2012, ജൂൺ 20, ബുധനാഴ്‌ച

ചോദ്യചിഹ്നം

പലതലങ്ങളായി തിരിച്ചു മനുഷ്യബന്ധങ്ങളെ വിശദീകരിച്ചു തരുമ്പോള്‍ ഒരു ഉദാഹരണം ആയി ആണ് ഹാഫിസ് മുഹമ്മദ്‌ സര്‍ ബസിലെ യാത്രക്കാരെ കുറിച്ച് പറഞ്ഞത്. അവര്‍ നമ്മുടെ പബ്ലിക്‌ സ്പേസില്‍ വരുന്നു എന്ന്. അതില്‍ ആരെയും നമ്മള്‍ ഓര്‍ക്കാറില്ല ഇല്ല. പക്ഷെ എന്റെ  യാത്രക്കിടയില്‍ ഞാന്‍ കണ്ട മൂന്ന്   മുഖങ്ങള്‍ അത് മനസ്സില്‍ നിന്നും മായാതെ ഏതു തലത്തില്‍ അവയെ കൊണ്ട് നിര്‍ത്തണം എന്നറിയാതെ നില്‍ക്കുന്നു .

(1)

എന്നത്തേയും പോലെ അന്നും ആര്‍ ഇ സി -കോഴിക്കോട് പാളയം ബസില്‍ തിരക്കായിരുന്നു. ഏന്തി പിടിച്ചു കയറി രണ്ടാമത്തെ സീറ്റിനടുത്തുള്ള കമ്പിയില്‍ ചാരി നില്‍ക്കുമ്പോള്‍ തന്നെ അരികു സീറ്റില്‍ ഇരിക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചു. നല്ല ഐശ്വര്യംതുളുമ്പുന്ന മുഖം ഉള്ള ഒരമ്മ. എനിക്കെന്തിനോ എന്റെ അമ്മയെ ഓര്മ വന്നു. കോളേജില്‍ ബസ്‌ നിര്‍ത്തിയപ്പോള്‍ പുറത്തേക്കു തല ഇട്ടു നോക്കിയും തിരിഞ്ഞു നോക്കിയും ആ അമ്മ വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു. അങ്ങനെ ഓരോ സ്റ്റോപ്പില്‍ ബസ്‌ നിര്‍ത്തുമ്പോഴും. പുതിയ സ്റ്റാന്‍ഡില്‍ ബസ്‌ എത്തിയപ്പോള്‍ അവര്‍ എഴുന്നേറ്റു നിന്ന് പിറകിലേക്ക് നോക്കി. വീണ്ടും തല പുറത്തേക്കു ഇട്ടു നോക്കി. അപ്പോള്‍ അവരുടെ കണ്ണില്‍ നിറയെ വിഷമവും ആശങ്കയും നിറഞ്ഞിരുന്നു. ഇവരുടെ നില്‍പ്പും വെപ്രാളവും കണ്ട കണ്ടക്ടര്‍ ഇവിടെ ഇറങ്ങാന്‍ ഉള്ളതാണോ  വേഗം ഇറങ്ങു എന്ന് പറഞ്ഞു ബഹളം വെക്കാന്‍ തുടങ്ങി.

"ഇവിടെ ആണോ ഇറങ്ങേണ്ടത് എന്ന് എനിക്കറിയില്ല മോന്‍ ഉണ്ടായിരുന്നു കൂടെ"


"എവിടുന്നാ കേറിയത്‌? എവിടെക്കാണ്‌ പോകേണ്ടത്?"

"ചെത്തുകടവ്, മോളുടെ വീട്ടില്‍ കൊണ്ടാക്കാം എന്നാ മോന്‍ പറഞ്ഞത്"

കണ്ടക്ടര്‍ പിറകിലെ ക്ലീനെരോട് പോയി എന്തോ ചോദിച്ചു തിരിച്ചു വന്നു പറഞ്ഞു

 "ടൌണിലേക്ക് രണ്ടു ടിക്കറ്റ്‌ എടുത്തു അയാള്‍ രെജിസ്ട്രാര്‍ ഓഫീസ് സ്റ്റോപ്പ്‌ ഇറങ്ങി."
ആ അമ്മയുടെ മുഖത്ത് എന്തൊക്കെയോ വികാരങ്ങള്‍. അവരുടെ അടുത്തിരുന്ന സ്ത്രീ അവരെ സമാധാനിപ്പിക്കുകയും ട്രാഫിക്‌ ബസ്‌ സ്റ്റോപ്പില്‍ അവരെയും കൂട്ടി ഇറങ്ങുകയും ചെയ്തു.
എന്തിനായിരിക്കാം ആ മകന്‍ അങ്ങനെ അമ്മയെ ബസില്‍ ആക്കി ഇറങ്ങി പോയിരിക്കുക? അങ്ങനെ ചെയ്യാന്‍ അയാള്‍ക്ക് എങ്ങനെ തോന്നി?
ഉത്തരമില്ലാത്ത ചോദ്യം എല്ലാവരിലും ബാക്കി ആക്കി ബസ്‌ മുന്നോട്ടു..


(2)

മുതലകുളത്ത്  നിന്നും ചെറൂട്ടി റോഡിലേക്ക് നടന്നു പോകുമ്പോള്‍ ഞാന്‍ എന്റെതായ ലോകത്ത് ആയിരിക്കും.എന്നോട് തന്നെ സംസാരിച്ചു വഴക്കിട്ടു വിന്‍ഡോ ഷോപ്പിംഗ്‌ നടത്തി പോകുമ്പോള്‍ ആരെയും ശ്രദ്ധിക്കാറില്ല. കോര്‍ട്ട് റോഡില്‍ എത്തിയപ്പോള്‍ ആണ് കുറച്ചു ശകാര വാക്കുകള്‍ കേട്ടത്.

"ഷോപ്പ് തുറന്നിട്ടെ ഉള്ളൂ അപ്പോഴേക്കും വരും ഓരോരുത്തര്‍"
"ചായ കുടിക്കാനാ ഒരഞ്ചു രൂപ താ മോനെ"
ശബ്ദം പരിചയമുള്ളത് പോലെ തോന്നിയത് കൊണ്ടാണ് തിരിഞ്ഞു നോക്കിയതു.
കമലേട്ടത്തി!!!
ഓഫീസിലെ സ്വീപേര്‍ ആയിരുന്നു അവര്‍. ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ട് ജോലി മതി ആക്കിയെങ്കിലും വല്ലപ്പോഴും ഓഫീസില്‍ വരാറുണ്ടായിരുന്നു. അവര്‍ക്ക് ഇങ്ങനെ ഒരവസ്ഥയോ? തിരഞ്ഞു നടന്നു അവരോടു സംസാരിക്കണം എന്ന് തോന്നി എങ്കിലും പിന്നീടു വേണ്ടെന്നു വെച്ചു. കാരണം പത്തു മണിക്ക് എത്തേണ്ട ഓഫീസില്‍ എന്നും പത്തരക്ക് എത്തുകയും ചെന്ന് കേറുമ്പോള്‍ പെപ്പെറില്‍ അല്ലെങ്കില്‍ നെറ്റില്‍ തല പൂഴ്ത്തിയിരിക്കുന്ന ബോസ്സ് കൈ  ചെരിച്ചു വാച്ചിലേക്ക് നോക്കുന്നത് കാണാറുണ്ടായിരുന്നു എങ്കിലും ഒരിക്കല്‍ പോലും നേരത്തെ എത്താന്‍ കഴിഞ്ഞിരുന്നില്ല (അഹങ്കാരം !!!). അവരോടു സംസാരിക്കാന്‍ നിന്നാല്‍ കൂടുതല്‍ സമയം വൈകുമെന്നതും പായ്യാരം കേട്ട് നില്‍ക്കാനുള്ള  ക്ഷമ ഇല്ലാത്തതും ഒക്കെ ആയിരുന്നു കാരണം. എങ്കിലും തന്റെ യുവത്വവും ആരോഗ്യവും എല്ലാം കൊപ്ര ചേവുകളില്‍ കൊപ്ര വാരി  സ്വന്തം സഹോദരനെ പോറ്റി വളര്‍ത്തിയ അവര്‍ ഇപ്പോള്‍ അയാള്‍ക്കും ഭാര്യക്കും ഭാരം. മരുന്ന് വാങ്ങാനും വിശപ്പ്‌  മാറ്റാനുമുള്ള കാശിനായി അവര്‍ ഇപ്പോള്‍ ഇത് പോലെ മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ  നീട്ടുന്നു.
ഇവിടെ ഞാനും വ്യത്യസ്തയല്ല. അവരോടു ഒന്നും സംസാരിക്കാനോ അവര്‍ക്കെന്തെങ്കിലും  കൊടുക്കാനോ ഞാന്‍ മുതിര്‍ന്നില്ല. സ്വാര്‍ത്ഥമായ ഈ ലോകത്ത് ഞാനും സ്വാര്‍ത്ഥ തന്നെ!!!

(3). 
പറയന്ചെരിയില്‍ നിന്നും ആണ് അവര്‍ ബസില്‍ കേറിയത്‌. റോസ് നിറത്തിലുള്ള സാരിയും ബ്ലൌസുമിട്ട ഒരു അമ്പത് വയസു തോന്നിക്കുന്ന ഒരു സ്ത്രീ.കുളിച്ചു ഈറനായ മുടി ചീകുക  പോലും ചെയ്യാതെ കൊണ്ടയായി കെട്ടി വെച്ചിരിക്കുന്നു. രണ്ടാമത്തെ പടിയില്‍ നിന്നും അവര്‍ മുകളിലേക്ക് കേറിയതെയില്ല. മുകളിലേക്ക് കേറി നില്‍ക്കു എന്ന് പല പ്രാവശ്യം പറഞ്ഞിട്ടും കേള്‍ക്കാതെ അവര്‍ അവിടെ തന്നെ   നിന്നു. പാലം എന്ന് പറഞ്ഞു അവര്‍ ടിക്കറ്റ്‌ എടുത്തു. അരയിടത്പലം സ്റ്റോപ്പില്‍ എത്തിയപ്പോള്‍ അവര്‍ ഇറങ്ങിയില്ല. അടുത്തത് പുതിയ ബസ്‌ സ്റ്റാന്റ് ആണെന്നും ഇതാണ് പാലം എന്നും ഒക്കെ പറയുന്നത്  അവര്‍ കേട്ട ഭാവം നടിച്ചില്ല. ബസിലെ എല്ലാരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും ഞാന്‍ ഈ നാട്ടുകാരി അല്ല എന്ന  മട്ടില്‍ അവര്‍ അവിടെ തന്നെ നിന്നു. പുതിയ ബസ്‌ സ്റ്റാന്‍ഡില്‍ ബസ്‌ നിന്നപ്പോള്‍ ഇറങ്ങാന്‍ ഇഷ്ടമില്ലാത്ത പോലെ അവര്‍ അവിടെ ഇറങ്ങി.ഇറങ്ങിയപ്പോള്‍ അവരുടെ മേലാസകലം വിറക്കുന്നത് കാണാമായിരുന്നു. ഇറങ്ങി കൈ  വരി പിടിച്ചു  നിന്നു  അവര്‍ വലതു കൈ നിവര്‍ത്തി . അതില്‍ കണ്ടക്ടെര്‍ അപ്പോള്‍ ബാക്കി കൊടുത്ത പുതിയ അഞ്ചു  രൂപ  നാണയം തിളങ്ങി. വീണ്ടും കൈ ചേര്‍ത്ത് പിടിച്ചു അവര്‍ ദൂരേക്ക്‌ ശൂന്യമായ ഒരു നോട്ടവുമായി നിന്നു.


എവിടെ നിന്നും എവിടെക്കാകും അവര്‍ പോകുന്നത്? എന്തിനാകും പോകുന്നത്? മനസ്സില്‍ ചോദ്യങ്ങള്‍ പിന്നെയും ബാക്കി.
മുന്നിലെക്കുള്ള ഇരുള്‍മൂടിയ വഴിയില്‍ തെളിഞ്ഞു വരുന്ന ഒരു വലിയ ചോദ്യചിഹ്നം. എവിടെക്കാണ്‌ എന്നറിയാത്ത യാത്ര..തിരിഞ്ഞു നടക്കാന്‍ ഒരുങ്ങുമ്പോള്‍ മായ്ഞ്ഞു പോകുന്നു പിന്നിലെക്കുള്ള വഴികള്‍. കട്ട പിടിച്ച ഇരുട്ട് അവിടെയും നിറയുന്നു. എങ്ങോട്ട് പോകണം എന്നറിയാതെ ആകാശത്തേക്ക് നോക്കുമ്പോള്‍ കാവല്മാലാഖ ആയി വഴി കാട്ടിയിരുന്ന നക്ഷത്രം പോലുമില്ല. തളരുന്ന കാലുകള്‍ക്ക് ശരീരഭാരം താങ്ങാന്‍ കഴിയാതെ കുഴഞ്ഞു പോകുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി തുടര്‍ച്ച ആയി  എന്റെ ഉറക്കം കളയുന്ന ഈ സ്വപ്നം കാണുന്നു.  സ്വപ്നങ്ങള്‍ ദൈവത്തിന്റെ സന്ദേശം അല്ലെങ്കില്‍ മുന്നറിയിപ്പുകള്‍ ആണെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. അങ്ങനെ എങ്കില്‍ എന്ത് സന്ദേശം ആയിരിക്കാം അത്.  കണ്ടെത്തിയ, മുന്നേറുന്ന വഴികള്‍ തെറ്റ് ആണെന്നോ, ചിന്തകള്‍ തെറ്റാണെന്നോ? അതോ എന്റെ ജന്മം, ജീവിതം എല്ലാം തെറ്റെന്നോ?

16 അഭിപ്രായങ്ങൾ:

 1. Written from your heart, touched my heart. The uncertainity and pain of loneliness comes across vividly. Ultimately we are all alone, just us and our thoughts. Hugs.

  മറുപടിഇല്ലാതാക്കൂ
 2. എന്‍റെ സുമേച്ചി ...
  as usual, i feel so small to comment about it ...but liked it ..
  രാത്രി കിടക്കുമ്പോ Kudamaaloors flute കേള്‍ക്കു.. നാമം ചൊല്ലി ഭസ്മക്കുറി തൊട്ടു കിടക്കു.. നല്ല സ്വപ്നങ്ങള്‍ മാത്രമേ വരൂ...

  മറുപടിഇല്ലാതാക്കൂ
 3. മനസ്സാക്ഷിയെ പിടിചൊന്നു കുലുക്കി ... എന്ത് പറയാനാ സുമാ... hugs..
  പ്രകാശം പരതൂ എന്നാകാം സന്ദേശം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സിദ്ധുന്റെ വര നന്നായി ട്ടോ
   അവനു ഒരുമ്മ ...

   ഇല്ലാതാക്കൂ
 4. ഏത് മനുഷ്യനും പ്രത്യേകതകളുടെ വലിയൊരു ഭാണ്ഢവും പേറിയാണ് നടക്കുന്നത്. നമുക്ക് ശ്രദ്ധിക്കുവാന്‍ നേരമില്ലാത്തതുകൊണ്ട് ഒന്നും കാണുന്നില്ലയെന്നേയുള്ളു.

  മറുപടിഇല്ലാതാക്കൂ
 5. മൂന്നല്ല. കൂടുതൽ ശ്രദ്ധയോടെയും ഉൾക്കാഴ്ചയോടെയും നടന്നാൽ ഇത്തരം ഒരുപാട് ആളുകളെ കാണാനാവും. ഒരോ യാത്രയിലും ഇത്തരം ആളുകളെക്കാണുമ്പോൾ പിന്നെ മനസ്സിൽ നിലനില്ക്കുന്നത് അവരുടെ ആ അവസ്ഥയും തൊട്ടുമുൻപ് കണ്ട ഏതാനും മുഖങ്ങളും ആയിരിക്കും. അപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായിത്തുടങ്ങും. സമചിത്തതയോടെ അഭിമുഖീകരിക്കുക.
  നമ്മുടെ ഹൃദയത്തെയും മനസാക്ഷിയെയും സ്പർശിക്കാതെ കടന്നുപോകുന്നവരാണെങ്കിൽ അത് നമ്മെ ബാധിക്കുകയില്ല. അഥവാ, ഇത് തിരിച്ചറിയാൻ സാധിക്കാത്തവർക്ക് പ്രശ്നമില്ല. നമ്മുടെ ഉള്ളിൽ സ്പർശിക്കുന്നവരെയൊക്കെയും കുടുംബക്കാരായി പരിഗണിക്കണമെന്നത് പ്രകൃതിനിയമം തന്നെയാണ്‌. മാനുഷികമായ കുടുംബബന്ധങ്ങളിൽ ഒതുങ്ങണമെന്നത് മാനുഷികനിയമം മാത്രമാണ്‌. അതുകൊണ്ട് അപ്രകാരം ഒതുങ്ങുമ്പോൾ തീവ്രമായ വേദനയും മനസാക്ഷിക്കുത്തും ഉണ്ടാവും. അങ്ങനെ മറ്റുള്ളവരെ അവഗണിച്ചുപോകുന്നത് തെറ്റാണ്‌; പ്രായോഗികമായി ഒന്നും ചെയ്യാനാവാത്ത സന്ദർഭങ്ങളിൽ പോലും. പരമാവധി ബുദ്ധിപൂർവ്വവും ആസൂത്രിതവുമായി കാര്യങ്ങൾ നീക്കി പ്രശ്നങ്ങളെ തരണം ചെയ്യുക.
  നമ്മിൽ നിന്നും ലഭിക്കേണ്ടവർക്ക് ലഭിക്കും (ഇതുറപ്പാക്കേണ്ടത് നമ്മുടെ/നല്കുന്നവന്റെ കടമ); നമുക്ക് ലഭിക്കേണ്ടത് ലഭിക്കും. ഇതൊരു പ്രവാഹം പോലെയാണ്‌. വരുന്നതും പോകുന്നതും ഒരേ അളവുള്ളിടത്തേ ശാന്തിയും സമാധാനവും തൃപ്തിയുമുണ്ടായിരിക്കൂ. ഈ പ്രകൃതി നിയമത്തിൽ നിന്നും ഒളിച്ചോടാനേ പറ്റില്ല. തിരിച്ചുനടക്കാനാവില്ല. ഈ നിയമം അനുസരിക്കാതാവുമ്പോൾ പ്രകൃതിശക്തികൾ വഴികാട്ടിയാവില്ല. ജീവിതയാത്രയിൽ ശരീരവും മനസ്സും തളർന്നുപോകും.
  ആ പ്രവാഹം തടസ്സപ്പെടാതിരിക്കട്ടെ...അതുമാത്രമേയുള്ളൂ പരിഹാരം. ഇത്രവ്യക്തമായി സ്വപ്നസൂചനകൾ തരുന്ന മാലാഖമാരെ അനുസരിക്കുക...

  മറുപടിഇല്ലാതാക്കൂ
 6. സ്വപ്നം കാണാന്‍ കഴിയുന്നത് മഹാ ഭാഗ്യം!! കാഴ്ചകള്‍ തരുന്ന ചിത്രങ്ങള്‍ മനസ്സില്‍ കോറിയിടുന്ന വേദന.. 'അതിന്‍റെ' പുറകില്‍ എന്ത് എന്ന് തീവ്രമായി ആലോചിക്കുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജം... ഇതൊക്കെ തന്നെ ആണ് നമ്മളെ എഴുതാന്‍ പ്രേരിപ്പിക്കുന്നത്...
  നൂറു കണക്കിന് ആളുകള്‍ കണ്ട ആ കാഴ്ചകള്‍..നൂറു തരത്തില്‍ ആയിരിക്കും അനുഭവിച്ചിട്ടുണ്ടാകുക !
  ഓര്‍ക്കുക, ആ സ്വപ്നങ്ങള്‍ , ഉറക്കം കളയുക അല്ല ചെയ്യുന്നത്... ഉറക്കം മതിയായി എന്ന് സ്വയം പറയുക ആയിരുന്നു....ഇതൊക്കെ എഴുതാന്‍..എഴുതിക്കാന്‍.... ഭാവുകങ്ങള്‍..!

  മറുപടിഇല്ലാതാക്കൂ
 7. നൊമ്പരപ്പെടുത്തുന്ന എഴുത്ത് .

  കേരള കഫെ സിനിമയില്‍ , അന്‍വര്‍ റഷീദ് സംവിധാനം ചെയ്തു സലിം കുമാര്‍, ശാന്താ ദേവി അഭിനയിച്ച "ബ്രിഡ്ജ് " എന്ന കഥ ഓര്‍മ വന്നു പോയി. സ്വന്തം അമ്മയെ ഉപേക്ഷിക്കുന്ന മകന്‍..എന്‍റെ മനസ്സില്‍ കുറെ കാലത്തേക്ക് ആ അമ്മ ഉണ്ടായിരുന്നു. ഇത് പോലെ ഒറ്റപ്പെട്ടു കഴിയുന്ന അമ്മമാര്‍ ഇനിയും എത്ര പേരുണ്ടാകും എന്നത് വലിയ ചോദ്യം തന്നെയാണ്. ? എവിടെയാണ് എല്ലാവര്‍ക്കും തെറ്റുന്നത് ?

  മറുപടിഇല്ലാതാക്കൂ
 8. it is true that many of us come across such instances, but not all are blessed with the ability to portray it..very well written suma...powerful messages in simple tones!!! simplicity in writing has always been the key!!!

  the modern human in his quest to conquer, to indulge has become void of emotional attachments and craves for the ULTIMATE freedom--- the self and selfish joy is what that remains!!----the power of the umbilical chord probably has by nature, diminished!!! Let not such incidents create darkness, see the light beyond...there still is HOPE in this world....

  മറുപടിഇല്ലാതാക്കൂ
 9. ഓരോരുത്തര്‍ക്കും ഈ ലോകത്ത് ഓരോ ഭാഗധേയം നിര്‍വഹിക്കാനുണ്ട്. അത് മറന്നു പോകുന്നവരാണ് മാനവികതയുടെ അന്തകരായി മാറുന്നത്. വഴിയരികിലെ, യാത്രക്കിടയിലെ 'ഒരാളെ' ശ്രദ്ധിക്കാന്‍ പോലും വയ്യാത്ത വിധം കുടുസ്സായിപ്പോയ മനസ്സുമായി തിരക്ക് പിടിച്ചോടുന്ന ഞാനടക്കമുള്ള ആളുകള്‍ക്ക് ഈ ചിന്തകള്‍ ഒരു തിരിഞ്ഞു നോട്ടത്തിനു പ്രേരിപ്പിചിരുന്നുവെങ്കില്‍...!

  മറുപടിഇല്ലാതാക്കൂ
 10. മനോഹരമായി എഴുതിയിരിക്കുന്ന, പടിയിറക്കപ്പെട്ട അമ്മയുടെ വേദനകള്‍ മനസ്സിലേക്ക്‌ പകര്‍ന്നു... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 11. മൂന്ന് അമ്മമാര്‍... ലക്ഷ്യമില്ലാതുള്ള അവരുടെ യാത്ര.. നൊന്തുപെറ്റ്, കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ പകലന്തിയോളം പണിചെയ്തും അന്യവീടുകളില്‍ പണിചെയ്തും ഒക്കെ ആയിരിക്കാം അവര്‍ മക്കളെ പശിയറിയാതെ വളര്‍ത്തിയത്... അവസാനം, വളര്‍ത്തുമൃഗങ്ങളേക്കാള്‍ തരംതാഴ്ത്തി മുറിയുടെ മൂലയില്‍ അവരെ ഒതുക്കുകയോ എവിടെയെങ്കിലും മാലിന്യ ചാക്ക് കൊണ്ടുതള്ളുന്നതുപോലെ വഴിയരികില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നു... ആരെയാണ് കുറ്റം പറയുക.. .. ഒന്നിനും സമയമില്ലാതെ നെട്ടോട്ടമോടുന്ന ആധുനികസമൂഹത്തെയോ... സൗന്ദര്യതികവാര്‍ന്ന രമ്യഹര്‍മ്മ്യങ്ങളില്‍ അധികപ്പറ്റായ വാര്‍ദ്ധക്യത്തെ അവഗണിക്കുന്ന പരിഷ്‌കാരത്തെയോ.. അതോ മാറ്റം ഉള്‍ക്കൊള്ളാനാവാത്ത, അതിനുപുറകേ ഓടാന്‍ മനസ്സും ആരോഗ്യവും അനുവദിക്കാത്ത വാര്‍ദ്ധക്യത്തെയോ... ?

  മറുപടിഇല്ലാതാക്കൂ
 12. അമ്മയെ വല്ലാതെ സ്നേഹിക്കുന്നത് കൊണ്ടാവണം, ഇതുപോലുള്ള കഥകളും വാര്‍ത്തകളും വായിക്കുമ്പോള്‍ കണ്ണില്‍ ഒരു ചെറു നനവുണ്ടാകുന്നത്.അമ്മയാണ് എല്ലാം,അമ്മ മാത്രമാണ് എല്ലാം എന്ന് ഞാന്‍ വിശ്വസിക്കുന്നു..


  എഴുത്ത് നന്നായി..വീണ്ടും കാണാം..

  മറുപടിഇല്ലാതാക്കൂ
 13. "സ്വപ്നങ്ങൾ ദൈവത്തിന്റെ സന്ദേശങ്ങൾ..." ഹൃദയസ്പർശിയായ കഥ. പര്യവസാനം ഏറെ ശ്രദ്ധേയം.

  മറുപടിഇല്ലാതാക്കൂ
 14. നൊമ്പരപ്പെടുത്തുന്ന എഴുത്ത് .

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...