അവന്‍ - ആഴങ്ങളില്‍ വേരുകള്‍ ഓടിയ,മഹാമുനിയെ പോലെ മൌനി ആയ മഹാവൃക്ഷം
അവള്‍ - കുണുങ്ങി ചിരിച്ചുകൊണ്ടു കലപില സംസാരിക്കുന്ന പുഴ
വൈരുദ്ധ്യങ്ങളുടെ സമ്മേളനം ആയിരുന്നു അവരുടെ സൗഹൃദം..
കുണുങ്ങി ചിരിച്ചു കൊണ്ട് അവള്‍ കഥകള്‍ പറഞ്ഞു കൊണ്ടിരിക്കും ..അവന്‍ ആണെങ്കില്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ട് നില്‍ക്കും ..ചിലപ്പോള്‍ ഇലകള്‍ കൊഴിച്ചു അവളെ ഇക്കിളിപ്പെടുത്തും..
എന്നും അവള്‍ക്ക് ഓരോ കഥകള്‍ പറയാന്‍ ഉണ്ടാകും..ചിലപ്പോള്‍ അത് കാട്ടിലെ ഏതെങ്കിലും മരം നിറയെ പൂത്തു അതിന്റെ പൂക്കള്‍ അവള്‍ക്കു കാണിക്ക ആയി കൊടുത്തതിന്റെ ആകും..
മറ്റു ചിലപ്പോള്‍ തന്റെ ആഴം അളക്കാന്‍ വന്നവരുടെ കാര്യം ചിരിക്കാതെ തൂങ്ങിയ മുഖവുമായി പറയും ..അവളുടെ വിഷമം കാണുമ്പോള്‍ ഇലകള്‍ കൊണ്ട് സമൃദ്ധമായ തന്റെ കൊമ്പുകള്‍ താഴ്ത്തി അവളുടെ മുഖത്ത് ഒന്ന് തലോടും. സ്നേഹത്തിന്റെ മാന്ത്രിക സ്പര്‍ശം .
ഒന്ന് തൊട്ട മാത്രയില്‍ അവള്‍ വീണ്ടും കലപില പറഞ്ഞുകൊണ്ട് ചിര്ച്ചു കൊണ്ട് മുന്നോട്ട് നീങ്ങും ..എന്നും അവള്‍ അവനോടു ചോദിക്കും " വരുന്നോ എന്റെ കൂടെ"
അവളുടെ ചോദ്യം കേള്‍ക്കുമ്പോള്‍ ബന്ധങ്ങളുടെ ഊരാകുടുക്കുമായി നില്‍ക്കുന്ന വേരുകളിലേക്ക് അവന്റെ നോട്ടം എത്തും.
പിന്നെ പതുക്കെ പറയും " സമയം ആയില്ല"
" സമയം ആയില്ല പോലും , സമയം ആയില്ല പോലും
ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴാ"
എന്നൊരു പട്ടു പാടി അവള്‍ ചിരിച്ചു കൊണ്ട് മുന്നോട്ടോടും..
കഥകള്‍ പറഞ്ഞു കവിതകള്‍ ചൊല്ലി അന്യോന്യം പിരിയാന്‍ കഴിയാതെ, എന്നാല്‍ ഒന്നാകാന്‍ കഴിയാതെ ഓരോ ദിവസവും കഴിഞ്ഞു.
വരുന്നോ എന്ന അവളുടെ ചോദ്യത്തിന് വരാം എന്ന് പറയാന്‍ കഴിയാതെ അവനും അവനു വേണ്ടി കാത്തു നില്ക്കാന്‍ കഴിയാതെ അവളും.. അവനു തടസമായി നിന്നതു വേരുകളുടെ ബന്ധനങ്ങള്‍..
ഒന്നാകുന്നതില്‍ മാത്രം അല്ല സ്നേഹം എന്ന് ഓരോ ദിവസം കൂടുംതോറും അവര്‍ പരസ്പരം മനസിലാക്കുന്നുണ്ടായിരുന്നു..എങ്കിലും എന്നെങ്കിലും ഒന്നാകാം എന്ന പ്രതീക്ഷ അവരില്‍ കൊഴിയാതെ പൂത്തു നിന്നു.
കാത്തു കാത്തിരിക്കെ ആ ദിനം വന്നെത്തി ..
കാറ്റും കോളും നിറഞ്ഞ ഒരു തുലാവര്‍ഷ രാത്രിയില്‍ അവന്‍ ആ ബന്ധനങ്ങളില്‍ നിന്നും മോചിതനായി
തായ്തടിയില്‍ നിന്നും മുറിഞ്ഞു പോകുന്ന വേരുകളുടെ വേദന അവന്‍ അറിഞ്ഞില്ല
അവന്റെ മനസ്സില്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ
ലയനം ..വര്‍ഷങ്ങളോളം സ്വപ്നം കണ്ട ലയനം ..
അവളുടെ നനുത്ത മാറിലെക്കുള്ള കൂപ്പു കുത്തല്‍
മുറിഞ്ഞ വേരുകളുടെ വേദന അവനില്‍ നിന്നും ഏറ്റെടുക്കാന്‍ എന്ന പോലെ അവള്‍ കാത്തു നിന്നു..
കാത്തിരിപ്പിനൊടുവില്‍ നിറഞ്ഞ മനസ്സോടെ, സഹിക്കാന്‍ ആകാത്ത വേദനയോടെ
തന്റെ മാറിലേക്ക് വന്നു വീണ അവനെ മറ്റാരും തട്ടിയെടുക്കരുത് എന്ന പോലെ ചേര്‍ത്ത് പിടിച്ചു അവള്‍ അതിവേഗം മുന്നോട്ടു കുതിച്ചു.