2012, മേയ് 4, വെള്ളിയാഴ്‌ച

പ്രണയ വര്‍ണങ്ങള്‍


ബാംഗ്ലൂര്‍ - അഹമ്മദാബാദ് ഇന്‍ഡിഗോ ഫ്ലൈറ്റ് മേഘങ്ങളില്‍ മറയുന്നതു  വരെ നോക്കി നിന്ന്   ഗുല്‍മോഹര്‍ പൂക്കള്‍ വീണുകിടക്കുന്ന വഴിയിലൂടെ തിരിച്ചു നടക്കുമ്പോള്‍ മനസ്സിനു മുന്‍പെങ്ങും തോന്നാത്ത ഒരു ലാഘവത്വം  തോന്നി.  ഒറ്റ രാത്രി കൊണ്ട് എന്തൊക്കെ മാറ്റങ്ങള്‍ ആണ് സംഭവിച്ചത്?

ഒരു വര്‍ഷവും പത്തു മാസവും ഒരു ചെറിയ കാലയളവ്‌ അല്ല. എങ്കിലും  തനിക്കങ്ങോട്ടു  തോന്നിയിരുന്ന ഒരു വികാരം ഉണ്ടെന്നു ഒരിക്കല്‍ പോലും അവള്‍ പറഞ്ഞില്ല. അതിനെ കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെ അവള്‍ അസ്വസ്ഥ ആയിരുന്നു. ഒരു നഷ്ട പ്രണയത്തിന്റെ നൊമ്പരം പേറുന്ന അവള്‍ക്കു തന്റെ സംസാരം ഇഷ്ടമാകുന്നില്ല, ഒരു സൌഹൃദത്തിനും അപ്പുറം മറ്റൊന്നും അവള്‍ക്കു ചിന്തിക്കാന്‍ കഴിയില്ല  എന്നവള്‍ പറഞ്ഞപ്പോള്‍ ജീവിതത്തോട് അന്ന് വരെ തോന്നാത്ത ഒരു മടുപ്പ് തോന്നിയതാണ്. എങ്കിലും " സ്നേഹം സത്യമാണെങ്കില്‍ അവള്‍ അതിനെ കുറിച്ച് ചിന്തിക്കുന്ന ഒരു ദിവസം വരും " എന്ന വിശ്വാസത്തില്‍
അന്ന് മുതല്‍ ഒരു കാത്തിരിപ്പില്‍ ആയിരുന്നു. അതിനു ശേഷം പതിവ് ഉപചാര വാക്കുകള്‍ക്ക് അപ്പുറത്തേക്ക് സംസാരം നീണ്ടികൊണ്ട് പോകാതിരിക്കാന്‍ , അവളെ അസ്വസ്ഥ ആക്കാതിരിക്കാന്‍  കഠിനമായി പ്രയത്നിച്ചു കൊണ്ടിരുന്നു.

എല്ലാം നിര്‍ത്തി തിരിച്ചുപോകുന്നു എന്നവള്‍ പറഞ്ഞപ്പോള്‍  ആദ്യം അമ്പരപ്പ് ആയിരുന്നു. പിന്നീടത്‌ സങ്കടമായി, ഇടനെഞ്ചില്‍ തങ്ങി നില്‍ക്കുന്ന വേദന ആയി  നിന്നു.  എന്തെങ്കലും ചെയ്യേണ്ടതായുണ്ടോ എന്ന ചോദ്യത്തിന് ആവശ്യമുണ്ടെങ്കില്‍ പറയാം എന്നവള്‍ പറഞ്ഞപ്പോള്‍ അവള്‍ ഇനി ഒരിക്കലും ഒന്നും പറയില്ല എന്നാണ് കരുതിയത്‌ . 
ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം ഈ നഗരത്തില്‍ അവള്‍ ഉണ്ടാകുള്ളൂ എന്നാലോചിച്ചു ഉറക്കം വരാതെ കിടക്കുമ്പോള്‍ ആണ്  ഫോണില്‍ മെസ്സേജ് വന്നത്.  " ഫീലിംഗ് ലോ",  വേറെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തിരിച്ചു വിളിച്ചപ്പോള്‍ ചെവിയില്‍ വന്നു വീണത്‌ തേങ്ങലുകള്‍.  എന്ത് പറ്റി എന്ന  ചോദ്യത്തിന് പകരം എനിക്ക് നിന്നെ കാണണം എന്നു പറഞ്ഞു ബൈക്കെടുത്തു അവളുടെ റൂമില്‍ പോയി അവളെയും കൂട്ടി അടുത്തുള്ള തടാക കരയിലേക്ക് പോകുമ്പോള്‍ അവളുടെ വിഷമ മാറ്റണം എന്ന് മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. നനുത്ത കാറ്റും രാത്രിയുടെ നിശബ്ദ സംഗീതവും. ഒന്നും പറയാനും ചോദിക്കാനും ഉണ്ടായിരുന്നില്ല. ഒന്നും സംസാരിക്കാതെ  എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല.

" നാളെ പോകാന്‍ ഉള്ളതാ, ഞാന്‍ ഒന്നും പായ്ക്ക് ചെയ്തില്ല, രാവിലെ പോകാന്‍ ഉള്ള ഓട്ടോ പറഞ്ഞു വെച്ചിട്ടില്ല, ഒന്നും ചെയ്തിട്ടില്ല,  ഒന്നും ചെയ്യാന്‍ ഉള്ള മൂഡ്‌ ഉണ്ടായിരുന്നില്ല"

"അതിനല്ലേ ഞാന്‍ നിന്നെ കാണാന്‍ വന്നത് "

മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ മുഖത്തെ സന്തോഷം നിലാവെളിച്ചത്തില്‍ കാണാന്‍ കഴിയുമായിരുന്നു. അവളുടെ റൂമില്‍ പോയി പാക്കിംഗ് എല്ലാം കഴിഞ്ഞപ്പോള്‍ സമയം രാത്രി രണ്ടു  മണി. ഉറക്കം വരാത്തതുകൊണ്ട് റൂമില്‍ കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ ഗിറ്റാറും എടുത്തു ടെറസ്സില്‍ പോയി നിലാവെളിച്ചത്തില്‍ ഗിറ്റാറിന്റെ ABCD അറിയാത്ത സംഗീതം അറിയാത്ത ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് അത് വായിക്കുമ്പോള്‍ രണ്ടുപേരുടെയും മനസ്സിലെ എല്ലാ കാലുഷ്യവും അതില്‍ അലിഞ്ഞലിഞ്ഞു ഇല്ലാതെ ആയി.


അവള്‍ ഒന്നും പറഞ്ഞില്ല..അങ്ങോട്ട്‌  ഒന്നും ചോദിച്ചുമില്ല..എന്നാലും പറയാതെ പറയുകയും അറിയാതെ അറിയുകയും ചെയ്തിരിക്കുന്നു. ഇനി അവള്‍ എന്ന് തിരിച്ചു വരും എന്നറിയില്ല..പക്ഷെ വരും അത് ഉറപ്പാണ്‌. വരാതിരിക്കാന്‍ അവള്‍ക്കു കഴിയില്ല.

(കാല്പനികതയുടെ വിരല്‍ തൊടാത്ത ഒരു യഥാര്‍ത്ഥ പ്രണയ കഥ.കഥാനായകന്റെ ജനിക്കാനിരിക്കുന്ന  മക്കള്‍ക്കായി എഴുതിയത്..as per request..:).)

13 അഭിപ്രായങ്ങൾ:

  1. പ്രണയത്തിന്റെയും സൌഹൃദയത്തിന്റെയും ഇടയില്ലുള്ള ഒരു നൊമ്പരം .....

    മറുപടിഇല്ലാതാക്കൂ
  2. May his love bring her back to him.
    Very well written Suma, easy and flowing.

    മറുപടിഇല്ലാതാക്കൂ
  3. ഗിറ്റാറിന്റെ ABCD അറിയാത്ത സംഗീതം അറിയാത്ത ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് അത് വായിക്കുമ്പോള്‍ രണ്ടുപേരുടെയും മനസ്സിലെ എല്ലാ കാലുഷ്യവും അതില്‍ അലിഞ്ഞലിഞ്ഞു ഇല്ലാതെ ആയി.

    മറുപടിഇല്ലാതാക്കൂ
  4. നന്നേ ഇഷ്ടായി സുമ
    അടിക്കുറിപ്പ് പ്രത്യേകിച്ചും
    നൈര്‍മല്യവും സൌന്ദര്യവും.. ഉള്ള ഇത്തരം ബന്ധങ്ങള്‍..ഓര്‍മ്മകള്‍.. മരിക്കില്ല ഒരിക്കലും

    മറുപടിഇല്ലാതാക്കൂ
  5. ഗുല്‍മോഹര്‍ പൂക്കള്‍ പൊഴിഞ്ഞു കൊണ്ടിരിക്കുന്നു...ആര്‍ക്കോ വേണ്ടി..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  6. നന്നയിട്ടുണ്ട് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. ഒരു പാട് ഒരു പാട് സന്തോഷം... ഇങ്ങനെ ഒക്കെ എഴുതിയത് വായിക്കാന്‍ ഉള്ള ഭാഗ്യം ഉണ്ടായതില്‍......

    മറുപടിഇല്ലാതാക്കൂ
  8. ചില സൌഹൃതങ്ങള്‍ , പ്രണയത്തിന്‍റെ 'പൊടിക്കാറ്റ്' തട്ടാതെ സൂക്ഷിക്കുന്നത് നല്ലതാണ്! പ്രയാസവും ആണ്...

    അവള്‍: "നിനക്കെന്നെ ഒന്ന് പ്രണയിച്ചു കൂടെ?"
    അവന്‍: "പറ്റുന്നില്ല, എന്‍റെ പ്രണയം മുഴുവന്‍ നിന്‍റെ കയ്യിലല്ലേ?"
    അവള്‍: "ഇനി എന്ത് ചെയ്യും?"
    അവന്‍: " ഞാന്‍ ഉറങ്ങാതെ കാത്തിരിക്കാം, നീ അതെടുത്ത്‌ ആര്‍ക്കെങ്കിലും കൊടുക്കുന്നുണ്ടോ എന്ന്"
    അങ്ങിനെ അവര്‍ പ്രണയരഹിതരായി , കാത്തിരുന്നു..അവളുടെ മനസ്സില്‍ അവന്‍റെ പ്രണയം വീര്‍പ്പുമുട്ടി, വേദനിച്ചു...സൂക്ഷിക്കാനും തിരിച്ചു കൊടുക്കാനും ആകാതെ... ഒരിക്കല്‍ പുഴ വറ്റി വരണ്ടു കരയുമ്പോള്‍...ഒരു വേനല്‍ മഴ പോലെ അവള്‍ ആ പ്രണയം ഒഴിക്കിവിടുമായിരിക്കും... - പറഞ്ഞാല്‍ പ്രണയം പതിരാകുന്നു..!!

    നല്ല എഴുത്ത്, ചെറുതെങ്കിലും ചിലതുണ്ടതില്‍...പതിരല്ല, കതിരാണിത്!!
    ആശംസകള്‍.!!

    മറുപടിഇല്ലാതാക്കൂ
  9. മനോഹരമായ ഈ പ്രണയ വര്‍ണ്ണങ്ങള്‍ക്ക് ആശംസയുടെ ഒരു നേര്‍ത്ത വര്‍ണ്ണം കൂടെ പകരട്ടെ ....

    മറുപടിഇല്ലാതാക്കൂ
  10. കാണാത്ത ഗുൽമോഹർ പൂക്കൾ മുമ്പിൽ വിരിഞ്ഞു നിന്നപോലെ.. വായിച്ചു തീർന്നതറിഞ്ഞില്ല കേട്ടൊ...:)

    മറുപടിഇല്ലാതാക്കൂ
  11. ടീച്ചർ, രസകരമായി എഴുതി

    ..>>>... അവൾ ഒന്നും പറഞ്ഞില്ല...അങ്ങോട്ട് ഒന്നും ചോദിച്ചുമില്ലാ...പറയാതെ പറയുകയും, അറിയാതെ അറിയുകയും ചെയ്തിരിയ്ക്കുന്നു..>>

    വളരെ ഇഷ്ടപ്പെട്ടു!

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...