്ങനെ എന്നും ,
ഇങ്ങനെ ആയാൽ എങ്ങിനെ എന്നും
ചോദ്യങ്ങൾ ,ഉത്തരങ്ങൾ , വാഗ്വാദങ്ങൾ, പരിഭവങ്ങൾ
കൊടുങ്കാറ്റടിച്ചെന്നപോൽ വിറയ്ക്കുന്ന പാളികളെ
തുറക്കാനായി അഹംഭാവത്തിന്റെ
കൈവിരലുകൾ ഉയർത്തുമ്പോൾ
തോണ്ടി വിളിക്കുന്ന സ്നേഹവിരൽ
സ്നേഹവാതിലിൽ നീട്ടിപ്പിടിചിരിക്കുന്ന
കൈകളിൽ ചേർന്നു നിൽക്കുമ്പോൾ
അലിഞ്ഞില്ലാതെ ആയി പോകുന്ന
അഹന്തയെ നോക്കി പുഞ്ചിരിച്ചു
കൈകളിൽ ചാഞ്ഞു കിടന്നു വീണ്ടും
സ്വപ്നവാതിലിലൂടെ ആകാശത്തേക്ക് ...