2018, സെപ്റ്റംബർ 22, ശനിയാഴ്‌ച

ഒരിക്കൽ കൂടി

ഹോട്ടൽ ജക്കാരൻഡയുടെ ജനലിലൂടെ കുന്നുകൾക്കപ്പുറം മായുന്ന സൂര്യനെ നോക്കി നിൽക്കുക ആയിരുന്നു അളക. ആകാശം  ഓറഞ്ചിൽ നിന്ന് ചുവപ്പിലേക്ക് മാറുമ്പോൾ  പൂക്കളുടെ നിറവും മാറുന്നത്  നോക്കി നിൽക്കെ അഞ്ചു വർഷം മുൻപ് കണ്ട അസ്തമയത്തെ കുറിച്ചായിരുന്നു ചിന്ത. ജക്കാരൻഡാ പൂക്കുന്ന വസന്തത്തിലേക്ക് വീണ്ടും വന്നതിനു  കാരണക്കാരൻ ആയ വൈഭവ് ഇപ്പോൾ എവിടെ ആയിരിക്കും എന്നോർത്തു കൊണ്ട് ഒരു സാലഭഞ്ജിക പോലെ അവൾ നിന്നു.

ഇരുട്ട് കുന്നുകളെ മറക്കുകയും നിയോൺ വെളിച്ചം ഹോട്ടലിനു ചുറ്റും പടരുകയും ചെയ്തപ്പോൾ അവൾ കിടക്കയിലേക്ക് മടങ്ങി. അടയാളം പോലും അവശേഷിപ്പിക്കാതെ അന്ന് ഓടിയതിനെ കുറിച്ചോർത്തു അന്നാദ്യമായി അവൾ വിങ്ങി. കയ്യിൽ ഉണ്ടായിരുന്ന നോട്ട് പാഡ് എടുത്തു അവൾ എഴുതാൻ തുടങ്ങി.

റാം ,
വസന്തം ജക്കാരൻഡകൾ വിരിക്കുന്ന ഈ സമയത്തു ഏത് പൂവിനെ ആണ് നിങ്ങൾ നോക്കിയിരിക്കുന്നത്. ഞാൻ അഞ്ചു വർഷങ്ങൾക്കിപ്പുറം നാനൂറ്റി പത്താം  റൂമിൽ  നിന്ന്  അന്ന് കണ്ട അസ്തമയത്തെ വീണ്ടും കാണുക ആയിരുന്നു.

കഴിഞ്ഞ നാലു വർഷവും തോന്നാത്ത തോന്നൽ ഇപ്പോൾ എങ്ങനെ ഉണ്ടായി എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. നമുക്കിടയിൽ വിട്ടു പോയ കണ്ണികളെ ഞാൻ എഴുത്തിലൂടെ പൂരിപ്പിക്കാം മറ്റന്നാൾ രാവിലെ പോകുന്നതിന് മുൻപായി ഞാനിത് റിസപ്ഷനിൽ ഏല്പിക്കും. എന്നെങ്കിലും നിങ്ങൾ വരുമ്പോൾ തരാനായി.

അന്ന് പോകുമ്പോൾ ഞാൻ ഒരു ജക്കാരൻഡാ ചെടി വാങ്ങിയിരുന്നു. ഹിൽ സ്റ്റേഷനിൽ ടൂർ പോയ ഭാര്യ കാട്ടു  ചെടിയുമായി  വരുന്നത് കണ്ട ശിവ് കുറെ ചിരിച്ചു. അത് കാട്ടു  ചെടിയല്ലെന്നും എന്റെ പ്രണയം ആണെന്നും പറയാൻ പറ്റുമോ? പൂന്തോട്ടത്തിനു അരികിലായി അതിനെ നടുമ്പോൾ ഞാൻ എന്റെ പ്രണയവും അവിടെ കുഴിച്ചു വെച്ച് എന്ന് പറയുന്നതാണ് ശരിയെന്നു തോന്നുന്നു. ജീവിതത്തിന്റെ ഓട്ടത്തിനിടയിലും ചെടിയെ ഞാൻ ശുശ്രുഷിച്ചിരുന്നു. പെട്ടെന്ന് തന്നെ അത് വളർന്നു പടർന്നു. വൈകുന്നേരങ്ങളിൽ അതിന്റെ തണലിൽ ഇരുന്നു കണ്ണടക്കുമ്പോൾ എന്നിലേക്ക് നീളുന്ന ചുവന്ന സൂര്യകിരണങ്ങളെ ഞാൻ കാണും. ആ കിരണങ്ങളിൽ നിന്ന് എന്റെ ഇടതു കഴുത്തിൽ പതിയുന്ന ഒരു ചുണ്ടിന്റെ നനവ് ഞാൻ അറിയും.

ഒരാഴ്ച മുൻപ് ആണ് ഞാൻ  കണ്ടത് പൂക്കാൻ  ഒരു പാട് കാലം എടുക്കുന്ന ജക്കാരൻഡായിൽ ചെറിയ മൊട്ടുകൾ. അന്ന് ആദ്യമായി എനിക്ക് വീണ്ടും നിന്നെ കാണാൻ തോന്നി. വീണ്ടും ഒറ്റക്കുള്ള ഒരു യാത്ര.

ഈ ദിവസം നീ ഇവിടെ ഉണ്ടാകും എന്ന് ഞാൻ കരുതി. നിനക്ക് ചിരി വരുന്നുണ്ടോ, സഞ്ചാരിയായ നീ കണ്ടു മുട്ടുന്ന പലരിൽ ഒരുവൾ മാത്രം ആയിരിക്കും നിനക്കു ഞാൻ. പക്ഷെ എനിക്കങ്ങനെ അല്ലല്ലോ. എനിക്കത് ഒരിക്കലും പൂക്കാത്ത, ഏത് നിമിഷവും മഴു സ്പർശം പ്രതീക്ഷിക്കുന്ന മരം പൂവിട്ടത് പോലെ ആയിരുന്നു . അത് കൊണ്ട് തന്നെ ഈ വർഷം  ഞാൻ ഇവിടെ വന്നു അല്ലെങ്കിൽ ജക്കാരൻഡ എന്നെ കൊണ്ട് വന്നു.

അതിരാവിലെ എത്തി . റെസ്റ്റോറന്റിൽ ആ കുഞ്ഞു ടേബിൾ ഇപ്പോഴും ഉണ്ട്. പിന്നെ  പോയത്  അന്ന് നമ്മൾ പോയ ദേവി  ക്ഷേത്രത്തിലേക്ക് ആയിരുന്നു. അവിടം ആകെ മാറിയിരിക്കുന്നു. ടൈൽസ് ഒക്കെ പിടിപ്പിച്ചു നമ്മുടെ ഹോട്ടൽ പോലെ തന്നെ നവീകരിച്ചിരിക്കുന്നു. പക്ഷെ അവിടുണ്ടായിരുന്ന പോസിറ്റീവ് വൈബ്‌സ് നഷ്ടപ്പെട്ടിരിക്കുന്നു. കൂടുതൽ നേരം അവിടിരിക്കാൻ തോന്നിയില്ല. നമ്മൾ പോയ ഊരുകളിലേക്ക് ആണ് പിന്നെ പോയത്. അവിടെയും ഒരു പാട് മാറ്റങ്ങൾ ഉണ്ട് . നിഷ്കളങ്ക മുഖങ്ങൾ ഉൾവലിഞ്ഞത് പോലെ.  അന്ന് നമ്മൾ ഭക്ഷണം കഴിച്ച വീട്ടിൽ നിന്ന് തന്നെ ഭക്ഷണം കഴിച്ചു. അവിടുത്തെ വലിയമ്മ ഒറ്റക്കാണോ എന്ന് ചോദിച്ചു. നിന്നെ അവരും ഓർക്കുന്നുണ്ടാകുമോ?

ഓർമ്മകളുടെ പാതയിലൂടെ ഇന്ന് കുറെ നടന്നു. ഗാർഡനിൽ , കോഫീ ഷോപ്പിൽ നമ്മുടെ കാൽപാദങ്ങൾ പതിഞ്ഞ എല്ലായിടത്തും . ഒരു ഭ്രാന്ത് പോലെ.

ഇപ്പോൾ എന്റെ പഴയ റൂമിൽ ഇരുന്നു ഞാൻ നിനക്ക് എഴുതുന്നു. ഈ അഞ്ചു  വർഷത്തിനിടയിൽ എപ്പോഴെങ്കിലും നീ എന്നെ ഓർമ്മിച്ചിരുന്നോ റാം? വീണ്ടും എപ്പോഴെങ്കിലും ഇവിടെ വന്നിരുന്നോ ?ഓർമ്മിച്ചിരുന്നു എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു . ഇപ്പോഴും ഞാൻ അടയാളങ്ങൾ ഒന്നും തന്നെ ബാക്കി വെക്കുന്നില്ല. കാരണം അത് ഞാൻ എനിക്ക് നൽകുന്ന പ്രതീക്ഷയാണ്. പ്രതീക്ഷ തകർന്നാൽ എന്നിലെ പ്രണയം നശിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു.

നിനക്കറിയുമോ ജക്കാരൻഡ പൂക്കളുടെ വാസനക്കു മാറ്റം ഒന്നുമില്ല . അതിനിപ്പോഴും അർമാനിയുടെ ഗന്ധം തന്നെ.

അളക.

ഏഴുതി തീർത്തു റൂം സർവീസ് വിളിച്ചു വെള്ളത്തിന് പറഞ്ഞു അവൾ പതുക്കെ കിടന്നു. മൊബൈലിൽ മെഹ്ദിഹസ്സൻ പാടി കൊണ്ടിരിക്കുന്നു
ഗുലോം മേം രംഗ് ബരേ
ബാദേ നൗബഹാർ ചലേ
ബഡാ ഹി ദർദ് ക രിഷ്താ

റൂം ബെൽ അടിക്കുന്നത് കേട്ട്  വാതിൽ തുറന്നു വെള്ളത്തിന് കൈ നീട്ടിയ അവൾ കണ്ടു. പുള്ളോവേർ കോട്ടിന്റെ പോക്കറ്റിൽ കൈ ഇട്ടു നിൽക്കുന്ന താടിക്കാരനെ. അയാളിൽ നിന്നും വരുന്ന അർമാനിയുടെ ഗന്ധം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി.

1 അഭിപ്രായം:

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...