2012, ഏപ്രിൽ 23, തിങ്കളാഴ്‌ച

ഉഗാദിപച്ചടി



"ജീവിതം ഉഗാദിപച്ചടി പോലെ ആണ്, മധുരവും ഉപ്പും ചവർപ്പും കയ്പ്പും ഒക്കെ കലർന്നത്"
പദ്മ അക്ക പൂജക്ക്‌ ശേഷം ഒരു കപ്പ്‌ നിറയെ പ്രസാദം കൊടുത്തുകൊണ്ട് പറഞ്ഞു. ഒന്നും കഴിക്കാതെ കാലി വയറ്റിലേക്ക്  പച്ചടി ഇറങ്ങി ചെല്ലുമ്പോൾ  പാച്ചാളം ഭാസി പോലും കാണിക്കാത്ത നവരസങ്ങള്‍  അനുവിന്റെ മുഖത്ത് വിടർന്നു. ഏതു രസം ആണോ കൂടുതൽ  രുചിക്കാന്‍ കഴിയുന്നത്‌ ഇനി ഒരു വർഷത്തെ ജീവിതം അത് പോലെ ആകും എന്ന്  വിശ്വസം.കയ്പ്പോ മധുരമോ എന്നു  തിരിച്ചറിയാന്‍ കഴിയാത്ത  രുചി, അനുവിന്റെ ജീവിതം പോലെ തന്നെ.

ഒരിക്കൽ  മകനോട്‌ എന്തിനും ഏതിനും കൂട്ടുപോകാൻ  വിളിക്കുന്ന സുഹൃത്തിനു വേറെ പണി ഒന്നുമില്ലേ എന്ന് ചോദിച്ചപ്പോൾ   "അമ്മക്ക് ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞാൽ  എന്താ എന്നറിയുമോ, അങ്ങനെ ഒരാൾ   അമ്മക്കുണ്ടോ" എന്ന് അവൻ തിരിച്ചു  ചോദിച്ചത്. ഇത്തരം ചോദ്യങ്ങള്‍
ആയിരുന്നു അനുവിന്റെ ഉൾകാഴ്ച്ചയെ ഉണർത്തിയിരുന്നത്‌. 'ബെസ്റ്റ് ഫ്രണ്ട്' അങ്ങനെ ഒരാൾ  തനിക്കില്ല എന്ന്   തിരിച്ചറിഞ്ഞത് അന്നാണ്. അനുവിന്റെ അടുത്ത സുഹൃത്ത്‌ അവൾ  തന്നെ ആയിരുന്നു. സംശയങ്ങള്‍, ചോദ്യങ്ങള്‍ എല്ലാം അവൾ  അവളോട്‌ തന്നെ ആയിരുന്നു ചോദിച്ചത്. 
ഒന്നും ചെയ്യാന്‍ കഴിയാതെ മുന്നിലേക്ക്‌ വഴി കാണാതെ എന്ത് ചെയ്യണം എന്നറിയാതെ അന്തിച്ചു നില്‍ക്കുമ്പോൾ അവള്‍ രണ്ടു പേരായി മാറുകയും അങ്ങോട്ടുമിങ്ങോട്ടും ചോദ്യോത്തരങ്ങൾ നടത്തുകയും ഒടുവിൽ  " ഇതിലെ പോ കൊച്ചെ ഫോർ  സേഫ് & ഹാപ്പി ജേർണി " എന്ന് അവളുടെ ഉള്ളിലിരുന്നു ആരോ അവൾക്കു നേർവഴി  കാണിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു.

 മാനസിക പിരിമുറുക്കങ്ങളെ നേരിടാൻ  അവൾ  കണ്ടെത്തിയ വഴി ആയിരുന്നു പാത്രം കഴുകല്‍. തേച്ചു മിനുക്കിയ പാത്രത്തില്‍  സ്വന്തം മുഖം തെളിയുമ്പോൾ  അവളുടെ മനസ്സും അതുപോലെ തന്നെ തെളിഞ്ഞിരിക്കും. അവളുടെ വീടിന്റെ അടുക്കും ചിട്ടയും കണ്ടു ആളുകൾ  അത്ഭുതം കൊള്ളുമ്പോൾ  കുറച്ചു ടെൻഷനും പ്രശ്നങ്ങളും ഒക്കെ വേണം, എന്നാൽ  നിങ്ങളുടെ വീടും ഇത് പോലെ ആകുമെന്ന് പറഞ്ഞു അവൾ  ചിരിക്കും. അവൾ  പറഞ്ഞതിന്റെ അർത്ഥവും വ്യാപ്തിയും മനസിലാക്കാതെ ചിരിക്കു മറു ചിരി എന്ന പോലെ അവരും അവളുടെ ചിരിയിൽ  പങ്കുചേരും.

എല്ലാം തുറന്നു പറയുന്ന ഒരു സുഹൃത്തിന്റെ അഭാവം അനുവിന് ഒരിക്കലും അനുഭവപെട്ടിരുന്നില്ല. അവളുടെ ദുഃഖങ്ങൾ  അവളുടേത്‌ മാത്രം ആയിരുന്നു. സന്തോഷങ്ങള്‍ എല്ലാവരുടെതും. എങ്കിലും അവളെ ഉറ്റ സുഹൃത്തായി കണ്ടു ജീവിതത്തിലെ പല പ്രശ്നങ്ങളെയും അവളോട്‌ പറയുന്ന പലർക്കും അവള്‍ ഭാരം ഇറക്കി  വെക്കാനുള്ള അത്താണി മാത്രം ആയിരുന്നില്ല, ഒരു വഴികാട്ടി കൂടെ ആയിരുന്നു. ഒരഞ്ചു വർഷം മുന്‍പേ നിന്നെ കണ്ടിരുന്നെങ്കില്‍ എന്റെ  ജീവിതത്തിന്റെ ഗതി വേറെ ആകുമായിരുന്നു എന്ന്  വർഷങ്ങള്‍ ആയി ഭർത്താവിന്റെ പീഡനം സഹിക്കുന്ന അവളുടെ സഹപ്രവർത്തക പറഞ്ഞതും അതുകൊണ്ടായിരിക്കാം.

ജീവിതത്തിലെ കയ്പ്പ്  ഇല്ലാതാക്കാൻ  അവൾ  കണ്ടു പിടിച്ച സൂത്രവിദ്യ ആയിരുന്നു സ്വപ്നം കാണൽ . ഒരിക്കലും നടക്കാത്ത കാര്യങ്ങൾ  സ്വപ്നം കണ്ടു ,  ഉറങ്ങി, ഊറിച്ചിരിച്ചു അതിലെ മാധുര്യം കൊണ്ട് ജീവിതം തന്നെ മധുരമയം ആക്കാന്‍ തുടങ്ങിയപ്പോള്‍ ജീവിതത്തില്‍ കയ്പിനു സ്ഥാനം ഇല്ലെന്നു  അവള്‍ക്കു തോന്നി. ഒരേ നിമിഷത്തില്‍ തന്നെ സ്വപ്നലോകത്തും ജീവിതത്തിലും, ജീവിത സമവാക്യങ്ങളെ മാറ്റി മറിക്കാതെ തന്നെ വിഹരിച്ചു. സ്വപ്നങ്ങളില്‍ അവള്‍ കാമുകി ആയും, കുട്ടി ആയും, മാലാഖ ആയും രൂപാന്തരം പ്രാപിച്ചു . സ്വപ്നങ്ങളില്‍ നിന്നും ഉണർന്നു ജീവിതത്തിലേക്ക് കണ്ണ് തുറക്കുമ്പോളുണ്ടാകുന്ന വിഷമങ്ങൾ  ഇല്ലാതാക്കാൻ  അവള്‍ പാത്രങ്ങൾ  തേച്ചുരച്ചു കഴുകികൊണ്ടിരുന്നു . കരിപാത്രങ്ങൾ  വെട്ടിതിളങ്ങുമ്പോൾ  അതിലെ പ്രതിബിംബത്തെ നോക്കി അവള്‍ പറഞ്ഞു " ജീവിതം ഉഗാദി പച്ചടി പോലെ ആണ്."


2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

അരുന്ധതി

വീടുപണിക്ക് കണ്ണ് തട്ടാതിരിക്കാന്‍ കമിഴ്ത്തിവെച്ച കുടം പോലെ ആണ് നെറ്റ് സാരിക്കിടയിലൂടെ മിസ്സിസ് മേനോന്റെ വയര്‍ കണ്ടപ്പോള്‍ അരുന്ധതിക്ക് തോന്നിയത്. ആ ഹാളിലേക്ക് കയറുന്നതിനു മുന്‍പ് ചുണ്ടില്‍ ഒട്ടിച്ചു വെച്ച ചിരിക്കു പകരം ഉള്ളില്‍ നിന്നും ഒരു ചിരി പൊട്ടി. അവളുടെ ചിരി കണ്ട് മിസ്സിസ് മേനോന്‍ അവളുടെ അടുത്തേക്ക് വന്നു " ഹായ് മിസ്സിസ് ഹരി, എന്ത് പറയുന്നു? ആദ്യം ആയാണല്ലോ ഇങ്ങനെ ഒരു വേഷത്തില്‍ കാണുന്നത്, നന്നായിരിക്കുന്നു"


"മിസ്സിസ് ഹരി" ഈ ആള്‍കൂട്ടത്തില്‍ അവള്‍ എപ്പോഴും ഹരിയുടെ നിഴല്‍ മാത്രം ആകുന്നു. അരുന്ധതിനക്ഷത്രം പോലെ തിളങ്ങട്ടെ എന്ന് പറഞ്ഞാണ് അമ്മ തനിക്കു പേരിട്ടത്. ഈ കൂടിയിരിക്കുന്നവരില്‍ ഒരാള്‍ക്ക് പോലും തനിക്കങ്ങനെ ഒരു പേരുണ്ടെന്ന് അറിയുക പോലുമില്ല. മിസ്സിസ് മേനോന്റെ പ്രശംസക്ക് റെഡിമെയിഡ് ചിരിയെ ഒന്നുകൂടെ വിടര്‍ത്തി നന്ദി പ്രകാശിപ്പിച്ചു.
ഒരു അന്യഗ്രഹത്തില്‍ എത്തിയപോലെ, എന്ത് ചെയ്യണം എന്നറിയാതെ ഒരു മൂലയ്ക്ക് ഒതുങ്ങാന്‍ ശ്രമിക്കുമ്പോള്‍ അരുന്ധതിയുടെ കണ്ണുകള്‍ ഹരിക്ക് വേണ്ടി തിരഞ്ഞു. പെര്ഫുമിന്റെയും ലിസ്പ്ടിക്കിന്റെയും പിന്നെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത മറ്റെന്തൊക്കെയോ ഗന്ധം നിറഞ്ഞ ആ മുറിയില്‍ അവള്‍ക്കു ശ്വാസം മുട്ടുന്ന പോലെ തോന്നി.  തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്കു കിടക്കാന്‍ ശ്രമിക്കുമ്പോള്‍ ഹരിയുടെ ശബ്ദം അവളുടെ കാതിലേക്ക് എത്തി.

"പകയുണ്ട് ഭൂമിക്കു പുഴകള്‍ക്ക് മലകള്‍ക്ക്
പുക തിന്ന പകലിനും ദ്വേഷമുണ്ട്"

ഹരി കവിത ചൊല്ലുകയാണ്. വയറ്റില്‍ തീ പിടിക്കുന്ന എന്തെങ്കിലും ചെന്ന് കാണും. ഈ കവിത ഒക്കെ ഹരി ഓര്‍ത്തിരിക്കുന്നു എന്നത് തന്നെ അവള്‍ക്കു അത്ഭുതം  ആയിരുന്നു.

 പണ്ട് നിലാവുള്ള രാത്രികളില്‍ വീടിനു മുകളില്‍ ഇരുന്നു ഹരി കവിതകള്‍ ചൊല്ലുമായിരുന്നു.ഹരിയുടെ ശബ്ദത്തിലൂടെ ആണ് അവള്‍ കവിതയുടെ ആത്മാവിലേക്ക് ഇറങ്ങിയിരുന്നത്. ഓരോ കവിതക്കും ഓരോ ശബ്ദം ആയിരുന്നു ഹരിക്ക്.  ഹരിയെ വിവാഹം കഴിച്ച ശേഷം അവള്‍ പുസ്തകങ്ങള്‍ വായിക്കാറില്ലായിരുന്നു. ഹരി അവള്‍ക്ക് വായിച്ചു കൊടുക്കും. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് നീട്ടിയും കുറുക്കിയും ഹരി വായിച്ചു തരുമ്പോള്‍ ഹരിയുടെ മാറില്‍ കണ്ണടച്ച് കിടന്നു അവള്‍ അതെല്ലാം ഒരു സിനിമ പോലെ മനസ്സില്‍ കാണുമായിരുന്നു. വായനമേശയുടെ മുകളില്‍ ഡല്‍ഹി ഗാഥയും ആതിയും പൊടി പിടിച്ചു കിടക്കുന്നു എങ്കിലും അവള്‍ക്ക് അതൊന്നും തൊട്ടുനോക്കാന്‍ തോന്നിയില്ല.  ഹരിയുടെ ശബ്ദത്തിലൂടെ അല്ലാതെ അവള്‍ക്കൊരിക്കലും ആ പുസ്തകങ്ങളിലേക്ക്  ഇറങ്ങി ചെല്ലാന്‍ കഴിയുമായിരുന്നില്ല

കൊച്ചു വീട്ടില്‍ പരിഭവങ്ങളും പിണക്കങ്ങളും കഥയും കവിതയും ആയി കഴിഞ്ഞ നല്ല നാളുകളെ ഓര്‍ത്തു അവള്‍ ആകാശത്തേക്ക് നോക്കി. നിറയെ നക്ഷത്രങ്ങള്‍. നക്ഷത്രങ്ങളെ കൂട്ടിമുട്ടിച്ചു  അവളും ഹരിയും വരയ്ക്കുന്ന അമൂര്‍ത്ത ചിത്രങ്ങളെ അവള്‍ക്കു ഓര്മ വന്നു. അവരവര്‍ വരച്ച ചിത്രങ്ങള്‍  ആണ് നല്ലത് എന്ന് പറഞ്ഞു അടികൂടുന്നതും.  ആ ഹരി ഇന്നെവിടെ ആണ്? ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ ആ ദിനങ്ങളില്‍ അതിനെ എല്ലാം മറികടക്കാന്‍   സ്നേഹം നിറഞ്ഞൊഴുകി. ഇന്ന് എല്ലാം ആവശ്യത്തില്‍ കൂടുതല്‍. പക്ഷെ അതിനിടയില്‍ എവിടെയോ നഷ്ടമായിരിക്കുന്നു സ്നേഹപ്രവാഹം. ഹരിക്ക് ഒന്നിനും സമയമില്ല. പുതിയ  പ്രൊജക്റ്റ്‌, മീറ്റിംഗ് ഇതെല്ലം കഴിഞ്ഞു ഹരിയെ കിട്ടുന്ന ഞായറാഴ്ചകളില്‍ ഒരാഴ്ചത്തെ ഉറക്കം തീര്‍ക്കാന്‍ മാത്രമേ സമയമുള്ളൂ.

" നീ എന്താ ഇവിടെ മാറി നില്‍ക്കുന്നെ, അല്ലെങ്കിലും  അങ്ങനെ ആണല്ലോ, ആളുകളുടെ കൂട്ടത്തില്‍ കൂടാന്‍ നിനക്കറിയില്ല, ഒരു കൊമ്പ് കൂടുതല്‍ ആണല്ലോ"
തൊട്ടു പിറകില്‍ ഹരി. പണ്ടൊക്കെ ഹരി ഇങ്ങനെ പറയുമ്പോള്‍ " ഒരു കൊമ്പ് അല്ല മൂന്നെണ്ണം വേറെയും ഉണ്ട്, മൊത്തം  നാല്" എന്ന് പറഞ്ഞു അവന്റെ നെറ്റിയില്‍ നെറ്റികൊണ്ട് ഇടിക്കുമായിരുന്നു. ഇപ്പോള്‍ ആ ചോദ്യം അവളുടെ തൊണ്ടയില്‍ തങ്ങി നിന്നു. കാരണം കണ്ണും കവിളും ചുവന്നു അവളുടെ മുന്നില്‍ നില്‍ക്കുന്ന രൂപം ഒരപരിചിതന്റെ ആയിരുന്നു. 

2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

സംഭ്രാന്തി

നെഞ്ചില്‍ നീറിപ്പിടിക്കുന്ന വേദന
ഈ വേദന എന്തിനു എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല
തെറ്റിദ്ധരിക്കാന്‍ വിധിക്കപെട്ടവന്റെ വേദന
അല്ലെങ്കില്‍ വാക്കുകളും പ്രവര്‍ത്തികളും നിയന്ത്രിക്കാന്‍ കഴിയാതിരുന്നത് കൊണ്ടുണ്ടായ വേദന
കൂട്ടിയും ഗുണിച്ചും ഹരിച്ചും കിഴിച്ചും നോക്കുമ്പോള്‍ കിട്ടുന്നത് ശൂന്യത മാത്രം
പിന്നെ എങ്ങനെയാണു വേദനയുടെ തായ് വേര് കണ്ടെത്തുന്നത്?
ദൃഡം എന്ന് കരുതിയിരുന്നതെല്ലാം ശിഥിലങ്ങളാണ് എന്ന് തിരിച്ചറിവ്.
എന്റെ ചുറ്റും നൃത്തം ആടുന്ന മുഖങ്ങള്‍ എല്ലാം പൊയ്മുഖങ്ങള്‍ ആയിരുന്നുവോ?
എന്റെ ജീവനുള്ള സ്വപ്നങ്ങൾ  വെറും ഭ്രാമാത്മകം ആയിരുന്നുവോ? 
എന്റെ മനസ്സില്‍ പടരുന്ന വേദനയെ മറക്കാന്‍ ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ആയി തന്നെ  തന്നെ ഇരിക്കട്ടെ എന്ന് പറഞ്ഞു ഞാന്‍  ഒഴിഞ്ഞു മാറുമ്പോള്‍
എന്റെ ഭ്രാന്ത് ഓര്‍ത്തു നീയും ചിരിച്ചുവോ?
ഞാന്‍ ജീവിക്കുന്നത് സ്വപ്നങ്ങളില്‍ ആണ് എന്നത്  പകല്‍ പോലെ സത്യം.
സൂര്യനെ ചൂണ്ടിക്കാണിച്ചു പകല്‍ അന്നെന്നു പറയാം.
സ്വപ്നങ്ങളിലെ ജീവനെ ഞാന്‍ എങ്ങനെ ആണ് നിനക്ക് കാണിച്ചു തരിക?
അറിയില്ല
ഒന്നും ചെയ്യാന്‍ കഴിയാതെ  ഇരിക്കുമ്പോഴും വേദന എന്നില്‍ ആഴ്ന്നിറങ്ങുന്നു

എന്നില്‍ നിന്നും നിന്നിലേക്കുള്ള ദൂരം എത്രയാണ്?

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...