2020, ജൂൺ 15, തിങ്കളാഴ്‌ച

അണ്ലോക്ക് ഡൗണ് ഡയറി  -1

കൃത്യം തൊണ്ണൂറ്റി ഒന്നു ദിവസങ്ങൾക്ക് ശേഷം ഇന്ന് ബസിൽ യാത്ര ചെയ്യുകയാണ്.

ബസ് സ്റ്റോപ്പിന്റെ വശങ്ങളില്  ഉള്ള പൂമരങ്ങൾ( നിറയെ മഞ്ഞ പൂക്കൾ വിടരുന്ന ഒന്നും, ജാക്കരണ്ടയുടെ ചാർച്ചക്കരൻ ആയ  റോസ് പൂക്കൾ വിരിയുന്ന മറ്റൊന്നും) പൂക്കൾ കൊഴിച്ചു പുതിയ ഇലകൾ ചൂടി നിൽക്കുന്നു.  കഴിഞ്ഞ വർഷം റോസ് പൂക്കൾ കുല കുലയായി  കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ വിചാരിച്ചു, സ്റ്റോപ്പിൽ ആളുകൾ ഉള്ളത് കൊണ്ട് മടിച്ചിരുന്നു..ഈ വർഷം എന്തായാലും എടുക്കും എന്നൊക്കെ കരുതിയത് ആയിരുന്നു..പൂക്കാലം കോവിഡ് കൊണ്ട് പോയി .ഇനി അടുത്ത വർഷം നോക്കാം.

ബൈപാസ്  ജക്ഷണിലെ ഗുൽമോഹർ പൂത്തുലഞ്ഞു നിൽക്കുന്നത് കാണാനും പറ്റിയില്ല. പച്ച ഇലകൾക്കിടയിൽ ചുവന്ന ഒന്നോ രണ്ടോ പൂക്കളുമായി നനഞ്ഞു കുളിച്ചു നിൽക്കുന്നുണ്ട് അവൾ.

ചെറുവറ്റ പുഴയിലെ വെള്ളം മഴയിൽ ചുവന്നിരിക്കുന്നു..തൊപ്പി വെച്ചോരാൾ തോണിയിൽ മീൻ പിടിക്കാൻ പോകുന്നുണ്ട്..കരയിൽ ചൂണ്ടയിട്ടു മീൻ പിടിക്കുന്നവരെയും കാണാം.

ബാക്കി വിശേഷങ്ങൾ പിന്നെ..

ചിത്രത്തിൽ ബസ് സ്റ്റോപ്പിന് പിറകിൽ വളർന്ന മത്തൻ വള്ളിയും പൂവും.
വര..ജയ് മേനോൻ(റൈഡർ സോളോ)

2020, ജൂൺ 3, ബുധനാഴ്‌ച

ഒ ടി പി അപാരത

കാലത്തു അഞ്ചര മണിക്ക് എഴുന്നേറ്റു അടുക്കളയിലേക്ക് ഓടുന്നതിനിടയിൽ പതിവില്ലാതെ മൊബൈലിൽ കുത്തികൊണ്ടിരിക്കുന്ന കണവനെ കണ്ടത്. കൊച്ചു വെളുപ്പാൻ കാലത്തു ഇങ്ങേരിതെന്ത് മാന്തി കൊണ്ടിരിക്കുകയാണോ എന്തോ?

നമ്മുടെ പിൻകോഡ് എത്രയാ?

കാലത്തു തന്നെ പിൻകോഡ് ഒക്കെ ചോദിക്കുന്നുണ്ടല്ലോ, ഓൺലൈനായി വല്ലതും വാങ്ങിക്കാനാകും. നാട്ടിൽ എങ്ങാണ്ട് കിടക്കുന്ന ആ കോവിഡിനെ വീട്ടിലെത്തിക്കാൻ ആണോ എന്തോ?😑

673008

സീറോ സീറോ എയിറ്റ്  ആണോ എയിറ്റിൻ അല്ലെ?

അല്ല എട്ടു തന്നെ.

അപ്പോൾ 18 എവിടെയാ?

എനിക്കറിയില്ല , വേണേൽ ഗൂഗിൾ ചെയ്തു നോക്കിക്കോ, എന്തായാലും കുത്തികൊണ്ടിരിക്കയല്ലേ...😏😏


പിന്നെ അനക്കമൊന്നുമില്ല. പെട്ടെന്ന്
അടുത്തു കഴിഞ്ഞ പത്താം ക്ലാസ് മീറ്റിനെ കുറിച്ചു ഓർമ്മ വന്നു. പഴയ വല്ല ലൈനിനും അഡ്രസ്‌ പറഞ്ഞു കൊടുക്കുകയാകുമോ ഇനി? ഏയ് വിശാലമാനസ്‌കയും ആദർശധീരയുമായ നീ അങ്ങനെ ചിന്തിക്കരുത് എന്നാരോ ഉള്ളിൽ നിന്നും പറയുന്നുണ്ട്. എന്നാലും മനസ്സിന് ഒരു ചാഞ്ചാട്ടം. ഫ്രിഡ്ജിൽ നിന്നും പച്ചക്കറി എടുക്കാൻ പോകുന്നതിനിടയിൽ ഒന്നു പാളി നോക്കി.
അയ്യേ, മനസ്സിലെ സംശയരോഗി പിടഞ്ഞു മരിച്ചു പോയി.
 ബെവ്‌ക്യു ആപ്പിൽ കിടന്നു സർക്കസ് കളിക്കുകയാണ് പുള്ളി..
 ഒ ടി പി വരുന്നില്ല..
ഇൻസ്റ്റാൾ ചെയ്യുന്നു, പിൻകോഡ് കൊടുക്കുന്നു. ആപ്പിന് അനക്കമില്ല. അനിൻസ്റ്റാൾ ചെയ്യുന്നു..
പിന്നേം അത് തന്നെ.
അങ്ങനെ
കാത്തിരുന്നു കാത്തിരുന്നു ഒ ടി പി എത്തി. കിട്ടിയ ആക്രാന്തത്തിൽ ഒ ടി പി കൊടുക്കുന്നു.
ദേ കിടക്കുന്നു "ബുക്കിംഗ് സ്ലോട്ട് ടൈം റെസ്ട്രിക്റ്റഡ് ഫ്രം 12പിഎം ടു 7 പിഎം.
"കോപ്പിലെ ഒരു ആപ്പ് ..വെറുതെ മനുഷ്യന്റെ സമയം കളയാൻ.വെറുതെയല്ല മനുഷ്യർ മുഴുവൻ തെറി വിളിക്കുന്നത്."

ഇത്രയും പുറത്തേക്ക് വന്നത്, ഉള്ളിൽ എന്തൊക്കെ വിളിച്ചു എന്നു ദൈവം തമ്പുരാന് അറിയാം.

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...