2020 ഏപ്രിൽ 2, വ്യാഴാഴ്‌ച

കൊറോണക്കാലം

കൊറോണയെക്കുറിച്ചു പത്രത്തിലും വാർത്തയിലും കേൾക്കുമ്പോൾ ഏതോ നാട്ടിൽ അല്ലെ നമുക്ക് കുഴപ്പം ഒന്നുമല്ലല്ലോ എന്നൊരു തോന്നൽ ആയിരുന്നു..കേരളത്തിൽ അത്തരം രോഗികളെ കുറിച്ചു കേൾക്കുമ്പോഴും നിപയെ നേരിട്ടവരല്ലെ നമ്മൾ എന്നൊരു അഹങ്കാരം..ഇതെല്ലാം ഒന്നു കുറഞ്ഞത് പത്തനംതിട്ടയിലെ ആദ്യവിവരങ്ങൾ പുറത്തു വന്നപ്പോൾ ആണ്.

ഇതേ സമയത്തു തന്നെയാണ് ഒന്നരവർഷമായി വിദേശത്തുള്ള മകൻ ലീവിൽ വരുന്നതും..അച്ഛനെയും അമ്മയെയും സർപ്രൈസ് ആക്കാൻ വേണ്ടി അവരോട് പറഞ്ഞതിനു രണ്ട് ദിവസം മുൻപേ ടിക്കറ്റ് എടുത്തു സുഹൃത്തുക്കളുമൊത്തുള്ള പരിപാടികൾ പ്ലാൻ ചെയ്തു നാട്ടിലേക്ക് വരുന്ന ഇരുപത്തിമൂന്നുകാരൻ. സോഷ്യൽമീഡിയയിലും പത്രങ്ങളിലും വരുന്ന വാർത്തകൾ കണ്ടു ഭയപ്പെട്ടു ടിക്കറ്റ് ക്യാൻസൽ ആക്കാൻ വേണ്ടി പറയുമ്പോൾ ആണ് അവന്റെ സർപ്രൈസ് പ്ലാൻ പൊളിഞ്ഞത്..ടിക്കറ്റ് ക്യാൻസൽ ചെയ്യില്ല നാട്ടിലേക്ക് വരുമെന്നവൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നെട്ടോട്ടം ആയിരുന്നു. പേടിയും പിരിമുറുക്കവും കൂടിയപ്പോൾ ദിശയുടെ നമ്പറിലേക്ക് വിളിച്ചു..മൂന്നോ നാലോ വിളികൾക്കു ശേഷം ഫോൺ എടുത്തയാൾ ഞാൻ പറഞ്ഞത് മുഴുവനും ക്ഷയോടെ കേട്ടു  അവൻ വന്നതിനു ശേഷം ചെയ്യേണ്ട കാര്യങ്ങൾ  പറഞ്ഞു തന്നതിന് ശേഷം കോഴിക്കോട്ടെ ഹെല്പ് ഡെസ്കിന്റെ നമ്പർ തന്നു അവിടെ വിളിച്ചു പറയാൻ പറഞ്ഞു.. അവിടെയും വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു. കുടുംബത്തിലെ ആളുകൾ അവനുമായി ഒരു തരത്തിലും.ബന്ധം പുലർത്തരുത് എന്നും എന്തൊക്കെ ചെയ്യണം ചെയ്യണ്ട എന്നതിനെക്കുറിച്ചും ഒരു ചെറിയ ക്ലാസ് തന്നു. പൊട്ടചോദ്യങ്ങളുടെ ഉസ്താദ് ആയ ഞാൻ കുറെ പൊട്ടസംശയങ്ങൾ ഒക്കെ ചോദിച്ചു..എല്ലാത്തിനും ഒരു മുഷിപ്പും കൂടാതെ മറുപടി പറയുകയും പേരും അഡ്രസ്സും ഫോൺ നമ്പറും വാങ്ങി വെക്കുകയും ചെയ്തു..എല്ലാ സംശയങ്ങളും ദുരീകരിച്ചെങ്കിലും ചുറ്റും കേൾക്കുന്ന വാർത്തകൾ അസ്വസ്ഥത കൂട്ടികൊണ്ടേയിരുന്നു..

 ഒന്നര വർഷത്തിന് ശേഷം ഏകമകനെ കാണുകയാണ്..കെട്ടിപിടിക്കണം ഉമ്മ വെക്കണം എന്നൊക്കെയുണ്ട്..പക്ഷെ ദിശയിൽ നിന്നും പറഞ്ഞു തന്ന പ്രോട്ടോകോൾ അതിനെല്ലാം തടസ്സമായി നിന്നു..വന്നയുടനെ അവന്റെ അച്ഛൻ അവനെ കുളിമുറിയിലേക്ക് വിടുന്നതും ബക്കറ്റിൽ നിറച്ചു വെച്ച ഡെറ്റോൾ വെള്ളത്തിലേക്ക് ഉടുത്ത തുണിയെല്ലാം അഴിച്ചിട്ടു കുളിച്ചു പുറത്തു വരാൻ പറയുന്നതും മാറി നിന്നു നോക്കിയിരുന്നു
കണക്കപിള്ള ആയത് കൊണ്ട് ലീവു എടുക്കാൻ ബുദ്ധിമുട്ടായിരുന്നു എനിക്ക്..അത്കൊണ്ട് തന്നെ നിരീക്ഷണകാലയളവായ പതിനാലു ദിവസം അവനുമായി യാതൊരു വിധ ബന്ധവും ഇല്ലാതിരിക്കാൻ ശ്രമിച്ചത് വളരെയധികം ബുദ്ധിമുട്ടിയാണ്..അമ്മമനസ്സു ഇടക്കൊക്കെ കൈ വിട്ടു പോകാൻ നോക്കും..അപ്പോൾ ഓഫീസിലെ ദിവസകൂലിക്കാരായ ആളുകളെ ഓർമ്മ വരും..മനസ്സിനെ പറഞ്ഞും പഠിപ്പിച്ചും പതിനാലു ദിവസം തള്ളി നീക്കിയത് പതിനാലു യുഗങ്ങൾ പോലെയാണ്. വീട്ടിലേക്കു ആരെയും വരാൻ അനുവദിക്കാതെ ഇരുന്ന ദിവസങ്ങൾ..

ഫുട്ബാൾ കളിക്കണം ,ചാടിയ വയർ കുറക്കണം ബോഡി ഫിറ്റ് ആക്കണം, കൂട്ടുകാരുടെ ടൂർ പോകണം എന്നിങ്ങനെയുള്ള കുറെ സ്വപ്നങ്ങളുമായി വന്നിറങ്ങിയവൻ ആണ് പുറത്തിറങ്ങാൻ പറ്റാതെ ഇരിക്കുന്നത്. വീട്ടിൽ അടഞ്ഞിരിക്കുന്നതിന്റെ മടുപ്പു അവനും ഉണ്ടായിരിക്കാം.അതുകൊണ്ടാണ് ചിലപ്പോഴൊക്കെ
വീടിന്റെ മുന്നിലെ റോഡിലൂടെ ഒന്നു നടന്നു വരട്ടെ എന്നു പറയുന്നത്. പോകണ്ട എന്നു പറഞ്ഞു ഉപദേശിക്കുമ്പോൾ ഒന്നു നിർത്തുമോ എന്നവൻ വിരസതയോടെ ചോദിക്കുന്നത്.. പതിനാലു ദിവസം  ആ റൂമിനു പുറത്തിറങ്ങാതെ കുറുമ്പൻ കുട്ടിയിൽ നിന്നു സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൗരൻ ആയി വളർന്നു അവൻ ഞങ്ങളെ അത്ഭുതപ്പെടുത്തി.


ആ ദിവസങ്ങളിൽ സോഷ്യൽ ഡിസ്റ്റൻസിങ്  പോലെ തന്നെ സോഷ്യൽ മീഡിയ ഡിസ്റ്റൻസിങ്ങും ചെയ്തു..അറിയിപ്പും അറിവും പകരുന്ന പോസ്റ്റുകൾ പലപ്പോഴും നമ്മുടെ ടെന്ഷന് കൂട്ടുന്നതാണ്..ഇറ്റലിയിലെ സ്ഥിതിവിവരക്കണക്കുകൾ വെച്ചു കേരളത്തിന്റെ വരാൻ പോകുന്ന ദുസ്ഥിതിയെ കുറിച്ചുള്ള പോസ്റ്റുകൾ തലങ്ങും വിലങ്ങും പാറി നടക്കുന്നത് കണ്ടെങ്കിലും അതിൽ ഒന്നു പോലും മുഴുവനായി വായിച്ചില്ല..മനസ്സിലെ ചൂളക്ക് തീ കൊടുക്കാൻ തോന്നാത്തത് കൊണ്ട് മാത്രം.
ദിവസവും പ്രസ് മീറ്റ് കണ്ടു...അതിൽ പറയുന്ന കാര്യങ്ങൾ മാത്രം വിശ്വസിച്ചു
മോൻ വന്നോ അവനു കുഴപ്പം ഒന്നുമില്ലല്ലോ എന്ന സാധാരണ കുശലാന്വേഷണം പോലും ഹൃദയമിടിപ്പ് കൂട്ടുന്ന കാലം. ദുബായിൽ നിന്നും വന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നു കേൾക്കുമ്പോൾ ഒരു വിറയൽ അടി തൊട്ടു മുടിയോളം പായും..പിന്നെ ഫ്ലൈറ്റ് ഡീറ്റൈൽസ് കിട്ടുന്നത് വരെ ആകാംക്ഷയും പേടിയും കൊണ്ട് ഡിപ്രെഷൻ വരുന്നത് പോലെ തോന്നിയ ദിവസങ്ങൾ.

ആ അവസ്ഥയിലേക്ക് പോകാതിരുന്നതിനു നന്ദി പറയുന്നത് നല്ല അയൽക്കാരായ ആൻസിക്കും സന്ദീപിനും ആണ്.. വിദേശത്തു നിന്നു വന്നവരോട് ഫ്ലാറ്റുകാർ കാണിക്കുന്ന വിവേചനം വാർത്ത ആയ കാലത്ത അവനു ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞു  തന്ന മോറൽ സപ്പോർട്ടിന്റെ കരുത്തു വളരെയധികം ആണ്. പിന്നെ കോവിഡ്ഹെല്പ് ഡെസ്കിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകയായ അയൽക്കാരിയുടെ ഉപദേശങ്ങളും നിർദേശങ്ങളും, കുടുംബസുഹൃത്തായ ശ്രീജിത്, ഇരുപതു മിനുറ്റ്  നേരത്തെ ബസ് യാത്രയിൽ നിന്നും ഉരുത്തിരിഞ്ഞ സൗഹൃദമായ, മെസ്സേജ് അയക്കാനും വിളിക്കാനും ലോകതോൽവി ആയ എന്നെ വിളിച്ചു നല്ല കാര്യങ്ങൾ മാത്രം പറയുന്ന മീര, പിന്നെ ഇടക്കിടെ ഫോൺ വിളിച്ചും മെസ്സേജ് അയച്ചും അന്വേഷിച്ച ബന്ധുക്കൾ . മനസികപിരിമുറുക്കത്തോടെ ജോലി ചെയ്യുമ്പോൾ വരുത്തുന്ന തെറ്റുകൾ ക്ഷമിച്ച  ബോസും സഹപ്രവർത്തകരും
അടുത്തും അകലെയും ഇരുന്നു പ്രാര്ഥിച്ചവർ, നിങ്ങൾ എല്ലാം ആണ് ഈ സംഘര്ഷകാലം കടന്നുപോകാൻ ഞങ്ങൾക്കു കരുത്തേകിയത്.

അവൻ വന്ന ഫ്‌ളൈറ്റിൽ രോഗമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല അത് കൊണ്ട് തന്നെ പ്രൈമറി കോണ്ടാക്ട് ഒന്നുമില്ലാത്തത് കൊണ്ട് പതിനാലു  ദിവസത്തെ സെല്ഫ് ക്വാറന്റിൻ കഴിഞ്ഞു അവനെ ഒന്നു തൊട്ടപ്പോൾ, നെറ്റിയിൽ ഒരുമ്മ കൊടുത്തു അമ്മയുടെ മോൻ നല്ലകുട്ടി ആണല്ലോ എന്നു പറഞ്ഞപ്പോൾ എന്റെ മനസ്സും കണ്ണുകളും ഒരു പോലെ ആർദ്രമായിരുന്നു.

എയർപോർട്ടിൽ നിന്നും അവനോട് ഏഴു ദിവസം എന്നായിരുന്നു പറഞ്ഞത് ,പതിനാലു ദിവസം ഇരിക്കണമെന്ന് പറഞ്ഞപ്പോൾ "പണ്ട് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പത്തു കഴിഞ്ഞാൽ ഫ്രീ ആകും എന്നു പറഞ്ഞു പത്തു എത്തിയപ്പോൾ പ്ലസ് ടു കഴിഞ്ഞാൽ മതിയെന്നു പറഞ്ഞു അത് കഴിഞ്ഞപ്പോൾ എന്ജിനീയറിങ് എന്നു അത് പോലെ ഇപ്പോൾ നാട്ടിൽ വന്നപ്പോൾ ആദ്യം ഏഴു ദിവസം എന്നു പറഞ്ഞു പിന്നെ 14 ദിവസം ആയി അത് കഴിയുമ്പോൾ നിങ്ങൾ വേറെ എന്തെങ്കിലും പറയും"എന്നു  പറഞ്ഞത് പോലെ തന്നെ പുറത്തിറങ്ങാൻ പറ്റാതെ ലോക്ക് ഡൗണ് ആയി.. എന്നാലും ലോക്ക് ഡൗണ് കാലം   സിനിമ കണ്ടും അവനിഷ്ടമുള്ളത് ഉണ്ടാക്കി കൊടുത്തും അടി കൂടിയും വളരെ സന്തോഷത്തോട് കൂടെ തള്ളി നീക്കുന്നു.

നമ്മൾ ആരും തന്നെ സുരക്ഷിതരല്ല ഇപ്പോൾ എങ്കിലും നിരീക്ഷണകാലത്തെ ഇങ്ങനെ സംഗ്രഹിക്കാമെന്നുതോന്നുന്നു.

"സംശയത്തിന്റെ പേരിൽ
തടവിലാക്കപ്പെട്ട
നിരപാധികളെ പോലെയാണ്
നിരീക്ഷണത്തിലിരിക്കുന്ന
ഓരോ ആളുകളും
ഒന്നുമില്ലെന്ന ഫലം കിട്ടുന്നത് വരെ
ഓരോ ദിവസവും ഉള്ളിൽ
എരിഞ്ഞു തീരുന്നവർ ആണവർ.."


(ഏപ്രിൽ ഒന്നിന് ഏഷ്യാനെറ്റ് ഓണ്ലൈന് പ്രസിദ്ധീകരിച്ച കുറിപ്പ്

https://www.asianetnews.com/magazine/column/corona-days-special-series-on-covid-19-suma-rajeev-q8456c
 )







1 അഭിപ്രായം:

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...