2018, സെപ്റ്റംബർ 22, ശനിയാഴ്‌ച

ഒരിക്കൽ കൂടി

ഹോട്ടൽ ജക്കാരൻഡയുടെ ജനലിലൂടെ കുന്നുകൾക്കപ്പുറം മായുന്ന സൂര്യനെ നോക്കി നിൽക്കുക ആയിരുന്നു അളക. ആകാശം  ഓറഞ്ചിൽ നിന്ന് ചുവപ്പിലേക്ക് മാറുമ്പോൾ  പൂക്കളുടെ നിറവും മാറുന്നത്  നോക്കി നിൽക്കെ അഞ്ചു വർഷം മുൻപ് കണ്ട അസ്തമയത്തെ കുറിച്ചായിരുന്നു ചിന്ത. ജക്കാരൻഡാ പൂക്കുന്ന വസന്തത്തിലേക്ക് വീണ്ടും വന്നതിനു  കാരണക്കാരൻ ആയ വൈഭവ് ഇപ്പോൾ എവിടെ ആയിരിക്കും എന്നോർത്തു കൊണ്ട് ഒരു സാലഭഞ്ജിക പോലെ അവൾ നിന്നു.

ഇരുട്ട് കുന്നുകളെ മറക്കുകയും നിയോൺ വെളിച്ചം ഹോട്ടലിനു ചുറ്റും പടരുകയും ചെയ്തപ്പോൾ അവൾ കിടക്കയിലേക്ക് മടങ്ങി. അടയാളം പോലും അവശേഷിപ്പിക്കാതെ അന്ന് ഓടിയതിനെ കുറിച്ചോർത്തു അന്നാദ്യമായി അവൾ വിങ്ങി. കയ്യിൽ ഉണ്ടായിരുന്ന നോട്ട് പാഡ് എടുത്തു അവൾ എഴുതാൻ തുടങ്ങി.

റാം ,
വസന്തം ജക്കാരൻഡകൾ വിരിക്കുന്ന ഈ സമയത്തു ഏത് പൂവിനെ ആണ് നിങ്ങൾ നോക്കിയിരിക്കുന്നത്. ഞാൻ അഞ്ചു വർഷങ്ങൾക്കിപ്പുറം നാനൂറ്റി പത്താം  റൂമിൽ  നിന്ന്  അന്ന് കണ്ട അസ്തമയത്തെ വീണ്ടും കാണുക ആയിരുന്നു.

കഴിഞ്ഞ നാലു വർഷവും തോന്നാത്ത തോന്നൽ ഇപ്പോൾ എങ്ങനെ ഉണ്ടായി എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. നമുക്കിടയിൽ വിട്ടു പോയ കണ്ണികളെ ഞാൻ എഴുത്തിലൂടെ പൂരിപ്പിക്കാം മറ്റന്നാൾ രാവിലെ പോകുന്നതിന് മുൻപായി ഞാനിത് റിസപ്ഷനിൽ ഏല്പിക്കും. എന്നെങ്കിലും നിങ്ങൾ വരുമ്പോൾ തരാനായി.

അന്ന് പോകുമ്പോൾ ഞാൻ ഒരു ജക്കാരൻഡാ ചെടി വാങ്ങിയിരുന്നു. ഹിൽ സ്റ്റേഷനിൽ ടൂർ പോയ ഭാര്യ കാട്ടു  ചെടിയുമായി  വരുന്നത് കണ്ട ശിവ് കുറെ ചിരിച്ചു. അത് കാട്ടു  ചെടിയല്ലെന്നും എന്റെ പ്രണയം ആണെന്നും പറയാൻ പറ്റുമോ? പൂന്തോട്ടത്തിനു അരികിലായി അതിനെ നടുമ്പോൾ ഞാൻ എന്റെ പ്രണയവും അവിടെ കുഴിച്ചു വെച്ച് എന്ന് പറയുന്നതാണ് ശരിയെന്നു തോന്നുന്നു. ജീവിതത്തിന്റെ ഓട്ടത്തിനിടയിലും ചെടിയെ ഞാൻ ശുശ്രുഷിച്ചിരുന്നു. പെട്ടെന്ന് തന്നെ അത് വളർന്നു പടർന്നു. വൈകുന്നേരങ്ങളിൽ അതിന്റെ തണലിൽ ഇരുന്നു കണ്ണടക്കുമ്പോൾ എന്നിലേക്ക് നീളുന്ന ചുവന്ന സൂര്യകിരണങ്ങളെ ഞാൻ കാണും. ആ കിരണങ്ങളിൽ നിന്ന് എന്റെ ഇടതു കഴുത്തിൽ പതിയുന്ന ഒരു ചുണ്ടിന്റെ നനവ് ഞാൻ അറിയും.

ഒരാഴ്ച മുൻപ് ആണ് ഞാൻ  കണ്ടത് പൂക്കാൻ  ഒരു പാട് കാലം എടുക്കുന്ന ജക്കാരൻഡായിൽ ചെറിയ മൊട്ടുകൾ. അന്ന് ആദ്യമായി എനിക്ക് വീണ്ടും നിന്നെ കാണാൻ തോന്നി. വീണ്ടും ഒറ്റക്കുള്ള ഒരു യാത്ര.

ഈ ദിവസം നീ ഇവിടെ ഉണ്ടാകും എന്ന് ഞാൻ കരുതി. നിനക്ക് ചിരി വരുന്നുണ്ടോ, സഞ്ചാരിയായ നീ കണ്ടു മുട്ടുന്ന പലരിൽ ഒരുവൾ മാത്രം ആയിരിക്കും നിനക്കു ഞാൻ. പക്ഷെ എനിക്കങ്ങനെ അല്ലല്ലോ. എനിക്കത് ഒരിക്കലും പൂക്കാത്ത, ഏത് നിമിഷവും മഴു സ്പർശം പ്രതീക്ഷിക്കുന്ന മരം പൂവിട്ടത് പോലെ ആയിരുന്നു . അത് കൊണ്ട് തന്നെ ഈ വർഷം  ഞാൻ ഇവിടെ വന്നു അല്ലെങ്കിൽ ജക്കാരൻഡ എന്നെ കൊണ്ട് വന്നു.

അതിരാവിലെ എത്തി . റെസ്റ്റോറന്റിൽ ആ കുഞ്ഞു ടേബിൾ ഇപ്പോഴും ഉണ്ട്. പിന്നെ  പോയത്  അന്ന് നമ്മൾ പോയ ദേവി  ക്ഷേത്രത്തിലേക്ക് ആയിരുന്നു. അവിടം ആകെ മാറിയിരിക്കുന്നു. ടൈൽസ് ഒക്കെ പിടിപ്പിച്ചു നമ്മുടെ ഹോട്ടൽ പോലെ തന്നെ നവീകരിച്ചിരിക്കുന്നു. പക്ഷെ അവിടുണ്ടായിരുന്ന പോസിറ്റീവ് വൈബ്‌സ് നഷ്ടപ്പെട്ടിരിക്കുന്നു. കൂടുതൽ നേരം അവിടിരിക്കാൻ തോന്നിയില്ല. നമ്മൾ പോയ ഊരുകളിലേക്ക് ആണ് പിന്നെ പോയത്. അവിടെയും ഒരു പാട് മാറ്റങ്ങൾ ഉണ്ട് . നിഷ്കളങ്ക മുഖങ്ങൾ ഉൾവലിഞ്ഞത് പോലെ.  അന്ന് നമ്മൾ ഭക്ഷണം കഴിച്ച വീട്ടിൽ നിന്ന് തന്നെ ഭക്ഷണം കഴിച്ചു. അവിടുത്തെ വലിയമ്മ ഒറ്റക്കാണോ എന്ന് ചോദിച്ചു. നിന്നെ അവരും ഓർക്കുന്നുണ്ടാകുമോ?

ഓർമ്മകളുടെ പാതയിലൂടെ ഇന്ന് കുറെ നടന്നു. ഗാർഡനിൽ , കോഫീ ഷോപ്പിൽ നമ്മുടെ കാൽപാദങ്ങൾ പതിഞ്ഞ എല്ലായിടത്തും . ഒരു ഭ്രാന്ത് പോലെ.

ഇപ്പോൾ എന്റെ പഴയ റൂമിൽ ഇരുന്നു ഞാൻ നിനക്ക് എഴുതുന്നു. ഈ അഞ്ചു  വർഷത്തിനിടയിൽ എപ്പോഴെങ്കിലും നീ എന്നെ ഓർമ്മിച്ചിരുന്നോ റാം? വീണ്ടും എപ്പോഴെങ്കിലും ഇവിടെ വന്നിരുന്നോ ?ഓർമ്മിച്ചിരുന്നു എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു . ഇപ്പോഴും ഞാൻ അടയാളങ്ങൾ ഒന്നും തന്നെ ബാക്കി വെക്കുന്നില്ല. കാരണം അത് ഞാൻ എനിക്ക് നൽകുന്ന പ്രതീക്ഷയാണ്. പ്രതീക്ഷ തകർന്നാൽ എന്നിലെ പ്രണയം നശിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു.

നിനക്കറിയുമോ ജക്കാരൻഡ പൂക്കളുടെ വാസനക്കു മാറ്റം ഒന്നുമില്ല . അതിനിപ്പോഴും അർമാനിയുടെ ഗന്ധം തന്നെ.

അളക.

ഏഴുതി തീർത്തു റൂം സർവീസ് വിളിച്ചു വെള്ളത്തിന് പറഞ്ഞു അവൾ പതുക്കെ കിടന്നു. മൊബൈലിൽ മെഹ്ദിഹസ്സൻ പാടി കൊണ്ടിരിക്കുന്നു
ഗുലോം മേം രംഗ് ബരേ
ബാദേ നൗബഹാർ ചലേ
ബഡാ ഹി ദർദ് ക രിഷ്താ

റൂം ബെൽ അടിക്കുന്നത് കേട്ട്  വാതിൽ തുറന്നു വെള്ളത്തിന് കൈ നീട്ടിയ അവൾ കണ്ടു. പുള്ളോവേർ കോട്ടിന്റെ പോക്കറ്റിൽ കൈ ഇട്ടു നിൽക്കുന്ന താടിക്കാരനെ. അയാളിൽ നിന്നും വരുന്ന അർമാനിയുടെ ഗന്ധം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി.

2018, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

ഹോട്ടൽ ജക്കാരൻഡാ

ഹോട്ടൽ ജക്കാരൻഡയുടെ നാനൂറ്റി പത്താം മുറിയിലെ  അഴികൾ ഇല്ലാത്ത ജനലുകൾ തുറന്നു അളകശിവകുമാർ പുറത്തേക്ക് നോക്കി. നഗരത്തിന്റെ തിരക്കിൽ നിന്നും  ചൂടിൽ നിന്നും ഓടിയെത്തിയ  അളകയുടെ കണ്ണും  മനവും നിറച്ചു കൊണ്ട് പച്ച പട്ടു സാരിയിലെ വയലറ്റ് കര പോലെ നിരനിരയായി  കിടക്കുന്ന  ജക്കാരൻഡാ മരങ്ങളിൽ വയലറ്റ് പൂക്കൾ. ഇടയ്ക്കിടെ ബാത്തിക് പ്രിന്റ് പോലെ ചുവന്ന  വാകപ്പൂക്കളും.  പച്ച കുന്നുകൾ, അവയിൽ അവിടവിടെ ആയി  ചുവപ്പും വയലറ്റും  മഞ്ഞയും പിന്നെ പലതരത്തിലും നിറത്തിലുമുള്ള  പൂമരങ്ങൾ.വിശപ്പിന്റെ സൈറണ് മുഴങ്ങാൻ  തുടങ്ങുന്നത് വരെ ആ കാഴ്ചയും നോക്കി നിന്നു അവൾ.  കുളിമുറിയിലെ ഷവറിനു  കീഴെ തണുത്ത വെള്ളത്തിൽ കണ്ണുകളടച്ചു നിൽക്കുമ്പോഴും അവളുടെ കണ്ണുകളിൽ നേരത്തെ കണ്ട വർണ്ണ കാഴ്ചകൾ ആയിരുന്നു.

നിറയെ പൂക്കളുള്ള ഒരു ഷിഫോൺ സാരി ഉടുത്തു അവൾ റെസ്റ്റോറന്റിലേക്ക് നടന്നു.ലിഫ്റ്റിൽ കയറാതെ പടികൾ ഓരോന്നായി ഇറങ്ങി നടക്കുമ്പോൾ ഒറ്റക്കുള്ള ഓരോ കാലടിയും ആസ്വദിച്ച് കൊണ്ടിരുന്നു. ഒറ്റക്കൊരു യാത്ര, എത്ര ലത്തെ മോഹമാണ് സഫലമായത്. നാല്പത് കഴിഞ്ഞാൽ സ്ത്രീകൾ ചെയ്തിരിക്കേണ്ടത് എന്ന ലേഖനമാണ് ഈ ഒരു യാത്രക്ക് പ്രചോദനമായത്.

വിദേശത്തേക്ക് ഒരു ബിസിനസ് യാത്ര പോകുമ്പോൾ വീട്ടിൽ ഭാര്യ തനിച്ചിരുന്നു ബോറടിക്കേണ്ടെന്നു കരുതിയാകും രണ്ടാഴ്ച ഒറ്റയ്ക്ക് സുഖിക്കു എന്ന് പറഞ്ഞു  തടസങ്ങൾ ഒന്നും പറയാതെ ഹിൽസ്റ്റേഷനിലേക്കുള്ള യാത്രാടിക്കറ്റ് എടുത്തു കൊടുത്തതും ഹോട്ടൽ റൂം ബുക്ക് ചെയ്തതും ഒക്കെ ശിവ് തന്നെ ആണ്. 

സീസൺ ആയത്കൊണ്ടായിരിക്കാം നല്ല തിരക്കായിരുന്നു റെസ്റ്റോറന്റിൽ. ഇരിക്കാൻ ഒരു സ്ഥലം തിരഞ്ഞപ്പോൾ കുഞ്ഞു ടേബിൾ മാത്രം ആണ് കണ്ടത്.  മെനു കാർഡിലെ പേരുകൾ ഒന്നും തന്നെ അവൾക്കു മനസിലാകുന്നതായിരുന്നില്ല. മുന്നിൽ ഓർഡർ എടുക്കാൻ വന്ന മിടുക്കി കുട്ടിയോട് ചപ്പാത്തിയും ചിക്കൻ  കറിയും ഫ്രൂട്ട് സലാഡും പറഞ്ഞു ഗ്ലാസ് ചുമരുകൾക്ക് അപ്പുറമുള്ള  മനോഹരമായ പൂന്തോട്ടത്തിലേക്ക് നോക്കി അവൾ ഇരുന്നു. പൂമ്പാറ്റകൾ പൂക്കൾക്ക് മുകളിൽ മത്സരിച്ചു പറക്കുന്നുണ്ടായിരുന്നു. മനസ്സുകൊണ്ട് അവളും ഒരു പൂമ്പാറ്റയെ പോലെ പൂക്കൾക്കിടയിലൂടെ പറന്നു നടന്നു .

"എക്സ്ക്യൂസ്‌ മി , കാൻ  ഐ സിറ്റ് ഹിയർ."

 ചോദിച്ചയാൾക്കു തലയാട്ടി സമ്മതം കൊടുത്തു അവൾ വീണ്ടും പൂക്കളിൽ പറക്കാൻ തുടങ്ങി. ഭക്ഷണം കഴിക്കുമ്പോഴാണ്   എതിരെ  ഇരിക്കുന്ന ആളെ അവൾ ശരിക്കും ശ്രദ്ധിച്ചത്. താടി ഭംഗി ആയി വെട്ടിയൊതുക്കി കട്ടി ഫ്രെയിം ഉള്ള കണ്ണട വെച്ച സുന്ദരൻ. കൊള്ളാല്ലോ എന്നവൾ   മനസിലോർത്തതും അയാളുടെ നോട്ടം അവളുടെ മുഖത്തേക്ക് വീണു. പറഞ്ഞത് ഉറക്കെ ആയി പോയോ  എന്നൊരു സംശയത്തോടെ കഴിച്ചു തീർത്തു അവൾ എഴുന്നേറ്റു.അവൾ നടന്നപ്പോൾ  അവളുടെ സാരി തലപ്പ് അയാളുടെ മുഖത്തെ തഴുകി. അതിൽ നിന്നും ഉയർന്ന മാസ്മരിക ഗന്ധം അയാളെ ഒന്നുലച്ചു.

ഗ്ലാസ് ചുവരുകൾക്കപ്പുറത്തുടെ അവൾ നടന്നു ഗാർഡനിലേക്ക്  പോകുന്നത്  അയാൾ നോക്കി നിന്നു . അരക്കെട്ടു മറഞ്ഞു നിൽക്കുന്ന വിടർത്തിയിട്ട നനുത്ത നീണ്ട മുടി. നീണ്ട മൂക്കിന്റെ അറ്റത്തായി ഒരു ചെറിയ കാക്കപുള്ളി. വിടർന്ന കണ്ണുകൾ. അവളെ നോക്കി  നിൽക്കെ തന്റെ സങ്കല്പങ്ങളിൽ താൻ കണ്ടിട്ടുള്ള പേരറിയാ പെൺകുട്ടിയെ പോലെ തോന്നി അയാൾക്ക്‌ . ഗാർഡനിൽ ഓരോ പൂക്കളെയും  അവൾ തൊട്ടു നോക്കുന്നതും മണത്തു നോക്കുന്നതും അയാൾ കണ്ടു. വേഗം ഫുഡ് കഴിച്ചു അയാളും ഗാർഡനിലേക്ക് നടന്നു.

അവിടെ സിമന്റ് ബെഞ്ചിൽ  വീണ വയലറ്റ് പൂക്കൾ പെറുക്കി കൊണ്ട് അവൾ ഇരിക്കുന്നുണ്ടായിരുന്നു. പോയി സംസാരിച്ചാൽ ഒറ്റക്കിരിക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ ഇളകുന്ന ആണുങ്ങളുടെ കൂട്ടത്തിൽ തന്നെ പെടുത്തിക്കളയുമോ എന്നൊരു ഭയം അയാൾക്കുണ്ടായി. എങ്കിലും ആ ഭയത്തിനും മുകളിൽ ആയി അവളെ പരിചയപ്പെടണം എന്ന ആഗ്രഹം.

അവൾ ഇരിക്കുന്ന ബെഞ്ചിന്റെ മറ്റേ അറ്റത്തായി ഇരിക്കുമ്പോൾ അവളുടെ മുഖത്തേക്കു ഒന്ന് നോക്കി അയാൾ . ഒരു ചിരി അവിടെ തെളിഞ്ഞോ എന്നൊരു സംശയം. അവൾ പെറുക്കി വെച്ച പൂക്കളിലേക്ക് നോക്കി അയാൾ ചോദിച്ചു

 "ഇതിനു എന്ത് മണമാണ്‌ "

ആവോ  എന്ന് പറഞ്ഞു  അവൾ എഴുന്നേറ്റു പോയപ്പോൾ തൻറെ  സമീപന രീതിയിൽ അവൾക്കു  വല്ല സംശയവും  വന്നോ എന്ന് വീണ്ടും അയാൾ ഭയന്നു.

ആ ദിവസം  പിന്നീട് അവളെ കണ്ടതേയില്ല. ഒരിക്കലും സാധിക്കാത്ത ആഗ്രഹങ്ങളുടെ ലിസ്റ്റിലേക്ക് അതിനെയും ചേർത്ത് വെക്കാം എന്നാലോചിച്ചു കാപ്പി കുടിക്കാനായി പോയപ്പോൾ ആണ് തലേ ദിവസം ഇരുന്ന  സീറ്റിൽ വീണ്ടും അവളെ  കണ്ടത്. തിരക്കില്ലാതിരുന്നിട്ടും അയാൾ അവളുടെ എതിർവശത്തെ സീറ്റിൽ തന്നെ പോയിരുന്നു. അവളുടെ മുന്നിലെ ഒഴിഞ്ഞ കപ്പ്  കണ്ടപ്പോൾ കാപ്പി കുടിച്ചു കഴിഞ്ഞു അവൾ പോകാൻ നോക്കുകയാണ് എന്ന് അയാൾക്കു  മനസിലായി. പെട്ടെന്ന് ഏതോ ഒരുൾപ്രേരണയാൽ കൈ നീട്ടി അയാൾ പറഞ്ഞു

" വൈഭവ് റാം , ട്രാവലർ ആൻഡ്  ഫ്രീലാൻസ് ഫോട്ടോഗ്രാഫർ"

നീട്ടിയ കൈകൾ കൈകളിൽ തൊടാതെ അവൾ പറഞ്ഞു  'അളക ശിവകുമാർ ' .

തുടക്കം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അയാൾ . ഔപചാരിക സംസാരത്തിനു ശേഷം അവൾ എഴുന്നേറ്റു പോകുമ്പോൾ അവളുടെ സാരിയിൽ നിന്ന് വരുന്ന ഗന്ധത്തെ അയാൾ മൂക്കിലേക്ക് ആവാഹിച്ചു എടുക്കുക ആയിരുന്നു.

ഓരോ പ്രാവശ്യം  കാണുമ്പോഴും കുറേശ്ശേ കുറേശ്ശേ ആയി അവരുടെ സംസാരം നീണ്ടു  നീണ്ടു ചിരപരിചിതരെ പോലെ ആയി. ഇതിനു മുൻപും അവിടെ വന്നിട്ടുണ്ട്    എന്നും  തിരിച്ചു വിളിക്കുന്ന  വല്ലാത്ത ഒരു മാന്ത്രിക ശക്തിയുണ്ട് ഈ പ്രദേശത്തിന്  എന്നും അയാൾ സംസാരത്തിനിടയിൽ  അവളോട് പറഞ്ഞു.  കുഞ്ഞു ക്ഷേത്രങ്ങളും  അടുത്തുള്ള ചെറിയ ഗ്രാമങ്ങളും കുന്നിൻമുകളിൽ  അസ്തമയവും ഒക്കെ അയാളുടെ വാക്കുകളിൽ കൂടെ കേട്ടപ്പോൾ അതൊക്കെ കാണാൻ അവൾക്കും ആവേശമായി. അടുത്ത ദിവസം  രാവിലെ  ആദ്യം  ദേവീക്ഷേത്രത്തിൽ പോയി തൊഴുതു അടുത്തുള്ള ഗ്രാമത്തിലേക്ക് ഒരു യാത്ര അവർ പ്ലാൻ ചെയ്തു.

ആ യാത്രയിൽ  അത് വരെ കണ്ട കാഴ്ചകൾ എല്ലാം   ചെറുതും ഭംഗി ഇല്ലാത്തതും ആയിരുന്നു എന്നവൾക്കു മനസിലായി. നഗരത്തിന്റെ തിരക്കും മാലിന്യവും എത്തിച്ചേരാത്ത നാട് , തികച്ചും നിഷ്‍കളങ്കരായ ഗ്രാമീണർ . അവർ ഉണ്ടാക്കുന്ന അത് വരെ കണ്ടിട്ടില്ലാത്ത വിഭവങ്ങൾക്ക് എന്തെന്നില്ലാത്ത രുചി. മടക്കയാത്രയിൽ വൈഭവിനെ പരിചയെപ്പെട്ടിരുന്നില്ലെങ്കിൽ  ഉണ്ടാകുമായിരുന്ന നഷ്ടങ്ങളെ കുറിച്ച് അവൾ ഓർത്തു. ഹോട്ടലുകൾ നടത്തുന്ന ഷെഡ്യൂൾ ട്രിപ്പിൽ ഇത് പോലൊരു കാഴ്ച ഒരിക്കലും കിട്ടില്ലായിരുന്നു .

അടുത്ത ദിവസം  കുന്നിൻമുകളിലെ  അസ്തമയം ആയിരുന്നു ലക്‌ഷ്യം.ഓരോ കഥകളും പറഞ്ഞു കുന്നിൻ മുകളിലേക്ക് നടക്കുമ്പോൾ ദൂരവും കയറ്റവും ഒന്നും അവൾ അറിഞ്ഞതേയില്ല. അയാളുടെ ബാഗിൽ കുടിക്കാൻ വെള്ളവും കഴിക്കാനുള്ള  പഴങ്ങളും ചിപ്സും ഒക്കെ നിറച്ചായിരുന്നു യാത്ര. തിന്നും കുടിച്ചും കളിച്ചും ചിരിച്ചും മുകളിൽ എത്തിയപ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് താഴ്ന്നു തുടങ്ങുന്നുണ്ടായിരുന്നേയുള്ളു.

കുന്നിൽ മുകളിൽ ചുവന്ന  പൂക്കൾ  നിറഞ്ഞൊരു ഒറ്റ മരം .  കൈകൊണ്ട് തൊടാൻ പറ്റുന്ന വിധം അടുത്തെത്തിയ മേഘങ്ങൾ. അസ്തമിക്കാൻ  തുടങ്ങുന്ന സൂര്യരശ്മികൾ  അവയ്ക്ക്  ഉലയിലെ പഴുപ്പിച്ച ഇരുമ്പെന്ന പോലെ ചുവപ്പു നിറം കൊടുത്തിരുന്നു. മരത്തിനു ചുവട്ടിൽ നിന്നും ചുറ്റും കണ്ണോടിക്കുമ്പോൾ മേഘങ്ങളിൽ നിന്നും ഉതിർന്നു വീണത് പോലെ കുന്നുകൾ. അവയിൽ നിന്നും മുകളിലേയ്ക്ക് ഉയരുന്ന പുകമഞ്ഞു . വാക്കുകളിൽ വിവരിക്കാനാകാത്ത ആ സുന്ദരദൃശ്യത്തെ  ലെൻസിൽ ഒപ്പിയെടുക്കുക ആയിരുന്നു അയാൾ. ചെറിയ കാറ്റിൽ അവളുടെ ചുവന്ന  ഷാൾ ഉയർന്നു പൊങ്ങുന്നതിന്റെ ഫോട്ടോ എടുക്കുമ്പോൾ ആണ് അയാൾ കണ്ടത്. അവളുടെ മൂക്കിൻതുമ്പത്തെ വിയർപ്പുതുള്ളി വൈഡൂര്യം പോലെ തിളങ്ങുന്നു. സ്വർഗീയ കാഴ്ച്ചയിൽ മയങ്ങി ഏതോ ലോകത്തിൽ നിൽകുന്ന അവൾ ആകട്ടെ ഫോട്ടോ  എടുക്കുന്നത് അറിഞ്ഞതേയില്ല.

"താങ്ക്സ് റാം" എന്ന് പറഞ്ഞു  തിരിഞ്ഞപ്പോൾ ആണ് അയാൾ ഫോട്ടോ എടുക്കുന്നത് അവൾ ശ്രദ്ധിച്ചത്.

"അന്യസ്ത്രീകളുടെ ഫോട്ടോ അവരുടെ സമ്മതമില്ലാതെ എടുക്കുന്നത് കുറ്റകരം ആണ് ഫോട്ടോഗ്രാഫർ"

"ഒരു ഫോട്ടോഗ്രാഫർക്ക് സുന്ദരമായ എന്തിന്റെയും ഫോട്ടോ എടുക്കാം എന്നാണ്" അയാളും  വിട്ടു കൊടുത്തില്ല.

"ഓഹോ, എങ്കിൽ പിന്നെ ആ സൗന്ദര്യം ഞാനും ഒന്ന് കാണട്ടെ."

 അയാൾ എടുത്ത  ഫോട്ടോകൾ നോക്കി കൊണ്ടിരിക്കുമ്പോൾ കാറ്റിൽ അവളുടെ മുടി അയാളുടെ മുഖത്തേക്ക് പതിച്ചു. മുൻപ് അറിഞ്ഞിരുന്ന മാസ്മരികഗന്ധത്തിനു പകരം മുടിക്ക്  കർപ്പൂരത്തിന്റെയും തുളസിയുടെയും മണമായിരുന്നു.

ഒരു നിമിഷം എന്തോ ഒരാവേശത്തിൽ  ഇടം കൈ കൊണ്ട് അരക്കെട്ടു ചേർത്ത് പിടിച്ചു അവളുടെ ചെവിക്കു താഴെ ഉമ്മ  വെക്കുമ്പോൾ അരുതായ്മകളെ കുറിച്ചൊന്നും അയാൾ ഓർത്തില്ല. ഒറ്റ മരം ചുവന്ന പൂക്കൾ  അവർക്ക് മേൽ പൊഴിച്ച് കൊണ്ടിരുന്നു. അവളുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദത്തിൽ അവർ ഒന്ന് ഞെട്ടി. ഫോൺ സ്‌ക്രീനിൽ ശിവ് ന്റെ പേര്. ഫോൺ ചെവിയോട് ചേർത്തു  അവൾ ഒരറ്റത്തേക്ക് നടന്നു. സംസാരിച്ചു കഴിഞ്ഞപ്പോൾ സൂര്യൻ കുന്നുകൾക്കിടയിലേക്ക് മറയാൻ  തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. കുന്നിറങ്ങുമ്പോൾ അയാൾ നിശബ്ദൻ ആയിരുന്നു. എന്ത് പറ്റി  എന്ന അവളുടെ ചോദ്യത്തിന് സോറി പെട്ടെന്നു ഞാൻ എന്തോ ഓർത്തു അറിയാതെ , അയാൾ വാക്കുകൾക്ക് വേണ്ടി കഷ്ടപ്പെട്ടു

 "താങ്ക്സ് , കുറച്ചു സമയത്തേക്ക് എങ്കിലും എന്നെ ഒരു ടീനേജർ ആക്കി യതിനു"  പൊട്ടിച്ചിരിച്ചു  ഒറ്റ നിമിഷം കൊണ്ട് അവർക്കിടയിൽ വന്നു വീണ മൗനത്തിന്റെ പുതപ്പിനെ അവൾ ചുരുട്ടിയെറിഞ്ഞു

സംസാരിച്ചു  നടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു " നമ്മൾ മുൻപേ കണ്ടു മുട്ടേണ്ടവർ ആയിരുന്നു "

"ഒരിക്കലും അല്ല മുൻപേ കണ്ടു മുട്ടിയിരുന്നുവെങ്കിൽ ഈ അസ്തമയം ഇത്രയും ഭംഗിയിൽ നമുക്ക് ഒരിക്കലും കാണാൻ പറ്റില്ലായിരുന്നു"

കുന്നിൻമുകളിൽ നിന്നും കണ്ട തടാകത്തിലേക്ക് പിറ്റേദിവസം പോകാമെന്നു പറഞ്ഞു ഇരുവരും പിരിഞ്ഞു .

പിറ്റേന്ന് കാലത്തു റെസ്റ്റോറന്റിലേക്ക് നടക്കുമ്പോൾ ആണ് റിസപ്ഷനിൽ നിന്നും അയാളെ വിളിച്ചു  ഇത് 410 ലെ ഗസ്റ്റ് തരാൻ  വേണ്ടി ഏല്പിച്ചതാണ് എന്ന് പറഞ്ഞു ഒരു കവർ  കൊടുത്തത് . ആകാക്ഷയോടെ തുറന്ന കവറിൽ നിന്നും വീണ ഒരു തുണ്ടു പേപ്പർ  വായിച്ചു കൊണ്ട് അയാൾ പുറത്തേക്ക് നടന്നു

റാം,

ശിവ്നു വയ്യാത്തത് കൊണ്ട് ട്രിപ്പ് ക്യാൻസൽ ചെയ്തു തിരിച്ചു വന്നിരിക്കുന്നു. വലിയ ബിസിനസ്സ്മാൻ ആണെങ്കിലും വയ്യാതായാൽ ചെറിയ കുട്ടിയെ പോലെയാണ്. അത് കൊണ്ട്  പറഞ്ഞതിലും മുൻപേ മടങ്ങേണ്ടിയിരിക്കുന്നു.

തിരിച്ചു വിളിക്കുന്ന മാന്ത്രികതയുള്ള നാട്ടിൽ വീണ്ടും വസന്തം ജക്കാരൻഡാ പൂക്കൾ വിരിക്കുമ്പോൾ നമ്മൾ കണ്ടുമുട്ടും. അത് കൊണ്ട് തന്നെ ഫോൺ നമ്പർ ഒന്നും തന്നെ തരുന്നില്ല.

പിന്നെ , അന്ന് ചോദിച്ചിരുന്നില്ലേ ജക്കാരൻഡയുടെ മണമെന്താണ് എന്ന് . അതിനു ജോർജിയോ അർമാനിയുടെ മണമാണ് ..;)

അളക

പൂവിന്റെ മണം അറിയാൻ ചാഞ്ഞു കിടക്കുന്ന കൊമ്പിലെ ജക്കാരൻഡാ പൂ അയാൾ മണത്തു  നോക്കി. അതിനു  തുളസിയുടെയും  കർപ്പൂരത്തിന്റെയും ഗന്ധമായിരുന്നു !!


******************
സമർപ്പണം ജക്കാരൻഡയും പ്രണയവും അവിടേം ഇവിടേം തൊടാതെ പറയുന്ന തമ്പി സാറിന്

ടൈറ്റിൽ നു കടപ്പാട് : പിഗ്മക്ക്

പടം വര : റൈഡർ സോളോ




കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...