മുടി എല്ലാം നരച്ചു എന്ന് പറഞ്ഞു നീ നിന്റെ തലയില്‍ തലോടിയിപ്പോള്‍ യാദൃശ്ചികം ആയി ആണ് വലതു കയ്യിലെ മോതിര വിരലിലെ കാക്കപുള്ളി കണ്ണില്‍ പെട്ടതു. കഴുത്തിലും മുഖത്തും കാക്ക പുള്ളികള്‍ വേറെയും ഉണ്ടായിരുന്നു. പക്ഷെ മനസ്സില്‍ പതിഞ്ഞത് വിരലില്‍ ഉണ്ടായിരുന്ന കുഞ്ഞു പുള്ളി മാത്രം. കണ്ട മാത്രയില്‍ തന്നെ ഒന്ന് തൊടണം എന്ന് തോന്നിയെങ്കിലും ബാലിശമായ മോഹത്തിന്റെ അനൌചിത്യമോര്‍ത്തു വെറുതെ നോക്കി ഇരുന്നു.
പിന്നീടു എന്റെ ദിവാസ്വപ്നങ്ങളില്‍ എനിക്ക് കൂട്ടായത് കാക്ക പുള്ളി ഉള്ള ആ വിരല്‍ ആയിരുന്നു. ആ വിരലില്‍ തൂങ്ങി എന്റെ സ്വപ്നലോകത്തിലെ അത് വരെ ചെന്ന് കേറാത്ത മൂലകളിലേക്ക് ഞാന്‍ കയറിച്ചെന്നു. പേടി തോന്നുമ്പോള്‍ മുറുകെ പിടിക്കുമ്പോള്‍ കാക്കപ്പുള്ളിയില്‍ അമരുന്ന എന്റെ ചൂണ്ടുവിരല്‍. മോതിര വിരലിലെ നാഡികള്‍ ഹൃദയധമനികളിലേക്ക് നേരിട്ട് എത്തുന്നത് കൊണ്ടാകാം ചൂണ്ടുവിരലിലൂടെ നിന്റെ ഹൃദയത്തിലേക്ക് എന്റെ ഇഷ്ടം എത്തിച്ചേരുമെന്ന് ഞാന്‍ കരുതിയത്. എന്റെ സ്നേഹം നിന്നിലേക്ക് എത്തിയോ എന്നെനിക്കറിയില്ല,എങ്കിലും സ്വപ്നങ്ങളില്‍ നിന്റെ വിരലില്‍ തൂങ്ങി ഞാന്‍ കാണാത്ത കാടും മലയും കേറിയിറങ്ങുന്നു.
സ്വപ്നത്തിന്റെ ചിറകുകള്‍ അരിഞ്ഞു യാഥാര്‍ത്ഥ്യം കൈകൊട്ടി ചിരിക്കുമ്പോള്‍ വിരലിലെ കാക്കപുള്ളി പോലെ തന്നെ എന്റെ മനസില്‍ പറ്റി ചേര്‍ന്നിരിക്കുന്ന ഇഷ്ടത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയുന്നില്ല. അപ്രാപ്യം,അവിവേകം എന്നീ രണ്ടു വാക്കുകള്‍ കൊണ്ട് അതിര്‍വരമ്പ് കെട്ടി എന്നിലേക്ക് ഉള്‍വലിയുമ്പോള്‍ പോലും എന്റെ ചൂണ്ടുവിരല്‍ കൊണ്ട് കാക്കപുള്ളിയില്‍ ഒന്ന് തൊടണം എന്ന മോഹം കൂടുതല്‍ കൂടുതല്‍ കരുത്തോടെ മനസ്സില്‍ കൂടുകൂട്ടുന്നു. തൊടുമ്പോള്‍ ശംഖിനുള്ളിലെ ജലം പോലെ സ്വച്ഛവും ശാന്തവും ആയ സ്നേഹം നിന്നിലേക്ക് പ്രവഹിക്കുമെന്നും അതിന്റെ നിര്‍വൃതിയില്‍ ഞാന്‍ ഇല്ലാതെ ആകണമെന്നും മോഹിക്കുന്നു.
'എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം' എന്ന് എന്റെ വിവേകം എന്നെ കളിയാക്കുമ്പോഴും അതിര്‍വരമ്പുകള്‍ നീക്കി, വിലക്കുകള്‍ ലംഘിച്ചു നിന്റെ വിരലില്‍ പിടിച്ചു വീണ്ടും എന്റെ സ്വപ്നലോകത്തിലേക്കു, കാക്കപുള്ളിയില്‍ ഒരിക്കലെങ്കിലും തൊടണം എന്ന അടങ്ങാത്ത മോഹവുമായി...