ഒന്ന് വേഗം വന്നു കഴിക്കുന്നുണ്ടോ? പതിനൊന്നു മണിക്ക് അവിടെത്താനുള്ളതാ
ഷർട്ടിന്റെ കൈ മടക്കി കൊണ്ട് ഡൈനിങ്ങ് ടേബിളിലേക്ക് എത്തുമ്പോഴേക്കും പ്ലേറ്റിൽ ദോശയും , ചട്ടിണിയും ഗ്ലാസിൽ ചായയും എടുത്തു വെച്ച് ജാനി കാത്തിരിക്കുന്നു.
"ഒന്ന് മര്യാദക്ക് ഡ്രസ്സ് ചെയ്യാനും കൂടെ സമ്മതിക്കില്ല ജാനി നീ "
ഡ്രസ്സ് ഒന്നും മര്യാദക്ക് അല്ലെങ്കിലും ആരും ചോദിയ്ക്കാൻ പോകുന്നില്ല. നിങ്ങള് വേഗം കഴിക്കു. അല്ലെങ്കിൽ പിന്നെ ഇന്നും പോകുന്ന കാര്യം നടക്കില്ല.
മൂന്നമതൊരാൾക്കുള്ള പ്ലേറ്റ് മേശയിൽ കണ്ട ചന്ദ്രേട്ടൻ ജാനിയെ ഒന്ന് നോക്കി
'മോനുള്ളതാ, എന്നും അവനും കൂടെ ഇരുന്നല്ലേ നമ്മൾ കഴിക്കാറുള്ളത്. ഇപ്പോൾ വിളമ്പി വച്ചില്ലെങ്കിൽ അവൻ വിചാരിക്കില്ലേ നമ്മളവനെ മറന്നുവെന്നു ' ഒരിടർച്ച ജാനിയുടെ ശബ്ദത്തിൽ പടർന്നു.
'ജാനി നമ്മൾ ഇനി എന്ത് ചെയ്തിട്ടും കാര്യമില്ല. പോകാനുള്ളത് പോയി . ഇപ്പോൾ തന്നെ കണ്ടില്ലേ നമ്മുടെ പക്ഷക്കാർ തന്നെ നമുക്കെതിരായി. ഇനിയും പരീക്ഷണങ്ങൾ വേണോ ജാനി ?'
പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാറ്റിന്‍ചുഴലിയായ്ച്ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ.
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.
ഇടശ്ശേരിയുടെ കവിത ചന്ദ്രേട്ടൻ പാടി കേട്ട് തഴമ്പിച്ചതാന് . ഞാനും ഒരമ്മയാണ് . മോനെ കിട്ടില്ലെന്നറിയാം . പക്ഷെ അവനെ കിട്ടാതാക്കിയവർ ഇത് പോലെ എത്ര മക്കളെ ഇല്ലാതാക്കും. അതിനു വേണ്ടി ഓടിയേ പറ്റൂ ചന്ദ്രേട്ടാ . ആരും കൂടെയില്ലെങ്കിലും ഓടി തളരുമ്പോൾ എനിക്ക് തല ചായ്‌ക്കാൻ ഈ തോള് മതി , ഞാൻ ഓടിക്കോളാം ഭൂമിയുടെ അങ്ങേ അറ്റം വരെ വേണമെങ്കിലും.
ഒന്നും മിണ്ടാതെ ദോശ കഴിച്ചെഴുന്നേറ്റു കൈ കഴുകാനായി അപ്പുറത്തേക്ക് നടക്കുമ്പോൾ പുറത്തു നിന്നും വിളി കേട്ടു
'ജാനിയേച്ചിയെ ഞാൻ പറഞ്ഞ സമയത്തിനു എത്തിട്ടോ ' ഓട്ടോക്കാരൻ നാരായണൻ ആണ്. ബസിൽ പോയാൽ നേരത്തിനും കാലത്തിനും എത്തില്ലയെന്നും പറഞ്ഞു ഏർപ്പാടാക്കിയത്.
വീട് പൂട്ടി ഇറങ്ങി ഓട്ടോയിൽ കേറുമ്പോൾ ജാനി തിരക്ക് കൂട്ടി. 'ഇങ്ങള് തിരക്ക് കൂട്ടിയാലും ഓട്ടോ ഞാനല്ലേ ഓടിക്കണ്ടേ ജാനിയേച്ചിയെ ' വലിച്ചു കൊണ്ടിരുന്ന ബീഡി വലിച്ചെറിഞ്ഞു ഓട്ടോയിൽ കേറുമ്പോൾ നാരായണൻ പറഞ്ഞു.
'വർത്തമാനം പറഞ്ഞു ലേറ്റ് ആക്കാതെ വേഗം വിട് നാരായണാ' ജാനിക്ക് എന്തെന്നില്ലാത്ത തിരക്ക്.
'അല്ല ജാനിയേച്ചിയെ ഇതിപ്പോൾ കുറെ ആയാലോ നിങ്ങള് ഇതിനായി നടക്കുന്നു. വല്ല കാര്യോം ഉണ്ടാവ്വോ ? തിരുവനന്തപുരത്തു പോയിട്ടും കാര്യമൊന്നുമുണ്ടായില്ലല്ലോ. എല്ലാരും ജാമ്യം കിട്ടി മയിസ്രേട്ടുകളായി ഞെളിഞ്ഞു നടക്കുന്നുണ്ട് '
'എന്റെ ഈ നടത്തത്തിനു എന്ത് ഫലം എന്ന് ഞാനാലോചിക്കുന്നില്ല നാരായണാ . പക്ഷെ ഇനിയൊരമ്മയുടെയും കണ്ണ് ഇത് പോലെ നനയാൻ പാടില്ല '
മൗനത്തിന്റെ പുതപ്പു വന്നു വീണത് പോലെ പിന്നീട് ആരും ഒന്നും തന്നെ സംസാരിച്ചില്ല. നഗരത്തിലെ പഴ കെട്ടിടത്തിന്റെ മുന്നിൽ വണ്ടി നിർത്തി ഇറങ്ങുമ്പോഴും രണ്ടാം നിലയിലേക്കുള്ള പടിക്കെട്ടുകൾ കേറുമ്പോഴും അവർ മൂകരായിരുന്നു. രണ്ടാം നിലയിലെ മൂന്നാമത്തെ മുറിയിലെ യുവജന - വിദ്യാർത്ഥി സംഘടനയുടെ മുന്നിൽ കൊടികളും ചിത്രങ്ങളും . അവയിലോരോ ചിത്രവും ജാനിക്ക് പരിചയമായിരുന്നു. മകന്റെ ഹീറോസ്. ചിത്രങ്ങളിൽ നോക്കി നിൽക്കുമ്പോഴാണ് ആരാ എവിടുന്നാ എന്നൊരു ചോദ്യം .
സംഘടന പ്രെസിഡന്റിനെ ഒന്ന് കാണാൻ ആണ്. എഞ്ചിനീയറിംഗ് കോളേജിലെ കുട്ടിയുടെ കാര്യം ഞാൻ ഫോണിൽ പറഞ്ഞിരുന്നു.
ഇരിക്കൂ വിളിക്കാം എന്ന് പറഞ്ഞയാൾ അകത്തേക്ക് പോയി . അവിടെയുള്ള ബെഞ്ചിൽ ഇരുന്നു ഇരുന്നില്ല എന്ന മട്ടിൽ ജാനിയും ചന്ദ്രേട്ടനും.
ആ പയ്യന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട് . ഇന്നലെ അവർ വിളിച്ചുവെന്ന് പറഞ്ഞപ്പോഴേ ഞാൻ പറഞ്ഞതാ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറാൻ . ഇതിപ്പോൾ എന്ത് ചെയ്യും സഹോ. മുകളിൽ നിന്നുള്ള ഓർഡർ അറിയാല്ലോ. ഒരു തരത്തിലുള്ള പ്രത്യക്ഷസഹാനുഭൂതിയും വേണ്ടാന്നു ആണ്.
നീ അവരോട് വരാൻ പറ , ഇതിനേക്കാൾ വലുതൊക്കെ കൈകാര്യം ചെയ്തിട്ടല്ലേ നമ്മൾ ഈ കസേരയിൽ എത്തിയത് . നീ അവരെ വിളിക്കു
അകത്തേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്ന് കേട്ട മാത്രയിൽ ജാനി എഴുന്നേറ്റു നടന്നു. നേതാക്കളുടെ ചിത്രങ്ങൾ കൊണ്ടലങ്കരിച്ച ചെറിയ മുറിയിലെ പഴയ കസേരയിൽ ഇരിക്കുമ്പോൾ ജാനിയുടെ മനസ്സ് ഒന്ന് വിങ്ങി. ചുമരിൽ മകൻ കണി കാണിച്ച നേതാവിന്റെ ചിത്രവും തൂങ്ങുന്നുണ്ട്.
ഞങ്ങൾ വന്നത് - ജാനിയാണ് തുടങ്ങിയത്
'നിങ്ങൾ പറയാൻ വരുന്നത് എനിക്കറിയാം. അമ്മ പറയുന്നതിൽ കാര്യമുണ്ട്. കോളേജിലെ അനീതിക്കെതിരെ ശബ്ദമുയർത്താൻ സംഘടനയുടെ പേരിലാണ് അമ്മയുടെ മകൻ ശ്രമിച്ചതും കുട്ടികളെ കൂട്ടിയതും. എന്നാലും ഞങ്ങൾക്ക് ഇതിൽ ഒരു തരത്തിലും ഒന്നും ചെയ്യാൻ പറ്റില്ല. കാരണം സംഘടനയുടെ പേര് ഉപയോഗിച്ചെങ്കിൽ കൂടിയും സംഘടനയുടെ നിർദ്ദേശാനുസരണം നടന്നതായിരുന്നില്ല അവിടുത്തെ സംഭവങ്ങൾ.'
മകന്റെ ഫേസ്ബുക് പേജിലെ ഓരോ പോസ്റ്റും അമ്മയുടെ മനസ്സിന്റെ തിരശ്ശീലയിൽ നിറഞ്ഞാടുകയായിരുന്നു അപ്പോൾ. ഒന്നും മനസിലാകാതെ മിഴിച്ചിരിക്കുന്ന അവരെ നോക്കി അയാൾപറഞ്ഞു.
'ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ അമ്മയുടെ മകൻ സംഘടനയുടെ ഔദ്യോഗിക രക്തസാക്ഷിയല്ല. അങ്ങനെ അല്ലാത്ത ഒരാൾക്ക് വേണ്ടി സംഘടനക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ഞങ്ങൾ ചെയ്തിട്ടുണ്ട്. ഇനി ഒന്നും തന്നെ ചെയ്യാനുമില്ല'
സങ്കടകടൽ സുനാമിത്തിരകളിളക്കി നെഞ്ചിലേക്ക് ആഞ്ഞടിക്കുമ്പോൾ ഒന്നും പറയാതെ ചാടിയെഴുന്നേറ്റു പുറത്തേയ്ക്കോടിയ ജാനിയുടെ പിറകെ ചന്ദ്രേട്ടനും. കൈകാലുകളും ശരീരവും കുഴയുന്നത് പോലെയും ജാനിക്ക് തോന്നി. ജാനിയെ പതുക്കെ തന്റെ തോളോടു ചേർത്തു പിടിച്ചു നടക്കുമ്പോൾ റോഡിലൂടെ ഒരു ജീപ്പിലെ ഉച്ചഭാഷണിയിലൂടെയുള്ള ശബ്ദം ചന്ദ്രേട്ടൻ കേട്ടു, ജാനി കേട്ടോ ആവോ ?
ഫാസിസതിനെതിരെയുള്ള പോരാട്ടത്തിൽ കൈ കോർക്കാനായി ഇന്നും വൈകുന്നേരം നാലുമണിക്ക് കടപ്പുറത്തു വെച്ച് നടത്തുന്ന കൂട്ടായ്മയിലേക്ക് നിങ്ങളോരോരുത്തരെയും സ്വാഗതം ചെയ്യുന്നു ...ഹം മാങ്കേ ആസാദി , ബോൽനെ കാ ആസാദി, ജീനെ കാ ആസാദി
(ഏപ്രിൽ 13, 2017 ൽ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ reading/writing ക്ലബ്ബിൽ എഴുതി പോസ്റ്റ് ചെയ്തത്)
ചുമരലിനി പടം തൂക്കാൻ ഇടമില്ലാെഞ്ഞിട്ടാണ് സഘാവ് കൃഷ്ണേട്ടൻ മക്കളെ ഗൾഫിൽ ജോലിക്കയച്ചതെന്ന് പണ്ട് നാട്ടിലൊരു വർത്തമാനം ഉണ്ടായിരുന്നു...
മറുപടിഇല്ലാതാക്കൂമനോഹരമായി എഴുതി സുമ!
ആരും കടന്നു വരാത്ത ഇവിടേക്ക് വന്നു വായിച്ചു അഭിപ്രായം പങ്കു വെച്ചതിനു നന്ദി...സ്നേഹം..😍
ഇല്ലാതാക്കൂ