പറ്റുബുക്കിൽ എഴുതി വെക്കാനാകാത്ത,
കൊടുത്തു തീർക്കാനാകാത്ത
ചില കടങ്ങൾ ഉണ്ട്.
ചുഴിയിൽ മുങ്ങി താഴുമ്പോൾ
കിട്ടുന്ന വൈക്കോൽ തുരുമ്പ് പോലെ
കൂടെ തന്നെയുണ്ടെന്നോർമ്മപ്പെടുത്തലുമായി
ചേർന്ന് നിൽക്കുന്ന നിഴൽ പോലെ.
എന്ത് ചെയ്യണം എന്നറിയാത്തപ്പോൾ
തോളിൽ അമരുന്നൊരു കൈ
ഒന്നു പറയാമായിരുന്നില്ലേയെന്ന
പരിഭവം നിറച്ച കണ്ണുകൾ
മരവിച്ചുപോയ വിരലുകളെ
ചേർത്തു പിടിക്കുന്ന ഇളംചൂട്
പറയാതെയും അറിയുമെന്ന്
തോന്നിപ്പിക്കുന്ന കരുതൽ
എപ്പോഴൊക്കെയോ ആരൊക്കെയോ
ചോദിക്കാതെ ,കണക്കു പറയാതെ
ചേർന്നു നിന്നും ചേർത്തു പിടിച്ചും
മുന്നോട്ടോടുമ്പോഴും
കടപ്പാടിലേക്കെൻ പിൻകണ്ണ്
തുറന്നു വെച്ചിരിക്കുന്നു
ഒന്നും മറക്കാതെ മായ്‌ക്കാതെ !!