2013, ഫെബ്രുവരി 25, തിങ്കളാഴ്‌ച

നേരം കെട്ട നേരത്തെ ചില (പ്രണയ) ചിന്തകള്‍

അരങ്ങും ആരവവും ഒഴിഞ്ഞു. പ്രണയം കൊണ്ടാടിയ  സോഷ്യൽ  നെറ്റ്‌വർക്ക് പേജുകൾ  ഒഴിഞ്ഞ പൂരപറമ്പ് പോലെ ആയി. പ്രണയത്തെ  കുറിച്ച് വാ തോരാതെ പറഞ്ഞവർ  ഒന്നും ഫെബ്രുവരി പതിനാലിനു  ശേഷം പ്രണയിക്കുന്നില്ലേ ആവോ? എന്തായാലുംചില പോസ്റ്റുകളും വാർത്തകളും കാണുമ്പോള്‍ " കാതലുക്ക് കണ്കൾ  ഇല്ലൈ യാരോ സൊന്നാനെ, മൂളയ് കൂടേ ഇല്ലൈ എന്ട്രു സൊന്നേന്‍ നാനെ " എന്ന തമിഴ് പാട്ട് ഓർമ  വരും.

ഐഡിയയും എസ് ബി ഐ ലൈഫും പരസ്യങ്ങളിലൂടെ  പ്രണയത്തിനു പ്രായമില്ല എന്നു കൊട്ടിഘോഷിക്കുംമ്പോഴും പ്രണയ ദിനത്തില്‍ പ്രണയത്തെ കുറിച്ച് എഴുതിയവരെല്ലാം ഒരു ചതുരവടിവില്‍  പിങ്ങുകളും ഉമ്മകളും , ഇ കാർഡ്‌ , ഇ ഗിഫ്ടുകളും മാത്രം ആയി ഒതുങ്ങുന്ന പ്രണയത്തെ ഓർത്തു പരിതപിച്ചു. നമ്മുടെ കാഴ്ചകള്‍ എല്ലാം ഒരു   ചതുരത്തില്‍  മാത്രം ആയി ഒതുങ്ങുമ്പോള്‍ പ്രണയം മാത്രം വിശാലം ആകണം എന്ന് വാശിപിടിക്കാമോ?

പ്രണയദിനത്തിൽ    തന്‍റെ പ്രണയിനിക്ക് ഇഷ്ടപെട്ട,അവൾ  ഒരു പാട് തിരഞ്ഞു നടന്നിട്ടും കിട്ടാത്ത ഗാനങ്ങളുടെ കരോക്കേ ഉറക്കമിളച്ചിരുന്നു ഡൌൺലോഡ് ചെയ്തു സി ഡി ആക്കി പ്രണയദിനസമ്മാനം കൊടുത്ത ഒരു പ്രണയിതാവിനെ കണ്ടപ്പോൾ , യഥാർത്ഥ പ്രണയം  നമ്മുടെ  ഇടയിൽ  നിന്നും എങ്ങും പോയില്ല എന്ന്  അറിയുമ്പോൾ  കുഴപ്പം നമ്മുടെ കാഴ്ചക്കല്ലെ എന്ന് തോന്നി പോകുന്നു.ഒട്ടും പ്രതീക്ഷിക്കാതെ ഒരു പാട്ആഗ്രഹിച്ച ആ സമ്മാനം കിട്ടിയപ്പോൾ   അവനെ ചേർത്ത് പിടിച്ചു ഉമ്മ വെക്കുമ്പോൾ  അവളുടെ കവിളിലൂടെ ഒഴുകിയ കണ്ണുനീരിൽ  പ്രതിഫലിച്ചത് അവന്റെ കണ്ണിലെ സ്നേഹത്തിന്റെ  കെടാവിളക്കുകൾ  ആയിരിക്കും

'There are times when it's better to choose to love a person in silence, for in silence you will find no rejection' അജ്ഞാതൻ  ആയ ഏതോ നിശബ്ദ പ്രണയിനി നിരാസനം പേടിക്കുന്നവർക്ക് നിശബ്ദമായും പ്രണയിക്കാം എന്ന് പറയുമ്പോൾ ,  അരികിൽ  അണയാതെ ദൂരെ മാറി നിന്ന്  കൃഷ്ണനെ പൂജിച്ച ഗോപികയുടെ സ്നേഹവും വേദനയും കൃഷ്ണാ നീയെന്നെ അറിയില്ല എന്ന  കവിതയിലൂടെ സുഗതകുമാരി വരച്ചു കാണിക്കുമ്പോൾ  , അറിയുന്നു ഗോപികേ നിന്നെ ഞാൻ   നീ നിന്നെ  അറിയുന്നതിനേക്കാളുമാധികമായി എന്ന് അയ്യപ്പ പണിക്കർ  മറുപടി പറയുമ്പോൾ   പ്രണയം നിശബ്ദം ആയാലും ശക്തം തന്നെ എന്ന് മനസിലാക്കാം


പ്രണയിതാക്കളേക്കാൾ  പ്രണയത്തിന്റെ പിരിമുറുക്കം കൂടുതൽ   അനുഭവിക്കുന്നവർ  അവർക്കിടയിലെ ഹംസം ആണെന്നാണ്   എന്നാണ്  തോന്നുന്നത് .സന്ദേശം കൃത്യ സമയത്ത് ആരുടേയും കണ്ണിൽ  പെടാതെ കൃത്യ സ്ഥലത്ത്    എത്തിക്കാൻ  വേണ്ടി പെടുന്ന പാട്  കുറച്ചൊന്നുമല്ല. കുറെയേറെ പ്രണയങ്ങൾക്ക് ഹംസവും കാവല്ക്കാരിയും ആയ അനുഭവിച്ചതിന്റെ  വെളിച്ചത്തിൽ  പ്രണയിക്കുകയെ വേണ്ട എന്ന ഒരു തീരുമാനം മനസ്സിൽ  ഉറഞ്ഞു കൂടി.പിന്നീടെപ്പോഴോ പ്രണയത്തിന്റെ ഇടവഴിയിലേക്ക് അറിയാതെ നടന്നെത്തിയപ്പോളും കഥകളിലും കവിതകളിലും വായിച്ചറിഞ്ഞ പ്രണയതീവ്രത സെൻസെരിംഗ്  കഴിഞ്ഞു കയ്യിലെത്തുന്ന കത്തുകളിൽ   ഉണ്ടായിരുന്നില്ല. നാലു  വർഷത്തിനിടയിലെ രണ്ടു കൂടികാഴ്ചകളിൽ  ചെമ്പകത്തിന്റെയും ഇലഞ്ഞിയുടെയും പ്രണയഗന്ധവും ഉണ്ടായിരുന്നില്ല.ആദ്യ കൂടികാഴ്ചക്ക് ഇന്ത്യൻ കോഫീ ഹൗസിലെ  കാപ്പിയുടെ മണമായിരുന്നു. രണ്ടാമത്തേതിന് എനിക്കൊട്ടും ഇഷ്ടമില്ലാതിരുന്ന സിഗരിറ്റിന്റെ മണവും. ഒരു പക്ഷെ തീവ്രത  അറിയാത്തതിനാല്‍ ആകാം വീട്ടുകാർ ,ജാതി  എന്നിവയുടെ  മുന്നിൽ  പരാജയപെട്ടു ഇവരെ ഒന്നും എതിർത്ത്  ജീവിക്കാൻ  കഴിയില്ല എന്ന്  പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ  ഇടനെഞ്ചു പൊട്ടുന്ന വേദന  ഉണ്ടാകാതിരുന്നത്.




2013, ഫെബ്രുവരി 2, ശനിയാഴ്‌ച

ഓര്‍മ്മകള്‍ ഇല്ലാതിരുന്നെങ്കില്‍ .....


"നിങ്ങള്‍ക്കു ദോശ ഉണ്ടാക്കാന്‍ അറിയുമായിരിക്കും അല്ലേ ?"

മൊരിച്ച ബ്രെഡ്‌ കഴിക്കുന്നതിടയില്‍ വന്ന ചോദ്യം എന്നതിലുപരി അതില്‍ അറിയുമെങ്കില്‍ ഉണ്ടാക്കി തരുമോ എന്ന ഒരു അപേക്ഷ ഒളിഞ്ഞു കിടക്കുന്നതായി എനിക്ക് തോന്നി.ഡിമെന്ഷ്യ ബാധിച്ച ആ മുഖത്തേക്ക് നോക്കിയിരുന്നപ്പോള്‍ ഒരു ഭൂതകാലം തെളിഞ്ഞു വന്നു.അര്‍ബുദ രോഗി ആയി ഭാര്യ മരിക്കുന്നതിനു മുന്‍പ് ഉണ്ടായിരുന്ന  ജീവിതം.ഓരോ ദിവസവും ഓരോ മെനു ആയിരുന്നു അവിടെ.ഒരു ഗ്ലാസ്‌ വെള്ളം പോലും ഭാര്യ എടുത്തു കൊടുത്തല്ലാതെ  അയാള്‍ കഴിക്കുന്നത്‌ കണ്ടിട്ടില്ല.മക്കളും ഭാര്യയും ഒത്തു നിലത്തു വട്ടം കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യം.എല്ലാം  സമയത്ത് കൃത്യമായി ചെയ്തു വൃത്തി ആയി വസ്ത്രം ധരിച്ചു മാന്യം ആയി നടന്ന ഒരാള്‍.എല്ലാവരും നായര്‍സാബ് എന്ന്  വിളിച്ചിരുന്ന ഒരാള്‍.അങ്ങനെ ഒരാള്‍ ആണ് മുഷിഞ്ഞ  മുണ്ടും ബനിയനും ധരിച്ചു മുന്നില്‍  ഇരിക്കുന്നത് എന്നാലോചിച്ചപ്പോള്‍  എവിടെയോ ഒരു   വേദന   കൊളുത്തി വലിച്ചു.

ഓര്‍മയുടെ  കോശങ്ങള്‍ പലതും നശിച്ചു കഴിഞ്ഞിരിക്കുന്നു .ഓര്മിക്കേണ്ട കാര്യങ്ങള്‍ പലതും മറന്നു പോയിരിക്കുന്നു .മറക്കേണ്ട കാര്യങ്ങള്‍ , ആവശ്യമില്ലാത്ത പലതും,ഓര്‍ക്കുകയും ചെയ്യുന്ന ഒരാള്‍.സ്നേഹവും ശ്രദ്ധയും ഒരു പാട്  ആവശ്യമുള്ള സമയം.പക്ഷെ ആര്‍ക്കാണ്  നോക്കാന്‍ നേരം?   മെട്രോ ലൈഫിന്റെ സുഖം ആസ്വദിക്കുന്ന മക്കള്‍ക്ക്‌ അതിനുള്ള നേരമെവിടെ? വീട്ടില്‍ നിന്നും നാല് അടി പുറത്തേക്കു വെച്ചാല്‍ വാങ്ങാന്‍ പറ്റുന്ന  വരെ സാധങ്ങള്‍ വരെ   സമയകുറവ് കാരണം  ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അച്ഛന്റെ കാര്യങ്ങള്‍ നോക്കാന്‍  സമയം എവിടെ?



ഒരു നിമിഷം അങ്ങേരെ   വീട്ടിലേക്കു കൂട്ടി   വന്നാലോ എന്ന്  ആലോചിച്ചു . പക്ഷെ  ചുറ്റും നിന്നും  ഉയര്‍ന്നെക്കാവുന്ന ചോദ്യങ്ങളെ കുറിച്ച്  ആലോചിച്ചപ്പോള്‍ ആ  ചിന്തയെ ഞാന്‍ താഴിട്ടു പൂട്ടി. പിന്നെ എനിക്ക് ചെയ്യാന്‍  കഴിയുന്നത്‌ മകനോട്‌   സംസാരിക്കുക  എന്നതായിരുന്നു . അച്ഛന്റെ അവസ്ഥയെ കുറിച്ച്  അന്വേഷിച്ച എന്നോട് അയാള്‍ വളരെ ശാന്തം ആയി പറഞ്ഞു

" he is absolutely normal..it is a matter of attention seeking,  nothing else. അമ്മ ഇല്ലാത്തതുകൊണ്ട്  ഒറ്റക്കാണ് എന്ന  തോന്നല്‍,  അതിന്റെ ഒരു റിയാക്ഷന്‍ .അത്രയേ ഉള്ളൂ "


ആ തോന്നല്‍ ഇല്ലാതാക്കാന്‍ എന്ത് ചെയ്തു എന്ന്  ചോദിച്ചപ്പോള്‍  " ലൈഫ് ഈസ്‌ സിമ്പിള്‍, ഇത്ന മത് സോചോ, യെ ചോട്ടെ ദിമാഗ് ഫട്ട് ജായേന്ഗെ "

അത് എനിക്കുള്ള ഒരു  സിഗ്നല്‍ ആയിരുന്നു,അതിനെ പറ്റി കൂടുതല്‍ സംസാരിക്കേണ്ട. സംസാരത്തിന് ഒരു പൂര്‍ണ്ണ വിരാമം.മക്കളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഓവർ ടൈമും ഡബിള്‍ ഡ്യുട്ടിയും എടുത്ത ഒരാള്‍ക്ക് വന്ന  ഗതി ഓര്‍ത്തു ഞാന്‍ എന്നോട് തന്നെ ചോദിച്ചു

 സ്മൃതിഭ്രംശം ആര്‍ക്കാണ് അച്ഛനോ അതോ മകനോ?"



കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...