പാതിരാത്രിയിലാണ് , ഉറക്കത്തിന്റെ മൂർദ്ധന്യത്തിലാണ് വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദം ഉണർത്തിയത്. തുറന്നിട്ട ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മുടിയഴിച്ചാടുന്ന യക്ഷിയെ പോലെ തെങ്ങുകൾ വട്ടം കറങ്ങുന്നതാണ് കൂടെ തോരാമഴയും. ഉള്ളിൽ പേടിയുടെ പെരുമ്പറമുഴക്കം.
വയനാട്ടുകാരി എന്ന നിലക്ക് മഴയും പുഴയും വെള്ളവും ഒരിക്കലും ഭയപ്പെടുത്തുന്നത് ആയിരുന്നില്ല. രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ ദൂരെ ഒരു പൊട്ടു പോലെ കാണുന്ന പുഴ വെള്ളം വൈകീട്ട് സ്‌കൂൾ വിട്ടു വരുമ്പോൾ വീട്ടിലേക്കുള്ള വഴിയിലൂടെ മുട്ടറ്റം പരന്നൊഴുകുന്നുണ്ടാകും. മഴയുടെ ശക്തി കൂടുന്നതിന് അനുസരിച്ചു വെള്ളത്തിന്റെ നിരപ്പ് കൂടുകയും സ്ഥലങ്ങൾ ഒറ്റപ്പെട്ടുകയും ചെയ്യുമ്പോഴും പേടി മനസ്സിനെ ബാധിച്ചിരുന്നില്ല. എല്ലാ വർഷവും ഒരു അതിഥിയെ പോലെ ആയിരുന്നു മഴയും വെള്ളപ്പൊക്കവും. മഴ വരുന്നതിനു മുൻപേ തന്നെ എല്ലാം സ്വരുക്കൂട്ടി വെക്കുന്നവർ എന്ന് മുതലാണ് മഴയെ പേടിക്കാൻ തുടങ്ങിയത്. മഴയുടെ രൂപം മാറുകയും ആ മഴയിൽ പുഴ പ്രതികാര ദാഹിയെ പോലെ കണ്ട വഴിയിലൂടെ ഒക്കെ ആഞ്ഞടിച്ചു കേറാൻ തുടങ്ങിയപ്പോൾ നമ്മുടെ മഴയല്ലേ , പുഴയല്ലേ എന്ന് പറഞ്ഞവർ ഒരിക്കലും കാണാത്ത വെള്ളമെന്നും മഴയെന്നും പറഞ്ഞു മഴ തോരാൻ നേർച്ച നേരാൻ തുടങ്ങി. പുഴ ഒഴുകുന്ന വഴിയിൽ അല്ലാതിരുന്നിട്ടും ഓരോ ദിവസവും അരുതാത്തതൊന്നും കേൾക്കരുതേ എന്ന പ്രാർത്ഥനയോടെ രാവിലെ തന്നെ വാർത്ത ചാനലുകൾക്കു മുന്നിലിരിക്കുമ്പോൾ ഞാൻ തേടിയത് മഴയിൽ കളിച്ച പുഴയിൽ കുളിച്ച, വയനാട്ടിലെ കാലിലൊട്ടുന്ന പശിമ മണ്ണിനെ വെറുത്തു നാട് വിട്ടു മഴയില്ലാത്ത നാട്ടിൽ ഇരുന്നു മഴയെ വീണ്ടും സ്നേഹിച്ച കുട്ടിയെ ആയിരുന്നു. എവിടെയും അങ്ങനൊരാളെ കാണാൻ പറ്റിയില്ല. മഴയൊന്നു നിന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്ന, പണ്ടാരം മഴ എന്ന് ആവലാതിപ്പെടുന്ന ഒരു സാധാരണപ്പെണ്ണായി ചുരുങ്ങി പോയ ദിവസങ്ങൾ. ഓർക്കുമ്പോൾ ഇപ്പോഴും നെഞ്ചിലൊരു വേദന പടരുന്നുണ്ട്.
സ്കൂൾ വിട്ടു വരുമ്പോൾ കറുത്തിരുണ്ടു മൂടികെട്ടുന്ന മാനവും മുന്നിൽ വന്നു വീഴുന്ന മിന്നലും ചെവി പൊട്ടുന്ന ഇടിയുംസാധാരണക്കാര്യം മാത്രം. പക്ഷെ വർഷങ്ങൾക്കിപ്പുറം മിന്നലടിക്കുമ്പോൾ, അതിനെ തുടർന്നുണ്ടാകുന്ന ഇടിയെ കുറിച്ചോർക്കുമ്പോൾ കട്ടിലിൽ കാലും കേറ്റിയിരുന്നു കണ്ണടക്കുന്ന പേടിക്കാരിയിലേക്ക് എന്നാണ് എത്തിയത്. കൂടെ പഠിച്ചിരുന്ന കുട്ടി മിന്നലേറ്റ് മരിച്ചെന്ന വർത്തയറിഞ്ഞപ്പോഴോ അതോ തൊട്ടു മുന്നിൽ അടുപ്പിന്റെ മുകളിലെ മേല്പുരയിലൂടെ വന്ന മിന്നലേറ്റ് ഏട്ടത്തിയമ്മ ബോധം കേട്ട് വീണപ്പോഴോ? ഓർമ്മയില്ല. പക്ഷെ മിന്നലും ഇടിയും പേടിപ്പെടുത്തുന്നതിനേക്കാൾ ഇപ്പോൾ മഴയെന്നെ പേടിപ്പിക്കുന്നു.
കാറ്റും മഴയും ഒരുമിച്ചാണ് വരുന്നത്. മഴയെ കൂട്ടി വരുന്ന കാറ്റ് ചിലപ്പോൾ ആവേശത്തിലാകും. മരങ്ങളെ നൃത്തം ചെയ്യിച്ചു , നെല്ലോലകളെ ചുഴറ്റി വരുന്ന കാറ്റ് . മഴ വരുന്നുണ്ട് എന്നതിന്റെ മുന്നറിയിപ്പ് ആയിട്ടാകും നല്ല തണുത്ത കാറ്റ് പലപ്പോഴും വരുന്നത്. ചിലപ്പോൾ മഴയോടൊപ്പം ആടിയും പാടിയും വരും. ഒരു മരച്ചില്ലയെ ഒടിച്ചെറിഞ്ഞോ തായ്‌വേരിനു ഉറപ്പില്ലാത്ത മരങ്ങൾ കടപുഴക്കിയോ പോകുന്ന കാറ്റിനെയും ആരും പേടിച്ചിരുന്നില്ല എന്നാലിപ്പോൾ കാറ്റിൽ തെങ്ങുകൾ മുടിയഴിച്ചാടുന്ന യക്ഷികളാണ്. ഫ്ലാറ്റിനു മുകളിലേക്ക് വീഴാനെന്ന പോലെ വട്ടം കറങ്ങുന്ന തെങ്ങിനെ നോക്കി , അലറി വിളിക്കുന്ന കാറ്റിനോടൊപ്പം തിമിർത്തു പെയ്യുന്ന മഴയെ നോക്കിയിരിക്കുമ്പോൾ തെങ്ങു ചതിക്കില്ല എന്ന പഴമൊഴിയൊന്നും ഓർക്കാത്ത പേടിത്തൊണ്ടി ആകുന്നത് ഈയിടെയാണ്.
നൂലു പോലെ പെയ്യുന്ന ചിങ്ങമഴയിൽ കുടയില്ലാതെ നടക്കണമെന്നും
മഴവെള്ളത്തിൽ കടലാസ് തോണികൾ ഇറക്കണമെന്നും മോഹിക്കുന്ന കുട്ടിയാകാറുണ്ട് മനസ്സ് ചിലപ്പോൾ. പകർച്ചപ്പനിയെന്നും എലിപ്പനിയെന്നും പറഞ്ഞു ഉള്ളിലാരോ പേടിപ്പിക്കുന്നുണ്ടിപ്പോൾ.
ക്ലാര ആയിരുന്നവൾ നാഗവല്ലി ആയി എന്നത് പ്രളയകാലത്തു വന്ന ട്രോള് ആയിരുന്നു. തമാശ എന്നതിലുപരി അതിലൊരു സത്യമുണ്ട് . മഴ കാത്തിരുന്നവർ , മഴയെ പ്രണയിച്ചിരുന്നവർ , മഴക്കാലത്തിൽ ഗൃഹാതുരത്വം തേടിയവർ എല്ലാം ഈ മഴയൊന്നു നിന്നിരുന്നെങ്കിൽ എന്ന് പ്രാർഥിച്ചത്, എന്തിനു ഞങ്ങളെ കഷ്ടപെടുത്തുന്നു എന്ന് പറഞ്ഞു കണ്ണീർ തുടച്ചത് , ഹൃദയം നുറുങ്ങുന്ന വേദനയോടെ നമ്മൾ കണ്ടിരിക്കുമ്പോൾ മനസിലാകുന്നുണ്ട് നിനക്ക് തടുക്കാനാകാത്തതാണു എന്റെ ശക്തിയെന്നും എന്നെ സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കാമെന്നും ദ്രോഹിച്ചാൽ മുച്ചൂടും പിഴുതു കളയുമെന്നും ടെക്നോളജിയുടെ ഉത്തുംഗശൃംഗങ്ങൾ കീഴടക്കിയ മനുഷ്യനെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണ് പ്രകൃതിയെന്ന്.