2011, ജൂൺ 16, വ്യാഴാഴ്‌ച

മഴനൃത്തം


കോരിച്ചൊരിയുന്ന മഴ.. മഴയുടെ ശബ്ദം പലതരം ആണ്..വാഴയിലയില്‍ വീഴുമ്പോള്‍, മാവിന്റെ ഇലയില്‍ വീഴുമ്പോള്‍ നിലത്തു കെട്ടിക്കിടക്കുന്ന  വെളളത്തില്‍ വീഴുമ്പോള്‍ പുല്‍ചെടികള്‍ വീഴുമ്പോള്‍ വ്യത്യസ്തങ്ങളായ ശബ്ദങ്ങള്‍ കൊണ്ട് സംഗീതം തീര്‍ക്കുന്നു മഴ..മഴയുടെ സംഗീതം കേട്ട് പുറത്തെ മഴയിലേക്ക്‌ നോക്കി സ്വയം മറന്നിരിക്കുമ്പോള്‍ ഒരു ചോദ്യം " മയില്‍ ആകാന്‍ തോന്നുണ്ടോ?"
ചോദ്യം എന്റെ ഓര്‍മകളെ വര്‍ഷങ്ങള്‍ക്കു പിറകിലേക്ക് പായിച്ചു.ഒരു മഴ പെയ്തെങ്കില്‍ എന്ന് കൊതിച്ചിരുന്നരാജമുന്ദ്രിയിലെ പകലുകള്‍.ഒരു നാള്‍ മുന്നറിയിപ്പൊന്നുമില്ലാതെ പൊട്ടിവീണ പെരുമഴ..മഴയ്ക്ക് വേണ്ടി കാത്തിരുന്ന വേഴാമ്പലിനെ പോലെ സന്തോഷം കൊണ്ട് തുള്ളിച്ചാടി.സന്തോഷം കൂടിയപ്പോള്‍ അടക്കാന്‍ ആകാത്ത ഒരാഗ്രഹം.മഴയില്‍ നൃത്തം ചെയ്യാന്‍..പറഞ്ഞപ്പോള്‍ ആദ്യം കണ്ടത് അവിശ്വനീതയോടെ ഉള്ള ഒരു നോട്ടം പിറകെ ഒരു ചോദ്യവും " മഴ കാണുമ്പോള്‍ നൃത്തം ചെയ്യാന്‍ നീ എന്താ മയില്‍ ആണോ?"
ചുണ്ടുകളില്‍  നിന്നും ഉതിര്‍ന്നു വീണത്‌ ഇത്രയും. കണ്ണുകളില്‍ " നിനക്ക് വട്ടാണെന്ന് ആരും എന്നോട് പറഞ്ഞില്ലാലോ" എന്ന പരാതി
" നാട്ടുകാര്‍ കണ്ടാല്‍ കളിയാക്കും മിണ്ടാതെ അവിടെ എവിടേലും ഇരുന്നു മഴ കണ്ടോ" ശബ്ദത്തിന്റെ ഘനം പിന്നെ ഒന്നും പറയാനോ ചോദിക്കാനോ അനുവദിച്ചില്ല.പക്ഷെ ഇച്ച്ചാഭംഗം, വീര്‍ത്ത മുഖത്തില്‍ ആക്കി മഴയിലേക്ക്‌ നോക്കി ഞാന്‍ ഇരുന്നു.
കുറച്ചു നേരത്തിനു ശേഷം "നിന്റെ ഒരാഗ്രഹം അല്ലെ സാധിപ്പിച്ചു തന്നില്ല എന്ന് വേണ്ട വാ" കൈയില്‍ പിടിച്ചു വലിച്ചു വീടിന്റെ മുകളിലേക്ക് കൂടികൊണ്ട് പോയി. മഴയില്‍ കളിയ്ക്കാന്‍ വിട്ട കൊച്ചു കുട്ടിയെ പോലെ ഞാന്‍ തുള്ളിച്ചാടി..മഴ നേര്‍ത്തു നേര്‍ത്തു ഇല്ലാതെ ആകുന്നതു വരെ ഞാന്‍ മഴയില്‍ ആടി കളിച്ചു..ക്ഷീണിച്ചു തളര്‍ന്നു ഇരിക്കുന്ന എന്റെ മുഖം പിടിച്ചുയര്‍ത്തി പതുക്കെ ചോദിച്ചു " ഹാപ്പി?"
പഴയ ഓര്‍മയുടെ ആവേശ തള്ളിച്ചയില്‍ എന്റെ തോളില്‍ വെച്ചിരിക്കുന്ന കൈ ചേര്‍ത്ത് പിടിച്ചു ഞാന്‍ മഴയിലേക്ക്‌ ഓടി ഇറങ്ങി..

6 അഭിപ്രായങ്ങൾ:

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...