2020, മേയ് 31, ഞായറാഴ്‌ച

ജനലിനു അപ്പുറത്ത് മഴപെയ്യുകയാണ്.
മിന്നൽ പിണർ കൈകൾ നീട്ടി
ഇടി തുടിയുടെ താളത്തിൽ
അവൾ നൃത്തം ചെയ്യുകയാണ്
മഴയെ നോക്കി ഞാനോർക്കുന്നത് നീ നനയുന്ന മഴയെ കുറിച്ചാണ്
നീ അറിയുന്നുണ്ടോ
നിന്റെ അടുത്തു എത്തും വരെ മേഘം മാത്രമാണെന്ന്
നിന്റെ നിശ്വാസമേറ്റാണ് മഴയാകുന്നതെന്നു
അത് നിന്നിൽ പെയ്തിറങ്ങാൻ
വേണ്ടി മാത്രമാണെന്നു.

2020, മേയ് 22, വെള്ളിയാഴ്‌ച

അന്യമാകുന്ന അമ്മവീട്

വീട് എന്ന് കേൾക്കുമ്പോൾ ഏതൊരാളുടെ മനസ്സിലേക്കും കടന്നു വരുന്ന ആദ്യ ചിത്രം നമ്മൾ ജനിച്ചു വളർന്ന വീട് തന്നെ ആയിരിക്കും. എത്ര വീടുകളിൽ മാറി  മാറി താമസിച്ചാലും കോടിക്കണക്കിനു രൂപ ചെലവാക്കി കൊട്ടാരം പണിതാലും ഓർമ്മയിൽ എപ്പോഴും നമ്മുടെ ബാല്യകൗമാരയൗവനങ്ങളെ അറിഞ്ഞ വീടുണ്ടാകും.  സ്ത്രീകളെ സംബന്ധിച്ചിടത്തോളം കല്യാണം കഴിയുന്നതോടെ വീടുമായുള്ള ബന്ധം മുറിയും. എങ്കിലും ഓരോ ഇടവേളകളിലും വീട്ടിലേക്കു ഓടിയെത്തുവാൻ അവരുടെ മനസ്സ് തുടിക്കുന്നുണ്ടാകും.

അത് പോലെ തന്നെയാണ് എനിക്കും. എല്ലാവരും ജനിച്ച വളർന്ന വീടിനെ തറവാടെന്നും അമ്മയുടെ വീടെന്നും പറയുമ്പോൾ ഞാൻ എന്റെ വീട് എന്ന് പറയും. സാങ്കേതികമായി അതെന്റേത് അല്ലെങ്കിലും എന്നിൽ നിന്നും വേർതിരിക്കാനാകാത്ത ഒന്നായി മാറിയിരിക്കുന്നു.

വീട്ടിലേക്കു വരുന്ന നടവരമ്പും , നടവരമ്പ് അവസാനിക്കുന്നിടത്തുള്ള രണ്ടു സിമന്റ് തൂണുകളും, തൂണിൽ മേൽ പടർന്നു കിടക്കുന്ന ഞൊട്ട പൂവുകളും അതിനപ്പുറത്തുള്ള വെള്ള മന്ദാരവും കഴിഞ്ഞാൽ പിന്നെ പടികൾ  ആണ് പതിനാറു പടികൾ കയറിയാൽ ഇടത്തേക്ക് ഒരു തിരിവ് അവിടെ നിന്നും കളത്തിലേക്ക് ഉള്ള മൂന്നു സ്റ്റെപ്. വലതു ഭാഗത്തു വലിയ അറപ്പുര. അതിനടുത്തു വലിയ ദേവദാരു. ദേവദാരുവിന്റെ ഇലകൾ കൊഴിഞ്ഞ നടുമുറ്റം. സിമന്റ് തൂണിൽ പൊക്കി നിർത്തിയ ആസ്ബോറ്റോസ് ഷീറ്റിനു താഴെയുള്ള കോലായിൽ നിന്നും കേറുന്നത് വലിയ പൂമുഖത്തേക്ക്. അവിടെ നിന്നും നേരെ നോക്കിയാൽ കാണുന്ന അടഞ്ഞ വാതിലിനു അപ്പുറം അച്ഛന്റെയും അമ്മയുടെയും മുറി. നീണ്ട ഇടനാഴി കടക്കുമ്പോൾ ഒരു നടുമുറി കൂടെ ഉണ്ട്. ഇടനാഴിയിലെ വട്ടസ്റ്റൂൾ. അവിടെ ആണ് നിലവിളക്കു കത്തിക്കാൻ വെക്കുന്നത്അത് കഴിഞ്ഞാൽ കോണിയകം. മുകളിലേക്ക് കേറാനുള്ള കോണിപ്പടികൾ അവിടെയാണ് അത് കൊണ്ടാണ് ആ പേര് കിട്ടിയത്. അതിനപ്പുറം പഴയ അടുക്കള. കുട്ടികളുടെ പഠനമുറി ആയിരുന്നു ആദ്യം. ഇപ്പോൾ അതിന്റെ ഒരു ഭാഗം അറ്റാച്ഡ് ബാത്റൂം ആക്കിയിരിക്കുന്നു.
അവിടെ നിന്നും പുറത്തേക്കിറങ്ങി ഇടത്തോട്ടു നടന്നാൽ പടി ആയി പെണ്ണുങ്ങൾക്ക് സൊറ പറയാനുള്ള സ്ഥലം, പടിക്കു വലതു ഭാഗം അടുക്കള. അടുക്കളയോട് ചേർന്ന് അമ്മിത്തറയും  കൊട്ടത്തളവും കിണറും  കുളിമുറിയും എല്ലാം.  വീട് വിട്ടു കാൽ നൂറ്റാണ്ടു ആയെങ്കിലും അതിനു ശേഷം വീടിനു പല മാറ്റങ്ങൾ വന്നെങ്കിലും വീടിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം വരുന്ന ചിത്രങ്ങൾ ഇതൊക്കെയാണ്.

വീടിനു വടക്കു വശത്തായി അങ്ങേപ്പുര  ഉണ്ട്. ഞാൻ ജനിച്ച വീട് വെക്കുന്നതിനു എത്രയോ  മുൻപ് അച്ഛനും അമ്മയും താമസിച്ച കുഞ്ഞു വീട്. പണിക്കാർക്ക്  താമസിക്കാനായി നിലനിർത്തിയ ആ വീടിനു മുൻവശത്തെ പേരയിൽ ആണ് ഞാൻ എന്റെ ആദ്യത്തെ മരംകേറ്റം പരിശീലിച്ചത്. പെൺകുട്ടികൾ മരം കേറരുത് എന്ന നിയമത്തെ കാറ്റിൽ പറത്തി റിബൽ ആകാൻ ധൈര്യം തന്നത് ആ പേരമരം ആണ്.
ഒരിക്കൽ പേരമരത്തിന്റെ തുഞ്ചത്തു  വലിഞ്ഞു കേറി പേരക്ക പറിച്ചു കൊണ്ട് താഴോട്ടു   നോക്കിയപ്പോൾ കണ്ടത് പിറകിൽ ചൂരൽ പിടിച്ചു നിൽക്കുന്ന അച്ഛനെയാണ്.  വേഗത്തിൽ മരത്തിൽ നിന്നും താഴെ ഇറങ്ങി അടി വീഴുന്നതിനു മുൻപേ ഓടി മുകളിലെ പടിഞ്ഞാറേ മുറിയിൽ കേറി ഇരിക്കുമ്പോൾ പെറ്റിക്കോട്ടിനുള്ളിൽ പറിച്ചിട്ട പേരക്കകളും ഞാനും ഒരു പോലെ ചിരിച്ചിരുന്നു.

പിന്നീട് അച്ഛനില്ലാത്ത നേരം നോക്കി പേരയിൽ കേറുകയും പേരക്ക പറിക്കുകയും നിർബാധം തുടർന്നു. പേരയിലെ വെളുത്ത കമ്പിളി പുഴുക്കൾ തലയിലും മുടിയിലും കയറി താഴോട്ട് പാരച്ചൂട്ടിൽ ഇറങ്ങുന്ന കാലത്തൊന്നും എനിക്ക് പുഴുക്കളെ പേടിയില്ലായിരുന്നു. കാപ്പി പറിക്കുന്ന പെണ്ണുങ്ങളുടെ കൂടെ കൂടി കാപ്പിയിൽ കേറി കളിക്കുമ്പോൾ ആണ് കാപ്പി  മരത്തിൽ നിന്നും കറുത്ത കരിമ്പടപ്പുഴുവിന്റെ കൂർത്ത രോമങ്ങൾ വലതു ഉള്ള കയ്യിൽ തറച്ചു കേറിയത്. കാപ്പി പറിക്കാൻ വന്ന ശാന്ത അവളുടെ മുടി കൊണ്ട് രോമം എല്ലാം നീക്കിയെങ്കിലും മൂന്നു ദിവസം കൈ അനക്കാൻ പറ്റാത്ത വേദന ആയിരുന്നു. അന്ന് മുതൽ ഞാൻ കമ്പിളി  പുഴുക്കളെ പേടിക്കാൻ തുടങ്ങി.

സന്ധ്യ ആകുമ്പോൾ അമ്മ കത്തിക്കുന്ന അഞ്ചു തിരി വിളക്കിനു താഴെ  മൂന്നു തിരി വേറെയുമുണ്ടാകും അതിൽ നിന്നും ഒരു തിരി നടുമുറ്റത്ത് മറ്റൊന്ന് തുളസി തറയിൽ അടുത്തത്  തോട്ടത്തിലെ ഗുളികൻ തറയിൽ. ഗുളികൻ തറയിലേക്ക് പോകാൻ ഒരാളുടെ കൂട്ട് എപ്പോഴും ഉണ്ടാകും. ഗുളികൻ തറയുടെ അടുത്തുണ്ടായിരുന്ന ചക്കര മാവിൽ ഊഞ്ഞാൽ കെട്ടി ആടിയ  അവധിക്കാലങ്ങൾ. കാറ്റടിക്കുമ്പോൾ കൊഴിഞ്ഞു വീഴുന്ന മാങ്ങ പെറുക്കാൻ ഞങ്ങൾ കുട്ടികൾ. ഗുളികൻ തറയുടെ ശക്തിയിൽ വിശ്വാസം വന്നത് അങ്ങനൊരു മാമ്പഴക്കാലത്താണ്. ഗുളികൻ തറ ഉള്ളത് കൊണ്ടാണ് മാങ്ങാ വീഴാത്തത് എന്ന് പറഞ്ഞു ചീത്ത വിളിച്ച് തിരിഞ്ഞു നടന്ന കുഞ്ഞേട്ടന്റെ തലയിൽ കാപ്പികൊമ്പ് കുത്തിമുറിവുണ്ടായപ്പോൾ. പടിഞ്ഞാറെ തോട്ടത്തിൽ വളരെ വൈകി പഴുത്തു ഒന്നും രണ്ടും മാത്രമായി കൊഴിയുന്ന നീണ്ട ഒരു മാങ്ങയുണ്ട്. അതിന്റെ മധുരം ഒന്ന് വേറെ തന്നെയാണ്. ഇപ്പോൾ ആ മാവ് അവിടില്ല. മിന്നലേറ്റ് ഉണ ആ മാവും നിറയെ കായ്ച്ചു ഓർമ്മയിൽ പച്ച ആയി തന്നെ നിൽക്കുന്നു.


മഴക്കാലത്ത് പടിയിൽ  മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്നുറക്കെ പാടികളിച്ചത്, വീടിനു ചുറ്റും  വെള്ളം പൊങ്ങുമ്പോൾ പാണ്ടിയുമായി ആളുകൾ അങ്ങോട്ടുമിങ്ങോട്ടും തുഴഞ്ഞു പോകുന്നത് നോക്കി നിന്നത്, നീന്തൽ മത്സരം നടത്തിയത്, ഒർമ്മകൾ മഴവെള്ളം.പോലെ ഒലിച്ചു വരുന്നുണ്ട്  വീടിനെ കുറിച്ച്.

മുകളിലേക്ക് കോണിപ്പടികൾ കയറിച്ചെല്ലുന്ന മുറിയിൽ നിലത്തു പൊട്ടു വീണു നടക്കുമ്പോൾ  കരകര ശബ്ദം കേൾക്കാം. ഒരിക്കൽ മുകളിൽ കിടക്കുമ്പോൾ  അർദ്ധരാത്രിയിൽ ആ ശബ്ദം ആണ് എന്നെ ഉണർത്തിയത്. തല ഉയർത്തി നോക്കിയപ്പോൾ വെളുത്ത ഒരു രൂപം വന്നു തലയിൽ തൊടുന്നത് പോലെ. അലറിക്കരഞ്ഞു എഴുന്നേറ്റു കോണിപ്പടിയുടെ മുകളിൽ നിന്നും താഴേക്ക് ചാടി. അന്ന് ഒന്നും അറിഞ്ഞില്ലെങ്കിലും മൂന്നു വർഷങ്ങൾക്ക് മുൻപ് ഇടുപ്പെല്ലിന് പ്രശ്നവുമായി ഡോക്ടറുടെ അടുത്ത് പോയപ്പോൾ ചെറുപ്പത്തിലൊ മറ്റോ മുകളിൽ നിന്നും വീണിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ആളാണ് ആ വീഴ്ചയുടെ ആഘാതം അറിയുന്നത്. ആ രാത്രിക്ക് ശേഷം വീട് എന്നിൽ ചെറിയൊരു ഭയവും വളർത്തിയിരുന്നു. ഒറ്റയ്ക്ക് മറ്റു മുറികളിലോ മറ്റോ പോകാനേ ഭയം തുടങ്ങിയത് അപ്പോൾ മുതൽ ആണ്.

വായിക്കാനുള്ള ത്വര എന്നിൽ ആദ്യമായുണ്ടാക്കിയത്  അച്ഛന്റെ ചില്ലലമാരയിലെ പാള പോലെ നീണ്ട മാതൃഭൂമി ആഴ്ച പതിപ്പുകളും ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന പുസ്തകവും ആയിരുന്നു. അച്ഛൻ അലമാര പൂട്ടാൻ മറന്നു താക്കോൽ വെച്ച് പോയ ഒരു ദിവസം ആണ് ആർത്തി പിടിച്ചത് പോലെ ആ ബുക്കുകൾ എല്ലാം ഞാൻ എടുത്തു നോക്കിയത്. ഒരു കുടയും കുഞ്ഞു പെങ്ങളും ശ്വാസം പോലും വിടാതെ വായിച്ചു തീർത്തു താഴെ എത്തുന്നത് വരെ അച്ഛൻ തിരിച്ചു വന്നില്ല എന്നത് ഇപ്പോൾ ഓർക്കുമ്പോൾ അത്ഭുതം  തോന്നുന്നു. പിന്നീട് മുകളിലെ മുറിയിൽ നാഷണൽ ബുക്ക് സ്‌റ്റാളിന്റെ ഹോം ലൈബ്രറി സ്കീമിലൂടെ കൊണ്ട് നിറച്ച പുസ്തകങ്ങൾ  എന്റെ വായനാശീലത്തെ വളർത്തി. ആദ്യമായി ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഒന്നും മനസ്സിലായില്ല. പിന്നീട് ഏതാണ്ട് ഇരുപത്തിനാലു വർഷക്ക് ശേഷം വീണ്ടും  വായിച്ചപ്പോൾ ആണ് ആ കൃതിയിലെ എഴുത്തിന്റെ ആഴവും ഭംഗിയും കഥയും മനസിലായത്.

ഇന്ന് ഞാൻ ഞാനായി ഇരിക്കുന്നതിന് വീടോർമ്മകൾക്ക് ഒരു പങ്കുണ്ട്. അത് കൊണ്ട് തന്നെ ഓർമ്മകാടുകൾ പൂത്തുലയുമ്പോൾ ഞാൻ വീടിനെ തേടി ചെല്ലാറുണ്ട്. എത്ര കാലമായി ഈ വഴി വന്നിട്ടെന്നു വീടെന്നോട് ചോദിക്കുന്നത് പോലെ തോന്നും പലപ്പോഴും. ഞാൻ നടന്ന വരാന്തകൾ , ഞാൻ കളിച്ച മുറ്റം , ഞാൻ കേറിയ കാപ്പി മരങ്ങൾ എല്ലാം എല്ലാം എന്നോട് ചോദിക്കുന്നത് പോലെ തോന്നും.

പക്ഷെ അതിക്രമിച്ചു കടക്കുന്നവർ ആക്രമിക്കപെടുമെന്നു കാറ്റിന്റെ മർമ്മരം ചിലപ്പോൾ ഒക്കെ അകത്തേക്കും പുറത്തേക്കും കടക്കാനാകാതെ ഉമ്മറപ്പടിയിൽ തടഞ്ഞു നിർത്തുന്നുണ്ട്. എന്റേത് എന്ന് ചിന്തിക്കുന്നതൊന്നും നമ്മുടേതല്ല എന്ന് മനസിലാകുന്നത് അപ്പോഴാണ്. ഓർമ്മപുഴുക്കൾക്ക് ഉടമസ്ഥാവകാശം ഇല്ല എന്നത് മനസ്സിലാക്കുമ്പോൾ ആണ് ഇനിയൊരിക്കലും പൂക്കരുത് എന്നു കരുതി ഓർമ്മകളെ ചുട്ടുകരിക്കുന്നത്. പക്ഷെ ചാരത്തിൽ കൂടുതൽ വാശിയോടെ  അവ വീണ്ടും തളിർക്കുന്നു പൂക്കുന്നു. എന്റെ കാലുകളെയും ചിന്തകളെയും വാടകക്ക് എടുക്കുന്നു. ഞാൻ വീണ്ടും ക്ഷണിക്കപ്പെടാത്ത അതിഥി ആയി വീടിന്റെ മുന്നിൽ ചെന്ന് നിൽക്കുന്നു.

(വര : ജയ് മേനോൻ (റൈഡർ സോളോ)

2020, മേയ് 16, ശനിയാഴ്‌ച

ലോല വികാരങ്ങൾ ക്വാറന്റിനിൽ ആണ്
(കൊറോണക്കാലത്തെ പ്രണയം)
**********************
കണ്ണാഴങ്ങളിൽ ആഴ്ന്നിറങ്ങി
നിന്റെ ആത്മാവിന്റെ അടിത്തട്ടോളം എത്തണമെന്നുണ്ട്

വിടർന്ന നെറ്റിയിൽ ഉമ്മകൾ കൊണ്ട് നിറക്കണം എന്നുണ്ട്

നിന്റെ മൃദുലമായ മുടിയിഴകളിൽ
കൈ കോർക്കണം എന്നുണ്ട്

ഇനിയൊരിക്കലും തിരിച്ചു വരാനാകാത്ത വിധം
നിന്നിലേക്ക്
ആഴ്ന്നിറങ്ങണം എന്നുണ്ട്

പക്ഷെ
നിശ്വാസങ്ങൾ കൂട്ടിമുട്ടാത്ത
കൈ കോർത്തു പിടിക്കാനാകാത്ത
ദൂരത്തിൽ
നിര്വികാരതയുടെ
മൂടുപടത്തിൽ
ലോല വികാരങ്ങൾ ക്വാറന്റിനിൽ ആണ്!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...