2016, മാർച്ച് 30, ബുധനാഴ്‌ച

"അമ്മാ ഇത് സാൾട്ട് ലെസ്സ് മംഗോ ട്രീ ആണു"
അപ്പോഴാണ് ഉപ്പുമാവിൽ ഉപ്പിടാൻ മറന്നെന്നു ഓർത്തത് . അല്ലെങ്കിലും ഈയിടെ ആയി അങ്ങനെ ആണ്. എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോൾ ഇതൊന്നും എന്റെ കാര്യമല്ല എന്ന മട്ടിൽ ഒരിറങ്ങി പോക്ക് നടത്തും മനസ്സ്. അപ്പോൾ ചെറുതും എന്നാൽ ഒഴിച്ചു കൂടാനാകാത്ത പലതും മറക്കും.
തോന്നുമ്പോൾ ഇറങ്ങി പോയി കണ്ട കുന്നും മലയും താണ്ടി തിരിച്ചെത്തും , ഒന്നുമറിയാത്ത പോലെ ഞാൻ എങ്ങും പോയില്ലല്ലോ , ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ എന്ന് കോക്രി കാണിക്കും.പുഴയിൽ തുടിച്ചു കളിച്ചു വന്നതും , പേര മരത്തിൽ കേറിയതും നീണ്ടു കിടക്കുന്ന നെൽപാട വരമ്പിലൂടെ നടന്നു വന്നതും ഒക്കെ ഞാൻ ആണെന്നു കുറ്റപ്പെടുത്തും. വിരസമായ ദിവസങ്ങളിൽ മനസ്സിന്റെ ഇറങ്ങി പോക്കുകൾ ഒരു ഉണർവ് തരാറുണ്ട് എന്നത് സത്യമാകുമ്പോഴും ഇറങ്ങി പോക്കിനിടയിൽ മറന്നു പോകുന്നവ ഉണ്ടാക്കുന്ന പുകിലുകൾ ചെറുതല്ല.

കഴിഞ്ഞ ദിവസം " നീ എന്താ കറിയിൽ പഞ്ചസാര ഇടുന്നത് " എന്ന് ചോദിച്ചത് കേട്ടാണ് നോക്കിയത് . ഉപ്പിനു പകരം പഞ്ചസാര  സ്പൂണിൽ കോരി ഇടാൻ പോകുകായിരുന്നു.

" ഈ ലോകത്തൊന്നും അല്ലല്ലോ മാഡം ഈയിടെ ആയി , എല്ലാം തോന്നുംപടി ആണിപ്പോൾ ..ഉണ്ടാക്കി വെക്കുന്നതിൽ ഉപ്പില്ല മുളകില്ല. ശരിക്കും നിനക്കെന്തു പറ്റിയതാ പെണ്ണെ " എന്ന് ചോദിക്കുമ്പോൾ എന്താണ് പറയേണ്ടത് ?

വഴിയിൽ  കിടക്കുന്ന മഞ്ചാടിക്കുരു പെറുക്കുമ്പോൾ നിനക്ക് വട്ടുണ്ടോ കുറച്ചു എന്നിടക്കിടെ ചോദിക്കുന്നതാണ് അതിനു ഒരു ഉറപ്പു കൊടുക്കൽ ആകും മനസ്സിന്റെ ഓട്ടത്തെ പറ്റി  പറഞ്ഞാൽ. ഓർമ്മകൾക്ക് കാന്തശക്തിയാണു. വേണ്ട എന്ന് വിചാരിച്ചാലും നമ്മെ വലിച്ചു കൊണ്ട് പോകുന്നവ.ഇറങ്ങി പോക്കു തടയാൻ  ഓർമ്മകൾക്ക് ഒരു ചിത്രപൂട്ടിടണം. പക്ഷെ ഓർമ്മകൾ ഇല്ലാത്ത ജീവിതം എത്ര വിരസമായിരിക്കും . ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു ഉറപ്പുള്ളത് കൊണ്ടാകും ഓർമ്മകൾക്കു ഇത്രയേറെ മാധുര്യം .

കാലം എത്ര പെട്ടെന്നാണ് മുന്നോട്ടു പോകുന്നത് ...ഓർമ്മകൾക്ക് അതിലേറെ തെളിച്ചവും വരുന്നു .ചെറുപ്പത്തിൽ മുങ്ങികുളിച്ച് കളിച്ച പുഴയെ പറ്റി പറയുമ്പോൾ 'എന്തൊരു വിടൽസ് ആണു അമ്മാ , അത് പുഴ ആണ് പോലും തോട് എന്നു പോലും പറയാൻ പറ്റില്ല"  എന്ന് പറഞ്ഞു കളിയാക്കാൻ നേരം കണ്ടെത്തുന്നു പുതുതലമുറ. പുഴ വെള്ളം വറ്റി വരണ്ടാലും വലിപ്പം കുറയാത്ത ഓർമ്മകൾ ആണ് അതെന്നു എങ്ങനെ അറിയാൻ ആണു  ഈ നഗരവാസി.

2016, മാർച്ച് 19, ശനിയാഴ്‌ച

ബ്രേക്കിംഗ് ന്യൂസ്‌

എത്ര പെട്ടെന്നാണ്
എങ്ങോട്ടെന്നിലാതെ ഓടിപോകുന്ന
നാലു വരികൾ  ആളുകളെ മാറ്റിമറിക്കുന്നത്
പരോപകാരിയും മനുഷ്യസ്നേഹിയും
കുടിയനും കുടുംബസ്നേഹമില്ലാത്തവനും ആകുന്നത്
വീഴ്ത്തപ്പെട്ടവൻ  വാഴ്ത്തപ്പെടുന്നതും
രാജ്യസ്നേഹി രാജ്യദ്രോഹി ആകുന്നതും
മനുഷ്യൻ ദൈവമാകുന്നതും
ദൈവം നോക്കുകുത്തി ആകുന്നതും
എല്ലാം നാലു വരികളിൽ ആണ്
നാളെ നീയും ഞാനും ആരെന്നു അടയാളപ്പെടുത്തുന്നതും
ബ്രേക്കിംഗ്  ന്യൂസിലൂടെ ആകും
അതുകൊണ്ട്
കണ്ണും കാതും കെട്ടി വാമൂടി ഇരിക്കുക
ഒന്നുമായില്ലെങ്കിലും കുറഞ്ഞ പക്ഷം
നമുക്ക് നാമായി ജീവിച്ചു മരിക്കാം !!


കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...